27 September Wednesday

ബിഎസ്എന്‍എല്ലിനെ സംരക്ഷിക്കുക

എളമരം കരീംUpdated: Monday Jul 8, 2019

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. 1999ലെ നാഷണൽ ടെലികോം പോളിസിയുടെ ഭാഗമായിട്ടാണ്, 2000 ഒക്ടോബർ ഒന്നിന് ബിഎസ‌്എൻഎൽ നിലവിൽവന്നത്. ഡിപ്പാർട്ട്മെന്റ‌് ഓഫ് ടെലികോം സർവീസ് (ഡിടിഎസ്), ഡിപ്പാർട്ട്മെന്റ‌് ഓഫ‌് ടെലികോം ഓപ്പറേഷൻസ് (ഡിടിഒ) എന്നീ സർക്കാർ വകുപ്പുകളെയാണ് ബിഎസ‌്എൻഎൽ, വിഎസ‌്എൻഎൽ, എംടിഎൻഎൽ എന്നീ കമ്പനികളാക്കിമാറ്റിയത്. സ്വകാര്യവൽക്കരണത്തിലേക്കുള്ള പാതയൊരുക്കാനാണ് അന്നത്തെ എൻഡിഎ സർക്കാർ ഈ നടപടികൾ സ്വീകരിച്ചത്. 1991ൽ  നരസിംഹറാവു സർക്കാർ ആരംഭിച്ച ആഗോളവൽക്കരണ‐സ്വകാര്യവൽക്കരണ നയങ്ങളുടെ തുടർച്ചയായിരുന്നു ഈ നടപടി.

2004ൽ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വരുന്നതുവരെ ബിഎസ‌്എൻഎൽ മികച്ച നിലയിൽ പ്രവർത്തിച്ചു. ഒരുലക്ഷത്തിൽപരം ജീവനക്കാരാണ് ഈ സ്ഥാപനത്തിൽ തൊഴിലെടുക്കുന്നത്. 2004‐2005ൽ ബിഎസ്എൻഎൽ പതിനായിരം കോടി രൂപ അറ്റാദായമുണ്ടാക്കി. തുടർന്നുള്ള വർഷങ്ങളിൽ ബിഎസ‌്എൻഎല്ലിന്റെ നെറ്റ്വർക്ക് നവീകരണത്തിനുള്ള ഉപകരണങ്ങൾ ഒന്നും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. നവീകരണപ്രവൃത്തികൾക്കായി ബിഎസ്എൻഎൽ ടെൻഡർ ചെയ്ത ഒരു പ്രവൃത്തിക്കും സർക്കാർ അനുമതി കൊടുത്തില്ല. ബിഎസ്എൻഎല്ലിന്റെ വികസനത്തെയും കാര്യക്ഷമതയെയും ഈവിധത്തിലാണ് യുപിഎ സർക്കാർ തകർത്തത‌്.

റിലയൻസ് ജിയോയുടെ വരവ്‌


സർക്കാരിന്റെ നിഷേധാത്മകനിലപാടിന്റെ പശ്ചാത്തലത്തിലും 2016 സെപ്തംബറിൽ റിലയൻസ് ജിയോ സർവീസ് ആരംഭിക്കുന്നതുവരെ ബിഎസ്എൻഎൽ നല്ല നിലയിൽത്തന്നെ പ്രവർത്തിച്ചു. 2014 ‐15 സാമ്പത്തികവർഷംമുതൽ തുടർച്ചയായി പ്രവർത്തനലാഭം നേടി. 2015ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിഎസ്എൻഎല്ലിനെ അഭിനന്ദിച്ചു.റിലയൻസ് ജിയോ രംഗത്ത് വന്നതിനുശേഷമാണ് ബിഎസ‌്എൻഎൽ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. റിലയൻസ് ജിയോ, ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാൻ തുടങ്ങിയതാണ് മറ്റുള്ള ടെലികോം കമ്പനികളെ  പ്രശ്നത്തിലാക്കിയത്. റിലയൻസിന്റെ ഭീമമായ സാമ്പത്തികശക്തി ഉപയോഗിച്ച് മറ്റുള്ള കമ്പനികളെ ഈ രംഗത്തുനിന്ന് നിഷ്കാസനം ചെയ്യിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം.  കേന്ദ്രസർക്കാരും ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്)യും റിലയൻസിന് പിന്തുണ നൽകി. ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നൽകിയിരുന്നത് ഓർക്കുമല്ലോ. ഒരു കോർപറേറ്റ് കമ്പനിയുടെ താൽപ്പര്യം സംരക്ഷിക്കാൻ  കേന്ദ്രസർക്കാർ  ഒരു മറയുമില്ലാതെയാണ് രംഗത്തുവന്നത്. ഇതിന്റെയെല്ലാം ഫലമായി ബിഎസ്എൻഎൽ ഉൾപ്പെടെ എല്ലാ ടെലികോം കമ്പനികളുടെയും വരുമാനം ഗണ്യമായി ഇടിഞ്ഞു. എല്ലാവരും നഷ്ടത്തിലായി.

എയർസെൽ, ടാറ്റ ടെലി സർവീസ്, അനിൽ അംബാനിയുടെ റിലയൻസ് ഇൻഫോകോം, ടെലിനോർ തുടങ്ങിയ കമ്പനികൾ അടച്ചുപൂട്ടി. നിരക്ക‌് താഴ്ത്തിക്കൊണ്ടുള്ള റിലയൻസ് ജിയോയുടെ സമാനതകളില്ലാത്ത നടപടിയാണ് ഈ സ്ഥിതി സൃഷ്ടിച്ചത‌്. ബിഎസ്എൻഎൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നത് യാദൃച്ഛികമല്ല എന്ന് ഇതിൽനിന്ന‌് മനസ്സിലാക്കാം.
ഈ പ്രതിസന്ധിക്കിടയിലും ബിഎസ‌്എൻഎൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. 2017‐18ൽ ബിഎസ്എൻഎൽ മൊബൈൽ ഇടപാടുകാരുടെ  എണ്ണത്തിൽ 11.5 ശതമാനം വർധനയുണ്ടായി. ഈ കാലയളവിൽ എയർടെല്ലിന്  9.5 ശതമാനവും  വോഡ ഫോണിന് 3.8 ശതമാനവും ഐഡിയക്ക് 3.2 ശതമാനവും കണക‌്ഷനാണ് വർധിച്ചത്. 2019 ഏപ്രിലിൽമാത്രം 2,32,487 പുതിയ കണക‌്ഷൻ ബിഎസ്എൻഎല്ലിന് ലഭിച്ചു. അതേസമയം എയർടെല്ലിന് 29,52,209 വരിക്കാരും വോഡ ഫോൺ‐ഐഡിയക്ക് 15,82,142 വരിക്കാരും നഷ്ടപ്പെടുകയാണുണ്ടായത്.

ടെലികോം മേഖലയിലെ മൊത്തം കടബാധ്യത 10 ലക്ഷം കോടി രൂപയോളം വരും. ബാങ്കുകളിൽനിന്ന് ഭീമമായ വായ്പയെടുത്താണ് സ്വകാര്യ കമ്പനികൾ എല്ലാം പ്രവർത്തിക്കുന്നത്. വായ്പയൊന്നും തിരിച്ചടയ‌്ക്കുന്നില്ല. വോഡഫോൺ, ഐഡിയ‐1,18,000 കോടിയും  എയർടെൽ ‐ 1,08,000 കോടിയും രൂപ കടബാധ്യതയിലാണ്. റിലയൻസ് ജിയോയുടെ ബാങ്ക് കടം 1,12,100 കോടി രൂപയാണ്. അതേസമയം ബിഎസ്എൻഎല്ലിന്റെ കടബാധ്യത വെറും 13,000 കോടി രൂപ മാത്രമാണ‌്.

സാമ്പത്തിക അടിത്തറ ഭദ്രം


ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണ്. അതിന്റെ ‘ ഒപ്ടിക് ഫൈബർ നെറ്റ‌്‌വർക്ക‌്’ 7.5 ലക്ഷം റൂട്ട് കിലോമീറ്ററാണ്. റിലയൻസ് ജിയോ‐3.25 ലക്ഷം റൂട്ട് കിലോമീറ്റർ, എയർടെൽ‐2.5 ലക്ഷം റൂട്ട് കിലോമീറ്റർ, വോഡ ഫോൺ‐ഐഡിയ‐1.60 ലക്ഷം റൂട്ട് കിലോമീറ്റർ എന്നിങ്ങനെയാണ് നെറ്റ്വർക്ക് വ്യാപ്തി. രാജ്യവ്യാപകമായി ബിഎസ്എൻഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഒരുലക്ഷം കോടി രൂപയിലേറെ വിലമതിക്കുന്നതാണ്. മറ്റൊരു ടെലികോം കമ്പനിക്കും ഇത്രയും ഭീമമായി ആസ്തികൾ ഇല്ല.ബിഎസ്എൻഎൽ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. രാജ്യത്തെവിടെ പ്രകൃതിദുരന്തമുണ്ടായാലും ജനങ്ങളുടെയും സർക്കാരിന്റെയും സേവനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് ബിഎസ‌്എൻഎൽ ആണ്. സ്വകാര്യകമ്പനികൾ ഇത്തരം സാമൂഹ്യബാധ്യതകൾ ഏറ്റെടുക്കാറില്ല. രാജ്യത്തെ അവികസിത ‐പിന്നോക്ക പ്രദേശങ്ങളിലും  ഒറ്റപ്പെട്ട ഗ്രാമങ്ങളിലും ടെലികോം സേവനം നൽകുന്നതും ബിഎസ്എൻഎൽ മാത്രമാണ്. ലാഭകരമല്ലാത്ത ഒരിടപാടും സ്വകാര്യ കമ്പനികൾ നടത്താൻ സന്നദ്ധമല്ല. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന്റെ സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും  സാങ്കേതികവിദ്യ പരിഷ്കരിക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ബാധ്യതയാണ്. സ്ഥാപിതമായി പതിനെട്ടര വർഷക്കാലത്തിനിടയിൽ നികുതിദായകന്റെ പണത്തിൽനിന്ന് ചില്ലിക്കാശ് ബിഎസ്എൻഎൽ കൈപ്പറ്റിയിട്ടില്ല.

എല്ലാ കേന്ദ്രസർക്കാരുകളും ബിഎസ‌്എൻഎല്ലിനോട് ചിറ്റമ്മ നയമാണ് പുലർത്തിയത്. ഇപ്പോഴും അതേ നിലപാടാണ് തുടരുന്നത്. സ്വകാര്യകമ്പനികൾക്ക് മൊബൈൽഫോൺ സർവീസിനുള്ള ലൈസൻസ് നൽകിയത് 1995ലാണ്. എന്നാൽ ബിഎസ്എൻഎല്ലിന് ലൈസൻസ് ലഭിച്ചത് 2002ൽ മാത്രമാണ്. സ്വകാര്യകമ്പനികൾ 4 ജി സേവനം 5 വർഷം മുമ്പുമുതൽ നൽകാൻ തുടങ്ങി. എന്നാൽ, നാളിതുവരെ 4 ജി സ്പെക്ട്രം ബിഎസ്എൻഎല്ലിന് സർക്കാർ നൽകിയിട്ടില്ല. സർക്കാർനയമാണ് ബിഎസ്എൻഎല്ലിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമാകും.
ബിഎസ‌്എൻഎൽ നിലവിലുള്ളതുകൊണ്ട് മാത്രമാണ്  സ്വകാര്യകമ്പനികൾക്ക്  നിരക്കുകൾ ഉയർത്താൻ കഴിയാത്തത്. ബിഎസ‌്എൻഎൽ തകർന്നാൽ സ്വകാര്യകമ്പനികൾ ജനങ്ങളെ കൊള്ളയടിക്കും. ഇപ്പോൾ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്ന റിലയൻസ് അതിനായി കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ പകൽക്കൊള്ളയ്ക്ക് വിധേയരാക്കുന്ന നയത്തിൽനിന്ന് കേന്ദ്രസർക്കാർ എത്രയുംവേഗം പിന്മാറണം.

സാമ്പത്തികപ്രതിസന്ധിമൂലം കഴിഞ്ഞ ആറ് മാസമായി കരാർ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ  വിവിധ ഭാഗത്തായി നാല‌് തൊഴിലാളികൾ ആത്മഹത്യചെയ്തു. ജോലി ഉള്ളപ്പോഴും കഷ്ടപ്പാടിൽ കഴിയുന്ന കരാർ തൊഴിലാളികളുടെ കുടുംബങ്ങൾ ആറുമാസമായി പട്ടിണിയെ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ പലഭാഗത്തും ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ സമരത്തിന് നിർബന്ധിതമായത്. കേരളത്തിൽ അനിശ്ചിതകാല നിരാഹാരസമരത്തിലാണ് തൊഴിലാളികൾ. ഒട്ടും താമസിയാതെ സ്ഥിരം ജീവനക്കാരും ശക്തമായ സമരത്തിന് ഇറങ്ങേണ്ടിവരും.രാജ്യത്തിന്റെയും  ജനങ്ങളുടെയും വിശാലതാൽപ്പര്യം മുൻനിർത്തി ബിഎസ‌്എൻഎൽ എന്ന പൊതുമേഖലാസ്ഥാപനത്തെ സംരക്ഷിക്കാൻ എല്ലാവരും ശബ്‌ദമുയർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top