25 April Thursday

ഈ പണിമുടക്ക് ബിഎസ്എൻഎല്ലിന്റെ ജീവൻ രക്ഷിക്കാൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നിന്റെ ജീവൻ പിടിച്ചുനിർത്താൻ ജീവനക്കാർ ഒന്നിച്ചുനടത്തിയ  മൂന്നുനാളത്തെ പണിമുടക്ക് അവസാനിച്ചു. രാജ്യത്തിന്റെ ആശയവിനിമയ ശൃംഖലയുടെ പര്യായമായി മാറിയ ബിഎസ്‌എൻഎല്ലിനുവേണ്ടി 98 ശതമാനം ജീവനക്കാരും ഓഫീസർമാരും ചേർന്ന‌് നടത്തിയ പണിമുടക്ക്‌ ബുധനാഴ്‌ച രാത്രിയാണ്‌ അവസാനിച്ചത‌്.

ബിഎസ്‌എൻഎൽ  രാജ്യത്തിന്റെ അഭിമാനമാണെന്ന‌് പൊതുവേദികളിൽ അവകാശവാദം ഉന്നയിക്കുന്ന ഭരണകർത്താക്കൾ ബിഎസ്‌എൻഎല്ലിനെ തകർക്കാൻ ശ്രമിക്കുന്നത്‌ ആദ്യമല്ല. 2007ൽ 2ജി വന്നപ്പോൾ ബിഎസ്എൻഎല്ലിനെ പുറത്തുനിർത്താൻ ശ്രമം നടന്നു. ജീവനക്കാരുടെ ശബ്‌ദം ഒന്നിച്ചുയർന്നപ്പോഴാണ്‌ സർക്കാർ അത്‌ ഉപേക്ഷിച്ചത്‌. അന്ന്‌ ടെലികോം കമ്പനികളിൽ അഞ്ചാം സ്ഥാനത്തേക്ക്‌ വീണ ബിഎസ്‌എൻഎല്ലിനെ തിരിച്ചെത്തിക്കാൻ ആ പ്രക്ഷോഭത്തിന്‌ കഴിഞ്ഞു. ആ വർഷംതന്നെ  ഓഹരിവിൽപ്പനയ്‌ക്ക്‌ സർക്കാർ ശ്രമം നടത്തിയപ്പോഴും തൊഴിലാളികളുടെ ഐക്യശക്തിയാണ്‌ ചെറുത്തുനിന്നത്‌. ഇന്ന്‌ ‘ബിഎസ്‌എൻഎൽ ഇനി വേണ്ട' എന്ന മട്ടിൽ നീങ്ങുന്ന കേന്ദ്ര സർക്കാരിനെതിരെ ജീവനക്കാർ വീണ്ടും പൊരുതുകയാണ്‌.

പല പ്രശ്‌നങ്ങളാണ്‌ സ്ഥാപനം നേരിടുന്നത്‌. 2006നുശേഷം ബിഎസ്‌എൻഎല്ലിൽ വികസനം ഉണ്ടായിട്ടേയില്ല. നിലവിലുള്ള സംവിധാനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സ്ഥാപനത്തിന്റെ മേലാളന്മാർ വിമുഖത കാട്ടിത്തുടങ്ങിയിട്ട്‌ ഏറെ നാളായെന്ന്‌ ജീവനക്കാരുടെ സംയുക്ത സമരസമിതി ചൂണ്ടിക്കാട്ടുന്നു. ബ്രോഡ്‌ബാൻഡ്‌ കണക്‌ഷൻ തേടുന്നവർക്ക്‌ കൊടുക്കാൻ ആവശ്യത്തിനു മോഡംപോലും ഒരിടത്തുമില്ല. ഉപയോക്താക്കൾക്ക്‌ മുന്നിൽ ജീവനക്കാർ കുറ്റക്കാരാകുന്ന അവസ്‌ഥ. ലാൻഡ്‌ലൈൻ സർവീസ്‌ ആകർഷകമാക്കാൻ സമയത്ത്‌ നടപടികളുണ്ടായില്ല. ആളുകൾ ലാൻഡ്‌ഫോൺ തിരികെ കൊടുത്തുതുടങ്ങി.

ഇതിനെല്ലാം പുറമെയാണ്‌ ആധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം നീങ്ങാൻ സ്ഥാപനത്തെ അനുവദിക്കാത്ത സ്ഥിതി കൂടിവന്നത്‌. സ്വകാര്യ കമ്പനികൾ 4ജി സ്‌പെക്‌ട്രത്തിലേക്കും 5ജി യിലേക്കും കടക്കുന്നു. അപ്പോഴും ബിഎസ്‌എൻഎൽ 3ജിയിൽ തളയ്‌ക്കപ്പെട്ട നിലയിലാണ്‌. ഡാറ്റയാണ്‌ ഇന്ന്‌ ആധുനിക ആശയവിനിമയത്തിന്റെ മുഖ്യഘടകം. ഡാറ്റ കൂടുതൽ ഉപയോഗിക്കാൻ കഴിയുന്ന സേവനദാതാക്കൾക്ക്‌ പിന്നാലെയാണ്‌ സമൂഹം നീങ്ങുന്നത്. പുതുതലമുറ പ്രത്യേകിച്ചും ഇത്‌ ആഗ്രഹിക്കുന്നു. ഇന്നും 3ജിയിൽ കുടുങ്ങിയ ബിഎസ്‌എൻഎല്ലിന്‌ ഈ ആവശ്യത്തിനനുസരിച്ച്‌ ഉയരാനാകുന്നില്ല. കൂടുതൽ ഡാറ്റ  ആവശ്യമുള്ള ഉപയോക്താക്കൾ സ്വകാര്യകമ്പനികളുടെ കണക്‌ഷനുകളിലേക്ക്‌ മാറുന്നു.

ബിഎസ്‌എൻഎൽ മരിക്കുകയാണ്‌. അതുതന്നെയാണ്‌ ഭരണാധികാരികൾ ആഗ്രഹിക്കുന്നത്‌. സഹായങ്ങൾ നിർത്തിയും ചെയ്യേണ്ടതുചെയ്യാൻ അനുവദിക്കാതെയും ആ സ്ഥാപനത്തെ നഷ്ടത്തിലേക്ക്‌ നയിക്കുന്നു. അടച്ചുപൂട്ടുകയേ നിവൃത്തിയുള്ളു എന്ന തോന്നൽ സൃഷ്ടിക്കുന്നു. 2000ൽ നിലവിൽവന്ന ബിഎസ്‌എൻഎൽ 2009 വരെ ലാഭത്തിലായിരുന്നു. പിന്നീട് നഷ്ടം തുടങ്ങി. 2011-–-12ൽ നഷ്ടം 8800 കോടി രൂപയായിരുന്നു. എന്നാൽ, 2014–--15 ൽ ജീവനക്കാരും മാനേജ്മെന്റും ഒന്നിച്ചുനിന്ന് കമ്പനിയെ പ്രവർത്തന ലാഭത്തിലെത്തിച്ചു. അടുത്തവർഷം പ്രവർത്തന ലാഭം കൂടി. അപ്പോഴാണ്‌ കേന്ദ്ര സർക്കാരിന്റെ 'പൊൻകുഞ്ഞാ'യി  റിലയൻസ് ജിയോയുടെ വരവ്. പ്രധാനമന്ത്രിയുടെ പടമുള്ള  പരസ്യവുമായി വന്ന ജിയോയ്ക്ക് കമ്പോളം പിടിയ്ക്കാൻ എല്ലാ ഒത്താശയും ബിജെപി സർക്കാർ ചെയ്തു. കുറഞ്ഞ നിരക്കെന്ന കൈവിട്ട നീക്കത്തിലൂടെ അവർ വിപണി പിടിച്ചു. ബിഎസ്എൻഎൽ മാത്രമല്ല സ്വകാര്യ ടെലികോം കമ്പനികളും നഷ്ടത്തിലായി.

ഇതിനൊപ്പം ബിഎസ്എൻഎല്ലിന്റെ ചിറകരിയാൻ സർക്കാർ നടപടി തുടങ്ങി. നൂറുശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്ക‌് ആവശ്യത്തിന‌് പണംനൽകാതെ തളർത്തി. 4ജി നിഷേധിച്ചു. ജിയോയോടു മത്സരിയ്ക്കാതിരിയ്ക്കാനുള്ള കരുതലായിരുന്നു ഇത്. എന്നിട്ടും ബിഎസ്എൻഎൽ പിടിച്ചുനിന്നു. ഇപ്പോൾ പക്ഷേ സർക്കാർ ഇതുവരെയുള്ള നഷ്ടത്തിന്റെ കണക്കെടുത്ത് ബിഎസ്എൻഎല്ലിനെതിരെ വാളോങ്ങുന്നു. ഈ സ്ഥിതിയിലാണ് ജീവനക്കാരുടെ സമരം.

ഒരുവശത്ത്‌ പഴയ സാങ്കേതികവിദ്യയിൽ തളച്ചിട്ട്‌ ബിഎസ്‌എൻഎല്ലിനെ തളർത്തുന്ന സർക്കാർ, ജീവനക്കാർക്ക്‌ അർഹതപ്പെട്ട ശമ്പളപരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും നിഷേധിക്കുകയും ചെയ്യുന്നു. സമരത്തിൽ ആ പ്രശ്‌നങ്ങളും സംഘടനകൾ ഉന്നയിക്കുന്നു. എന്നാൽ, സ്വന്തം ആവശ്യങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായിക്കൊണ്ടാണ്‌ സ്ഥാപനത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നങ്ങൾ അവർ കൂടുതൽ ശക്തിയായി  ഉയർത്തിയത്. ബിഎംഎസ്‌ ഒഴികെ ബിഎസ്‌എൻഎല്ലിലെ മുഴുവൻ സംഘടനകളും പണിമുടക്കിൽ അണിനിരന്നു എന്നത്‌ ആവേശകരമാണ്‌.

സ്വന്തം സ്ഥാപനത്തെ കൈവിട്ട് ചങ്ങാത്ത മുതലാളിയുടെ കമ്പനിയെ വളർത്താനിറങ്ങിയ ഭരണാധികാരികൾക്കെതിരെ ബിഎസ്എൻഎൽ ജീവനക്കാർ ഉയർത്തുന്ന പ്രതിഷേധം ഈ പണിമുടക്കിൽ അവസാനിക്കുന്നതല്ല. തെരഞ്ഞെടുപ്പ് അരികിലാണ്.സമസ്തമേഖലയും തകർത്ത സർക്കാരിനെതിരെ ഉയരുന്ന ജനകീയപ്രതിരോധത്തിൽ ബിഎസ്എൻഎൽ ജീവനക്കാർ ഒന്നിച്ചുനിന്നുയർത്തുന്ന ഈ നിലനിൽപ്പിന്റെ പ്രശ്നങ്ങളും ചർച്ചയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top