05 December Tuesday

വേണം ജാഗ്രതയുടെ പുതിയ സംസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday May 1, 2020

കേരളത്തിൽ കോവിഡ്‌ മഹാമാരിക്കെതിരായ പോരാട്ടം സാമൂഹ്യ ജാഗ്രതയുടെ പുതിയ ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. ‘തുപ്പല്ലേ തോറ്റുപോകും’ എന്ന ആഹ്വാനവുമായി ‘ബ്രേക്ക്‌ ദ ചെയിൻ’ ക്യാമ്പയിന്റെ രണ്ടാംഘട്ടം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്‌ ഇതിന്റെ ഭാഗമാണ്‌. സർക്കാരിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പം സമൂഹമൊന്നാകെ ഒരു മനസ്സായി പിന്തുണയ്‌ക്കുന്നതിനാലാണ്‌ കേരളം കോവിഡിനെ ചെറുത്തുനിൽക്കുന്നത്‌.  കോവിഡിനെതിരായ പോരാട്ടം ഇവിടംകൊണ്ട്‌ അവസാനിപ്പിക്കാനാകില്ല. സാമൂഹ്യജീവിതത്തിലെ പല ശീലവും ശൈലികളും കൈയൊഴിഞ്ഞ്‌ രോഗപ്രതിരോധം ശക്തിപ്പെടുത്തുന്ന പുതിയ ജീവിതസംസ്‌കാരത്തിലേക്ക്‌  മാറാൻ നമുക്കു കഴിയണം. പുതിയ ശീലങ്ങളിലേക്കും ശൈലികളിലേക്കും മലയാളികളെ നയിക്കുന്നതിനുള്ള തയ്യാറെടുപ്പാണ്‌ ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന്റെ രണ്ടാംഘട്ടം.

ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവർന്ന കോവിഡ്‌ രോഗബാധ മനുഷ്യന്‌ പകർന്നു നൽകിയ പാഠങ്ങൾ കുറച്ചൊന്നുമല്ല. വ്യക്തിപരവും സാമൂഹ്യവുമായ ശുചിത്വവും അച്ചടക്കവും പാലിക്കാതെ ഇൗ ലോകത്ത്‌ തോന്നുംപോലെ ജീവിക്കാൻ സാധ്യമല്ലെന്ന മുന്നറിയിപ്പാണ്‌ കോവിഡ്‌ നൽകുന്നത്‌. അവനവന്റെ മാത്രമല്ല, ചുറ്റുമുള്ളവരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത്‌ ഓരോരുത്തരുടെയും നിലനിൽപ്പിന്‌ അത്യാവശ്യമാണെന്ന്‌ സമൂഹം തിരിച്ചറിയണം. സംസ്ഥാനത്ത്‌ എല്ലാവരും മാസ്‌ക്‌ ധരിച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന്‌ സർക്കാർ നിഷ്‌കർഷിക്കുന്നതിന്‌ ഇതാണ്‌ കാരണം. മനുഷ്യരുടെ സ്രവങ്ങളിൽനിന്ന്‌ രോഗം പകരുന്നതിനാലാണ്‌ പൊതുസ്ഥലത്ത്‌ തുപ്പരുതെന്ന്‌ കർശനമായി ആവശ്യപ്പെടുന്നത്‌.

പാതയോരത്തും പൊതുസ്ഥലങ്ങളിലും മലമൂത്രവിസർജനം ചെയ്യുന്നത്‌ ജീവിതശൈലിയാക്കിയ എത്രയോ മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്‌. റോഡരികിൽ മൂത്രമൊഴിക്കുന്നത്‌ തെറ്റാണെന്ന്‌ മലയാളികൾ വിശേഷിച്ച്‌ പുരുഷൻമാരിൽ ഒരുവിഭാഗം കരുതുന്നതേയില്ല. റോഡിലും കടകളുടെ മുറ്റത്തും ഏറ്റവും വൃത്തിയുള്ള സ്ഥലത്തുതന്നെ തുപ്പുന്നവരാണ്‌ കേരളീയർ. വാഹനങ്ങളിൽ ഇരുന്ന്‌ പൊതുവഴിയിലേക്ക്‌ തുപ്പുന്നവർ മറ്റുള്ളവരെ മാനിക്കാറേയില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും നമ്മുടെ ശീലമാണ്‌. ഇതൊന്നും തെറ്റായ കാര്യമാണെന്ന്‌ ആരും കരുതുന്നില്ല. സ്വന്തം ശീലങ്ങൾ ഏറ്റവും ശരിയാണെന്നാണ്‌ എല്ലാവരും വിശ്വസിക്കുന്നത്‌;  സാമൂഹ്യവിരുദ്ധമായ ദുശ്ശീലമാണെങ്കിൽ പോലും.


 

മനുഷ്യവംശത്തെ പല രീതിയിൽ പല ഭാവത്തിൽ കടന്നാക്രമിക്കുകയാണ് കൊറോണയടക്കമുള്ള വൈറസുകൾ. വൈറസുകൾ ഉയർത്തുന്ന ഭീഷണി അവസാനിപ്പിക്കാൻ മനുഷ്യനു സാധിക്കുന്നില്ല. പലതരത്തിൽ മാറ്റംവരുന്ന അവയെ ചെറുത്തുനിൽക്കാനാണ്‌ ആരോഗ്യവിദഗ്‌ധരും ഗവേഷകരും ശ്രമിക്കുന്നത്‌. ജീവിതം അടിമുടി അഴിച്ചുപണിഞ്ഞുകൊണ്ടേ മനുഷ്യർക്ക്‌ ഈ ചെറുത്തുനിൽപ്പ്‌ വിജയിപ്പിക്കാൻ സാധിക്കൂവെന്നാണ്‌ ഇൗ കോവിഡ്‌ കാലം പഠിപ്പിക്കുന്നത്‌. വ്യക്തിശുചിത്വവും സാമൂഹ്യഅകലം പാലിക്കലുമാണ്‌ ഇതിൽ പ്രധാനം. മാസ്‌കുകൾ ഇനി നിത്യജീവിതത്തിന്റെ ഭാഗമായേക്കാം. എല്ലായിടത്തും കൈ കഴുകി ശുദ്ധമാക്കി കയറേണ്ടിവന്നേക്കാം. വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും തിക്കിത്തിരക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞെന്നുവരില്ല. ജാഗ്രതയുടെയും ശ്രദ്ധയുടെയും ശുചിത്വത്തിന്റെയും പ്രതീകങ്ങളായ പുതിയ മനുഷ്യരായി നമുക്ക്‌ മാറേണ്ടതുണ്ടെന്ന്‌ സാരം.

കോവിഡിനെ  പ്രതിരോധിക്കാൻ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്‌ഡൗൺ അവസാനഘട്ടത്തിലാണ്‌. അടച്ചുപൂട്ടി കടുത്ത സമ്മർദത്തിൽ കഴിയുന്ന ജനങ്ങൾ അൽപ്പം ഇളവ്‌ ആഗ്രഹിക്കുക സ്വാഭാവികം. രോഗം നിയന്ത്രണവിധേയമാകാത്ത പല സംസ്ഥാനവും ലോക്ക്‌ഡൗൺ നീട്ടണമെന്ന ആവശ്യം ഉയർത്തിക്കഴിഞ്ഞു. എങ്കിലും മെയ്‌ മൂന്നിനു ശേഷം ചില കാര്യത്തിലെങ്കിലും ഇളവ്‌ അനുവദിക്കാനിടയുണ്ട്‌. ലഭിച്ചേക്കാവുന്ന ഇളവ്‌ ദുരുപയോഗം ചെയ്യാതെ സാമൂഹ്യ ഉത്തരവാദിത്തം കാണിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്‌.

വ്യക്തിശുചിത്വത്തിന്റെയും സാമൂഹ്യശുചിത്വത്തിന്റെയും ജാഗ്രതയുടെയും പുതിയ സംസ്‌കാരത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളുമായി നമുക്ക് സഹകരിക്കാം. സോപ്പ്‌, മാസ്‌ക്‌, സോഷ്യൽ ഡിസ്റ്റൻസ്‌ അഥവാ -എസ്‌എംഎസ്‌  എന്ന  പ്രചാരണമടക്കം പത്തു കാര്യത്തിലാണ്‌ ഇനി ഊന്നൽ നൽകുക. അതിനാൽ മാസ്‌ക്‌ ധരിച്ചു മാത്രം പുറത്തിറങ്ങാം. ഉപയോഗം കഴിഞ്ഞ മാസ്‌കുകൾ വലിച്ചെറിയാതിരിക്കാം, സാമൂഹ്യ അകലം പാലിക്കാം, പൊതുസ്ഥലത്ത്‌ തുപ്പാതെയും മലമൂത്രവിസർജനം നടത്താതെയും മാലിന്യം വലിച്ചെറിയാതെയും ജീവിക്കാം. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത്‌ സ്വന്തം സുരക്ഷയ്‌ക്ക്‌ അത്യാവശ്യമാണെന്ന്‌ തിരിച്ചറിയാം. ശുചിത്വത്തിന്റെയും ജാഗ്രതയുടെയും പുതിയ സംസ്‌കാരത്തിലേക്ക്‌ ഉണരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top