19 March Tuesday

ബ്രസീൽ വീണ്ടും ചരിത്രം കുറിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2022


ലോകം ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പാണ്‌ ഞായറാഴ്‌ച ബ്രസീലിൽ നടന്നത്‌. തെക്കനമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രസിഡന്റായി ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവ എന്ന തൊഴിലാളി നേതാവ്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കെട്ടിച്ചമച്ച കള്ളക്കേസിൽ ഒന്നരവർഷത്തിലധികം തടവറയിലടയ്‌ക്കപ്പെട്ടശേഷം മൂന്നുവർഷംമുമ്പ്‌ മോചിതനായ മുൻ പ്രസിഡന്റ്‌ ഗംഭീരമായി ലോക രാഷ്‌ട്രീയവേദിയിലേക്ക്‌ തിരിച്ചുവന്നിരിക്കുന്നു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ജൈത്രയാത്രയിൽ പുതിയ അധ്യായം എഴുതിച്ചേർത്താണ്‌ ലുല മൂന്നാംവട്ടം ബ്രസീലിന്റെ പ്രസിഡന്റാകുന്നത്‌. സാമ്രാജ്യത്വമോഹങ്ങൾ ഇന്നും താലോലിക്കുന്ന യൂറോപ്പിൽ തീവ്രവലതുപക്ഷവും നവനാസികളും ശക്തിയാർജിക്കുമ്പോൾ യാങ്കി സാമ്രാജ്യത്വത്തിന്റെ കൂലിക്കാരായ സ്വേച്ഛാധിപത്യങ്ങൾക്കെതിരെ നീണ്ട പോരാട്ടത്തിന്റെ ചരിത്രമുള്ള ലാറ്റിനമേരിക്ക കൂടുതൽ ചുവക്കുകയാണ്‌. കോളനിവാഴ്‌ചയ്‌ക്ക്‌ എതിരായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തെരഞ്ഞെടുക്കേണ്ട പാത സംബന്ധിച്ച സന്ദേശംകൂടിയാണ് ഇത്‌.

അരനൂറ്റാണ്ടോളം നീണ്ട തൊഴിലാളി പ്രവർത്തനത്തിന്റെയും രാഷ്‌ട്രീയ പ്രവർത്തനത്തിന്റെയും അനുഭവസമ്പത്തിനൊപ്പം തുടർച്ചയായി രണ്ടു തവണയായി എട്ടുവർഷം രാജ്യത്തെ അഭിവൃദ്ധിയിലേക്ക്‌ നയിച്ചതിന്റെ യശസ്സുമായാണ്‌ ലുല പുതുവർഷദിനത്തിൽ വീണ്ടും അധികാരമേൽക്കുന്നത്‌. തീവ്രവലതുപക്ഷക്കാരനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ പ്രസിഡന്റ്‌ ജെയിർ ബോൾസനാരോയെ രണ്ടു ശതമാനത്തിനടുത്ത്‌ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ലുല തറപറ്റിച്ചത്‌. ഇടതുപക്ഷം അധികാരത്തിൽ തിരിച്ചെത്തുന്നത്‌ തടയാൻ ബോൾസനാരോ നടത്തിയ എല്ലാത്തരം അധികാര ദുർവിനിയോഗങ്ങളെയും അതിജീവിച്ചാണ്‌ ലുലയുടെ തിരിച്ചുവരവ്‌. ബോൾസനാരോയോട്‌ കൂറുപുലർത്തുന്ന സേനാവിഭാഗം വലതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഇടതുപക്ഷ വോട്ടർമാരെ വഴിയിൽ തടഞ്ഞത്‌ ശക്തമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഉപദേശകരടക്കം പങ്കെടുത്ത്‌ ബോൾസനാരോയുടെ ലിബറൽ പാർടിയുടെ യോഗം ചേർന്ന്‌ ഒരുവർഷംമുമ്പേതന്നെ ബ്രസീലിൽ ഇടതുപക്ഷ വിജയം തടയാൻ കുതന്ത്രങ്ങൾ ആവിഷ്‌കരിച്ചിരുന്നു. എന്നാൽ, ബോൾസനാരോയുടെ ഭരണപരാജയങ്ങളും ലുലയുടെ മുൻ ഭരണത്തിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിലടക്കം രാജ്യം കൈവരിച്ച പുരോഗതിയും താരതമ്യം ചെയ്‌ത ജനത വിവേകപൂർവം വോട്ട്‌ ചെയ്‌തു.

രണ്ടു പതിറ്റാണ്ടായി ബ്രസീലിലെ ഏറ്റവും ജനകീയനായ നേതാവാണ്‌ ലുല. 1985ൽ വലതുപക്ഷ പട്ടാളഭരണത്തിൽനിന്ന്‌ മോചിതമായ രാജ്യത്ത്‌ 1989ലാണ്‌ ലുല ആദ്യമായി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. 17 ശതമാനം വോട്ട്‌ മാത്രമാണ്‌ അന്ന്‌ ലഭിച്ചത്‌. നാലുവർഷം കഴിഞ്ഞ്‌ നടന്ന തെരഞ്ഞെടുപ്പിൽ 27 ശതമാനമായും വീണ്ടും നാലുവർഷം കഴിഞ്ഞ്‌ 32 ശതമാനമായും ലുലയുടെ പിന്തുണ ഉയർന്നു. 2002ൽ നടന്ന അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലാണ്‌ അദ്ദേഹം ആദ്യമായി വിജയിച്ചത്‌. അടുത്ത തെരഞ്ഞെടുപ്പിലും വിജയിച്ച ലുല 2003 മുതൽ 2010 വരെയാണ്‌ പ്രസിഡന്റായത്‌. ലുലയുടെ സർക്കാർ സ്വീകരിച്ച ജനപക്ഷനയങ്ങളുടെ ഫലമായി രണ്ടു കോടിയിൽപ്പരം ബ്രസീലുകാർ അതിദാരിദ്ര്യത്തിൽനിന്ന്‌ മോചിതരായി.

ലുലയ്‌ക്കുശേഷം പ്രസിഡന്റായ ദിൽമ റൂസഫിനെ വലതുപക്ഷം പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ അട്ടിമറിച്ചാണ്‌ ബ്രസീലിൽ ഇടതുപക്ഷ ഭരണത്തുടർച്ച താൽക്കാലികമായെങ്കിലും തടഞ്ഞത്‌. തുടർന്ന്‌, ആഗോളതലത്തിൽത്തന്നെ ബ്രസീലിന്റെ യശസ്സുയർത്തിയ ലുലയെ കള്ളക്കേസിൽ തുറുങ്കിലടച്ചും 2018ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ തടഞ്ഞുമാണ്‌ ബോൾസനാരോയുടെ വിജയം വലതുപക്ഷം ഉറപ്പിച്ചത്‌. ലാറ്റിനമേരിക്കയിലെ ട്രംപ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ബോൾസനാരോയുടെ ശാസ്‌ത്രവിരുദ്ധനയങ്ങൾ ബ്രസീൽ ജനതയ്‌ക്കും പരിസ്ഥിതിക്കും കനത്ത നാശമുണ്ടാക്കി. ഏഴു ലക്ഷത്തോളം ആളുകളാണ്‌ അവിടെ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ദരിദ്രർ ജനസംഖ്യയിൽ 33 ശതമാനമായി വർധിച്ചു. ലോകത്തിന്റെ ശ്വാസകോശമെന്ന്‌ അറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ പരക്കെ ചുട്ടുകരിക്കപ്പെട്ടു. സാമൂഹ്യരംഗത്ത്‌ കത്തോലിക്കാ സഭയ്‌ക്കുണ്ടായിരുന്ന സ്വാധീനം ദുർബലമാവുകയും അമേരിക്കൻ വലതുപക്ഷത്തിന്റെ പ്രധാന ശക്തിസ്രോതസ്സായ ഇവാഞ്ചലിക്കലുകൾ ബ്രസീലിലും ശക്തിപ്രാപിക്കുകയും ചെയ്‌തു. അവരുടെ പിന്തുണയുടെ കരുത്തിലായിരുന്നു ബോൾസനാരോയുടെ വിനാശവാഴ്‌ച.

ബോൾസനാരോയുടെ ഭരണത്തിന്‌ ബ്രസീൽ അന്ത്യം കുറിച്ചെങ്കിലും ലുലയെ കാത്തിരിക്കുന്നത്‌ കടുത്ത വെല്ലുവിളികളാണ്‌. ബ്രസീൽ പാർലമെന്റിൽ തീവ്രവലതുപക്ഷത്തിനാണ്‌ ആധിപത്യം. ആറു വർഷംമുമ്പ്‌ ദിൽമയ്‌ക്കെതിരെ ഉണ്ടായതിനു സമാനമായ നീക്കങ്ങൾ ഇനി ലുലയ്‌ക്കെതിരെ ഉണ്ടാകാം. ബ്രസീൽ ജനത ജാഗ്രത പുലർത്തിയാൽ മാത്രമേ അതിനെ ചെറുക്കാനാകൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top