08 December Friday

ബ്രഹ്മപുരം : വസ്തുതയും മുതലെടുപ്പും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ തീ പടർന്നുണ്ടായ വായുമലിനീകരണത്തിന്‌ ശമനമായെങ്കിലും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും തുടർന്നും വിവാദങ്ങൾക്ക്‌ എണ്ണപകരുകയാണ്‌. മാലിന്യസംഭരണവും സംസ്‌കരണവും അതീവ പ്രാധാന്യമുള്ളതും സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയമായി അന്താരാഷ്‌ട്രതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇതിനായി കാലാകാലങ്ങൾ പ്രോട്ടോകോളുകൾ രൂപീകരിക്കാറുമുണ്ട്‌. ഭക്ഷണാവശിഷ്ടംമുതൽ ആണവ റിയാക്‌ടറുകളിൽനിന്നുള്ള മാലിന്യങ്ങൾവരെയുണ്ട്‌ പട്ടികയിൽ. ഇത് യഥാസമയം ശരിയായ രീതിയിൽ സംസ്‌കരിച്ച്‌ പുനരുപയോഗിക്കുകയോ നശിപ്പിക്കുകയോ ചെയ്‌തില്ലെങ്കിൽ മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും. ശാസ്‌ത്രീയവും വികേന്ദ്രീകൃതവുമായ മാർഗങ്ങളിലൂടെ വേണം ഈ ദൗത്യം നിർവഹിക്കാൻ.

കൊച്ചിയിൽ പത്തുദിവസത്തിലേറെ നീണ്ടുനിന്ന വിഷപ്പുക ഗുരുതരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്‌ടിച്ചത്‌. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയാണ്‌ തീ അണച്ചത്‌. മന്ത്രിമാർ നേരിട്ട്‌ വന്ന് വിവിധ തലങ്ങളിലുള്ള രക്ഷാപ്രവർത്തകരെ ഏകോപിപ്പിച്ചു. കോർപറേഷൻ സംവിധാനങ്ങൾ രാപകലില്ലാതെ ഉണർന്നു പ്രവർത്തിച്ചു. തീയും പുകയും അടങ്ങിയശേഷം, തങ്ങളുടെ മുതലെടുപ്പ്‌ ശ്രമം വേണ്ടത്ര വിജയിച്ചില്ലെന്ന നിരാശയിലാണ്‌ യുഡിഎഫും ബിജെപിയും. തിങ്കളാഴ്‌ച നിയമസഭയിലും കോർപറേഷനു മുന്നിലും അരങ്ങേറിയ പരാക്രമങ്ങൾ അവരുടെ മനോനില വ്യക്തമാക്കുന്നുണ്ട്‌. ഏത്‌ ദുരന്തമുഖത്തും രാഷ്‌ട്രീയനേട്ടത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ കഴിയില്ലെന്ന്‌ യുഡിഎഫും ബിജെപിയും ഒരിക്കൽക്കൂടി തെളിയിച്ചു.

മാലിന്യങ്ങൾ വേർതിരിക്കാതെ ഒരു സ്ഥലത്ത്‌ കൂട്ടിയിടുന്ന അശാസ്‌ത്രീയരീതി അപൂർവമായേ ഇന്ന്‌ കണ്ടുവരുന്നുള്ളൂ. ഈ രീതി അവലംബിക്കുന്ന സ്ഥലങ്ങളിൽ, വികസിത രാജ്യങ്ങളിൽപ്പോലും തീപിടിത്തം ഉണ്ടാകാറുണ്ട്‌. കേരളത്തിലെ മറ്റ്‌ കോർപറേഷനുകളിൽനിന്ന്‌ വ്യത്യസ്‌തമായി കൊച്ചിയിൽ മാലിന്യക്കുന്ന്‌ രൂപപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌, ഇപ്പോൾ സമരരംഗത്തുള്ള യുഡിഎഫിന്‌ മാറിനിൽക്കാനാകില്ല. 2009ൽ യുഡിഎഫ്‌ കോർപറേഷൻ ഭരണം ഏറ്റതുമുതലാണ്‌ കെട്ടിടാവശിഷ്ടം ഉൾപ്പെടെ മാലിന്യവണ്ടിയിൽ കയറ്റി ബ്രഹ്മപുരത്തു തള്ളുന്ന പതിവ്‌ തുടങ്ങിയത്‌. മാലിന്യസംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ വിലയ്‌ക്കെടുത്ത്‌ നൽകിയ ഭൂമി ദുരുപയോഗിച്ചത്‌ കോർപറേഷനിലെ പത്തുവർഷം നീണ്ട യുഡിഎഫ്‌ ഭരണമാണ്‌. അക്കാലത്താണ്‌ മാലിന്യമലകൾ രൂപപ്പെട്ടത്‌. എൽഡിഎഫ്‌ ഭരണം തിരിച്ചുപിടിച്ച 2019 മുതൽ സർക്കാരിന്റെ പിന്തുണയോടെ പ്രശ്‌നപരിഹാരത്തിന്‌ ശ്രമം നടന്നുവരികയാണ്‌. അതിനിടയിലുണ്ടായ ദുരന്തം വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചതെങ്കിലും ആരോഗ്യസംവിധാനങ്ങളടക്കം ഒരുക്കി പ്രശംസനീയമാംവണ്ണം മറികടക്കാനായി. തീപിടിത്തത്തിന് ഇടയാക്കിയ സാഹചര്യങ്ങളും കരാറുകാരന്റെ ഉത്തരവാദിത്വവുമൊക്കെ സ്വാഭാവികമായും അന്വേഷണവിധേയമാകും.

മാലിന്യപ്രശ്നത്തിൽ കേരളത്തിന്റെ അനുഭവം പരിശോധിച്ചാൽ ജനതാൽപ്പര്യം ഉൾക്കൊണ്ട്‌ ദീർഘവീക്ഷണത്തോടെ നിലപാടുകൾ സ്വീകരിച്ചു പ്രവർത്തിക്കുന്നത്‌ ഇടതുപക്ഷ സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും മാത്രമാണെന്ന്‌ കാണാം. ഒന്നാം പിണറായി സർക്കാർ ജനജീവിതവുമായി ആഴത്തിൽ ബന്ധമുള്ള നാലു മേഖലയിൽ പ്രത്യേക മിഷനുകൾ രൂപീകരിച്ചപ്പോൾ അതിലൊന്ന്‌ ശുചിത്വ മിഷൻ ആയിരുന്നു. മാലിന്യമുക്ത കേരളമെന്ന കാഴ്‌ചപ്പാടോടെ ശുചിത്വ മിഷൻ നടപ്പാക്കിയ എണ്ണമറ്റ പദ്ധതികൾ കേരളത്തിന്റെ ഹരിതമുഖം തിരിച്ചുപിടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സർക്കാരിന്റെയും ശുചിത്വ മിഷന്റെയും പിന്തുണയോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ നിരവധി മാതൃകാ സംരംഭങ്ങൾക്ക് രൂപംനൽകി.

ഇതിന്റെ തുടർച്ചയായി 2021 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ജനങ്ങൾക്കു മുന്നിൽവച്ച പ്രകടനപത്രികയിൽ 687 മുതൽ 22 ഖണ്ഡികകളിൽ പ്രതിപാദിച്ചത്‌ ശുചിത്വ കേരളത്തിനുവേണ്ടിയുള്ള കർമപദ്ധതിയാണ്‌. മാലിന്യമുക്തകേരളം യാഥാർഥ്യമാക്കുന്നതിലുള്ള എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധത ഇതിൽ വ്യക്തമാണ്. കഴിഞ്ഞ രണ്ടുവർഷവും ഈ കാഴ്‌ചപ്പാടിലൂന്നിയാണ്‌ കേരളം മുന്നോട്ടുപോയത്‌. മാലിന്യസംസ്‌കരണത്തിന്റെ പ്രാഥമിക തത്വമായ വികേന്ദ്രീകരണവും വേർതിരിക്കലും നിർബന്ധബുദ്ധിയോടെ നടപ്പാക്കിയെന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രധാന നേട്ടം. തദ്ദേശഭരണ സ്ഥാപനങ്ങളിൽ വാർഡ്‌ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഹരിതസേനയാണ്‌ വികേന്ദ്രീകൃത മാലിന്യശേഖരണത്തിന്റെ ആദ്യപടി. അഴുകുന്ന മാലിന്യം പരമാവധി വീടുകളിലും സ്ഥാപനങ്ങളിലും സംസ്‌കരിക്കുകയെന്നത്‌ സുപ്രധാനമാണ്‌. പ്ലാസ്റ്റിക്കും മറ്റ്‌ ഖരമാലിന്യങ്ങളും സ്വഭാവത്തിനനുസരിച്ച്‌ വേർതിരിച്ച്‌ സംഭരിച്ച്‌ സംസ്‌കരണ പ്ലാന്റുകളിലെത്തിക്കുന്നു. കൂടുതൽ ഫലപ്രദവും സമയബന്ധിതവുമായ മാർഗങ്ങൾ ഈരംഗത്ത്‌ ആവശ്യമുണ്ട്‌. അതോടൊപ്പം എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധ്യത്തിലേക്ക്‌ ഓരോ പൗരനും ഉയരുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top