26 May Thursday

ബിഎസ്‌എഫ്‌ പരിധിവർധന: കേന്ദ്രത്തിന്റെ അധിനിവേശം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഘട്ടംഘട്ടമായി കവർന്നെടുക്കപ്പെടുകയാണ്‌. ജിഎസ്‌ടിയിലും പുത്തൻ വിദ്യാഭ്യാസനയത്തിലും സഹകരണനിയമത്തിലും മറ്റും ഇത്‌ കാണാം. ഏറ്റവും അവസാനമായി അതിർത്തിസുരക്ഷാ നിയമമനുസരിച്ച്‌ ഒക്ടോബർ 11ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവിലും ഇത്‌ നിഴലിക്കുന്നു. അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ അതിർത്തിയിൽനിന്ന്‌ 50 കിലോമീറ്റർവരെയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്താനും അനധികൃത വസ്‌തുക്കൾ പിടികൂടാനും അറസ്റ്റ്‌ ചെയ്യാനുമുള്ള അധികാരം ബിഎസ്‌എഫിന്‌ നൽകുന്നെന്നാണ്‌ ഉത്തരവ്‌. നേരത്തേ 15 കിലോമീറ്റർ പരിധിയായിരുന്നതാണ്‌ സംസ്ഥാനങ്ങളോട്‌ ആലോചിക്കുകപോലും ചെയ്യാതെ 50 കിലോമീറ്ററായി ഉയർത്തിയിട്ടുള്ളത്‌. രാജസ്ഥാനിൽ നിലവിലുള്ള  50 കിലോമീറ്റർ പരിധി തുടരുമ്പോൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ 80 കിലോമീറ്റർ 50 ആക്കി കുറയ്‌ക്കുകയും ചെയ്‌തു.

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പഞ്ചാബും പശ്ചിമ ബംഗാളും ശക്തമായി പ്രതിഷേധിച്ചിരിക്കുകയാണ്‌. ഫെഡറലിസത്തിനെതിരായ ശക്തമായ ആക്രമണമാണ് ഇതെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സംസ്ഥാന ഭരണത്തിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്‌ ഈ നടപടിയെന്നുമാണ്‌ ഇരു സർക്കാരും കുറ്റപ്പെടുത്തുന്നത്‌. സിപിഐ എം പൊളിറ്റ്‌ ബ്യൂറോയും ഈ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഫെഡറൽ തത്വങ്ങൾക്ക്‌ എതിരാണ്‌ ഈ ഉത്തരവെന്നാണ്‌ സിപിഐ എമ്മിന്റെ വിമർശം.  
അഫ്‌ഗാനിൽ താലിബാൻ ഭീകരവാദികൾ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ്‌ കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നാണ്‌ വ്യാഖ്യാനം. താലിബാൻ അധികാരത്തിൽ വന്നതോടെ ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന്‌ ഇന്ത്യയിലേക്ക്‌ ഒഴുകുകയാണെന്നും ഇത്‌ തടയാനാണ്‌ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ ബിഎസ്‌എഫിന്‌ കൂടുതൽ അധികാരങ്ങൾ നൽകിയതെന്നുമാണ്‌ കേന്ദ്ര സർക്കാരിന്റെ ന്യായീകരണം. മാത്രമല്ല, ഡ്രോണുകൾ ഉപയോഗിച്ച്‌ ഭീകരവാദികൾ ഇന്ത്യൻ അതിർത്തിയിലേക്ക്‌ ആയുധം കടത്തുന്നത്‌ തടയുകയും ലക്ഷ്യമാണത്രേ. അങ്ങനെയെങ്കിൽ ഗുജറാത്തിലെ പരിധി കുറച്ചതിന്‌ എന്ത്‌ ന്യായീകരണമാണ്‌ കേന്ദ്ര സർക്കാരിന്‌ പറയാനുള്ളത്‌. സമീപകാലത്ത്‌ ഏറ്റവും വലിയ ഹെറോയിൻവേട്ട– 3200 കിലോ കണ്ടെടുത്തത്‌ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നാണ്‌. 2019–-20 വർഷത്തിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന്‌ പിടിച്ചെടുത്ത സംസ്ഥാനങ്ങൾ ഉത്തർപ്രദേശും മഹാരാഷ്ട്രയും തെലങ്കാനയും തമിഴ്‌നാടുമാണ്‌. 2018–-19ൽ ആകട്ടെ ബിഹാറിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും അസമിലുമാണ്‌. അതിലൊന്നും പഞ്ചാബോ പശ്ചിമ ബംഗാളോ ഇല്ല. എന്നിട്ടും ഈ സംസ്ഥാനങ്ങളിൽ ബിഎസ്‌എഫിന്റെ അധികാരപരിധി 50 കിലോമീറ്ററായി വർധിപ്പിച്ചത്‌ എന്തിനാണെന്ന്‌ കേന്ദ്രം വിശദീകരിക്കണം. 

ലാൽബഹാദൂർ ശാസ്‌ത്രി പ്രധാനമന്ത്രിയായിരിക്കെ കമീഷൻ ഓഫ്‌ സെക്രട്ടറീസിന്റെ ശുപാർശ പ്രകാരമാണ്‌ 1965 ഡിസംബർ ഒന്നിന്‌ ബിഎസ്‌എഫ്‌ രൂപംകൊള്ളുന്നത്‌. 1968ലെ ബിഎസ്‌എഫ്‌ നിയമമനുസരിച്ച്‌ അതിർത്തിപ്രദേശങ്ങളിലെ ജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്തുകയും അതിർത്തി കടന്നുള്ള  കടന്നുകയറ്റവും കൊള്ളയും കുറ്റകൃത്യങ്ങളും തടയുകയുമാണ്‌ ബിഎസ്‌എഫിന്റെ പ്രധാന ചുമതല. ഭരണഘടനയിലെ ഒമ്പതാം ഷെഡ്യൂൾ അനുസരിച്ച്‌ ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ കടമയാണ്‌. അതിർത്തികളിൽ പരിമിതമായ ദൂരത്തിൽ  ബിഎസ്‌എഫിന്‌ അധികാരം നൽകിയതുപോലും പൊലീസിന്റെ സാന്നിധ്യം വളരെ കുറഞ്ഞതിനാലായിരുന്നു. എന്നാൽ, ഇന്ന്‌ ആ സ്ഥിതി മാറിയിരിക്കുന്നു. പാകിസ്ഥാൻ–- ബംഗ്ലാദേശ്‌ അതിർത്തിയിലെങ്ങും ശക്തമായ പൊലീസ്‌ സാന്നിധ്യമുണ്ട്‌. മാത്രമല്ല, ബിഎസ്‌എഫ്‌ ആരെ അറസ്റ്റ്‌ ചെയ്‌താലും മയക്കുമരുന്ന്‌ കണ്ടെടുത്താലും 24 മണിക്കൂറിനുള്ളിൽ പൊലീസിന്‌ കൈമാറണമെന്നാണ്‌ ചട്ടം. ഈ സാഹചര്യത്തിൽ ബിഎസ്‌എഫിന്റെ അധികാരപരിധി വർധിപ്പിക്കുന്നതിന്‌ ന്യായീകരണമില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽതത്വങ്ങൾക്ക്‌ കടകവിരുദ്ധമായി കൈക്കൊണ്ട തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top