29 May Wednesday

ചേരിതിരിവ്‌ വളർത്തൽ രാഷ്‌ട്രീയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 29, 2021


രാജ്യത്ത്‌ വർഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക്‌ തീവ്രതയേറിവരുന്നത്‌ അങ്ങേയറ്റം ആശങ്കാജനകമാണ്‌. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ അനുബന്ധ സംഘടനകൾ ആക്രമണ ആഹ്വാനങ്ങളുമായി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. ഹിന്ദുയുവ വാഹിനി ഡൽഹിയിലും സ്വാമി നരസിംഹാനന്ദ്‌ ഹരിദ്വാറിലും സംഘടിപ്പിച്ച സമ്മേളനങ്ങളിൽ മുസ്ലിങ്ങളെ രാജ്യത്തുനിന്ന്‌ തുടച്ചുനീക്കാൻ ആഹ്വാനങ്ങളും ആക്രോശങ്ങളുമുണ്ടായി. ആക്രമണത്തിനു പ്രേരണ നൽകുന്ന പ്രസംഗങ്ങൾ നടത്തിയവർ ദിവസങ്ങൾ കഴിഞ്ഞിട്ടും സ്വൈരവിഹാരം  നടത്തുകയാണ്‌. ഇവരുടെ നിയമലംഘനത്തിന്‌ ബിജെപി സർക്കാരുകൾ പിന്തുണ നൽകുന്നു. ക്രിസ്‌മസിനോട്‌ അനുബന്ധിച്ച്‌ ക്രൈസ്‌തവർക്കും ആരാധനാലയങ്ങൾക്കുമെതിരെ വ്യാപക ആക്രമണമുണ്ടായി. ഇക്കൊല്ലം 21 സംസ്ഥാനത്തായി ക്രൈസ്‌തവരെ ലക്ഷ്യമിട്ട്‌ മുന്നൂറോളം ആക്രമണം നടന്നതായി അസോസിയേഷൻ ഓഫ്‌ പ്രൊട്ടക്‌ഷൻ സിവിൽ റൈറ്റ്‌സ്‌ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഹരിദ്വാറിൽ ഹിന്ദുമതപാർലമെന്റ്‌ എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉയർന്ന തീവ്രവിദ്വേഷ പ്രസംഗങ്ങളും മുസ്ലിങ്ങളെ ആക്രമിക്കാനുള്ള പ്രേരണയും ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ഞെട്ടിപ്പിക്കുന്ന ലംഘനവുമാണ്‌. ‘ഇസ്ലാമിക ഇന്ത്യയിൽ മതത്തിന്റെ ഭാവി: പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചതിൽനിന്നു തന്നെ ലക്ഷ്യം വ്യക്തം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ അടക്കമുള്ളവരെ ഉദ്ദേശിച്ച്‌ നടന്ന പ്രസംഗങ്ങൾ ഭീകരപ്രവർത്തനത്തിനു സമാനമാണ്‌. മുസ്ലിങ്ങൾക്കെതിരെ പൊലീസിൽ വ്യാജപരാതികൾ നൽകണമെന്ന്‌ ഒരു പ്രഭാഷകൻ ആവശ്യപ്പെട്ടു. ഇത്തരം വ്യാജക്കേസുകൾ ഉണ്ടാക്കാൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർ രംഗത്തിറങ്ങണമെന്ന ലജ്ജാകരമായ ആഹ്വാനവും  അദ്ദേഹം നൽകി. സമ്മേളനം മൂന്നുദിവസം തുടർന്നു. ഒടുവിൽ വൈകി എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തപ്പോൾ നിയമലംഘകരിൽ ആരുടെയും പേരില്ല. പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളിൽനിന്ന്‌  കുറ്റം ചെയ്‌തവർ ആരൊക്കെയെന്ന്‌ വ്യക്തമാണ്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ആയുധനിയമം, വിദ്വേഷ പ്രചാരണം, തെറ്റായ വിവരം പൊലീസിനു നൽകൽ എന്നീ വകുപ്പുകൾപ്രകാരം കേസെടുക്കേണ്ട കുറ്റങ്ങളാണ്‌ നടന്നത്‌. എന്നാൽ, ദുർബലമായ എഫ്‌ഐആറാണ്‌ ഉത്തരാഖണ്ഡ്‌ പൊലീസ്‌ രജിസ്റ്റർ ചെയ്‌തത്‌.

ബിജെപി രാഷ്ട്രീയ തിരിച്ചടി നേരിടുന്ന സന്ദർഭത്തിലെല്ലാം വർഗീയധ്രുവീകരണം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കാറുണ്ട്‌. കോർപറേറ്റ്‌ പ്രീണന കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നതും പെഗാസസ്‌ ചാരപ്പണിയിൽ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചതും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വല്ലാതെ അലട്ടുന്നു. ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനും കോർപറേറ്റ്‌ ദാസ്യത്തിനുമെതിരായി തൊഴിലാളി–-കർഷക ഐക്യം ശക്തിയാർജിക്കുകയാണ്‌. ഭിന്നിപ്പുകളുണ്ടാക്കി കർഷകപ്രക്ഷോഭം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കാർഷികനിയമങ്ങൾ പിൻവലിച്ചതിൽ കോർപറേറ്റുകൾ ക്ഷുഭിതരാണ്‌. കഴിഞ്ഞ ഒക്‌ടോബറിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്ക്‌ ക്ഷീണമായി.  ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കയാണ്‌.

ജനങ്ങളെ ഭിന്നിപ്പിക്കാൻ നടക്കുന്ന ശ്രമത്തിന്റെ അടിയന്തരസാഹചര്യം ഇതാണ്‌. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്‌ട്രസ്ഥാപനം യാഥാർഥ്യമാക്കൽ എന്നതിലുപരി ബിജെപിക്ക്‌ അധികാരം നിലനിർത്തണം. ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ 2024ൽ കേന്ദ്രത്തിൽ അധികാരം നിലനിർത്തുക ദുഷ്‌കരമാകും. 2024ലേക്കുള്ള വഴിയാണ്‌ 2022ലെ ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പെന്ന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ മുമ്പേ പറഞ്ഞിട്ടുണ്ട്‌. പഞ്ചാബിൽ ബിജെപിക്ക്‌ പ്രതീക്ഷകളില്ല. ഉത്തരാഖണ്ഡിൽ ആഭ്യന്തരപ്രശ്‌നങ്ങളുണ്ട്‌. മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ചിട്ടും രക്ഷയില്ല. ഗോവയിലും മണിപ്പുരിലും കുതിരക്കച്ചവടം വഴിയാണ്‌ അധികാരം നേടിയത്‌.

ബിജെപി ഇത്തരത്തിൽ വർഗീയ അജൻഡ വയ്‌ക്കുമ്പോൾ കോൺഗ്രസ്‌ ഈ കെണിയിൽ വീഴുകയാണ്‌. തൊഴിലാളികളുടെയും കർഷകരുടെയും യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്‌ത്രീകളുടെയും പ്രശ്‌നങ്ങൾ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാൻ ശ്രമിക്കാതെ മതത്തെ രാഷ്‌ട്രീയത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ ഗവേഷണം നടത്തുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ. ജനകീയ ബദൽ കെട്ടിപ്പടുത്ത്‌ മാത്രമേ ഇത്തരം നീക്കങ്ങളെ ചെറുക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top