07 February Tuesday

ശ്രീലങ്കയിലെ മനുഷ്യക്കുരുതി

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


പ്രത്യാശയുടെ സന്ദേശവുമായി ലോകത്തിലെങ്ങുമുള്ള ക്രിസ്ത്യൻ സമൂഹം ഈസ്റ്റർ ആഘോഷിക്കുന്ന വേളയിലാണ് അയൽരാജ്യമായ ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനമുണ്ടായത്. വംശീയവൈരത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും ചോരച്ചാലുകളിലുടെ സഞ്ചരിച്ച ശ്രീലങ്ക സമാധാനത്തിലേക്ക് നടന്നടുക്കുകയാണെന്ന പ്രതീക്ഷ ഉയരുന്ന ഘട്ടത്തിലാണ് ഇരുനൂറിലധികം പേരുടെ ജീവനെടുത്ത അതിദാരണുമായ സംഭവം ഉണ്ടാകുന്നത്. കാസർകോട് സ്വദേശി ഉൾപ്പെടെ 35 വിദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്നാണ് വിവരം. അഞ്ഞുറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഈ ക്രൂരകൃത്യത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിനായി ഈസ്റ്റർ ദിനം തെരഞ്ഞെടുത്തതിന് പിന്നിലെ അസഹിഷ്ണുത പ്രകടമാണ്. സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിനുപിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഏതെന്ന് വ്യക്തമായിട്ടില്ല.

രണ്ട് കോടിയിലധികം വരുന്ന ജനസംഖ്യയിൽ 7.6 ശതമാനം പേർ ക്രിസ്ത്യാനികളാണ്. ഈസ്റ്റർ ദിനമായതുകൊണ്ടുതന്നെ എല്ലാ പള്ളികളിലും നല്ല തിരക്കായിരുന്നു. പ്രാർഥനയ‌്ക്കായി കുടുംബവുമൊത്ത് എത്തിയവരാണ് സ്ഫോടനത്തിന്റെ ഇരകളായവരിൽ ഏറെയും. കൊളംബോയിലെ കൊച്ചിക്കാടെയിലുള്ള സെന്റ് ആന്റണീസ് ചർച്ചിലായിരുന്നു ആദ്യ സ്ഫോടനം. തുടർന്നാണ് പടിഞ്ഞാറൻ നഗരമായ നെഗംബോവിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ചിലും തുടർന്ന് കിഴക്കൻ ലങ്കയിലെ ബട്ടിക്കലോവയിലെ സിയോൺ ചർച്ചിലും സ്ഫോടനമുണ്ടായത്. പ്രാർഥനയിൽ ഏർപ്പെട്ടവരുടെ മൃതദേഹം ചിതറിത്തെറിച്ചു. പലരും സഹായത്തിനായി പരക്കം പാഞ്ഞു. അതിദാരുണമായ രംഗങ്ങൾക്കാണ് പള്ളികൾ സാക്ഷ്യംവഹിച്ചത്. അതോടൊപ്പം കൊളംബോയിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലും സ്ഫോടനമുണ്ടായി. മൊത്തം എട്ട് സ്ഫോടനങ്ങളുണ്ടായി എന്നത് ഇതിന് പിന്നിലുള്ള വൻ ആസൂത്രണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കൊളംബോ ഹൗസിങ‌് കോളനിയിൽ നടന്ന എട്ടാമത്തെ സ്ഫോടനം ചാവേർ ആക്രമണമാണെന്നും റിപ്പോർട്ടുണ്ട്. 2009ൽ തമിഴ് ഈഴം പുലികളുടെ നേതാവ് വേലുപിള്ളെ പ്രഭാകരൻ കൊല്ലപ്പെട്ടതോടെയാണ് ശ്രീലങ്കൻ സേനയും പുലികളും തമ്മിലുള്ള പോരിന് ശമനമായത്. അതിനുമുമ്പ് ഇത്തരം സംഭവങ്ങൾ കൊളംബോയിലടക്കം നിത്യമെന്നോണം നടക്കാറുണ്ടായിരുന്നു.

അപകടത്തിൽപെട്ടവർക്ക് പരമാവധി ചികിത്സ ഉറപ്പാക്കുന്നതിൽ ശ്രീലങ്കൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അപകടത്തിൽപെട്ട എല്ലാവരെയുംതന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതായി സർക്കാർ അവകാശപ്പെട്ടു

അപകടത്തിൽപെട്ടവർക്ക് പരമാവധി ചികിത്സ ഉറപ്പാക്കുന്നതിൽ ശ്രീലങ്കൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അപകടത്തിൽപെട്ട എല്ലാവരെയുംതന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതായി സർക്കാർ അവകാശപ്പെട്ടു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യമെമ്പാടും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ചുമതല പട്ടാളത്തെ ഏൽപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ രക്ഷിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അതോടൊപ്പം ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പരക്കാതിരിക്കുക ലക്ഷ്യമാക്കി വാട‌്സാപ‌്, ഫെയ‌്സ്ബുക്ക് തുടങ്ങിയ സാമുഹ്യമാധ്യമങ്ങളുടെ ഉപയോഗം തടഞ്ഞിട്ടുണ്ട്.

ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പത്ത് ദിവസം മുമ്പുതന്നെ ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നുവെന്ന് ശ്രീലങ്കൻ പൊലീസ് മേധാവി അവകാശപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഏതായാലും കൊളംബോയിലെ ആർച്ച് ബിഷപ്പും കർദിനാളും മറ്റും ആവശ്യപ്പെട്ടതുപോലെ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ശ്രീലങ്കൻ സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇത്തരം തന്ത്രങ്ങൾക്ക് വശംവദരാകാതെ ഒറ്റക്കെട്ടായിനിന്ന് ഈ ദുരന്തത്തെ നേരിടാൻ ശ്രീലങ്കയിലെ ജനങ്ങൾക്കും ഗവൺമെന്റിനും കഴിയണം. സ‌്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന‌് മുമ്പിൽ കൊണ്ടുവരികയും വേണം. തെരുവുകളിലും പൊതുസ്ഥലങ്ങളിലും ബോംബ്പൊട്ടിത്തെറിക്കുന്ന, രക്തമൊലിക്കുന്ന പഴയ നാളുകളിലേക്ക് ശ്രീലങ്ക തിരിച്ചുപോകില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത അന്താരാഷ്ട്രസമൂഹത്തിനുമുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top