18 April Thursday

ചുവടുപിഴയ്ക്കുന്ന ആര്‍എസ്എസ് അജന്‍ഡകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2017


കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ ഒന്നൊന്നായി പിഴയ്ക്കുന്നതിലുള്ള അതൃപ്തിയിലാണ് ബിജെപി നേതൃത്വം. ദേശീയ അധ്യക്ഷനെയും ബിജെപി മുഖ്യമന്ത്രിമാരെയുമൊക്കെ ഇറക്കി കേരളത്തെ വിറപ്പിക്കാമെന്ന മനക്കണക്കും തെറ്റിയിരിക്കുന്നു. കേരളത്തില്‍ സമാധാനം തകര്‍ന്നുവെന്ന ബിജെപിയുടെ മുറവിളിക്ക് ചില മാധ്യമങ്ങളും പ്രതിപക്ഷവും ആവുംവണ്ണം പിന്തുണ നല്‍കിയതാണ്്. എന്നിട്ടും കേരളത്തിന്റെ മണ്ണില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ മുളയ്ക്കാതെ പോകുന്നതിന്റെ ഈര്‍ഷ്യയാണ് അമിത് ഷാ മറയില്ലാതെ പ്രകടിപ്പിക്കുന്നത്. ഭീതിയുടെയും കാലാപത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാതെ ബിജെപിയുടെ ദേശീയ നേതാക്കള്‍ കേരളത്തില്‍ പദയാത്ര നടത്തിയിട്ട് എന്തുകാര്യമെന്ന ചോദ്യമാണ് മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍വയ്ക്കുന്നത്. കുമ്മനത്തിന്റെ കൂടെ നടന്ന് സമയം മെനക്കെടുത്താന്‍ തല്‍ക്കാലം ഉദ്ദേശ്യമില്ലെന്ന അമിത് ഷായുടെ നിലപാടാണ് കൊട്ടിഘോഷിച്ച ജനരക്ഷായാത്ര മാറ്റിവയ്ക്കാന്‍ കാരണമായത്. മെഡിക്കല്‍ കോളേജ് അഴിമതി പുറത്തായപ്പോഴാണ് ആദ്യം യാത്ര മാറ്റിയത്.

കേരളത്തില്‍ ക്രമസമാധാനത്തകര്‍ച്ച സൃഷ്ടിക്കാന്‍ ഏത് നെറികെട്ട മാര്‍ഗവും അവലംബിക്കാന്‍ ആര്‍എസ്എസ് തയ്യാറാകുമെന്നതില്‍ സംശയമില്ല. തിരുവനന്തപുരം ശ്രീകാര്യത്ത് വ്യക്തിശത്രുതയെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് മറയാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അവര്‍ വിമോചനസമരത്തിന് കോപ്പുകൂട്ടിയത്. കോലാഹലത്തിനൊടുവില്‍ അമിത് ഷായും യോഗി ആദിത്യനാഥുമൊക്കെ തെക്കുവടക്ക് നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയും പരത്തി. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കുക എന്ന ലക്ഷ്യമല്ലാതെ, ഏതെങ്കിലും സംഭവത്തിന്റെ വസ്തുതയിലൂന്നി തീരുമാനങ്ങളെടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്ന പതിവ് ബിജെപിക്കില്ല. തിരിച്ചടി മറ്റ് കേന്ദ്രങ്ങളില്‍നിന്നാണെങ്കില്‍ സമാനമായ പ്രതികരണമല്ല ഉണ്ടാകാറുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള കണക്കെടുത്താല്‍തന്നെ, രാഷ്ട്രീയബന്ധംപോലുമില്ലാത്ത സംഭവങ്ങളുടെ പേരില്‍പ്പോലും സിപിഐ എമ്മിനെതിരെ കുറ്റമാരോപിച്ച്, നിരവധിതവണ ബിജെപി സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രാദേശിക ഹര്‍ത്താലുകള്‍ വേറെ.

വിശ്വാസപരമായ കാര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പതിവ് സംഘപരിവാര്‍ ഇപ്പോള്‍ തുടങ്ങിയതല്ല. ഒരുവശത്ത് ക്ഷേത്രകമ്മിറ്റികളെയും ഉത്സവാചാരങ്ങളെയും ദുരുപയോഗം ചെയ്യുന്നവര്‍തന്നെ, മറുവശത്ത് അന്യമതവിദ്വേഷം വളര്‍ത്താന്‍ കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. കലശഘോഷയാത്രയ്ക്കുനേരെ മുസ്ളിങ്ങള്‍ ചെരിപ്പെറിഞ്ഞെന്നു പ്രചരിപ്പിച്ചാണ് തലശേരി കലാപത്തിന് തിരികൊളുത്തിയത്. ജന്മാഷ്ടമി ഘോഷയാത്രകള്‍ ആര്‍എസ്എസിലേക്കുള്ള റിക്രൂട്ട്മെന്റ് അവസരമായിരുന്നു. ഇതിനെതിരെ കഴിഞ്ഞ ഏതാനും വര്‍ഷമായി വിവിധ സംഘടനകളും രക്ഷിതാക്കളും കാണിക്കുന്ന ജാഗ്രത ആര്‍എസ്എസിനെ അലോസരപ്പെടുത്തുന്നുണ്ട്. ഓണവും ബക്രീദും ജന്മാഷ്ടമിയുമെല്ലാം ഒരുമിച്ചുവരുന്ന ആഘോഷവേളകളില്‍ ഘോഷയാത്രകളും സാംസ്കാരിക പരിപാടികളും മത്സരങ്ങളുമൊക്കെ സംഘടിപ്പിക്കുകയും ജനങ്ങളെയാകെ ജാതിമതഭേദമില്ലാതെ പങ്കെടുപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ നാട്ടിലെങ്ങും സംഘര്‍ഷമൊഴിഞ്ഞ് സൌഹൃദാന്തരീക്ഷം പുലരുകയാണ്. കൊച്ചുമക്കളെ ഉണ്ണിക്കണ്ണന്റെ വേഷംകെട്ടിച്ച് ആര്‍എസ്എസ് ഘോഷയാത്രയ്ക്ക് പറഞ്ഞയച്ചിരുന്ന മാതാപിതാക്കള്‍ അപകടം മനസ്സിലാക്കിയിരിക്കുന്നു.

ഇതിനിടെയാണ് അടുത്തകാലംവരെ നഗരങ്ങളില്‍മാത്രം ഒതുങ്ങിനിന്ന ഗണേശോത്സവം നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിച്ചുവരുന്നത്. ജന്മാഷ്ടമി ആഘോഷത്തിനു പിന്നിലെ ദുഷ്ടലാക്ക് ഗണേശോത്സവത്തിലും പ്രതിഫലിക്കുന്നതായാണ് കഴിഞ്ഞ ദിവസത്തെ അനുഭവം. തൊട്ടു തലേദിവസം ഹരിയാനയിലെ തെരുവുകളില്‍ കണ്ട അതേ അട്ടഹാസവും ക്രൌര്യവും ഗണേശവിഗ്രഹം ആനയിച്ചുകൊണ്ടുപോയ പല മുഖങ്ങളിലും കാണാനായി. കാതടപ്പിക്കുന്ന ശബ്ദത്തില്‍ 'സംഘഗീതങ്ങള്‍' മഴുക്കി, ഭീമാകാരമായ കാവിക്കൊടി കെട്ടിയ വലിയ മുളങ്കാലുകള്‍ ആകാശത്തേക്കുയര്‍ത്തി നാടും നഗരവും വിറപ്പിച്ച് കടന്നുപോയ സംഘങ്ങള്‍ എന്തൊക്കെയോ ആപല്‍സൂചനകള്‍ നല്‍കുന്നതായിരിന്നു. കണ്ണൂര്‍ ജില്ലയില്‍ ഇവരുടെ വരവുംപോക്കും നിരവധി സിപിഐ എം ഓഫീസുകളും പ്രചാരണ സംവിധാനങ്ങളും തകര്‍ത്തുകൊണ്ടായിരുന്നു.

സെപ്തംബര്‍ ഏഴിന് കുമ്മനം തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ജനരക്ഷായാത്രയുടെ കേളികൊട്ടാണ് കണ്ണൂര്‍ ജില്ലയില്‍ ഈ അക്രമപരമ്പരയിലൂടെ ആര്‍എസ്എസ് മുഴക്കിയത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ കാല്‍നടയ്ക്ക് എത്തുന്ന അമിത് ഷായെ വരവേല്‍ക്കാന്‍ ഇവിടെ ചോരയൊഴുകണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച പ്രകടനമാണ് ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സിപിഐ എം പ്രവര്‍ത്തകരുടെ ആത്മസംയമനവും പൊലീസിന്റെ ജാഗ്രതയും കുഴപ്പങ്ങള്‍ പടരാതിരിക്കാന്‍ സഹായിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനചര്‍ച്ചയുടെ ഫലങ്ങള്‍ ആര്‍എസ്എസ് പ്രകോപനത്തില്‍ നഷ്ടപ്പെടരുതെന്ന നിര്‍ബന്ധമായിരുന്നു സിപിഐ എം മുറുകെപ്പിടിച്ചത്. കോണ്‍ഗ്രസും ബിജെപിയും വളര്‍ത്തിയ ആള്‍ദൈവം കലാപംവിതച്ച ഹരിയാനയിലും പഞ്ചാബിലുമല്ലേ ജനരക്ഷായാത്ര വേണ്ടതെന്ന ചോദ്യവും സംഘപരിവാറിന്റെ ഉത്തരംമുട്ടിച്ചു. തല്‍ക്കാലം പിന്നോട്ടു പിടിച്ച ഈ കുതന്ത്രങ്ങളെല്ലാം അവസരമൊപ്പിച്ച് വീണ്ടും ആര്‍എസ്എസ് പുറത്തെടുക്കും. നാടിന്റെ സമാധാനം കാക്കാന്‍ ഈ ദുഷ്ടശക്തികളെ തുറന്നുകാട്ടണം. നിതാന്ത ജാഗ്രതയോടെ കരുതിയിരിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top