22 March Wednesday

ബ്രസീലിൽ ജനാധിപത്യം വിജയിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023


പെറുവിൽ പെദ്രോ കാസ്‌തിയ്യോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ചതിനുപിന്നാലെ ബ്രസീലിലെ ഇടതുപക്ഷ സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമമുണ്ടായിരിക്കുന്നു. ഒക്‌ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ തോറ്റ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോയുടെ അനുയായികളാണ്‌ ഞായറാഴ്‌ച അട്ടിമറിക്ക്‌ ശ്രമിച്ചത്‌. ജനാധിപത്യവ്യവസ്ഥയുടെ മൂന്ന്‌ അവിഭാജ്യഘടകങ്ങളായ പാർലമെന്റിന്റെയും എക്‌സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ആസ്ഥാനമന്ദിരങ്ങളാണ്‌ വലതുപക്ഷക്കാരുടെ ആക്രമണത്തിന്‌ വിധേയമായത്‌.

പ്രകൃതിദുരന്തത്തിനു ശേഷമുള്ള പ്രദേശംപോലെയാണ്‌ ബ്രസീലിയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ മൂന്ന്‌ മന്ദിരങ്ങളുടെയും സ്ഥിതിയെന്ന്‌ ഗാർഡിയൻ പത്രം റിപ്പോർട്ട്‌ ചെയ്തത്‌. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതാണ്‌ ലുല ഡ സിൽവയുടെ വിജയത്തിനു കാരണമായതെന്നും അതിനാൽ അദ്ദേഹത്തെ അധികാരത്തിൽനിന്നും പുറത്താക്കാൻ പട്ടാളം തയ്യാറാകണമെന്നുമായിരുന്നു അക്രമികളുടെ ആവശ്യം. ഇത്രയും വലിയ അക്രമത്തെ മുൻകൂട്ടി കാണാനോ അത്‌ തടയാനോ സുരക്ഷ–- ഇന്റലിജൻസ്‌ സംവിധാനങ്ങൾക്ക്‌ കഴിഞ്ഞില്ലെന്നു പറയുന്നതിനേക്കാളും വലതുപക്ഷവും അവരും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണ്‌ അട്ടിമറിശ്രമമെന്നു കരുതുന്നതാകും കൂടുതൽ ശരിയായ നിഗമനം. രണ്ട്‌ ദശാബ്‌ദം (1964–-85) നിലനിന്ന സ്വേച്ഛാധിപത്യ വാഴ്‌ചയാണ്‌ സൈന്യം ഇപ്പോഴും സ്വപ്‌നം കാണുന്നത്‌. ജനാധിപത്യഭരണത്തെ സഹിക്കാൻ ബ്രസീലിയൻ സൈന്യത്തിന്‌ ഇന്നും വിമുഖതയാണ്‌. ‘വോട്ടിങ്ങിലൂടെ രാജ്യത്ത്‌ ഒരുമാറ്റവും ഉണ്ടാക്കാൻ കഴിയില്ലെന്നും അതിനാൽ സ്വേച്ഛാധിപത്യ വാഴ്‌ചയാണ്‌ ബ്രസീലിന്‌ അഭികാമ്യ’മെന്നും ആവർത്തിക്കുന്നത്‌ ബോൾസനാരോയാണ്‌. അദ്ദേഹത്തിന്റെ അനുയായികളാണ്‌ അട്ടിമറിശ്രമം നടത്തിയത്‌. സൈനിക പൊലീസാകട്ടെ വെറും കാഴ്‌ചക്കാരായി. കലാപകാരികളെ നഗരത്തിലേക്ക്‌ എളുപ്പം പ്രവേശിക്കാൻ വഴിയൊരുക്കുകയായിരുന്നു പൊലീസെന്ന്‌ ലുല തന്നെ പറയുന്ന സ്ഥിതിയുണ്ടായി. ജനുവരി ഒന്നിന്‌ ലുല ചുമതലയേൽക്കുമ്പോൾത്തന്നെ കുഴപ്പമുണ്ടാക്കാൻ ഇവർ ശ്രമിച്ചിരുന്നു.

വിമാനത്താവളത്തിനടുത്ത ഇന്ധന ടാങ്കിനടുത്ത്‌ ബോംബ്‌ കണ്ടെത്തുകയും ഒരാളെ അറസ്റ്റുചെയ്യുകയുമുണ്ടായി. ബോൾസനാരോയിൽനിന്നും ആവേശം ഉൾക്കൊണ്ടാണ്‌ സത്യപ്രതിജ്ഞാ ചടങ്ങ്‌ അലങ്കോലമാക്കാൻ ബോംബുസ്‌ഫോടനത്തിന്‌ പദ്ധതിയിട്ടത്‌ എന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ലുല എന്ന ഇടതുപക്ഷ ഭരണാധികാരിയെയല്ല ബ്രസീലിയൻ ജനാധിപത്യത്തെയാണ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്നത്‌. അഞ്ചരപ്പതിറ്റാണ്ടുമുമ്പ്‌ 1964ലാണ്‌ ബ്രസീലിൽ അവസാനമായി അട്ടിമറി നടന്നത്‌. 1985 വരെ സ്വേച്ഛാധിപത്യ വാഴ്‌ചയിലായിരുന്നു ബ്രസീൽ. ഈ വ്യവസ്ഥയുടെ ആരാധകനാണ്‌ ബോൾസനാരോ. എന്നാൽ, ഈ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്യാനാണ്‌ ലുല ഡ സിൽവ എന്ന തൊഴിലാളി നേതാവ്‌ വർക്കേഴ്‌സ്‌ പാർടിക്ക്‌ രൂപംനൽകിയതും പോരാട്ടങ്ങൾക്ക്‌ തുടക്കംകുറിച്ചതും. ഇതിന്റെ ഫലമായാണ്‌ 1985ൽ ബ്രസീലിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത്‌. എന്നാൽ, ഇപ്പോൾ അത്‌ വീണ്ടും അട്ടിമറിക്കാനാണ്‌ ശ്രമം.

തെരഞ്ഞെടുപ്പിൽ വിജയിച്ച ലുലയെ അംഗീകരിക്കാൻ ഈ നിമിഷംവരെയും ബോൾസനാരോ തയ്യാറായിട്ടില്ല. ലുലയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ബഹിഷ്‌കരിച്ച ബോൾസനാരോ അമേരിക്കയിലെ ഫ്ലോറിഡയിലേക്ക്‌ കടക്കുകയായിരുന്നു. ബ്രസീലിയൻ പ്രസിഡന്റ്‌ എന്ന നിലയിലുള്ള എ വൺ വിസയുമായാണ്‌ ബോൾസനാരോ റിപ്പബ്ലിക്കൻ പാർടി ഭരിക്കുന്ന ഫ്ലോറിഡയിൽ എത്തിയത്‌. ജോ ബൈഡന്റെ തെരഞ്ഞെടുപ്പുവിജയം അംഗീകരിക്കാതെ അമേരിക്കൻ കോൺഗ്രസ്‌ മന്ദിരം ആക്രമിച്ച ഡോണൾഡ്‌ ട്രംപിന്റെ നടപടി  അതേപടി ബ്രസീലിലും പകർത്തുകയായിരുന്നു ബോൾസനാരോയും. ലാറ്റിനമേരിക്കൻ ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കുന്ന കേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ്‌ ഫ്ലോറിഡ.

ക്യൂബയിലെയും വെനസ്വേലയിലെയും ഹൈത്തിയിലെയും സർക്കാരുകളെ അട്ടിമറിക്കാൻ വിമതർ പദ്ധതി തയ്യാറാക്കിയത്‌ ഫ്ലോറിഡ കേന്ദ്രമാക്കിയായിരുന്നു. ലുലയെ അട്ടിമറിക്കാൻ ബോൾസനാരോ ഫ്ലോറിഡ കേന്ദ്രമാക്കിയതും ഇതിനാലായിരിക്കാം. അട്ടിമറിശ്രമത്തെ അപലപിക്കാൻ ക്യാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കുമൊപ്പം അമേരിക്ക തയ്യാറായെങ്കിലും ബോൾസനാരോക്ക്‌ എല്ലാ സഹായവും ചെയ്‌തത്‌ അമേരിക്കയാണെന്ന്‌ കാണാൻ കഴിയും. അട്ടിമറിക്ക്‌ ശ്രമിച്ച ബോൾസനാരോയെ ബ്രസീലിയൻ ഭരണകൂടത്തിനു വിട്ടുനൽകാൻ അമേരിക്ക തയ്യാറാകുമോ എന്നതാണ്‌ പ്രധാന ചോദ്യം.

അട്ടിമറിശ്രമം താൽക്കാലികമായി പരാജയപ്പെട്ടെങ്കിലും ജാഗ്രത കൈവിടാതെ സൂക്ഷിക്കാൻ ബ്രസീലിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കഴിയണം. അട്ടിമറിക്ക് ശ്രമിച്ച ശക്തികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കാൻ ലുല സർക്കാർ തയ്യാറാകരുത്. ലുല സർക്കാരിനെ രക്ഷിക്കാനായി ബ്രസീലിയൻ തെരുവുകളിൽ മുഴങ്ങുന്ന മുദ്രാവാക്യം– ഫാസിസ്റ്റുകൾക്ക് മാപ്പില്ല– എന്നത് അക്ഷരാർഥത്തിൽ നടപ്പാക്കാൻ ലുല സർക്കാരിന് ആകണം. അതോടൊപ്പം ജനാധിപത്യത്തെ സംരക്ഷിക്കാൻ ബഹുജനങ്ങളെ അണിനിരത്തുകയും വേണം. ലുലയ്ക്കും ബ്രസീലിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും അതിനു കഴിയുമെന്ന് വിശ്വസിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top