26 April Friday

ബ്രെക‌്സിറ്റിന‌് തടസ്സങ്ങൾ ഏറെ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 28, 2018


യൂറോപ്യൻ യൂണിയനിൽനിന്ന‌് വിട്ടുപോകുന്നതിനുള്ള ബ്രെക‌്സിറ്റ‌് കരാറിനും ഇത് നടപ്പായതിനുശേഷം യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഭാവി രാഷ്ട്രീയബന്ധം സംബന്ധിച്ച റിപ്പോർട്ടിനും 27 അംഗ യൂറോപ്യൻ യൂണിയൻ ഞായറാഴ‌്ച അംഗീകാരം നൽകി. ജിബ്രാൾട്ടർ സംബന്ധിച്ച് ബ്രിട്ടനും സ്പെയിനും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ ബ്രെക‌്സിറ്റ‌് കരാറിന് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകില്ലെന്ന ആശങ്കയ‌്ക്കിടയിലാണ് യോഗം ബ്രസൽസിൽ ചേർന്നതെങ്കിലും, കരാർ അംഗീകരിക്കുന്നതിന് തടസ്സമൊന്നുമുണ്ടായില്ല.  ബ്രെക‌്സിറ്റ‌് വോട്ടിന് രണ്ടുവർഷത്തിനുശേഷമാണ് ബ്രെക‌്സിറ്റ‌് കരാറിന്റെ കരടിന് ബ്രിട്ടീഷ് മന്ത്രിസഭയും യൂറോപ്യൻ യൂണിയനും അംഗീകാരം നൽകിയത്. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റ് ഈ കരാറിന് അംഗീകാരം നൽകിയാൽമാത്രമേ അടുത്ത വർഷം മാർച്ച് 29ന് ബ്രെക‌്സിറ്റ‌് യാഥാർഥ്യമാകൂ.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ടോറികക്ഷിയിലെ എൺപതോളം എംപിമാർതന്നെ കരാറിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല, മേയുടെ സഖ്യകക്ഷിയായ വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക‌് യൂണിയൻ പാർടിയിലെ (ഡിയുപി) എട്ട് അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. ഇരുപതോളം ടോറി എംപിമാരും ഡിയുപി എംപിമാരും കരാറിനെതിരെ വോട്ട് ചെയ‌്താൽതന്നെ അത് പാസാകില്ല. എത്രയും പെട്ടെന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നുകാണണമെന്ന് ആഗ്രഹിക്കുന്ന മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബർ പാർടിയാകട്ടെ കരാറിനെ അനുകൂലിക്കുന്നുമില്ല. കരാർ പാർലമെന്റിൽ പരാജയപ്പെട്ടാൽ തെരേസ മേയ‌്ക്ക‌് അധികാരത്തിൽ തുടരാൻ കഴിയില്ല. ബ്രെക‌്സിറ്റ‌് വോട്ട് വിജയിച്ചതാണ് ടോറി കക്ഷി നേതാവായ ഡേവിഡ് കാമറൂണിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകാൻ കാരണം. എന്നാൽ, ബ്രെക‌്സിറ്റ‌് യാഥാർഥ്യമാകാത്തതിന്റെ പേരിലായിരിക്കും തെരേസ മേയ‌്ക്ക് അധികാരമൊഴിയേണ്ടിവരിക.  മേയ‌്ക്ക് അധികാരം നഷ്ടമായാൽ പുതിയൊരു ടോറി നേതാവ് വീണ്ടും അധികാരത്തിൽ വരുമോ അതോ തെരഞ്ഞെടുപ്പ് നടക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ഏതായാലും ബ്രെക‌്സിറ്റ് ബ്രിട്ടനെമാത്രമല്ല യൂറോപ്യൻ യൂണിയനെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. 

യൂറോപ്യൻ യൂണിയൻനിന്ന‌് വിടുതൽനേടി മറ്റേതൊരു രാഷ്ട്രത്തോടും ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലുള്ള രാഷ്ട്രീയ–- സാമ്പത്തിക ബന്ധം വച്ചുപുലർത്താൻ ബ്രിട്ടന് കഴിയണമെന്നതാണ് ബ്രെക‌്സിറ്റുകൊണ്ട‌് ലക്ഷ്യമിടുന്നത്.  എന്നാൽ, തെരേസ മേയ‌് സർക്കാർ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ഈ ലക്ഷ്യം സാധ്യമാകുന്നില്ലെന്നു മാത്രമല്ല വീണ്ടും യൂറോപ്യൻ യൂണിയന്റെ സാമന്തരാജ്യമായി, അടിമയായി,  ഉപഗ്രഹരാജ്യമായി ബ്രിട്ടനെ മാറ്റുന്നുവെന്നാണ് ബ്രെക‌്സിറ്റിന‌ുവേണ്ടി വാദിക്കുന്ന ജേക്കബ് റീസ് മോഗും ബോറിസ് ജോൺസണും മറ്റും വാദിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽനിന്ന‌് ബ്രിട്ടൻ പൂർണമായും വിടുതൽനേടുന്ന 2020 ഡിസംബർവരെ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കരാറനുസരിച്ച്‌ ബ്രിട്ടനും ബാധകമായിരിക്കും. മാത്രമല്ല, യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനിൽ ബ്രിട്ടൻ തുടരുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി സ്വതന്ത്രമായ വാണിജ്യബന്ധങ്ങളിൽ ഏർപ്പെടാൻ ബ്രിട്ടന് കഴിയുകയുമില്ല. യൂറോപ്യൻ യൂണിയൻ ചരക്കുകൾക്ക് യഥേഷ്ടം നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കടക്കാൻ കഴിയുമ്പോൾത്തന്നെ ബ്രിട്ടന്റെ ആഭ്യന്തര കമ്പോളം സംരക്ഷിക്കാൻ പ്രത്യേക നികുതിയും മറ്റും ചുമത്താൻ ബ്രിട്ടന് അധികാരമുണ്ടായിരിക്കില്ലെന്നും പുതിയ കരാർ വ്യവസ്ഥചെയ്യുന്നതായി അതിനെ എതിർക്കുന്നവർ വാദിക്കുന്നു.  യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിടുതൽ നേടുന്നതിനുള്ള നഷ്ടപരിഹാരമായി ബ്രിട്ടൻ 50 ശതകോടി ഡോളർ യൂറോപ്യൻ യൂണിയന് നൽകുകയും വേണം. ഇതിനർഥം തുടർന്നും യൂറോപ്യൻ യൂണിയന്റെ അടിമയായി ബ്രിട്ടൻ മാറുമെന്നതാണ്.

യൂറോപ്യൻ യൂണിയനിൽ അംഗമാകുമ്പോൾ  തീരുമാനങ്ങൾ എടുക്കുന്നതിനെ സ്വാധീനിക്കാൻ ബ്രിട്ടന് കഴിയുമായിരുന്നു. എന്നാൽ, ഇപ്പോൾ തീരുമാനമെടുക്കുന്നതിൽ ഒരു പങ്കുമില്ലെന്നുമാത്രമല്ല കസ്റ്റംസ് തീരുവയുമായും മറ്റും ബന്ധപ്പെട്ട വിഷയങ്ങളിൽ യൂറോപ്യൻ യൂണിയന്റെ തീരുമാനങ്ങൾ അനുസരിക്കാൻ ബ്രിട്ടൻ നിർബന്ധിതമാകുകയും ചെയ‌്തിരിക്കുന്നു. ഈ ചർച്ച സ്വാഭാവികമായും നയിക്കുന്നത് നിലവിലുള്ള ബ്രെക‌്സിറ്റ‌് കരാറിനേക്കാൾ നല്ലത് യൂറോപ്യൻ യൂണിയനിൽ തുടരുകയാണെന്നതിലേക്കാണ്. ബ്രെക‌്സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന വേണമെന്ന ആവശ്യവും ഇതോടെ ഉയരുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വാദം പ്രധാനമായും ഉയർത്തുന്നത്. എന്നാൽ, കരാറിന് പാർലമെന്റ് അംഗീകാരം നൽകാത്തപക്ഷം ബ്രിട്ടൻ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുകയെന്നും അതൊഴിവാക്കാൻ എല്ലാവരും കരാറിനെ അനുകൂലിക്കണമെന്നുമാണ് തെരേസ മേ വാദിക്കുന്നത്. അതിനെ പിന്തുണയ‌്ക്കുന്നവരുടെ എണ്ണം കുറവാണെന്നുമാത്രം. അഞ്ചുദിവസത്തെ ചർച്ചയ‌്ക്കുശേഷം ഡിസംബർ 11ന് ബ്രിട്ടീഷ് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പ് ബ്രെക്‌സിറ്റിന്റെ ഭാവിമാത്രമല്ല, ബ്രിട്ടന്റെ ഭാവിയും നിശ്ചയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top