27 June Monday

അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കും ഇതോ ഗതി

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2017

അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന സൈനികന് വിശപ്പടക്കാനുള്ള ഭക്ഷണംപോലും നല്‍കാന്‍ മോഡി സര്‍ക്കാര്‍ തയ്യറാകുന്നില്ലെന്ന വാര്‍ത്ത ലോകം അറിഞ്ഞത് നിയന്ത്രണരേഖയില്‍ കാവല്‍നില്‍ക്കുന്ന തേജ്ബഹാദൂര്‍ യാദവ് എന്ന സൈനികന്‍ തനിക്ക് ലഭിച്ച മോശപ്പെട്ട ഭക്ഷണത്തിന്റെ വീഡിയോകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊടുംതണുപ്പിലും ഡ്യൂട്ടിചെയ്യുന്ന ഈ ബിഎസ്എഫ് ഭടന് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നത് ആരെയും വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. രണ്ടര ലക്ഷം കോടി രൂപയോളം പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചെലവാക്കപ്പെടുന്ന രാജ്യത്താണ് അതിര്‍ത്തികാക്കുന്ന സൈനികന് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തത്. സൈന്യത്തിന്റെ പല തലങ്ങളിലും നടക്കുന്ന അഴിമതിയിലേക്കും ഉദ്യോഗസ്ഥമേധാവിത്വത്തിലേക്കും വിരല്‍ചൂണ്ടുന്ന ഈ സംഭവം മോഡിസര്‍ക്കാരിന്റെ സൈനികക്ഷേമ നടപടികള്‍ വെറും വീണ്‍വാക്കുമാത്രമാണെന്നതിന്റെ തെളിവ് കൂടിയാണ്. യാഥാര്‍ഥ്യം വെളിപ്പെടുത്തിയ സൈനികനെതിരെ ഇല്ലാക്കഥകള്‍ ചമച്ച് മുഖം രക്ഷിക്കാനായിരുന്നു ബിഎസ്എഫിന്റെ ശ്രമം. എന്നും പ്രശ്നക്കാരനാണ് യാദവ് എന്നും അറിയിപ്പില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് യാദവിന്റെ പതിവാണെന്നും മുഴുക്കുടിയനാണെന്നും മറ്റുമാണ് ബിഎസ്എഫ് മേധാവികളുടെ ആക്ഷേപം. 2010ല്‍ യാദവിനെ പട്ടാളക്കോടതി നടപടിക്ക് വിധേയമാക്കപ്പെടേണ്ടതായിരുന്നെന്നും കുടുംബസാഹചര്യം കണക്കിലെടുത്താണ് അതില്‍നിന്ന് പിന്മാറിയതെന്നും വിശദീകരണമുണ്ടായി. ബിഎസ്എഫ് പറയുന്നതൊക്കെ അംഗീകരിച്ചാലും ഒരു ചോദ്യം ഉയരുന്നു. മുഴുക്കുടിയനും ഡ്യൂട്ടിചെയ്യുന്നതില്‍ കാര്യക്ഷമത കാണിക്കാതിരിക്കുകയുംചെയ്യുന്ന യാദവിനെ എന്തിനാണ് പാകിസ്ഥാന്‍ അതിര്‍ത്തി കാക്കുന്നതിന് നിയോഗിച്ചത്? അതിര്‍ത്തിസംരക്ഷണത്തെ ഇത്രയും ലാഘവത്തോടെയാണോ സൈന്യത്തിന്റെ തലപ്പത്തുള്ളവര്‍ കാണുന്നത്?  സര്‍ക്കാരിന്റെ ഈ അലംഭാവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍കൂടി ജനങ്ങള്‍ വന്‍ രോഷപ്രകടനം നടത്തിയപ്പോഴാണ് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ബിഎസ്എഫില്‍നിന്ന് റിപ്പോര്‍ട്ട് തേടാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ബിഎസ്എഫാകട്ടെ യാദവിനെ ശിക്ഷിക്കുക എന്ന അജന്‍ഡ തല്‍ക്കാലത്തേക്ക് മാറ്റിവച്ച് നല്ല ഭക്ഷണം അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഉറപ്പുവരുത്താനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുംചെയ്തു. 

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം തുടങ്ങി പല പ്രശ്നങ്ങളും സൈനികര്‍ അഭിമുഖീകരിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ ഡ്യൂട്ടിചെയ്യുന്ന സൈനികര്‍ക്ക് തണുപ്പകറ്റാന്‍ ജാക്കറ്റും ഗ്ളൌസും മറ്റും നല്‍കുന്നില്ലെന്ന് കാര്‍ഗില്‍ യുദ്ധവേളയില്‍ തെളിഞ്ഞതാണ്.  പത്തും പതിനൊന്നും മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സൈനികര്‍ക്ക് ലീവ് നല്‍കുന്നതിലും പല യൂണിറ്റുകളിലെ തലവന്മാരും വിമുഖതകാട്ടുന്നു.  തെരഞ്ഞെടുപ്പ്  സുരക്ഷയ്ക്കും മാവോയിസ്റ്റുകളെ നേരിടുന്നതിനും ജമ്മു കശ്മീരിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും തീവ്രവാദത്തെ നേരിടുന്നതിനും മറ്റും അര്‍ധസൈനികരെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മാത്രമല്ല, റിസര്‍വ് ബാങ്ക് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സുരക്ഷയും ഇവരുടെ കൈകകളിലാണ്. എന്നാല്‍, വര്‍ധിച്ചുവരുന്ന ഈ ആവശ്യത്തിനനുസരിച്ച് സൈനികരെ റിക്രൂട്ട് ചെയ്യുന്നില്ല. സ്വാഭാവികമായും നിലവിലുള്ള സൈനികര്‍ കൂടുതല്‍ മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്നു. സൈനികര്‍ക്ക് ഉള്ള പല ആനുകൂല്യങ്ങളും അര്‍ധസൈനികര്‍ക്ക് നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഈ അവഗണന പരിഹരിക്കണമെന്ന് രാജസ്ഥാനിലെ ഒരു സൈനികന്‍ പുറത്തുവിട്ട വീഡിയോ വ്യാഴാഴ്ചയാണ് പുറത്തുവന്നത്.

വീടും കുടുംബവും ഉപേക്ഷിച്ച് പ്രതികൂലകാലാവസ്ഥയില്‍ ജോലിചെയ്യുന്ന ഈ സൈനികര്‍ കടുത്ത സമ്മര്‍ദത്തിലാണ് ജോലിചെയ്യുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ സേനയില്‍ ആത്മഹത്യാ നിരക്ക് ഉയരുന്നത്. വര്‍ഷത്തില്‍ നൂറിലധികംപേര്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രാലയം വച്ച കണക്കനുസരിച്ച് 2009നും 2013നും ഇടയില്‍ 597 പേരാണ് ആത്മഹത്യചെയ്തത്.  2012 ആഗസ്ത് എട്ടിന് ജമ്മു കശ്മീരിലെ സാംബയില്‍ വി അരുണ്‍ എന്ന സൈനികന്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് നെഞ്ചിലേക്ക് വെടി ഉതിര്‍ത്ത് ആത്മഹത്യ ചെയ്തത് സാധാരണ സൈനികരും ഓഫീസര്‍മാരും തമ്മിലുള്ള വന്‍ സംഘര്‍ഷത്തിലാണ് പര്യവസാനിച്ചത്. പുറത്തുനിന്ന് സൈനികര്‍ എത്തിയാണ് ഓഫീസര്‍മാരെ അന്ന് രക്ഷിച്ചത്.  മിലിട്ടറി എന്‍ജിനിയറിങ് വിഭാഗത്തിലെ കെ മുത്തു എന്ന സൈനികന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനടുത്ത ടെലിഫോണ്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതും മറക്കാറായിട്ടില്ല. ശമ്പളവും ലീവും നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈ സൈനികന്റെ അസാധാരണ നടപടി. ലീവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഹാറിലെ ഒരു സി ഐ എസ ്എഫ് ജവാന്‍ നാലുപേരെ വെടിവച്ചുകൊന്നത് വ്യാഴാഴ്ചയാണ്.

സ്വന്തം രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാനായി സൈന്യത്തെയും രാജ്യസ്നേഹത്തെയും സമര്‍ഥമായി ഉപഗോഗിക്കുന്ന മോഡി സര്‍ക്കാരിന് അതേ നാണയത്തിലാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. സൈനികമേധാവിയുടെ നിയമനംപോലും വിവാദമാക്കിയ സര്‍ക്കാരാണിത്. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജീവിതം ദുരിതമയമായവര്‍ ഉയര്‍ത്തുന്ന പ്രതിഷേധശബ്ദങ്ങളെ മോഡി സര്‍ക്കാരും സംഘപരിവാറും നിശ്ശബ്ദമാക്കുന്നത് അതിര്‍ത്തികാക്കുന്ന സൈനികരുടെ കഷ്ടപ്പാടുകളിലേക്ക് വിരല്‍ചൂണ്ടിയാണ്. എന്നാല്‍, ആ സൈനികര്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍പോലും ഇവര്‍ക്ക് താല്‍പ്പര്യമില്ലെന്ന സത്യമാണ് തേജ് ബഹാദൂര്‍ യാദവിലൂടെ വെളിപ്പെട്ടത്.  സംഘപരിവാറിന്റെ രാജ്യസ്നേഹം അവരുടെ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപകരണം മാത്രമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന സംഭവം കൂടിയാണിത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top