25 April Thursday

ഓളപ്പരപ്പിൽ ജീവൻ പന്താടരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 9, 2023


ഇരുപത്തിരണ്ട്‌ ജീവനുകളാണ്‌ പൂരപ്പുഴയുടെ ആഴങ്ങളിൽ ഞായറാഴ്‌ച പൊലിഞ്ഞത്‌. വിടർന്ന കണ്ണുകളുമായി ഈ ലോകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയ പിഞ്ചുബാല്യങ്ങൾമുതൽ ഒരുപാട്‌ നിറമുള്ള, സ്വപ്‌നങ്ങളുള്ള യുവതീയുവാക്കളും  മധ്യവയസ്‌കരുമെല്ലാം ദാരുണമായ ഈ ജലദുരന്തത്തിന്റെ ഇരകൾ. ജലാന്തർഭാഗത്തുനിന്ന്‌ മരണത്തിന്റെ ദീർഘബാഹുക്കൾ പിടിമുറുക്കുമ്പോൾ അവർ പ്രാണനുവേണ്ടി എത്രമാത്രം പിടഞ്ഞിട്ടുണ്ടാകും. എത്ര കുടുംബങ്ങളെയാണ്‌ ഈ ദുരന്തം തീരാവേദനയിലേക്ക്‌ തള്ളിവിട്ടത്‌. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ 11 പേരുടെ  ജീവനാണ്‌ ഒരു രാത്രിയിൽ പൊലിഞ്ഞതെന്ന്‌ അറിയുമ്പോൾ എത്രമാത്രം വേദനാജനകമാണ്‌ ഈ ദുരന്തമെന്ന്‌ മനസ്സിലാകും. എത്ര നഷ്ടപരിഹാരം നൽകിയാലും മായാത്ത മുറിവാണത്‌ നാടിനേൽപ്പിച്ചത്‌. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും ഇനി ആവർത്തിക്കാൻ പാടില്ലാത്തതുമായ ദുരന്തമാണ്‌ പരപ്പനങ്ങാടിക്കും താനൂരിനും ഇടയിൽ തൂവൽതീരം എന്ന വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായത്‌.

ചാലിയാറിന്റെ കൈവഴിയായ കടലുണ്ടിപ്പുഴയുടെ ഒരുഭാഗം പൂരപ്പുഴയായി കടലിൽ ചേരുന്ന പ്രകൃതിസുന്ദരമായ ഇടം. അവിടെ ടൂറിസ്റ്റ്‌ ബോട്ട്‌ കീഴ്‌മേൽ മറിഞ്ഞ്‌ ഇത്രയും വേദനാജനകമായ ദുരന്തമുണ്ടായത്‌ ബോട്ടുടമയുടെ തികഞ്ഞ അശ്രദ്ധയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണെന്ന കാര്യത്തിൽ തർക്കമില്ല. 25 പേർക്ക്‌ സഞ്ചരിക്കാവുന്ന ബോട്ടിൽ നാൽപ്പതോളംപേർ യാത്ര ചെയ്‌തതുതന്നെ ജാഗ്രതയില്ലായ്‌മയുടെ പ്രധാന തെളിവ്‌. യാത്രക്കാർക്ക്‌ അവശ്യംവേണ്ട ലൈഫ്‌ ജാക്കറ്റ്‌ അടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ അഭാവം ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞാണ്‌ ഈ മരണയാത്ര നടത്തിയത്‌. ബോട്ടിന്‌ താങ്ങാവുന്നതിലും കൂടുതൽ സഞ്ചാരികൾ, അവരിൽ ഭൂരിഭാഗവും രണ്ടുനില ബോട്ടിന്റെ മുകൾനിലയിൽ. ഉല്ലാസയാത്രയ്‌ക്കായി  ഈ ബോട്ടിൽ കയറിയ യാത്രികരിൽ 22 പേരെ  അപകടക്കയത്തിലേക്ക്‌ മുക്കിത്താഴ്‌ത്തിയത്‌ ഈ കരുണയില്ലാത്ത അശ്രദ്ധതന്നെ. സമീപപ്രദേശത്തെ മത്സ്യത്തൊഴിലാളികളും പിന്നീട്‌ അഗ്നിരക്ഷാസേനയും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ്‌ ബാക്കി ജീവനുകളെ രക്ഷിക്കാനായത്‌. രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

സംഭവസ്ഥലത്ത്‌ തിങ്കളാഴ്‌ച രാവിലെ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും അടിയന്തരമായി മന്ത്രിസഭായോഗം ചേർന്ന്‌ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. മരിച്ചവരുടെ ഉറ്റവർക്ക്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്‌. പഴുതടച്ച അന്വേഷണം ഈ ദുരന്തത്തിന്റെ കാരണം കണ്ടെത്തുമെന്നും ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കുമെന്നും പ്രത്യാശിക്കാം.

കൂടുതൽ ആളെ കയറ്റി,  നിശ്ചയിച്ച സമയം കഴിഞ്ഞ്‌ സർവീസ്‌ നടത്തിയത്‌ പൊറുക്കാനാകാത്ത തെറ്റുതന്നെ. എന്തായാലും മനുഷ്യജീവനുകൾവച്ച്‌ ഇനിയും പന്താടാൻ ആരെയും അനുവദിക്കരുത്‌. ബോട്ടുകൾക്ക്‌ ലൈസൻസ്‌ നൽകുമ്പോഴും ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകുമ്പോഴും ഉള്ള കർശന നിബന്ധനകൾ ഉടമകൾ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. എന്നാൽ, എത്ര നിബന്ധനകൾ വച്ചാലും അത്‌ ലംഘിക്കാനുള്ള വഴികൾ തേടുന്നവരുണ്ട്‌.

റോഡുകൾ ചോരക്കളമാക്കുന്ന വാഹനാപകടങ്ങൾ കുറയ്‌ക്കുന്നതിനായി സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി കാമറ വയ്‌ക്കുന്നതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നവർ വാസ്‌തവത്തിൽ  നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്‌. കാമറകൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിപ്പോലും വ്യാഖ്യാനിക്കുന്ന മാധ്യമങ്ങളുള്ള നാടാണ്‌ ഇത്‌. കഴിഞ്ഞദിവസം ദുരന്തമുണ്ടായ താനൂരിന്‌ അകലെയല്ലാത്ത കടലുണ്ടിയിൽ വിനോദ സഞ്ചാരികൾക്കുള്ള തോണി സഞ്ചാരം വൈകിട്ട്‌ അഞ്ചിനുശേഷം വിലക്കിയപ്പോൾ ‘തോണി സർവീസിന്‌ നിയന്ത്രണം, സഞ്ചാരികൾക്ക്‌ നിരാശ’ എന്ന്‌ വലിയവാർത്ത എഴുതിയ പത്രങ്ങളുണ്ട്‌  നാട്ടിൽ. നിയമലംഘനത്തിന്‌ പ്രേരിപ്പിക്കുന്ന ഇത്തരം നിഷേധാത്മക സമീപനങ്ങൾ നമ്മുടെ കുടുംബങ്ങളിൽ ഇനിയും കണ്ണീർവീഴ്‌ത്താൻ മാത്രമേ ഇടയാക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top