29 March Friday

ബിജെപിയുടെ ‘ബി’ ടീം

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019


ഒരു രാഷ്ട്രീയ പാർടിയെ ജനങ്ങൾ അളക്കുന്നത് അതിന്റെ നിലപാടുകൾ വിലയിരുത്തിയാണ്. എത്ര പിന്തിരിപ്പൻ കക്ഷിയായാലും അതിനു മുന്നോട്ടുവയ‌്ക്കാൻ നിലപാടുകളും ജനങ്ങളോടു പറയാൻ നയങ്ങളും ഉണ്ടാകും. അത്തരത്തിൽ ഒന്നുമില്ലാത്ത കക്ഷികൾ നിലനിൽക്കാൻ അർഹതയില്ലാത്തവയാണ്. കേരളത്തിലെ കോൺഗ്രസിന് വന്നുപെട്ടത‌് അത്തരമൊരവസ്ഥയാണ് എന്ന് ശബരിമല വിഷയത്തിലെ അവരുടെ നിലവാരമില്ലാത്ത പ്രകടനങ്ങൾ തെളിയിക്കുന്നു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും  പ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ‌്ത കോൺഗ്രസ‌് ഇന്നെവിടെ എത്തിനിൽക്കുന്നു എന്ന് പരിശോധിച്ചാൽ ആ ദയനീയാവസ്ഥയുടെ യഥാർഥ ചിത്രം തെളിയും.

സുപ്രീംകോടതി വിധി അനുസരിച്ച്‌  രണ്ടു വനിതകൾ ശബരിമല ദർശനം നടത്തിയപ്പോൾ, സംഘപരിവാറിനുണ്ടായ വെപ്രാളം, അവർ ആഗ്രഹിച്ച സുവർണാവസരം കൈവിട്ടു പോകുന്നതിന്റേതാണ്. ശബരിമലയെ അടക്കിഭരിക്കുമെന്നും തങ്ങളുടെ അനുമതിയില്ലാതെ ഒരീച്ച പോലും മല കയറില്ലെന്നുമുള്ള അഹന്ത പൊട്ടിത്തകരുകയും ഒരുക്കിവച്ച പദ്ധതികളാകെ പാഴായിപ്പോകുകയും ചെയ‌്തപ്പോൾ കലാപം സൃഷ്ടിക്കുകയെന്ന അറ്റകൈ പ്രയോഗത്തിനാണ് സംഘപരിവാർ തയ്യാറായത്. അതിനായാണ് ഹർത്താൽ പ്രഖ്യാപിച്ചത്. അതിനു പിന്നാലെ എന്തിനാണ് കോൺഗ്രസ‌് കേരളത്തിൽ കരിദിനം ആചരിച്ചത്? എന്തിനാണ് മുഖ്യമന്ത്രിയെ തടയാൻ കോൺഗ്രസുകാർ തെരുവിലിറങ്ങിയതും വണ്ടിക്ക‌ുമുന്നിൽ ചാടിയതും? എന്താവശ്യത്തിനാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കറുത്ത ബാന്റ‌് അണിഞ്ഞ‌് ചെന്നുകയറിയത്?

സംഘപരിവാർ തെളിക്കുന്ന വഴിയിലാണ് ഇന്ന് കേരളത്തിലെ കോൺഗ്രസിന്റെ സഞ്ചാരം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വ്യക്തിപരമായി അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ് കേരളത്തിലെ കോൺഗ്രസ് ശബരിമല വിഷയത്തിൽ സ്വീകരിച്ച സമീപനമെന്നു പറഞ്ഞത് എതിരാളികളല്ല, -രാഹുൽ ഗാന്ധി തന്നെയാണ്. ദേശീയ തലത്തിൽ ആ പാർടി പ്രഖ്യാപിച്ച അഭിപ്രായത്തിന് നേർവിപരീതമാണ് കേരള ഘടകത്തിന്റേത്.  ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് കയറാം, അതാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശത്തിന്റെ ശരിയായ പ്രയോഗമെന്നു പറഞ്ഞത് കേരളത്തിലെ എൽഡിഎഫ് സർക്കാരല്ല. അത് സുപ്രീംകോടതിയുടെ വിധിയാണ്. ആ വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി കൂട്ടാക്കിയിട്ടില്ല. വിധി  അംഗീകരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. രാജ്യം ഏറ്റവുമധികം കാലം ഭരിച്ച കക്ഷിയായ കോൺഗ്രസിന് അതറിയാത്തതല്ല. എന്നിട്ടും ആ വസ‌്തുതകളിലേക്ക‌് അവർ കടക്കുന്നില്ല.

ശബരിമലയെയും അതിലൂടെ കേരളത്തെയാകെയും കലാപഭൂമിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് സംഘപരിവാറാണ്. ഭക്തർ, തീർഥാടകർ എന്ന ലേബലിൽ തെരുവിൽ അക്രമപ്പേക്കൂത്താടുന്നത് സംഘപരിവാറിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ്. അവർ സംസ്ഥാനാടിസ്ഥാനത്തിൽ അഞ്ച‌് ഹർത്താലാണ് മൂന്നു മാസത്തിനകം നടത്തിയത്, അപകടമരണത്തെയും ആത്മഹത്യയെയും  ഹർത്താലിനുള്ള കാരണങ്ങളാക്കി മാറ്റി ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചത് സംഘനേതൃത്വമാണ്. ഏറ്റവുമൊടുവിൽ, രണ്ട‌് യുവതികൾ ശബരിമല ദർശനം നടത്തിയപ്പോൾ, സന്നിധാനത്തോ ക്ഷേത്ര പരിസരത്തോ ഒരു പ്രശ്നവുമുണ്ടായില്ല. അവിടെ ഉണ്ടായിരുന്ന ഒരു ഭക്തനും രോഷം കൊണ്ടില്ല. പക്ഷേ, സംഘപരിവാർ ആസൂത്രിതമായി അക്രമമഴിച്ചുവിട്ടു. ഏതെങ്കിലും കോൺഗ്രസ് നേതാവ് അതിനെതിരെ ഒരക്ഷരം ഉരിയാടിയതായി മലയാളി കേട്ടില്ല. പകരം, സംഘഹർത്താലിനു പിറകെ കരിദിന പ്രഖ്യാപനം നടത്തുകയാണവർ ചെയ‌്തത‌്.   ഹർത്താൽ വിജയിപ്പിക്കാനുള്ള അക്രമസമരങ്ങളിലാണ് കോൺഗ്രസ‌് ഏർപ്പെട്ടത്. അതിന്റെ തുടർച്ചയാണ്, ബിജെപിക്കുവേണ്ടി പാർലമെന്റിൽ ഇടപെടാൻ കോൺഗ്രസ് നടത്തിയ നീക്കം.

ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചെന്നുകണ്ട‌് അപേക്ഷിക്കാനാണ് കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാർ തീരുമാനിച്ചത്. അങ്ങനെ അവർ അപേക്ഷിച്ചാൽ അതനുസരിച്ച‌് പ്രവർത്തിക്കുന്ന ആളാണ് നരേന്ദ്ര മോഡി എന്നാണവർ ധരിക്കുന്നത്. കേരളത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനും ജങ്ങൾക്കിടയിൽ അതിന്റെ പേരിൽ വിഭജനം ഉണ്ടാക്കാനും അതിലൂടെ രാഷ്ട്രീയ സുവർണാവസരം കൈപ്പിടിയിലൊതുക്കാനും തക്കംപാർത്തിരിക്കുന്ന സംഘപരിവാറിന്റെ നേതാവാണ് മോഡിയെന്ന് തിരിച്ചറിയാനുള്ള വിവരവും വിവേകവും ഇല്ലാത്തവരാണോ കേരളത്തിലെ കോൺഗ്രസുകാർ?

കാര്യങ്ങൾ ലളിതമാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബിജെപിയുടേതിൽനിന്ന് വ്യത്യസ‌്തമായ ഒരു രാഷ്ട്രീയവും പറയാനില്ല. അത് തിരിച്ചറിഞ്ഞ, പ്രമുഖ നേതാക്കളുൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്യുന്നു. വിധി സുപ്രീംകോടതിയുടേതാണെന്ന വസ‌്തുതപോലും മറച്ചുപിടിച്ച‌്, ബിജെപിക്കും സംഘശക്തികൾക്കും ജയജയ പാടുന്ന കോൺഗ്രസ് നിലനിൽപ്പിനുള്ള പരാക്രമമാണ് കാണിക്കുന്നത്. രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കൾ കോൺഗ്രസിനെയും അതിന്റെ നെഹ‌്റൂവിയൻ പാരമ്പര്യത്തെയും സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ട് കെട്ടുമ്പോൾ, മതനിരപേക്ഷ മനസ്സുള്ള കോൺഗ്രസുകാർക്ക‌് പ്രതികരിക്കാതിരിക്കാനാവില്ല. 

കേരളത്തിൽനിന്നുള്ള എംപിമാർ കോൺഗ്രസിന്റെ നയം അല്ല നടപ്പാക്കുന്നതെന്നും  പാർലമെന്റിൽ  പ്രതിഷേധം പാടില്ലെന്നും സോണിയ ഗാന്ധി പറഞ്ഞതായി  റിപ്പോർട്ട് വന്നിട്ടുണ്ട്. യുവതീപ്രവേശത്തെ പൂർണമായും എതിർക്കുകയും സംഘപരിവാർ അക്രമങ്ങളെ തള്ളിപ്പറയാതിരിക്കുകയും ചെയ്യുന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ  ഇരട്ടത്താപ്പ് ആ പാർടിയിൽ തന്നെ വലിയ ഭിന്നതയുണ്ടാക്കിയിരിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഒരു സുപ്രധാന വിഷയത്തിൽ രാജ്യത്താകെ ഒരു നയം പറയാൻ കെൽപ്പില്ലാത്ത പാർടിയാണിന്ന‌് കോൺഗ്രസ‌്. ബിജെപിയുടെ ബി ടീമായി അലിഞ്ഞുതീരുന്ന കോൺഗ്രസിന്റെ അരികുപറ്റി നിൽക്കുന്ന യുഡിഎഫ് ഘടകകക്ഷികൾക്കും   ഈ വിഷയത്തിൽ വ്യക്തതയുള്ള നിലപാട് പറയേണ്ടിവരും. തങ്ങൾ വിശ്വാസികൾക്കൊപ്പമാണ് എന്ന പുറംമേനി ന്യായത്തിനൊന്നും വിവേകപൂർണമായി ചിന്തിക്കുന്ന ജനങ്ങൾക്കുമുന്നിൽ നിലനിൽപ്പില്ല. ആർഎസ്എസിന്റെ വർഗീയ-കലാപ രാഷ്ട്രീയത്തോടൊപ്പമാണോ അല്ലയോ എന്ന ചോദ്യത്തിനാണ് യുഡിഎഫ് ഉത്തരം പറയേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top