29 March Friday

ബിജെപിയും വെൽഫെയറും യുഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020



മതത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണെങ്കിലും മൗലികവാദ –-തീവ്രവാദ നിലപാടുകൾ സ്വീകരിക്കാറില്ലെന്നാണ്‌ ‌ മുസ്ലിംലീഗ്‌ അവകാശപ്പെടാറുള്ളത്‌.‌ ഇതിന്റെ മറവിൽ മതനിരപേക്ഷ കക്ഷിയെന്ന ധാരണ പരത്താനും അവർ ശ്രമിക്കാറുണ്ട്‌. കേരളത്തിൽ ന്യൂനപക്ഷ വർഗീയത വേരുറപ്പിക്കാത്തതിൽ തങ്ങൾക്ക്‌ വലിയ പങ്കുണ്ടെന്നും ലീഗ്‌ പറയാറുണ്ട്‌. ഇതൊക്കെ പഴങ്കഥ. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫിലേക്ക്‌ കൈപിടിച്ചുകയറ്റുന്നത്‌ മുസ്ലിംലീഗുതന്നെയാണ്‌. ഇക്കാര്യത്തിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിനുള്ള ഭിന്നാഭിപ്രായംപോലും ലീഗ്‌ കാര്യമാക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയെ ഒപ്പംകൂട്ടണമെന്ന ലീഗിന്റെ അന്ത്യശാസനത്തിന്‌ കോൺഗ്രസ്‌ വഴങ്ങി. എം എം ഹസ്സൻ തന്നെ അമീറിനെ കണ്ട്‌ ഇടപാട്‌ ഉറപ്പിച്ചു. ഇതുവഴി തെരഞ്ഞെടുപ്പിൽ ശക്തമായ മതധ്രുവീകരണം നടത്താമെന്നാകും‌ കണക്കുകൂട്ടൽ.

വെൽഫെയർ പാർടിയുടെ ജില്ലാ ഭാരവാഹികളടക്കം പലയിടത്തും സ്ഥാനാർഥികളാണ്. അത്തരം സീറ്റിൽ യുഡിഎഫിന്‌ സ്ഥാനാർഥികളില്ല. ഒരു മറയുമില്ലാത്ത രാഷ്ട്രീയ സഖ്യമായി ഇത്തരം സീറ്റിൽ യുഡിഎഫ്‌ തെരഞ്ഞെടുപ്പു പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇതിനിടയിലാണ്‌ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ചില കുരുട്ടുവിദ്യകൾ അരങ്ങേറുന്നത്‌. കേരളത്തിന്റെ ചുമതലയുള്ള  എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവറെ  ഉദ്ധരിച്ചാണ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വർഗീയവിരുദ്ധ നിലപാടിൽ ആണയിടുന്നത്‌. എന്നാൽ, യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനും കെ മുരളീധരനും വെൽഫെയർ സഖ്യത്തിനായി ശക്തമായി രംഗത്തുണ്ട്. മറ്റ്‌ നേതാക്കൾക്കൊന്നുംതന്നെ കാര്യമായ മിണ്ടാട്ടമില്ല. യുഡിഎഫ്‌ ഒഴിച്ചിട്ട സീറ്റുകളിൽ മത്സരിക്കുന്ന വെൽഫെയർ പാർടി സ്ഥാനാർഥികൾക്കാകട്ടെ ഒരു അനാഥത്വവുമില്ല.  യുഡിഎഫ്‌ തന്നെയാണ്‌ അവരുടെ പ്രചാരണം ഏറ്റെടുത്തിട്ടുള്ളത്‌. യുഡിഎഫ്‌ സ്ഥാനാർഥികൾക്കുവേണ്ടി‌ സംഘടനാ സംവിധാനം ഉപയോഗിക്കുന്നതിന്‌ ജമാഅത്തെ ഇസ്ലാമിയും മടിക്കുന്നില്ല.

മറുവശത്താകട്ടെ യുഡിഎഫ്‌–- ബിജെപി സീറ്റുധാരണയും വോട്ടുകച്ചവടവും മുറപോലെ നടക്കുന്നു. ബിജെപിക്ക്‌ സാധ്യതയുള്ള സ്ഥലങ്ങളിൽ യുഡിഎഫ്‌ വോട്ടുമറിക്കാനും പകരമായി കുറെയേറെ സീറ്റിൽ ബിജെപി മത്സരരംഗത്തുനിന്ന്‌ വിട്ടുനിൽക്കാനുമുള്ള ധാരണയാണ്‌ പ്രാവർത്തികമായത്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലടക്കം നിലനിന്ന അന്തർധാര ഇക്കുറി കുറെക്കൂടി വ്യാപകമാണ്‌. രാജ്യം ഭരിക്കുന്ന കക്ഷിക്ക്‌ സംസ്ഥാനത്ത്‌ നാലായിരത്തോളം സീറ്റിൽ മത്സരിക്കാൻ ആളില്ലെന്ന്‌ വിശ്വസിക്കാനാകുമോ? വനിതാ സീറ്റിൽ നാമനിർദേശം കൊടുത്ത പുരുഷനടക്കം, തള്ളിപ്പോയ ബിജെപി പത്രികകളുടെ എണ്ണം അറിയുമ്പോഴാണ്‌ ബിജെപി –-കോൺഗ്രസ്‌ ഒത്തുകളിയുടെ ആഴം വ്യക്തമാകുക. പാലക്കാട്, മലപ്പുറം ജില്ലകളിൽ വളരെ പ്രത്യക്ഷമായി ബിജെപി –- കോൺഗ്രസ്‌ ബന്ധമുണ്ട്‌. മറ്റെല്ലാ ജില്ലയിലും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ടുണ്ട്‌. കണ്ണൂർ ജില്ലയിൽ ‌നിലവിൽ പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ ഒരു സീറ്റും മത്സരിക്കാതെ ബിജെപി മാറിനിൽക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്‌. യുഡിഎഫിനെ ഇത്തവണയെങ്കിലും മാനക്കേടിൽനിന്ന്‌ രക്ഷിക്കാനാകുമോ എന്ന വൃഥാശ്രമമാണ്‌ ബിജെപി നടത്തുന്നത്‌.


 

എൽഡിഎഫ്‌ സർക്കാരിനെ കടന്നാക്രമിക്കാൻ ഒരേ മനസ്സോടെ മുന്നോട്ടുവരുന്നവരാണ് ബിജെപിയും യുഡിഎഫ്‌ കക്ഷികളും. രാഷ്ട്രീയ നയനിലപാടുകളോ നാടിന്റെ വികസന താൽപ്പര്യമോ ഒന്നും ഇവരുടെ ചർച്ചകളിൽ ഇടംപിടിക്കാറില്ല. തുറന്ന വിമർശം പരസ്‌പരം ഉന്നയിക്കാനും  ഇവർ തയ്യാറല്ല‌. ഹിന്ദുത്വ രാഷ്ട്രീയത്തിന്‌ അടിസ്ഥാനമായ ന്യൂനപക്ഷവിരോധം കേരളത്തിൽ തെരഞ്ഞെടുപ്പ്‌ ധാരണയ്‌ക്ക്‌ തടസ്സമാകുന്നില്ല. പരസ്പരം വളർത്തുന്ന ഭൂരിപക്ഷ –- ന്യൂനപക്ഷ വർഗീയതകളെ സമന്വയിപ്പിക്കുന്ന രാഷ്ട്രീയ അധാർമികത യുഡിഎഫിനെ ഒട്ടും അലോസരപ്പെടുത്തുന്നുമില്ല. ഇതൊക്കെയാണെങ്കിലും ഒത്തുകളി പ്രകടമായി വരുമ്പോൾ ചില വാചകക്കസർത്തുകൾക്ക്‌ ഇവർ നിർബന്ധിതരാകുന്നു.

ഒരു തത്വദീക്ഷയുമില്ലാതെ,  തെരഞ്ഞെടുപ്പു വിജയം മാത്രം ലക്ഷ്യമാക്കി ആയിരക്കണക്കിന്‌ സീറ്റിൽ വോട്ടുകച്ചവടം നടത്തുന്ന യുഡിഎഫ്‌ –- ബിജെപി കക്ഷികളുടെ വാക്‌പ്പോര്‌ കാര്യഗൗരവമുള്ളവരാരും മുഖവിലയ്‌ക്കെടുക്കില്ല. എന്നിട്ടും ഇത്‌ വാർത്തകളിൽ ഇടംനേടുന്നത്‌ മറ്റൊരു വിരോധാഭാസം. കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ്‌ മത്സരമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്‌താവന. ബിജെപിക്ക്‌ മത്സരിക്കാൻപോലും ആളില്ലെന്നും ഈ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിൽ അസ്‌തമി‌ക്കുമെന്നായിരുന്നു ‌ചെന്നിത്തലയുടെ മറുപടി. വ്യാപകമായി കച്ചവടം ഉറപ്പിച്ചശേഷം ഇത്തരം പൊറാട്ടുനാടകങ്ങൾ ആടുന്നത്‌ ജനങ്ങളുടെ സാമാന്യബോധത്തിനു നേരെയുള്ള പരിഹാസമാണ്‌.

സംഘപരിവാരം രാജ്യത്ത്‌  നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ്‌ നടപടികളുടെ ഗൗരവം ഒട്ടും ഉൾക്കൊള്ളാതെയാണ്‌  മുഖ്യദേശീയ കക്ഷിയായ കോൺഗ്രസിന്റെ കേരള നേതൃത്വം മുന്നോട്ടുപോകുന്നത്‌. കശ്‌മീർ പ്രത്യേക പദവി, ഗോവധ നിരോധനം, മുത്തലാഖ്‌ ബിൽ, രാമക്ഷേത്ര നിർമാണം തുടങ്ങിയ വിഷയങ്ങളിൽ ബിജെപി സ്വീകരിച്ച നടപടികൾ അവരുടെ മുസ്ലിംവിരുദ്ധ നിലപാടിന്റെ വിളംബരമായിരുന്നു. ഹിന്ദുത്വ ധ്രുവീകരണവും വോട്ടുബാങ്കും ലക്ഷ്യമാക്കി എന്തു കടുത്ത നടപടികൾക്കും ബിജെപി തയ്യാറാകുമെന്നത്‌ അനുഭവങ്ങൾ വ്യക്തമാക്കുന്നു. മതനിരപേക്ഷ പാർടിയെന്ന്‌ ഊറ്റംകൊള്ളുന്ന കോൺഗ്രസിന്‌ ഇക്കാര്യങ്ങളിൽ തെല്ലെങ്കിലും ആശങ്കയുണ്ടെങ്കിൽ ഈ മുക്കൂട്ടു മുന്നണിക്ക്‌ അവർ തയ്യാറാകുമായിരുന്നില്ല.  കമ്യൂണിസ്റ്റ്‌ വിരുദ്ധതമൂലം കണ്ണുകാണാതായ  കോൺഗ്രസും മുസ്ലിംലീഗും സംഘപരിവാറിനും അതിന്റെ മറ്റൊരു രൂപമായ ജമാഅത്തെ ഇസ്ലാമിക്കും ഒരേസമയം രാഷ്ട്രീയ അസ്‌തിത്വം ഉണ്ടാക്കിക്കൊടുക്കുകയാണ്‌‌. കേവലം ഒരു തെരഞ്ഞെടുപ്പുവിഷയം എന്നതിലപ്പുറം നാടിന്റെ മതനിരപേക്ഷ അടിത്തറയും ജനാധിപത്യവുമണ്‌‌ അപകടപ്പെടുന്നത്‌.  തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിനിടുന്നത്‌ ഈ മൂല്യങ്ങൾകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top