20 April Saturday

വീട്ടിൽത്തന്നെ ഇരിക്കുക ; സർക്കാർ മുന്നിലുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


 

മഹാമാരിയായ കോവിഡിനെ തടയാൻ രാജ്യത്ത്‌ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ട്‌ മൂന്നുദിവസം പിന്നിട്ടു. വൈറസ്‌ ബാധയുടെ മൂന്നാംഘട്ടമെന്ന്‌ വിലയിരുത്തുന്ന സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആശ്വസിക്കാൻ സമയമായിട്ടുമില്ല. കോവിഡ്‌ പരിശോധനാ ലാബുകൾ കുറവായതിനാൽ പരിമിതമായ ടെസ്‌റ്റിങ്‌ മാത്രമാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. അതിനാൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ, സാമൂഹ്യമായ അകലം പാലിക്കൽ മാത്രമാണ്‌ കോവിഡ്‌ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗമെന്നും അവർ പറയുന്നു. ഇക്കാര്യം ജനങ്ങൾ ഗൗരവത്തോടെ ഉൾക്കൊണ്ടിട്ടില്ലെന്നാണ്‌ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവം തെളിയിക്കുന്നത്‌.

ഇന്നത്തെ  ലോകത്തിന്‌ തീർത്തും അപരിചിതമായ പകർച്ചവ്യാധിയാണ്‌ കോവിഡ്‌–-19. കാട്ടുതീപോലെ പടരുന്ന ഈ മഹാമാരി ലോകത്ത്‌ മരണഭീതി വിതയ്‌ക്കുകയാണ്‌. പ്രായവ്യത്യാസമില്ലാതെ ആക്രമിക്കുന്ന വൈറസ്‌ യൂറോപ്യൻ രാജ്യങ്ങളെ നാമാവശേഷമാക്കുന്നു. രോഗം കണ്ടെത്തിയ ചൈനയെ മറികടന്നുകഴിഞ്ഞു; മരണസംഖ്യയിൽ ഇറ്റലിയും സ്‌പെയിനും. ആരോഗ്യരംഗത്ത്‌ ഇന്ത്യയേക്കാൾ എത്രയോ മുന്നിലുള്ള ഇറ്റലിയും സ്‌പെയിനും കോവിഡിനുമുന്നിൽ നിസ്സഹായരാകുകയാണ്‌. 130 കോടി ജനങ്ങളും പരിമിതമായ ചികിൽസാ സൗകര്യങ്ങളുമുള്ള ഇന്ത്യക്ക്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും കോവിഡ്‌. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ്‌ രാജ്യത്ത്‌ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌. എത്രയോ മുമ്പേ അതീവ ജാഗ്രത പുലർത്തുന്ന കേരളമാണ്‌ ഇന്ത്യക്ക്‌ വഴികാട്ടിയത്‌. എന്നാൽ, കേരളത്തിലെ ഒരു ചെറുന്യൂനപക്ഷത്തിന്‌ അപകടം മനസ്സിലായിട്ടില്ലെന്നുവേണം കരുതാൻ.

മഹാമാരിയെ തടയാൻ ആരോഗ്യപ്രവർത്തകരും പൊലീസും ഭരണനേതൃത്വവും രാപകലില്ലാതെ പ്രവർത്തിക്കുമ്പോൾ സ്വാർഥമായ ആനന്ദങ്ങളിൽ അഭിരമിക്കാൻ വെമ്പുന്ന ചിലർ കാറും ബൈക്കുമെടുത്ത്‌ റോഡിൽ ചുറ്റിക്കറങ്ങുകയാണ്‌. നിരോധനാജ്ഞ ലംഘിച്ച്‌ വാഹനങ്ങളുമായി ചുറ്റിയടിക്കുകയാണവർ. നിസ്സാര കാരണങ്ങൾ പറഞ്ഞ്‌ റോഡിലിറങ്ങുന്നവരാണ്‌ ഭൂരിഭാഗവും. വഴിതടഞ്ഞാൽ പൊലീസുമായി ഏറ്റുമുട്ടാൻപോലും ഇക്കൂട്ടർ മുതിരുന്നു. പെരുമ്പാവൂരിൽ പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട്‌ യുവാക്കളെ അറസ്റ്റ്‌ ചെയ്യേണ്ടിവന്നു.

സാമൂഹ്യബോധം ഒട്ടുമില്ലാത്തവരെ നിയമംകൊണ്ടേ നേരിടാനാകൂ

സമൂഹത്തെ കാത്തുരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിലും സുഖലോലുപതയും സ്വാർഥതയുമാണ്‌ വലുതെന്നുവരുന്നത്‌ കഷ്‌ടമാണ്‌. ഈ ദുരന്തനിമിഷങ്ങളിലും ഭക്ഷണം ആർഭാടത്തോടെ വേണമെന്ന്‌ ചിലർ ചിന്തിക്കുന്നു. അതിനുവേണ്ടി  പൊലീസിനോട്‌ കളവുപറഞ്ഞ്‌ വാഹനമോടിക്കുന്നു. അനാവശ്യമായി റോഡിലിറങ്ങാൻ വെമ്പുന്നവർ രോഗത്തെ അന്വേഷിച്ചുപോകുകയാണ്‌; സമൂഹത്തെ മരണത്തിലേക്ക്‌ തള്ളിയിടുകയും. സ്വാർഥമായ ഒരുതരം ധൂർത്തും ആഘോഷത്തിന്റെ ഉന്മാദവുമാണ്‌ ഇവരെ നയിക്കുന്നത്‌. ഇക്കൂട്ടരെ ശക്തമായി കൈകാര്യം ചെയ്യുമെന്ന സർക്കാരിന്റെ മുന്നറിയിപ്പ്‌  സ്വാഗതാർഹമാണ്‌. സാമൂഹ്യബോധം ഒട്ടുമില്ലാത്തവരെ നിയമംകൊണ്ടേ നേരിടാനാകൂ.

മഹാമാരിക്കെതിരെ യുദ്ധരംഗത്ത്‌ നിൽക്കുമ്പോൾ സുഖസൗകര്യങ്ങളും ഇഷ്‌ടഭക്ഷണവുമെല്ലാം ഒഴിവാക്കേണ്ടിവന്നേക്കാം. അസൗകര്യങ്ങൾ അനുഭവപ്പെടാം. സമൂഹത്തിനുവേണ്ടി അസൗകര്യങ്ങളും നഷ്‌ടങ്ങളും സഹിക്കാൻ എല്ലാവരും തയ്യാറാകണം. അന്നന്നത്തെ അന്നത്തിന്‌ ജോലി ചെയ്യുന്നവർ അതും നഷ്‌ടമാക്കിയാണ്‌ വീട്ടിലിരിക്കുന്നതെന്ന്‌ മറക്കരുത്‌. അരിയില്ലെങ്കിലും ആരും പട്ടിണികിടക്കേണ്ടിവരില്ല എന്ന്‌ ഉറപ്പിച്ചുപറയുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. അന്തിയുറങ്ങാൻ ഇടമില്ലാത്തവർ, ട്രാൻസ്‌ജെൻഡറുകൾ, അശരണർ, ക്ഷേമപെൻഷൻ വാങ്ങുന്നവർ, അടച്ചുപൂട്ടൽകാരണം വരുമാനം നിലച്ചവർ, അതിഥിത്തൊഴിലാളികൾ... എന്നിങ്ങനെ എല്ലാ മനുഷ്യരെയും കരുതലോടെ ഓർമിച്ച്‌ പ്രവർത്തിക്കുമെന്ന ഉറപ്പാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ മുഴങ്ങുന്നത്‌. സൗജന്യ റേഷൻ അനുവദിച്ചും ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിച്ചും സമൂഹ അടുക്കളകൾ തുറന്നും പട്ടിണി അകറ്റുമെന്ന്‌ സർക്കാർ പറയുന്നു. ഏത്‌ പ്രതിസന്ധി ഘട്ടത്തിലും ഒരാൾക്കും പട്ടിണി കിടക്കേണ്ടിവരില്ലെന്ന്‌ പിണറായി സർക്കാർ ജനങ്ങൾക്ക്‌ നൽകുന്ന ഉറപ്പിന്‌ വലിയ മാനങ്ങളുണ്ട്‌.

ഇറ്റലിയിലും സ്‌പെയിനിലും കോവിഡ്‌ രോഗം കണ്ടെത്തിയ അതേസമയത്തുതന്നെയാണ്‌ കേരളത്തിലും വൈറസ്‌ സ്ഥിരീകരിച്ചത്‌. ആ നാടുകളിൽ മരണം താണ്ഡവമാടുമ്പോഴും കേരളം ഒരാളെയും വിട്ടുകൊടുക്കാതെ പൊരുതുകയാണ്‌.  ഈ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ജനങ്ങളോട്‌ ആവശ്യപ്പെടുന്നത്‌ ഒറ്റക്കാര്യമാണ്‌. സാമൂഹ്യ ഇടപെടൽ ഒഴിവാക്കി വീട്ടിൽ കഴിയൂ എന്ന്‌. ഈ അഭ്യർഥന കേരളീയർ ശിരസ്സാവഹിക്കേണ്ടതുണ്ട്‌. ജനങ്ങളെ കരുതലോടെ മുന്നിൽനിന്ന്‌ കാത്തുരക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാരിനോട്‌ സഹകരിക്കുക. അവനവനും സമൂഹത്തിനുംവേണ്ടി എല്ലാവരും വീട്ടിൽത്തന്നെയിരിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top