26 April Friday

നവകേരളത്തിനായുള്ള ബജറ്റ‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 1, 2019

എല്ലാ അർഥത്തിലും നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള എൽഡിഎഫ് സർക്കാരിന്റെ ദൃഢപ്രതിജ്ഞ ആവർത്തിച്ചു പ്രഖ്യാപിക്കുന്ന കൃത്യവും വ്യക്തവുമായ പദ്ധതിയാണ് ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണം ലക്ഷ്യമിട്ട് ബജറ്റിന്റെ ആമുഖമായി പ്രഖ്യാപിച്ച 25 ഇനപദ്ധതികൾ പ്രത്യേക പ്രശംസ അർഹിക്കുന്നു.  സർക്കാർ എന്തുചെയ്യാൻ പോകുന്നുവെന്ന്  ആർക്കും മനസ്സിലാകുന്ന തരത്തിൽ പ്രഖ്യാപിച്ച ഈ പരിപാടികൾ യാഥാർഥ്യമാകുന്നതോടെ പുതിയ  കേരളം സൃഷ്ടിക്കപ്പെടും. ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും ഉദ്ധരിച്ച് തുടങ്ങുന്ന ബജറ്റിലെ ഊന്നൽ നവോത്ഥാനത്തിനും നവകേരളത്തിനുമാണ്.  ഏതു സാമ്പത്തികവൈഷമ്യത്തിന് നടുവിലും സമ്പൂർണ സാമൂഹ്യസുരക്ഷ, സുസ്ഥിരവികസനം, സമഗ്ര പശ്ചാത്തലസൗകര്യ വികസനം എന്നിവ പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ മുഖമുദ്രയാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു.  ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ചതും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചതും വിദ്യാഭ്യാസം, കാർഷികമേഖല, വ്യവസായമേഖല എന്നിവയ്ക്കെല്ലാം ബജറ്റിൽ തുക വകയിരുത്തിയതും സർക്കാരിന്റെ ഈ വഴിക്കുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. പൊതുവിൽ പറഞ്ഞാൽ, കേരളത്തിന്റെ മണ്ണും ജലവും പ്രകൃതിയും കൃഷിയും വ്യവസായവും നവോത്ഥാനപാരമ്പര്യവും സംരക്ഷിച്ച് നാടിനെ മുന്നോട്ടു കൊണ്ടുപോകാൻ ദീർഘവീക്ഷണത്തോടെ ചുവടുവയ്ക്കുന്ന ബജറ്റാണിത്.

പ്രളയകാലത്ത് ജനങ്ങളെ  രക്ഷിക്കാൻ കൈകോർത്ത കേന്ദ്ര സൈനികവിഭാഗങ്ങൾക്ക് നന്ദി പറഞ്ഞ ധനമന്ത്രി പ്രളയം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കേരളത്തെ കരകയറ്റാൻ സഹായകരമായ നിലപാടല്ല കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്   ചൂണ്ടിക്കാണിക്കുന്നുണ്ട്്. പ്രകൃതിദുരന്തത്തെ നേരിടാൻ കേരളത്തിന് ഒരു സഹായവും ഒരിടത്തുനിന്നും കിട്ടരുതെന്ന വാശിയോടെയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. വായ്പ എടുക്കാൻപോലും അനുവദിക്കില്ലെന്ന് മാത്രമല്ല, ലഭിക്കുന്ന വായ്പയിൽ 1800 കോടിയോളം രൂപ വെട്ടിച്ചുരുക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ ഈ "മുഷ്കിന് കീഴടങ്ങാതെ' പരിമിതികളെ മറികടന്ന്് കേരളം പുനർനിർമാണ നടപടികളുമായി മുന്നേറുകയാണ്.  ചരക്കുസേവന നികുതിയുടെ ഉയർന്ന സ്ലാബുകളിൽ രണ്ടുവർഷത്തേക്ക് രണ്ടുശതമാനം സെസ് ഏർപ്പെടുത്തിയത് പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിനാണ്. ആഡംബരവസ്തുക്കൾക്കാണ് സെസ്മൂലം വില കൂടുക. എല്ലാത്തരം മദ്യത്തിനും രണ്ടു ശതമാനം നികുതി വർധിപ്പിച്ചതും ഈ ലക്ഷ്യമിട്ടാണ്.

പുനർനിർമാണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 25 ഇന പദ്ധതികൾ ഓരോന്നും പ്രത്യേകം ചർച്ചചെയ്യേണ്ടവതന്നെ. വ്യവസായ പാർക്കുകൾ, സ്റ്റാർട്ടപ്പുകൾ, ഐടി മേഖലയുടെ വികസനം, കാർഷിക വയനാടിന് പ്രത്യേക പദ്ധതികൾ, പ്രളയം തകർത്ത കുട്ടനാടിനെ കരകയറ്റാൻ 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്, തെങ്ങുകൃഷി വികസനം, സംയോജിത റൈസ്് പാർക്കുകൾ, റബർ പാർക്കുകൾ, പുഴകളുടെ പുനരുജ്ജീവനം, തീരദേശസംരക്ഷണം, പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണം, ഊർജ മിഷൻ, കേരളത്തിന്റെ മുഖഛായ മാറ്റി റോഡുകളുടെ വികസനം, ഇലക്ട്രിക് വാഹനങ്ങൾ, ബേക്കൽമുതൽ കോവളം വരെയുള്ള 585 കിലോമീറ്റർ ജലപാതയടക്കം ജലപാതകളുടെയും കനാലുകളുടെയും നിർമാണം, തെക്ക്‐വടക്ക് സമാന്തര റെയിൽപാത, ടൂറിസം മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ, കയർ ‐ചകിരി ഉൽപ്പാദനം, പ്രവാസികളുടെ സുരക്ഷ, കേരള ബാങ്ക്, വിശപ്പ് രഹിത കേരളം പരിപാടി എന്നിവ ഉൾപ്പെടുന്നതാണ്  ബജറ്റിൽ പ്രത്യേകം ഊന്നൽ നൽകി പറഞ്ഞിട്ടുള്ള പുനർനിർമാണ പദ്ധതികൾ.

സ്വത്ത് മാത്രമല്ല, ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗവും പ്രളയത്തിൽ തകർന്നിരുന്നു. 15,000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടവുമുണ്ടായി. അതുകൊണ്ട് ജീവനോപാധി വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഈ പദ്ധതികൾ നടപ്പാക്കുക. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനവിഹിതം വർധിപ്പിച്ചതും അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ 75 കോടിയായി വർധിപ്പിച്ചതും ഇതോടൊപ്പം ചേർത്തുവായിക്കാം. പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി പ്രത്യേകം അനുവദിച്ചതും വ്യവസായ പാർക്കുകൾക്ക് മാത്രമായി കിഫ്ബിയിൽനിന്ന് 15,660 കോടി അനുവദിച്ചതും എടുത്തുപറയേണ്ടതാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വ്യവസായ സമുച്ചയങ്ങളുടെ ശൃംഖലതന്നെ വരും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പാരിപ്പള്ളി‐വേങ്ങോട്, അരുവിക്കര‐വിഴിഞ്ഞം റൂട്ടിൽ വളർച്ച ഇടനാഴി വരുന്നതും വികസനത്തിന്റെ പുതുവഴികളാകും.

സംസ്ഥാനത്തിന്റെ നികുതിവരുമാനം പ്രതീക്ഷിച്ച തോതിൽ ഉയരുന്നില്ലെന്ന വസ്തുത ബജറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. നികുതിവരുമാനം  ഇപ്പോഴും ഏതാണ്ട് പത്തു ശതമാനം വീതമാണ് വർധിക്കുന്നത്. ചെലവാകട്ടെ 16 ‐17 ശതമാനവും. ഇതിന്് പ്രതിവിധിയായി വികസന, സാമൂഹ്യക്ഷേമച്ചെലവുകൾ വെട്ടിച്ചുരുക്കാൻ സർക്കാർ തയ്യാറല്ല. ജിഎസ്ടി സംവിധാനം കർശനമാക്കിയും കുടിശ്ശിക പിരിച്ചെടുത്തും നികുതിവരുമാനം വർധിപ്പിക്കും. നടപ്പുവർഷത്തിൽ 30 ശതമാനത്തോളം വർധനയുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജിഎസ്ടി വഴി 6189 കോടിയുടെ അധികവരുമാനമാണ് കണക്കാക്കുന്നത്. മദ്യത്തിന്റെ നികുതിവർധന വഴി 180 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നുണ്ട്. മൊത്തം പ്രതീക്ഷിക്കുന്ന റവന്യൂ വരവ് 11,53,54.71 കോടിയും റവന്യൂ ചെലവ് 12,41,25 കോടിയുമാണ്. റവന്യൂകമ്മിയും ധനകമ്മിയും വഴിവിട്ട് വർധിക്കുന്ന സാഹചര്യമുണ്ടാകില്ല.

വനിതാശാക്തീകരണം ബജറ്റിലെ മറ്റൊരു ഊന്നലാണ്. സ്ത്രീ ശാക്തീകരണത്തെ ലക്ഷ്യമിട്ട് ജെൻഡർ ബജറ്റ് വിഹിതം 1420 കോടിയായി വർധിപ്പിക്കും. "ശരി! പാവയോ ഇവൾ' എന്ന് കുമാരനാശാന്റെ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വാർഷികത്തിൽ അശുദ്ധകളല്ലെന്ന് പ്രഖ്യാപിക്കാൻ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയ കാലത്തെ ഓർമിപ്പിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ ധനമന്ത്രി നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിന് തിരുവനന്തപുരത്ത് സമഗ്ര പഠനമ്യൂസിയം ആരംഭിക്കുമെന്നും വനിതാമതിൽ ഉയർന്ന പാതയിൽ എല്ലാ ജില്ലകളിലും സ്മാരക മതിലുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചത് ആവേശകരമായി. ശബരിമലയിലെ വിവിധ പദ്ധതികൾക്കായി 739 കോടി ചെലവഴിക്കുമെന്ന പ്രഖ്യാപനവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ അനുവദിച്ചതും കേരളം ശ്രദ്ധിച്ച പ്രഖ്യാപനങ്ങളാണ്. കെഎസ്ആർടിസിക്ക് 1000 കോടി അനുവദിച്ചത് ആശ്വാസമായി. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ, പട്ടികജാതി‐പട്ടിക വർഗക്കാർ, പിന്നോക്ക വിഭാഗക്കാർ, പരിവർത്തിത ക്രൈസ്തവർ തുടങ്ങി സമൂഹത്തിലെ വിഭാഗങ്ങളെ ധനമന്ത്രി ബജറ്റിൽ പരിഗണിച്ചു. പ്രവാസിക്ഷേമം, മുന്നോക്കക്ഷേമം, ന്യൂനപക്ഷ ക്ഷേമം എന്നിവയ്ക്കും സഹായം പ്രഖ്യാപിച്ച ബജറ്റ് കേരളത്തെ  നയിക്കാൻ എല്ലാ ചുവടുകളും മുന്നോട്ടുവയ്ക്കുന്നു.
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top