26 April Friday

ജനാധിപത്യത്തിന്‌ ബിജെപി വില പറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 12, 2020



രാജ്യസഭാ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കുന്നതിന്റെ വാർത്തകൾ വീണ്ടും മാധ്യമങ്ങളിൽ നിറയുന്നു. ഗുജറാത്തിൽ മൂന്ന്‌ കോൺഗ്രസ്‌ എംഎൽഎമാരാണ്‌ കഴിഞ്ഞയാഴ്‌ച രാജിവച്ചത്‌‌. കൂറുമാറ്റം തടയുന്നതിന്‌ ഗുജറാത്തിലെ ശേഷിക്കുന്ന കോൺഗ്രസ്‌ എംഎൽഎമാരെ രാജസ്ഥാനിലേക്ക്‌ മാറ്റിയിരിക്കയാണ്‌. ഗുജറാത്തിൽ തുടങ്ങിയ വിലയ്‌ക്കെടുക്കൽ ബിജെപി രാജസ്ഥാനിലേക്ക്‌ വ്യാപിപ്പിച്ചതായും സൂചനയുണ്ട്‌. രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎമാരെ റിസോർട്ടിലേക്ക്‌ മാറ്റിക്കഴിഞ്ഞു. രാജ്യസഭയിൽ ഭൂരിപക്ഷം നേടാനും തെരഞ്ഞെടുപ്പിൽ തോറ്റ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനും ഏത്‌ അധാർമികമാർഗവും ബിജെപി സ്വീകരിച്ചുകൊണ്ടേയിരിക്കുമെന്നാണ്‌ ഈ സംഭവങ്ങൾ‌ തെളിയിക്കുന്നത്‌.

കേന്ദ്രത്തിൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതുമുതൽ ജനാധിപത്യ അട്ടിമറിയുടെയും കുതിരക്കച്ചവടത്തിന്റെയും കാഴ്‌ചകളാണ്‌ രാജ്യം കാണുന്നത്‌. കോടികൾ വാരിയെറിഞ്ഞ്‌ എംഎൽഎമാരെ കൂറുമാറ്റിക്കുന്നതും രാജിവയ്‌പിക്കുന്നതും നിത്യസംഭവമായി. അരുണാചൽപ്രദേശിൽ കോൺഗ്രസ്‌ നിയമസഭാകക്ഷി ഏതാണ്ട്‌ പൂർണമായും ബിജെപിയായത്‌ ഒറ്റദിവസം കൊണ്ടാണ്‌. മണിപ്പുരിലും ഗോവയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്‌ നേടിയ കോൺഗ്രസിനെ കാഴ്‌ചക്കാരാക്കി ബിജെപി അധികാരത്തിലേറി. കർണാടകയിൽ കോൺഗ്രസ്‌, ജനതാദൾ എംഎൽഎമാരെയും മധ്യപ്രദേശിൽ മുൻ എഐസിസി നേതാവായ ജ്യോതിരാദിത്യ സിന്ധ്യയെയും കോൺഗ്രസ്‌ എംഎൽഎമാരെയും രാജിവയ്‌പിച്ച്‌‌ രായ്‌ക്കുരാമാനം ബിജെപി അധികാരം പിടിച്ചു. മഹാരാഷ്‌ട്രയിൽ ഗവർണറുടെ സഹായത്തോടെ മുഖ്യമന്ത്രി പദം നേടിയിട്ടും രാജിവയ്‌ക്കേണ്ടിവന്നതാണ്‌ അവർക്ക്‌‌ സമീപകാലത്തേറ്റ തിരിച്ചടി.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണ്‌ മധ്യപ്രദേശിൽ കോൺഗ്രസ്‌ സർക്കാരിനെ മറിച്ചിട്ടതെന്ന്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാൻ വെളിപ്പെടുത്തുന്ന ശബ്ദശകലം കഴിഞ്ഞദിവസമാണ്‌ പുറത്തുവന്നത്‌. രാജസ്ഥാനിൽ അശോക്‌ ഗെഹ്‌ലോട്ട്‌ സർക്കാരിനെ വീഴ്‌ത്താൻ കോടിക്കണക്കിനു രൂപ എത്തിച്ചതായും വാർത്തയുണ്ട്‌. ഇങ്ങനെ തരംതാണ രാഷ്‌ട്രീയക്കളികളുടെ കഥകളാണ്‌ നിത്യേന കേൾക്കുന്നത്‌. ലോക്‌ഡൗൺ കാലത്തുടനീളം നിശ്ശബ്ദനായിരുന്ന ആഭ്യന്തര മന്ത്രി അമിത്‌ ഷാ വീണ്ടും പ്രചാരണരംഗത്തെത്തിയത്‌ വരാനിരിക്കുന്ന രാഷ്‌ട്രീയ കള്ളച്ചൂതിന്റെ സൂചനയായിത്തന്നെ കാണണം.

കൂറുമാറ്റ നിരോധന നിയമം അവസരവാദികൾക്കും അധികാരമോഹികൾക്കും കടിഞ്ഞാണിടുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്‌തമിച്ചുകഴിഞ്ഞു. വിലയ്‌ക്കെടുക്കുന്ന എംഎൽഎമാരെ രാജിവയ്‌പിച്ച്‌ വീണ്ടും മത്സരിപ്പിക്കുക വഴി‌ ആ നിയമത്തെ ബിജെപി നോക്കുകുത്തിയാക്കി

1985ൽ പാർലമെന്റ്‌ പാസാക്കിയ കൂറുമാറ്റ നിരോധന നിയമം അവസരവാദികൾക്കും അധികാരമോഹികൾക്കും കടിഞ്ഞാണിടുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്‌തമിച്ചുകഴിഞ്ഞു. വിലയ്‌ക്കെടുക്കുന്ന എംഎൽഎമാരെ രാജിവയ്‌പിച്ച്‌ വീണ്ടും മത്സരിപ്പിക്കുക വഴി‌ ആ നിയമത്തെ ബിജെപി നോക്കുകുത്തിയാക്കി. കൂറുമാറ്റക്കാരെ വീണ്ടും മത്സരിപ്പിക്കുകയും പണവും ഭരണസ്വാധീനവും ഉപയോഗിച്ച്‌ ജയിപ്പിച്ചെടുക്കുകയും ചെയ്‌ത്‌‌ ഭൂരിപക്ഷം ഉറപ്പിക്കുകയാണ്‌ അവർ. കർണാടകത്തിൽ വിജയിപ്പിച്ച ഈ കുതന്ത്രം മധ്യപ്രദേശിൽ  പയറ്റുകയാണ്‌ ഇപ്പോൾ. കൂറുമാറ്റി രാജിവയ്‌പിച്ച എംഎൽഎമാരെ അയോഗ്യരാക്കാനോ വീണ്ടും മത്സരിക്കുന്നത്‌ വിലക്കാനോ നീതിപീഠങ്ങൾ തയ്യാറാകാതിരുന്നതോടെ ജനാധിപത്യക്കച്ചവടത്തിന്‌ നിയമപരമായ അംഗീകാരം ലഭിക്കുന്ന  സ്ഥിതിയാണുണ്ടായത്‌.

നരേന്ദ്ര മോഡിയും അമിത്‌ ഷായും ഉൾപ്പെട്ട ബിജെപിയുടെ ഭരണ–-രാഷ്‌ട്രീയ നേതൃത്വത്തിന്‌ ജനാധിപത്യമര്യാദയോ മൂല്യബോധമോ ധാർമികതയോ പ്രശ്‌നമല്ല. ആർഎസ്‌എസിന്റെ വർഗീയ അജൻഡ നടപ്പാക്കുന്നതിന്‌ സർവ അധികാരവും കൈപ്പിടിയിലൊതുക്കുകയാണവർ. എംഎൽഎമാരെയും രാഷ്‌ട്രീയ നേതാക്കളെയും പണം കൊടുത്തോ‌ സമ്മർദത്താലോ വരുതിയിലാക്കുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും കേസിൽ കുടുക്കിയും ഒതുക്കുന്നു. ഭരണ, -അധികാര സ്ഥാനങ്ങളാകെ കാവിവൽക്കരിക്കുന്നു. സൈന്യത്തിലും  ജുഡീഷ്യറിയിലുംവരെ സംഘ പരിവാറിെന്റ സമ്മർദവും സ്വാധീനവും എത്തിയെന്നും സമീപകാല അനുഭവങ്ങൾ  കാണിക്കുന്നു.

കൂറുമാറ്റിക്കലിന്റെയും വിലയ്‌ക്കെടുക്കലിന്റെയും നേതാവിനെ മഹാനെന്ന്‌ പുകഴ്‌ത്താനാണ്‌ മാധ്യമങ്ങൾക്ക്‌ തിടുക്കം

രണ്ടാം മോഡി സർക്കാർ വന്നതോടെ വർഗീയനീക്കങ്ങൾക്ക്‌ വേഗത കൂട്ടിയ ബിജെപിക്ക്‌ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത്‌ പല ലക്ഷ്യവും പൂർത്തീകരിക്കാൻ തടസ്സമാണ്‌. അതിനാൽ എത്രയുംവേഗം രാജ്യസഭയിൽ ആധിപത്യം ഉറപ്പിക്കാനാണ്‌ ശ്രമം. ഇത്തരത്തിൽ ജനാധിപത്യസ്ഥാപനങ്ങളെ നിശ്ശബ്ദമാക്കാനും കാവിവൽക്കരിക്കാനും നേതൃത്വം വഹിക്കുന്ന മോഡിയെ മഹത്വവൽക്കരിക്കാൻ ദേശീയ മാധ്യമങ്ങളും കോർപറേറ്റുകളും പണമൊഴുക്കുകയാണ്‌. കൂറുമാറ്റിക്കലിന്റെയും വിലയ്‌ക്കെടുക്കലിന്റെയും നേതാവിനെ മഹാനെന്ന്‌ പുകഴ്‌ത്താനാണ്‌ മാധ്യമങ്ങൾക്ക്‌ തിടുക്കം.

ബിജെപിയുടെ വിലയ്‌ക്കെടുക്കൽ ബാധിക്കുന്നത്‌ കോൺഗ്രസിനെയാണ്‌. എന്നാൽ, പ്രധാന പ്രതിപക്ഷ പാർടിയായ കോൺഗ്രസിന്‌ ബിജെപിക്കെതിരെ ശബ്ദിക്കാനാകുന്നില്ല. ഏതുനിമിഷവും ബിജെപിയിൽ ചേക്കേറാൻ കാത്തുനിൽക്കുന്ന നേതാക്കളുടെ ആൾക്കൂട്ടം മാത്രമാണിന്ന്‌ കോൺഗ്രസ്‌. ആശയപരമായി അത്രമാത്രം കാവിവൽക്കരിക്കപ്പെട്ടു കഴിഞ്ഞു അതിന്റെ നേതൃത്വം. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ നടത്തുന്ന കടന്നാക്രമണത്തിന്റെ ഒരംശമെങ്കിലും ബിജെപിക്കെതിരെ പ്രയോഗിക്കാൻ കോൺഗ്രസ്‌ തയ്യാറല്ല. കാൽക്കീഴിലെ മണ്ണ്‌ ഒലിച്ചുപോകുമ്പോഴും നിശ്ശബ്ദരായവർക്ക്‌ ജനാധിപത്യ ഇന്ത്യയെക്കുറിച്ച്‌ ഉൽക്കണ്ഠ ഇല്ലാത്തതിൽ അത്ഭുതമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top