18 April Thursday

അപഹാസ്യരാകുന്ന സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018


ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം ആറാമത്തെ ഹർത്താലാണ് സംസ്ഥാനത്ത‌് വെള്ളിയാഴ്ച നടന്നത്. ജനങ്ങൾ ഹർത്താലാഹ്വാനം നിരാകരിച്ചു. ശബരിമലയിൽ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഹർത്താൽ ദിനത്തിൽ ഉണ്ടായത്. അയ്യപ്പഭക്തർ ഹർത്താലുകാരെ എങ്ങനെ കണക്കാക്കുന്നു എന്നതിന് അതിൽപ്പരം തെളിവ് വേണ്ട. വാഹനങ്ങൾ തടഞ്ഞതുകാരണം ബുദ്ധിമുട്ടിയ തീർഥാടകർ വെയിലത്ത‌് ഭക്ഷണമോ വെള്ളമോ കിട്ടാതെ കഷ്ടപ്പെടുന്നതും അവർക്ക‌് ഡിവൈഎഫ്ഐ പ്രവർത്തകർ കുടിവെള്ളവും ഭക്ഷണവും നൽകുന്നതും വെള്ളിയാഴ്ചത്തെ മറ്റൊരു കാഴ്ചയായിരുന്നു.

ഒക്ടോബർ  ഏഴിനു പത്തനംതിട്ട ജില്ലയിലാണ് ഹർത്താൽ പരമ്പരയ‌്ക്ക‌്  ബിജെപി തുടക്കമിട്ടത്. നവംബർ രണ്ടിന്  ശിവദാസൻ എന്ന ശബരിമല തീർഥാടകനെ പൊലീസ‌് മർദിച്ച‌് കൊലപ്പെടുത്തി എന്നാരോപിച്ച‌്  പത്തനംതിട്ട ജില്ലയിൽ തന്നെ വീണ്ടും ഹർത്താൽ നടത്തി. ലോട്ടറി വിൽപ്പനക്കാരനായ ശിവദാസനെ ളാഹയ‌്ക്ക‌് സമീപമാണ് മരിച്ചനിലയിൽ കണ്ടെത്തിയത‌്.  നിലയ‌്ക്കലിലെ പൊലീസ് നടപടിക്കുശേഷമാണ് ശിവദാസൻ വീട്ടിൽനിന്നും ഇറങ്ങിയതെന്ന്  തെളിഞ്ഞതോടെ, ബലിദാനിയെ കണ്ടെത്താൻ വ്യാജ കഥ രചിച്ച സംഘപരിവാർ നേതാക്കൾ അപഹാസ്യരായി. പക്ഷേ, അനാവശ്യ ഹർത്താൽ ജനങ്ങളെ ദുരിതത്തിലാക്കി. നിരോധനം ലംഘിച്ച‌് ശബരിമലയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ചെന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ‌്തപ്പോൾ,  പുലർച്ചെ മൂന്നിന‌്  ഹർത്താൽ പ്രഖ്യാപിച്ച് സംഘപരിവാർ ജനങ്ങളെ വീണ്ടും ദ്രോഹിച്ചു.  മണ്ഡലകാലം തുടങ്ങുന്ന ദിവസമായിരുന്നു ഹർത്താൽ. നവരാത്രി ദിവസവും ഹർത്താലിന് മടിയുണ്ടായില്ല.  ഇതിൽ ഒടുവിലത്തേത്, സെക്രട്ടറിയറ്റിനു മുന്നിൽ ബിജെപി നേതാവ് സി കെ പത്മനാഭന്റെ  സമരപ്പന്തലിനു മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യക്ക‌് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ‌്ത സംഭവത്തെ മറയാക്കിയാണ്. 

വേണുഗോപാലൻ നായർ ആത്മഹത്യ ചെയ‌്തതാണെന്ന‌്  അസന്ദിഗ്ധമായി തെളിഞ്ഞിട്ടുണ്ട്. ‘‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്... ഞാൻ സ്വയം പെട്രോൾ ഒഴിച്ച് കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല’’ എന്നാണ‌് വേണുഗോപാലൻ നായർ വഞ്ചിയൂർ മജിസ്‌ട്രേട്ടിനു നൽകിയ മരണമൊഴി. ആ ആത്മഹത്യയും ബിജെപി സമരവുമായി ഒരു ബന്ധവുമില്ല. എന്നിട്ടും, വേണുഗോപാലൻ നായരെ "ബലിദാനി’യാക്കി സംസ്ഥാനത്തെ ജനങ്ങളെയാകെ ഹർത്താൽ നടത്തി ബന്ദികളാക്കാനാണ് ബിജെപി തുനിഞ്ഞിറങ്ങിയത്.  

വേണുഗോപാലൻ നായർക്ക്  രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ടെന്ന‌് ആരുംതന്നെ പറയുന്നില്ല. അദ്ദേഹത്തിന് മാനസികമായ ചില അസ്വസ്ഥതകളുണ്ട്. മണ്ണെണ്ണയുമായി  നഗരമധ്യത്തിലെത്തി ദേഹത്തൊഴിച്ച‌് തീകൊളുത്തിയശേഷം പ്രാണവേദനയോടെ  ബിജെപി സമരപ്പന്തലിലേക്ക‌് ഓടിപ്പോയപ്പോൾ, വേണുഗോപാലൻ നായരുടെമേൽ അവകാശം സ്ഥാപിക്കാനും ശബരിമല ഭക്തന്റെ ആത്മാഹുതിയായി അതിനെ ചിത്രീകരിച്ച‌് സംസ്ഥാനത്തെ മുൾമുനയിൽ നിർത്താനും എന്തിന‌് ബിജെപി ശ്രമിച്ചു എന്നതാണ് കാതലായ ചോദ്യം.

വേണുഗോപാലൻ നായർക്ക്  രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ടെന്ന‌് ആരുംതന്നെ പറയുന്നില്ല. അദ്ദേഹത്തിന് മാനസികമായ ചില അസ്വസ്ഥതകളുണ്ട്. മണ്ണെണ്ണയുമായി  നഗരമധ്യത്തിലെത്തി ദേഹത്തൊഴിച്ച‌് തീകൊളുത്തിയശേഷം പ്രാണവേദനയോടെ  ബിജെപി സമരപ്പന്തലിലേക്ക‌് ഓടിപ്പോയപ്പോൾ, വേണുഗോപാലൻ നായരുടെമേൽ അവകാശം സ്ഥാപിക്കാനും ശബരിമല ഭക്തന്റെ ആത്മാഹുതിയായി അതിനെ ചിത്രീകരിച്ച‌് സംസ്ഥാനത്തെ മുൾമുനയിൽ നിർത്താനും എന്തിന‌് ബിജെപി ശ്രമിച്ചു എന്നതാണ് കാതലായ ചോദ്യം. ചത്ത പശുവിനെ ഒരു സ്ഥലത്ത‌് കൊണ്ടിട്ട‌്, പശുക്കളെ മുസ്ലിങ്ങൾ കൊന്നതാണെന്ന‌് പ്രചരിപ്പിച്ച‌് വൻകലാപത്തിന് സംഘപരിവാർ പദ്ധതിയിട്ടതിന്റെ വാർത്ത വടക്കേ ഇന്ത്യയിൽനിന്ന് കഴിഞ്ഞദിവസമാണ് വന്നത്. ആ പശ്ചാത്തലത്തിലാണ്, തലസ്ഥാനത്തെ ബലിദാനി ഹർത്താലിനെ കാണേണ്ടത്. കേവലമൊരു ആത്മഹത്യ നടന്നപ്പോൾ സൃഷ്ടിച്ച നുണക്കഥ എന്നതിനേക്കാൾ ഗൗരവം അതിനുണ്ട്.

ജുഡീഷ്യൽ മജിസ്‌ട്രേട്ട‌് രേഖപ്പെടുത്തിയ മൊഴി കോടതി രേഖയായി നിൽക്കുമ്പോഴാണ്, അഭിഭാഷകൻകൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്  ശ്രീധരൻ പിള്ള "മജിസ്‌ട്രേട്ട‌് മൊഴി രേഖപ്പെടുത്തില്ല’എന്ന  നുണ പറയുന്നത്. തീകൊളുത്തി മരിച്ച വേണുഗോപാലൻ നായർ ശരണം വിളിച്ചെന്നാണ് ബിജെപി നേതാക്കളുടെ ഒരു പ്രചാരണം. ദൃക്‌സാക്ഷികളായ  നാട്ടുകാരോ ആശുപത്രിയിൽ കൊണ്ടുപോയ  അവിടെയുണ്ടായിരുന്ന പൊലീസുകാരോ ഒരു ശരണം വിളിയും കേട്ടിട്ടില്ല.  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് വെള്ളം ഒഴിച്ച് തീകെടുത്തിയതും  വേണുഗോപാലൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയതും. ഒരു ബിജെപിക്കാരനും ആശുപത്രിയിൽ പോകാൻ ഇല്ലായിരുന്നു.

പച്ചക്കള്ളം പ്രചരിപ്പിച്ച‌് ഹർത്താലാഹ്വാനം നടത്തിയ സംഘപരിവാറിനെ അവജ്ഞയോടെയാണ്  ജനങ്ങൾ  കാണുന്നതെന്നാണ്  വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം കണ്ടത്. എന്നാൽ, ലാഘവത്തോടെ തള്ളിക്കളയേണ്ട പ്രവണതയല്ല ഇത്. സർക്കാരും പൊലീസും മാത്രമല്ല, സമൂഹമാകെ ഇടപെടേണ്ട വിഷയമാണിത്. വേണുഗോപാലൻ നായരുടെ മരണം സംബന്ധിച്ച്, ചില മാധ്യമങ്ങളെങ്കിലും ബിജെപിയുടെ വ്യാജപ്രചാരണത്തിന് വളം നൽകുന്നവിധത്തിൽ ഇടപെട്ടിട്ടുണ്ട്. അത്തരക്കാർക്ക‌് വീണ്ടുവിചാരമുണ്ടാകണം. യുക്തിരഹിതമായ ആവശ്യമുന്നയിച്ചും അതിമോഹത്തോടെയും തുടങ്ങിയ സമരത്തെ എവിടെ പിടിച്ചുകെട്ടണമെന്ന‌് അറിയാത്ത ബിജെപിയുടെ ജാള്യം മനസ്സിലാക്കാം. അത് മറച്ചുവയ‌്ക്കാൻ ജനങ്ങളുടെ നെഞ്ചത്തുകയറുന്നത‌് പക്ഷേ കണ്ടുനിൽക്കാനാകില്ല. ഹർത്താലാഹ്വാനം നിരാകരിച്ചതുപോലുള്ള തീവ്രമായ പ്രതികരണം ഈ സമൂഹവിരുദ്ധ സംഘത്തിനെതിരെ തുടർന്നും ഉണ്ടാകേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top