28 November Tuesday

ലക്ഷ്യം കോർപറേറ്റുകൾക്ക്‌ വിൽക്കുകതന്നെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കഴിഞ്ഞ അഞ്ചുവർഷത്തെ മോഡി ഭരണം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ സർവനാശത്തിനാണ് കളമൊരുക്കിയതെങ്കിൽ രണ്ടാം മോഡി സർക്കാർ അതിന്റെ ഉദകക്രിയക്ക് തയ്യാറെടുക്കുകയാണ്. തങ്ങളുടെ മാനസപുത്രനായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്ക് ടെലികോം കമ്പോളത്തിൽ ആടിത്തിമിർക്കുന്നതിന് നേരിയ വെല്ലുവിളി ബിഎസ്എൻഎൽ മാത്രമാണ്. അതുകൊണ്ട് ബിഎസ്എൻഎല്ലിനെ 'സുരക്ഷിത കരങ്ങളിൽ' എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തിടുക്കം. പുനരുദ്ധാരണത്തിന്റെ ഈ വാചകമടികൾക്കുപിന്നിൽ ഒളിപ്പിച്ചുവച്ച തന്ത്രം സ്വകാര്യവൽക്കരണത്തിന്റേതാണ്.

ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദിയെന്ന ലളിതമായ ചോദ്യത്തിന് 2014ൽ അന്നത്തെ വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞതിങ്ങനെ: ''പത്തുവർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്ങിന്റെ സർക്കാരാണ് ബിഎസ്എൻഎല്ലിനെ  ഈ ദുർഗതിയിലെത്തിച്ചത്.'' എന്നാൽ, 2014ൽ അധികാരത്തിൽവന്ന മോഡി സർക്കാർ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വളർച്ചയ്ക്ക് ഒരു സഹായവും നൽകിയില്ലെന്ന് മാത്രമല്ല മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്ക് കമ്പോളം കൈയടക്കാൻ നിയമവിരുദ്ധമായ എല്ലാ സഹായവും നൽകി. 2016‐17ൽ 11 കോടി ഉപയോക്താക്കളുടെ സ്ഥാനത്ത് 2017‐18ൽ 19 കോടിയായി ഉയർന്നു. 2016‐17ൽ ഒരു കോടി രൂപയുടെ വരുമാനമുണ്ടായിരുന്ന ജിയോ 2017‐18ൽ 20158 കോടിരൂപ വരുമാനമുണ്ടാക്കി. ലാഭമാകട്ടെ 723 കോടിയും. കമ്പോളവിഹിതം 19 ശതമാനത്തിലധികം ഉയർന്നു. ജിയോക്കു നൽകിയ വഴിവിട്ട സഹായം ഇതര ടെലികോം കമ്പനികളുടെ വരുമാനത്തെയും ലാഭത്തെയും ബാധിച്ചു.

കമ്പോളത്തിലെ മുടിചൂടാമന്നനായി വിലസിയ എയർടെല്ലും ഐഡിയയും വൊഡാഫോണുമെല്ലാം നഷ്ടത്തിന്റെ കഥകൾ രേഖപ്പെടുത്തി. അതിജീവനത്തിനായി ലയനവും പിടിച്ചെടുക്കലും തുടർന്നു. ടെലികോം കമ്പോളം കുത്തകവൽക്കരണത്തിലേക്ക് തള്ളിവിടപ്പെട്ടു. അന്നും വെല്ലുവിളിയായി അവശേഷിച്ചത് പൊതുമേഖലയുടെ കരുത്തായ ബിഎസ്എൻഎൽമാത്രം. അതുകൊണ്ട് ബിഎസ്എൻഎല്ലിനെ സാമ്പത്തികമായി ഞെരുക്കി സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനാണ് ഒന്നാം മോഡി സർക്കാർ തുനിഞ്ഞത്.

രണ്ടാം മോഡി സർക്കാരാകട്ടെ ബിഎസ്എൻഎല്ലിന്റെ സമ്പൂർണ സ്വകാര്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ പശ്ചാത്തലം 2014‐19 കാലത്തുതന്നെ അവർ ഒരുക്കുകയുണ്ടായി.

ഇന്ത്യൻ ടെലികോം കമ്പോളത്തിൽ വെള്ളിനക്ഷത്രംപോലെ ശോഭിച്ചിരുന്ന ബിഎസ്എൻഎല്ലിന്റെ പ്രതിസന്ധിയാരംഭിക്കുന്നത് യുപിഎയുടെ കാലത്താണ്. ബിഎസ്എൻഎല്ലിന്റെ 40,000 കോടിരൂപയുടെ കരുതൽധനം വിവിധ മാർഗങ്ങളിലൂടെ കവർന്നെടുത്തു. 3ജി ബ്രോഡ്ബാൻഡ് സ്പെക്ട്രം ലൈസൻസ് തുകയായി 18500 കോടി രൂപയും, ഇല്ലാത്ത കടത്തിന്റെ മുതലും പലിശയുമായി 14000 കോടിയും സർക്കാർ ഏകപക്ഷീയമായി പിടിച്ചെടുത്തു. മാത്രമല്ല, മൊബൈൽ കമ്പോളത്തിലെ വികസന സാധ്യതകൾ മൊബൈൽ വികസന ടെൻഡർ റദ്ദാക്കി അട്ടിമറിച്ചു. വികസനത്തിന് പണമില്ലാത്ത സാഹചര്യം സംജാതമായി. വികസനസാധ്യതകളാകെ അട്ടിമറിച്ച അവസ്ഥയിൽ ബിഎസ്എൻഎൽ പതിയെ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങി. 2014ലെ മോഡി സർക്കാർ സാമ്പത്തിക തകർച്ച രൂക്ഷമാക്കുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല, വികസന പ്രവർത്തനങ്ങൾ പേരിനുമാത്രം. 4ജി സ്പെക്ട്രം നിഷേധിച്ചതിനാൽ സേവനത്തിന്റെ കാര്യക്ഷമത തകരാറാകുന്നു. വരുമാനം ഇടിയുന്നു. നഷ്ടത്തിന്റെ കണക്കുകൾ പെരുകുന്നു.

എന്നാൽ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതത്തിൽ വർധനയുണ്ടാകുന്നുവെന്നതാണ് ശ്രദ്ധേയം. 4ജി സ്പെക്ട്രം, യഥാസമയം അനുവദിച്ചിരുന്നുവെങ്കിൽ ഇതിലും വലിയ മുന്നേറ്റമുണ്ടാകുമായിരുന്നു. ബിഎസ്എൻഎൽ ഓഫീസർമാരും ജീവനക്കാരും മാനേജ്മെന്റും വെല്ലുവിളി അതിജീവിച്ച് നടത്തിയ മാർക്കറ്റിങ്‌ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു. മൊബൈൽ കണക്‌ഷനുകളിലും ബിഎസ്എൻഎൽ ഈ കാലയളവിൽ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യൻ ടെലികോം കമ്പോളത്തിൽ ജനകീയമായ വാർത്താവിനിമയ സ്ഥാപനമായി ബിഎസ്എൻഎല്ലിന് ഉയർന്നുവരാൻ കഴിയുമെന്നതിന്റെ സൂചനകളാണിത്‌. എന്നാൽ, ആവശ്യമായ സാമ്പത്തികസഹായം നൽകാതെ ബിഎസ്എൻഎല്ലിനെ വരിഞ്ഞുമുറുക്കിയ മോഡി സർക്കാരാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാർ. 2019 ജൂൺ 30 വരെ ബിഎസ്എൻഎല്ലിന് 12786 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും അടിയന്തരമായി സഹായിച്ചില്ലെങ്കിൽ ശ്വാസം നിലയ്ക്കുമെന്നുമാണ് ബിഎസ്എൻഎൽ സർക്കാരിനെ അറിയിച്ചത്.

മെച്ചപ്പെട്ട സേവനങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനുള്ള എല്ലാ സാധ്യതകളെയും അട്ടിമറിച്ച കേന്ദ്ര സർക്കാർ, സ്ഥിരം തൊഴിലാളികളെയും പാവപ്പെട്ട കരാർ തൊഴിലാളികളെയുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പ്രതിക്കൂട്ടിൽ നിർത്തുന്നത്. എന്നാൽ, 3.5 ലക്ഷം തൊഴിലാളികളുണ്ടായിരുന്നപ്പോൾ 10,000 കോടി രൂപ ലാഭമുണ്ടാക്കാൻ കഴിഞ്ഞുവെന്ന യാഥാർഥ്യം വിസ്മരിച്ച് തൊഴിലാളികളെ ഒഴിവാക്കി സ്ഥാപനം സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ നീക്കം. മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ് ബിഎസ്എൻഎൽ. കോർപറേറ്റുകളുടെ കഴുകൻ കണ്ണ് ഈ സ്ഥാപനത്തിന് ചുറ്റുമുണ്ടുതാനും. രാജ്യത്തിന്റെ കണ്ണായ സ്ഥലങ്ങളിൽമാത്രം 65000 കോടിരൂപ വിലമതിക്കുന്ന ഭൂമി, എട്ടുലക്ഷം റൂട്ട് കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, കോപ്പർ കേബിളുകൾ വേറെ, 67279 ടവർ. (31.9.2018ന്റെ കണക്ക്) ഇതെല്ലാം സ്വകാര്യ കോർപറേറ്റുകളുടെ ആകർഷണ കേന്ദ്രങ്ങളാണ്. ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന്റെ പുനരുദ്ധാരണ പാക്കേജ് ചർച്ചചെയ്യപ്പെടുന്നത്.

ബിഎസ്എൻഎല്ലിന്റെ പുനരുദ്ധാരണത്തിനായി വിവിധ ഏജൻസികളെ ഒന്നാം മോഡി സർക്കാർ നിയോഗിച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇതിനകംതന്നെ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. ബിഎസ്എൻഎല്ലിന്റെ സ്വകാര്യവൽക്കരണത്തിനുതകുന്ന റിപ്പോർട്ടുകളാണ് ഇവയെല്ലാംതന്നെ. പ്രത്യേക ടവർ കമ്പനി, അതിനുകീഴിൽ ഒപ്ടിക്കൽ ഫൈബർ കമ്പനി വേറെ, ടവർ കമ്പനിയുടെ ഭാഗമായി പ്രത്യേക പ്രോജക്ട് ഡിവിഷൻ, വിആർഎസ് പദ്ധതി, റിട്ടയർമെന്റ് പ്രായം 58 ആയി കുറയ്‌ക്കൽ തുടങ്ങിയവയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് പ്രധാനമായും നിർദേശിച്ചത്. പെൻഷൻ പ്രായം 58 ആയി കുറച്ചാൽ 33568 ജീവനക്കാർ ഉടൻ പിരിഞ്ഞുപോകും. അതുവഴി അടുത്ത ആറ് വർഷത്തേക്ക് 13895 കോടിരൂപ ലാഭിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു നിർദേശം. തന്ത്രപ്രധാനിയായ പങ്കാളിയെ നിയമിക്കുകയോ അല്ലെങ്കിൽ അടച്ചുപൂട്ടുകയോ ചെയ്യണമെന്നാണ്‌ നിതി ആയോഗിന്റെ ശുപാർശ. പുനരുദ്ധാരണ പാക്കേജുകളിലൂടെ ലക്ഷ്യംവയ്‌ക്കുന്നത് തൊഴിലാളികളെ ഒഴിവാക്കി സ്ഥാപനം സ്വകാര്യമുതലാളിക്ക് ഏൽപ്പിച്ചുകൊടുക്കുകയെന്നതു തന്നെയാണ്. ബിഎസ്എൻഎല്ലിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവേശത്തോടെ കേന്ദ്ര മന്ത്രി സംസാരിക്കുമ്പോഴും ഒളിഞ്ഞുകിടക്കുന്ന ലക്ഷ്യം സ്വകാര്യവൽക്കരണം തന്നെയാണ്. ഒരു പൊതുമേഖലയുടെ അവസാന ഞരക്കമാണ് ഇന്ത്യൻ ടെലികോം കമ്പോളത്തിൽ ഉയരുന്നത്. പുനരുദ്ധാരണത്തിന്റെ പേരിൽ തൊഴിലാളികളെ വിആർഎസ് വഴി ഒഴിവാക്കി സ്ഥാപനത്തെ ജിയോയുടെ കൈകളിലെത്തിക്കുകയാണ് മോഡി സർക്കാരിന്റെ ലക്ഷ്യം.

നാല് ലക്ഷത്തോളം ജീവനക്കാർ ജോലി ചെയ്ത സ്ഥാനത്ത്‌ ഇന്ന് കേവലം 1,63,902 ജീവനക്കാർമാത്രം. 46597 എക്സിക്യൂട്ടീവ് ജീവനക്കാരും 1,17,305 നോൺ എക്സിക്യൂട്ടീവ് ജീവനക്കാരും. പുതിയ നിയമനങ്ങളില്ല, വിരമിക്കലിലൂടെയും മരണത്തിലൂടെയും വരുന്ന ഒഴിവുകൾക്ക് പകരക്കാരില്ല. എന്നിട്ടും നഷ്ടത്തിന്റെ ഉത്തരവാദികൾ തൊഴിലാളികളാണെന്ന ആവർത്തനം മുതലാളിത്ത തന്ത്രം മാത്രമാണ്. പ്രതിസന്ധിയുടെ പേരിൽ കരാർ തൊഴിലാളികളെ നിഷ്കരുണം പിരിച്ചുവിടുകയാണ്. ആനുകൂല്യങ്ങളില്ലാതെ കണ്ണീരോടെ പിരിഞ്ഞുപോകാൻ വിധിക്കപ്പെട്ട ഈ തൊഴിലാളികൾക്ക് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ല. ജീവിതം അനായാസമാക്കുമെന്ന് ബജറ്റിലൂടെ വീൺവാക്കുകൾ വിളമ്പുന്ന മോഡി സർക്കാരാണ് ഈ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. ശമ്പളം ലഭിക്കാത്ത തൊഴിലാളികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. 'ജീവിതം അനായാസമാക്കുകയല്ല' ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നീതിരഹിതവും മനുഷ്യത്വരഹിതവുമായ ഈ നടപടികളെ ചെറുത്തുതോൽപ്പിക്കുകയാണ് ഇന്നത്തെ കടമ. വർഗീയതയിലൂടെയും സങ്കുചിത ദേശീയതയിലൂടെയും ഐക്യം തകർത്ത് കോർപറേറ്റുകളുടെ കടന്നുവരവിന് പാതയൊരുക്കുന്നവരെ തിരിച്ചറിഞ്ഞ് പോരാട്ടം ശക്തമാക്കുകയാണ് വേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top