19 April Friday

അടിത്തറ ശക്തമാക്കാന്‍ നേരത്തെ തെരഞ്ഞെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017


ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അപ്രതീക്ഷിതമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവധി തീരുന്നതിന് മൂന്നുവര്‍ഷംമുമ്പാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2020ല്‍മാത്രമേ തെരഞ്ഞെടുപ്പ് നടത്തൂവെന്ന മുന്‍നിലപാട് തിരുത്തിക്കൊണ്ടാണ് ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് യാഥാസ്ഥിതിക കക്ഷി (ടോറി പാര്‍ടി) നേതാവുകൂടിയായ തെരേസ മേ പ്രഖ്യാപിച്ചത്. 2011ലെ ടോറി- ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി സഖ്യസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമനുസരിച്ച് പാര്‍ലമെന്റിന് അഞ്ചുവര്‍ഷത്തെ സ്ഥിരം കാലാവധി നിശ്ചയിച്ചിരുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മെയ്മാസം ആദ്യം തെരഞ്ഞെടുപ്പ് നടത്താനാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, പാര്‍ലമെന്റിന്റെ അധോസഭയുടെ (ഹൌസ് ഓഫ് കോമണ്‍സ്) മൂന്നില്‍രണ്ടു ഭൂരിപക്ഷം നേടാമെങ്കില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയും. അതനുസരിച്ചാണ് തെരേസ മേ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. മുഖ്യ പ്രതിപക്ഷപാര്‍ടിയായ ലേബര്‍ പാര്‍ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ പിന്തുണച്ചതിനാല്‍ ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ തെരേസ മേ സര്‍ക്കാരിന് കഴിഞ്ഞു. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 650 അംഗ അധോസഭയില്‍ 522 വോട്ട് നേടിയാണ് പ്രമേയം പാസായത്. 54 അംഗങ്ങളുള്ള മൂന്നാംകക്ഷി സ്കോട്ടിഷ് നാഷണല്‍ പാര്‍ടി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് തെരേസ മേയുടെ തീരുമാനത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും, മൂന്നില്‍രണ്ടു ഭൂരിപക്ഷം നേടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. 

തെരഞ്ഞെടുപ്പ് നടത്താന്‍ വിമുഖത കാട്ടിയ തെരേസ മേ പൊടുന്നനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ബ്രെക്സിറ്റുതന്നെയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതിന് കാരണമായ ബ്രെക്സിറ്റ് വോട്ടിന്റെ ഫലമായാണ് തെരേസ മേ പ്രധാനമന്ത്രിപദത്തില്‍ എത്തിയത്. ബ്രെക്സിറ്റ് വോട്ടിനെതുടര്‍ന്നാണ് ഡേവിഡ് കാമറണ്‍ രാജിവച്ചതും തെരേസ മേ അധികാരമേറിയതും. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിടുതല്‍ നേടുന്നതിനുള്ള അപേക്ഷ മാര്‍ച്ച് മാസത്തിലാണ് ബ്രിട്ടന്‍ സമര്‍പ്പിച്ചത്. ഇനിയുള്ള രണ്ടുവര്‍ഷം 27 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി വ്യാപാരം അടക്കമുള്ള പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടിവരും. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിടുന്ന സാഹചര്യത്തില്‍ സ്വന്തമായ ഒരു രാഷ്ട്രീയ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതുണ്ട്. നികുതികളിലും മറ്റും വന്‍ മാറ്റങ്ങള്‍ വരുത്തണം. ഇതുമായി ബന്ധപ്പെട്ട പല ബില്ലുകളും പാര്‍ലമെന്റില്‍ പാസാക്കേണ്ടിവരും. ഇതിന് പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ആവശ്യമാണ്. നിലവില്‍ 17 അംഗങ്ങളുടെ ഭൂരിപക്ഷമേ തെരേസ മേ സര്‍ക്കാരിനുള്ളൂ. ഈ നേരിയ ഭൂരിപക്ഷം പല പ്രശ്നങ്ങളും സൃഷ്ടിക്കും.

ബ്രെക്സിറ്റ് നടപടികളുമായി തെരേസ മേ സര്‍ക്കാര്‍ മുന്നോട്ടുപോയതോടെ പല പ്രശ്നങ്ങളും ഉയര്‍ന്നുവരികയും ചെയ്തു.  ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ടി ബ്രിട്ടനില്‍നിന്ന് സ്വാതന്ത്യ്രം ആവശ്യപ്പെട്ടുകൊണ്ട് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 28ന് സ്കോട്ടിഷ് പാര്‍ലമെന്റ് ഇതുസംബന്ധിച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ അയര്‍ലന്‍ഡിലെ സമാധാനം തകരുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ജിബ്രാള്‍ട്ടറാണ് മറ്റൊരു പ്രശ്നം. ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുയരുന്ന ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ ശക്തമായ പിന്തുണ ആവശ്യമാണ്. മാത്രമല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയ പ്രധാനമന്ത്രിയല്ല എന്ന വാദത്തിന്റെ മുനയൊടിക്കേണ്ടതും തെരേസ മേയുടെ ആവശ്യമായിരുന്നു. ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ കുടിയേറ്റനിയമം കര്‍ക്കശമാക്കേണ്ടിവരുമെന്ന് തെരേസ മേക്കുതന്നെ അഭിപ്രായമുണ്ട്. കാമറണ്‍ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായ പാതയിലൂടെ ചരിക്കാനാണ് തെരേസ മേക്ക് ഇഷ്ടം. ഇത്തരമൊരു സാഹചര്യത്തിലാണ് തെരേസ മേ മടിച്ചാണെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള മറ്റൊരു കാരണം, അഭിപ്രായവോട്ടെടുപ്പില്‍ തെരേസ മേക്കും പാര്‍ടിക്കും വന്‍ മുന്നേറ്റം ഉണ്ടാകുമെന്ന പ്രവചനമാണ്. ബിബിസി നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ടോറി പാര്‍ടിക്ക് 42 ശതമാനം വോട്ടും 350 സീറ്റും ലഭികുമെന്നാണ് പ്രവചനം. ജെറേമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍പാര്‍ടിക്ക് 25 ശതമാനം വോട്ടും 229 സീറ്റുമാണ് ലഭിക്കുകയത്രേ. ബ്രെക്സിറ്റിനെ ശക്തമായി എതിര്‍ക്കുന്ന ടിം ഫാരന്‍ നയിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി നാലാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് പ്രവചനം. ഇന്‍ഡിപെന്‍ഡന്റ് ദിനപത്രവും മറ്റും നടത്തിയ അഭിപ്രായവോട്ടെടുപ്പിലും തെരേസ മേതന്നെയാണ് ഏറെ മുന്നില്‍. 17 മുതല്‍ 21 ശതമാനംവരെ മുന്നിലാണ് ടോറി പാര്‍ടി. ലേബര്‍ പാര്‍ടിയില്‍ ഇടത്-വലത് തര്‍ക്കം രൂക്ഷമായതും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ തകര്‍ച്ചയും തനിക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തെരേസ മേ. അതുകൊണ്ടുതന്നെയാണ് അവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതും. ബ്രെക്സിറ്റിന്റെ ആഘാതം പരമാവധി കുറയ്ക്കുന്നതിനായി നിലകൊള്ളുന്ന (മൃദു ബ്രെക്സിറ്റിനായി) തെരേസ മേക്ക് മാധ്യമങ്ങളുടെ വര്‍ധിച്ച പിന്തുണയുമുണ്ട്.

സ്കോട്ടിഷ് നാഷണല്‍ പാര്‍ടി വീണ്ടുമൊരു ഹിതപരിശോധനയ്ക്ക് ആവശ്യം ഉയര്‍ത്താതിരിക്കാനും തെരഞ്ഞെടുപ്പുഫലം സഹായിക്കുമെന്നാണ് തെരേസ മേയുടെ പ്രതീക്ഷ. നിലവില്‍ സ്കോട്ട്ലന്‍ഡില്‍ 59 പാര്‍ലമെന്റ് സീറ്റാണുള്ളത്. ഇതില്‍ 54ലും വിജയിച്ചത് സ്കോട്ടിഷ് നാഷണല്‍ പാര്‍ടിയാണ്. ഈ സീറ്റില്‍ ഇടിവുണ്ടായാല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്യ്രം നേടാനുള്ള ഹിതപരിശോധനയ്ക്കായി വാദിക്കാന്‍ ആ പാര്‍ടിക്ക് കഴിയാതാകും. എന്നാല്‍, ഈ മൂന്ന് ലക്ഷ്യങ്ങളും നേടാന്‍ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ടോറി പാര്‍ടിക്ക് ലഭിക്കണം. ഇനിയുള്ള 48 ദിവസം തെരേസ മേക്ക് നിര്‍ണായകമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top