06 December Wednesday

ആസ്‌തിവിൽപ്പന ചെറുക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി 170 വർഷംമുമ്പ്‌ സ്ഥാപിച്ച ടെലിഗ്രാഫ്‌ ലൈനുകളാണ്‌ ഇന്ത്യൻ ടെലികോം ശൃംഖലയിലെ ആദ്യ ആസ്തി. സ്വതന്ത്ര ഇന്ത്യയുടെ അഭിമാനസ്‌തംഭമായി പൊതുമേഖലയിൽ വളർന്ന ടെലികോമിന്റെ സ്വത്തുക്കൾ വിറ്റഴിക്കാനാണ്‌ മോദി സർക്കാരിന്റെ തീരുമാനം. പൊതുമേഖലാ കമ്പനികളായ ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ആറ്‌ ആസ്‌തി 970 കോടി രൂപ തറവിലയിട്ട്‌ ലേലത്തിന്‌ വച്ചുകൊണ്ടാണ്‌ വിൽപ്പനയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. റെയിൽവേപോലെ, ദേശീയ പ്രതീകമായിരുന്നു ഒരുകാലത്ത്‌ ടെലികോം. ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാനവകുപ്പുകളിലൊന്ന്‌. എൺപതുകളിൽ പോസ്റ്റ്‌ ആൻഡ്‌ ടെലിഗ്രാഫും ടെലികോമും വിഭജിക്കപ്പെട്ടു. ഇരുമേഖലയും സ്വകാര്യ സർവീസിന്‌ തുറന്നുകൊടുത്തതോടെ തകർച്ചയുടെ ഹരിശ്രീ കുറിച്ചു. മെച്ചപ്പെട്ട സേവനങ്ങളിലൂടെ സ്വകാര്യ മേഖലയോട്‌ മൽസരിച്ച്‌ നിൽക്കണമെന്ന ലക്ഷ്യത്തോടെ ഭാരത്‌ സഞ്ചാർ നിഗം ലിമിറ്റഡ്‌ (ബിഎസ്‌എൻഎൽ, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്‌ (എംടിഎൻഎൽ) എന്നീ കമ്പനികൾ പിന്നീട്‌ നിലവിൽവന്നു. ടെലികോംമേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടായപ്പോൾ സ്വകാര്യകമ്പനികളെ പാലൂട്ടുന്ന സമീപനമാണ്‌ കോൺഗ്രസ്‌ സർക്കാരുകൾ സ്വീകരിച്ചത്‌. ഇപ്പോൾ മോദി ഭരണം പൊതുമേഖലാ കമ്പനികളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിക്കുകയാണ്‌.

മൊബൈൽ ടെലിഫോൺ, ഇന്റർനെറ്റ്‌ സേവനദാതാക്കളായ സ്വകാര്യകമ്പനികൾക്ക്‌ കൈയയച്ച്‌, കണ്ണടച്ച്‌ സഹായങ്ങളും ഇളവുകളും നൽകുന്നതിൽ കോൺഗ്രസ്‌, ബിജെപി സർക്കാർ തമ്മിൽ ഒരു വ്യത്യാസവും കാണാനാകില്ല. ഉപഗ്രഹ സംവിധാനങ്ങളായ സ്‌പെക്ട്രം സ്വകാര്യ സേവനദാതാക്കൾക്ക്‌ യഥേഷ്ടം ലഭിച്ചപ്പോൾ ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും നിഷേധിക്കപ്പെട്ടു. സ്വകാര്യകമ്പനികളുടെ കോടിക്കണക്കിനു കുടിശ്ശിക എഴുതിത്തള്ളി. ചാർജു കുറച്ചും സൗജന്യങ്ങൾ വാരിവിതറിയും ‘വിലയുദ്ധം’ നടത്താൻ ജിയോയെ കയറൂരിവിട്ടു. അഞ്ചാം തലമുറയിലേക്ക്‌ മൊബൈൽ സാങ്കേതികവിദ്യ കടന്നിട്ടും ‘ഫോർ ജി’പോലും അനുവദിക്കാതെ ബിഎസ്‌എൻഎല്ലിനെ മുച്ചൂടും മുടിച്ചത്‌ മോദി സർക്കാരാണ്‌. എന്നിട്ടിപ്പോൾ പുനരുദ്ധാരണ പാക്കേജ്‌ നടപ്പാക്കാനാണത്രേ ആസ്‌തിവിൽപ്പന. ബിഎസ്‌എൽഎല്ലിന്റെയും എംടിഎൻഎല്ലിന്റെ ആസ്‌തികൾകൂടി വിറ്റഴിക്കുന്നതോടെ ഒരിക്കലും കരകയറാനാകാത്ത പതനത്തിലേക്ക്‌ ഇവ തള്ളപ്പെടുമെന്ന ആശങ്കയാണ്‌ ഉയരുന്നത്‌.

ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ ബിഎസ്‌എൻഎല്ലിന്റെ നാലും എംടിഎൻഎല്ലിന്റെ രണ്ടും ആസ്‌തികളാണ്‌ വിൽപ്പന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ആദ്യവിൽപ്പന ഒന്നരമാസത്തിനുള്ളിൽ പൂർത്തീകരിച്ച്‌ അടുത്തഘട്ടത്തിലേക്ക്‌ കടക്കുമെന്നാണ്‌ പ്രഖ്യാപനം. 2019 ഒക്‌ടോബറിൽ പുനരുദ്ധാരണ പാക്കേജ്‌ പ്രഖ്യാപിക്കുമ്പോൾ 37,500 കോടിയുടെ ആസ്‌തിവിൽപ്പന 2022ൽ പൂർത്തിയാക്കണമെന്നായിരുന്നു ലക്ഷ്യം. ഇപ്പോൾ ലേലം ചെയ്യുന്ന നോൺ കോർ (പ്രധാനമല്ലാത്തത്‌) വിഭാഗത്തിൽപ്പെട്ട സ്വത്തുക്കളാണെന്നും തുടർന്ന്‌ കോർ വിഭാഗത്തിൽപ്പെട്ടതും വിൽക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
ബിഎസ്‌എൻഎല്ലിന്‌ 69,000 കോടിയുടെ പുനരുദ്ധാരണ പാക്കേജ്‌ പ്രഖ്യാപിച്ചിട്ട്‌ രണ്ടുവർഷം പിന്നിട്ടു. ജീവനക്കാരിൽ വലിയൊരു വിഭാഗത്തെ സ്ഥലംമാറ്റഭീഷണിയും പ്രലോഭനങ്ങളും വഴി പിരിച്ചയച്ചതല്ലാതെ ഒരു പുനരുദ്ധാരണവും നടന്നില്ല. അടിസ്ഥാന സാങ്കേതിക സൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ട്‌ മൊബൈൽ, കണക്ടിവിറ്റി സേവനങ്ങൾ കൂടുതൽ അനാകർഷകമാവുകയാണുണ്ടായത്‌. ഇനിയിപ്പോൾ ഭൂമിയും കെട്ടിടവും ടവറുകളും വിറ്റാലും കമ്പനികളുടെ പുരോഗതിക്കായി ആ പണം ചെലവഴിക്കപ്പെടുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. ആസ്‌തിവിൽപ്പന ഓഹരിവിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതവും ഊഹിക്കാവുന്നതേയള്ളൂ.

പൊതുമേഖലാ ആസ്‌തികൾക്കു പുറമെ പൊതുമുതലുകളായ റോഡ്‌, സ്‌റ്റേഡിയം, തുറമുഖം, വിമാനത്താവളം, ഖനി, എണ്ണ –-വാതകക്കുഴലുകൾ തുടങ്ങിയവയെല്ലാം വിറ്റഴിക്കുന്നതിനുള്ള നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ കഴിഞ്ഞ സെപ്‌തംബറിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെ സ്വത്തുവിൽപ്പന നയമായി മോദി സർക്കാർ അംഗീകരിച്ചെന്ന്‌ വ്യക്തം. നാലുവർഷംകൊണ്ട്‌ ആറു ലക്ഷം കോടി ഇതുവഴി സമാഹരിക്കാനാണ്‌ ഉദ്ദേശ്യം. ഒരു രാജ്യമെന്ന നിലയിൽ നാം അഭിമാനംകൊണ്ടിരുന്ന പൈതൃക സമ്പാദ്യങ്ങളും ആസ്‌തികളുമെല്ലാം അന്യാധീനപ്പെടുകയാണ്‌. സ്വാഭാവികമായും ഇതെല്ലാം കൈയടക്കാൻ പോകുന്നത്‌ കുത്തകകൾതന്നെ ആയിരിക്കും. കർഷക– -തൊഴിൽ നിയമഭേദഗതികൾക്കെതിരെ ഉയർന്നുവരുന്ന ചെറുത്തുനിൽപ്പുപോലെ ഇതിനെതിരെയും ശക്തമായി ഐക്യനിര ഉയർന്നുവരേണ്ട സന്ദർഭമാണ് ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top