19 April Friday

ഓർക്കുക, അഴിമതി അവകാശമാക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


സുതാര്യതയും പ്രതിബദ്ധതയും കൃത്യനിഷ്‌ഠയുമാണ്‌ ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും മുഖമുദ്രയാകേണ്ടത്‌. ജനോന്മുഖമായ സിവിൽ സർവീസ്‌ അതിലേക്ക്‌ നൽകുന്ന സംഭാവന വലുതുമാണ്‌. അഴിമതിരഹിത ഭരണസംവിധാനം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന കാഴ്‌ചപ്പാടോടെയാണ്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ  ഇടപെടലുകൾ. വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ  ‘അഴിമതി രഹിത കേരളം' ക്യാമ്പയിൻ തുടങ്ങിയത്‌ ആഴത്തിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്‌.

ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്‌ കേരളം. എങ്കിലും ചില പുഴുക്കുത്തുകൾ ചുരുക്കം ഇടങ്ങളിൽ  കാണാം. അഴിമതി അവകാശമാണെന്ന്‌ ശഠിച്ച്‌ ആവശ്യക്കാരോട്‌ മെല്ലെപ്പോക്ക്‌ നയം അനുവർത്തിക്കുന്നു. അധികാരമേറ്റെടുത്ത ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരെ ഓർമിപ്പിച്ചത്‌ ഓരോ ഫയലിലും ഓരോ ജീവൻ തുടിക്കുന്നുണ്ടെന്നാണ്‌. വികസനത്തിന്റെ ഫലം എല്ലാവരിലും തുല്യമായി എത്തിക്കത്തക്ക രീതിയിലുള്ള അഴിമതിവിമുക്ത സമൂഹമെന്ന ലക്ഷ്യമാണ്‌ അദ്ദേഹം ഊന്നിയതെന്ന്‌ മനസ്സിലാക്കിയിട്ടും ജനവിരുദ്ധമായി പെരുമാറുകയാണ്‌ ചുരുക്കം ചിലർ. അദാലത്തിനിടെ കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്‌കുമാറിനെ സസ്‌പെൻഡ് ചെയ്‌തതാണ്‌ അവസാന വാർത്ത. ഒരു കോടിയിലധികം രൂപ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. മുമ്പും അയാൾ സമാന കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യുവകുപ്പും അന്വേഷണം നടത്തും. റോഡ്‌ നിർമാണം കഴിയുംമുമ്പ്‌ കൈക്കൂലിവാങ്ങി കരാറുകാരന്‌ ബിൽ ഒപ്പിട്ട്‌ സഹായിച്ച രണ്ട്‌ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും നടപടി നേരിട്ടിരിക്കുകയാണ്‌. പത്തനംതിട്ട ഡിവിഷൻ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ബി ബിനുവിനെയും അസിസ്റ്റന്റ്‌ എൻജിനിയർ അഞ്‌ജു സലീമിനെയുമാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ആറുമാസംമുമ്പത്തെ വിജിലൻസ്‌ കേസിൽ ഇരുവരും കൈക്കൂലി വാങ്ങിയതായി തെളിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം റവന്യുവകുപ്പ്‌ നിരവധി  ഓഫീസുകളിൽ ഉന്നതതല മിന്നൽ പരിശോധന നടത്തിയത്‌ വ്യക്തമായ മുന്നറിയിപ്പാണ്‌. മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യു സെക്രട്ടറിയറ്റിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. സർട്ടിഫിക്കറ്റുകളും സേവനങ്ങളും ബോധപൂർവം  അനുവദിക്കാതിരുന്നാൽ ശക്തമായ നടപടിക്ക്‌  ലാൻഡ്‌ റവന്യു കമീഷണറെ ചുമതലപ്പെടുത്തി. മൂന്നു മേഖലാ റവന്യു വിജിലൻസ് ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും പരിശോധനാ സംവിധാനങ്ങൾ ഊർജിതമാക്കാനും നടപടിയുമെടുത്തു. ഓൺലൈൻ സേവനം ആകുന്നത്ര ആശ്രയിക്കുന്നതോടെ അഴിമതി വലിയ തോതിൽ ഇല്ലാതാക്കാനാകും. അഴിമതിക്കേസിലെ നടപടി സമയബന്ധിതമായി പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കഠിന നടപടി സ്വീകരിക്കും. പരാതി സമർപ്പിക്കാൻ ലാൻഡ്‌ റവന്യു കമീഷണറേറ്റിൽ സംവിധാനം ഏർപ്പെടുത്തും. സർവീസ് സംഘടനകളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. സംഘടനകൾക്ക്‌ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കാനും കൂട്ടായ വിലപേശലിലൂടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാനുമാകണം. എൻജിഒ യൂണിയന്റേത്‌ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ്‌. ചില സർവീസ്‌ സംഘടനകൾ അങ്ങനെ പെരുമാറുന്നുണ്ടോയെന്ന്‌ ആത്മപരിശോധന നടത്തേണ്ടതുണ്ട്‌.

ഏതെല്ലാംവിധത്തിൽ  അഴിമതി ഒപ്പിക്കാമെന്ന് ഉന്നതബിരുദം സമ്പാദിച്ച ചിലർ സർവീസിലുണ്ടെന്നും അത്തരക്കാർ പ്രയാസപ്പെടേണ്ടിവരുമെന്നും  മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ പ്രസ്‌താവിച്ചത്‌ താക്കീതുകൂടിയാണ്‌. അഴിമതിയോട് വിട്ടുവീഴ്ച ഇല്ലെന്നാണ് സർക്കാർ നയമെന്ന്‌ ഊന്നിയ അദ്ദേഹം, എല്ലാവരും അഴിമതിക്കാരല്ലെന്നും കൂട്ടിച്ചേർത്തു. ചിലർ അഴിമതി നന്നായി രുചിച്ചു രസിച്ചവരാണ്. അവർക്ക് എല്ലാക്കാലവും  രക്ഷപ്പെട്ട് നിൽക്കാനാകില്ല. പിടിക്കപ്പെട്ടാൽ അതിന്റേതായ പ്രയാസം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചെറിയ പ്രശ്‌നങ്ങൾ പെരുപ്പിച്ച്‌ അഴിമതിക്കെതിരായ സർക്കാരിന്റെ ഉറച്ച കാൽവയ്‌പിനെ സംശയാസ്‌പദമാക്കാൻ ശ്രമിക്കുകയാണ്‌ ചില മാധ്യമങ്ങൾ. കടുകുമണിയെ ആനയായി ചിത്രീകരിക്കുന്ന അവയുടെ രീതിയും അപകടകരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top