29 March Friday

ബ്രിട്ടൻ വീണ്ടും തെരഞ്ഞെടുപ്പിലേക്കോ?

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019


ബ്രിട്ടൻ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മെയ് അവസാനവാരം പ്രഖ്യാപിച്ചതുപോലെതന്നെ പ്രധാനമന്ത്രി തെരേസ മേ അധികാരം ഒഴിഞ്ഞിരിക്കുന്നു. 28 അംഗ യൂറോപ്യൻ യൂണിയനിൽനിന്ന‌് ബ്രിട്ടനെ പുറത്തുകൊണ്ടുവരുന്നതിനുള്ള ബ്രെക‌്സിറ്റിൽ തട്ടി  രാജിവച്ചൊഴിയേണ്ടിവരുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് തെരേസ മേ. ആദ്യ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ആയിരുന്നു.  രണ്ടുപേരും യാഥാസ്ഥിതിക ടോറി പാർടി നേതാക്കളാണ്.  യൂറോപ്യൻ യൂണിയനിൽ നിലനിൽക്കണമെന്ന പക്ഷക്കാരായിരുന്നു ഇരുവരും. എന്നാൽ‌‌, ഡേവിഡ് കാമറൂൺ സർക്കാർ 2016 ജൂൺ 23ന് ബ്രെക‌്സിറ്റ‌് വിഷയത്തിൽ നടത്തിയ ഹിതപരിശോധന എല്ലാം തകിടം മറിക്കുകയായിരുന്നു.

അമേരിക്കയോട് ഏതാണ്ട് ഒപ്പംനിൽക്കുന്ന 19 ട്രില്യൺ ഡോളർ സമ്പദ‌്‌വ്യവസ്ഥയാണ് യൂറോപ്യൻ യൂണിയന്റേത്. യൂറോപ്യൻ മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാന ചട്ടക്കൂടാണിത്.  അതുപേക്ഷിച്ച് പുറത്തുപോകാൻ ടോറി പാർടി നേതാവായ കാമറൂണിന് മനസ്സുണ്ടായിരുന്നില്ല. ബ്രിട്ടനിലെ ജനങ്ങൾ ബ്രെക‌്സിറ്റിനെതിരെ വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ഹിതപരിശോധന നടത്തിയത്. എന്നാൽ, അത് ടോറികക്ഷിയെ സംബന്ധിച്ച് ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന ഫലമാണുണ്ടായത്. മൂന്ന് കോടിയോളം വരുന്ന വോട്ടർമാരിൽ 52 ശതമാനം പേർ ബ്രെക‌്സിറ്റിനെ അനുകൂലിച്ചപ്പോൾ 48 ശതമാനം പേരാണ് ഏതിർത്ത് വോട്ട് ചെയ‌്തത‌്.  സ്വാഭാവികമായും ഡേവിഡ് കാമറൂൺ രാജിവച്ചു. അടുത്ത പ്രധാനമന്ത്രിയായി കാമറൂൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസ മേ അധികാരമേറ്റു.

ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്ന‌് അടർത്തിമാറ്റുക എന്ന കർത്തവ്യമായിരുന്നു തെരേസ മേയിൽ അർപ്പിക്കപ്പെട്ടത്.  എന്നാൽ, അത് സുഗമമായി നടത്തണമെങ്കിൽ പാർലമെന്റിൽ തനിച്ച് ഭൂരിപക്ഷം വേണമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ 2017 ജൂണിൽ പൊതുതെരഞ്ഞെടുപ്പ് നടത്തിയെങ്കിലും ലക്ഷ്യം നേടുന്നതിൽ തെരേസ മേ സർക്കാർ പരാജയപ്പെട്ടു. മുഖ്യ പ്രതിപക്ഷമായ ലേബർ പാർടി ജെറമി കോർബിന്റെ നേതൃത്വത്തിൽ ശക്തി തെളിയിച്ചത് ടോറികക്ഷിയെ ദുർബലമാക്കുകയും ചെയ‌്തു.  വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക്ക് യൂണിയനിസ്റ്റ‌് പാർടിയുടെ നിർണായക പിന്തുണയുടെ പുറത്താണ് തെരേസ മേ സർക്കാരിന് അധികാരം നിലനിർത്താനായത്.  ബ്രെക‌്സിറ്റ‌് ലക്ഷ്യം നേടാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതും ഡെമോക്രാറ്റിക്ക് യൂണിയനിസ്റ്റ് പാർടിയുടെ പിന്തുണയാണ്. ഐറിഷ് റിപ്പബ്ലിക്കുമായി വടക്കൻ അയർലൻഡിനുള്ള ബന്ധം പഴയപടി നിലനിർത്തുന്നതിന് ആ കക്ഷി മേ സർക്കാരിൽ ചെലുത്തിയ സ്വാധീനമാണ് മേ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബ്രെക‌്സിറ്റ‌് പദ്ധതികൾ പരാജയപ്പെടാൻ കാരണമായത്.  വടക്കൻ അയർലൻഡും ഐറിഷ് റിപ്പബ്ലിക്കും തമ്മിൽ കസ്റ്റംസ് പരിശോധന ഇല്ലാതെ തുറന്ന അതിർത്തിയായി നിലകൊള്ളണമെന്ന ഡെമോക്രാറ്റിക്ക് യൂണിയനിസ്റ്റുകളുടെ ആവശ്യമാണ് മേയുടെ ബ്രെക‌്സിറ്റ‌് പദ്ധതിക്ക് തടസ്സമായത്.  യൂറോപ്യൻ യൂണിയനിൽനിന്ന‌് പൂർണമായും വിടുതൽ നേടുക എന്ന ബ്രെക‌്സിറ്റ‌് ആശയത്തിന് കടകവിരുദ്ധമാണ് ഈ നയമെന്നാണ് ബ്രെക‌്സിറ്റ‌് അനുകൂലികളുടെ പ്രധാന വിമർശനം. മാത്രമല്ല‌‌, യൂറോപ്യൻ യൂണിയന്റെ നികുതിവ്യവസ്ഥയും മറ്റും അതേപടി നിലനിർത്തുന്നതായിരുന്നു മേയുടെ ബ്രെക‌്സിറ്റ‌് പദ്ധതി.  ഈ നയവും പരക്കെ വിമർശിക്കപ്പെട്ടു. തന്റെ ബ്രെക‌്സിറ്റ‌് പദ്ധതി മൂന്നുതവണ പാർലമെന്റിൽ അവതരിപ്പിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. സ്വന്തം പാർടിയിലെ അംഗങ്ങൾപോലും സർക്കാർ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തു വന്നു.

യൂറോപ്യൻ പാർലമെന്റിലേക്ക് മെയ് അവസാനം നടന്ന തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങുമെന്നുകൂടി ഉറപ്പായതോടെയാണ് തെരേസ മേ സർക്കാർ രാജിപ്രഖ്യാപിച്ചത്. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബ്രെക‌്സിറ്റ‌് പാർടി 30 ശതമാനം വോട്ട് നേടി മുന്നിലെത്തിയപ്പോൾ ഭരണകക്ഷിയായ ടോറി പാർടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 15 ശതമാനം വോട്ട് കുറഞ്ഞുവെന്ന് മാത്രമല്ല അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ജനങ്ങൾ അംഗീകരിച്ച ബ്രെക‌്സിറ്റ‌് നടപ്പാക്കുന്നതിലുള്ള ടോറി കക്ഷിയുടെ പരാജയമാണ് അവരുടെ തകർച്ചയ‌്ക്ക് വഴിവച്ചിട്ടുള്ളത്.

പുതിയ ടോറി സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, മൈക്കിൾ ഗോവ്, ഡൊമിനിക്ക് റാബ് തുടങ്ങി 13 ഓളം നേതാക്കളാണ് പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നത്. ആരു തന്നെ അധികാരത്തിൽ വന്നാലും ഭരണം സുഗമമായിരിക്കില്ലെന്നുറപ്പാണ്. പൊതു തെരഞ്ഞെടുപ്പിന് ഇനിയും മൂന്നുവർഷം കൂടിയുണ്ടെങ്കിലും രാജ്യം അടുത്ത തെരഞ്ഞെടുപ്പിലേക്കാണ് അതിവേഗം നീങ്ങുന്നത്. പീറ്റർബറോ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർടി വിജയിച്ചത് ടോറികളുടെ നില കൂടുതൽ പരുങ്ങലിലാക്കിയിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top