26 April Friday

കേരളത്തിന്റെ ചെറുത്തുനില്‍പ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017


പ്രതിലോമ പ്രവണതകള്‍ ഏതു രൂപത്തില്‍ വന്നാലും അതിനെ മുന്‍കൂട്ടി മനസ്സിലാക്കാനും പ്രതിരോധിക്കാനും മലയാളിസമൂഹം ജാഗ്രതപാലിക്കാറുണ്ട്. 1971ല്‍ തലശേരിയിലൂടെ വര്‍ഗീയകലാപത്തിന്റെ വിഷം പ്രവഹിപ്പിച്ച് കേരളത്തെ വിദ്വേഷത്തിന്റെ അരങ്ങാക്കിമാറ്റാന്‍ ആര്‍എസ്എസ് ശ്രമിച്ചപ്പോള്‍ ചെറുത്തുനിന്നത് ഇന്നാട്ടിലെ ഇടതുപക്ഷമാണ്. സ്വജീവന്‍ ത്യജിച്ചും മതസൌഹാര്‍ദം കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് കലാപാഗ്നി നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയ സിപിഐ എം പ്രവര്‍ത്തകരും പ്രതിജ്ഞ യാഥാര്‍ഥ്യമാക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കിയ സഖാവ് യു കെ കുഞ്ഞിരാമനുമാണ് ആ ചെറുത്തുനില്‍പ്പിന്റെ എക്കാലത്തെയും തിളങ്ങുന്ന പ്രതീകം. വര്‍ഗീയശക്തികള്‍ക്ക് വഴങ്ങുന്ന നാടല്ല എന്നതുകൂടിയാണ് കേരളം ലോകത്തിന് മാതൃകയാകുന്നതിന്റെ ഒരു ഹേതു. ഈ നാടിനുനേരെ വര്‍ഗീയശക്തികളില്‍നിന്ന് ഇന്നുയരുന്ന ആക്രോശവും ദുഷ്പ്രചാരണങ്ങളും അതിന്റെ ഉപോല്‍പ്പന്നമാണ്. രാഷ്ട്രീയ അധികാരത്തോടൊപ്പം സാംസ്കാരിക കോയ്മയും അടിച്ചേല്‍പ്പിച്ച് രാജ്യത്തിനുമേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് കേരളം മുഖ്യശത്രുവാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അത് തിരിച്ചറിഞ്ഞും മതനിരപേക്ഷതയുടെ മഹിതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചും തുടര്‍ച്ചയായ ഇടപെടലുകള്‍ കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ പശ്ചാത്തലവും അതുതന്നെയാണ്. ഹിന്ദുരാഷ്ട്രവാദത്തെയും ഫാസിസ്റ്റ് ശൈലിയിലുള്ള രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവരെ ശാരീരികമായി ഇല്ലാതാക്കുന്ന സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ പ്രതിരോധം തീര്‍ത്ത് കഴിഞ്ഞദിവസം കോഴിക്കോട്ട് ചേര്‍ന്ന സെമിനാറില്‍ തെളിഞ്ഞതും കേരളത്തിന്റെ ഈ മനസ്സുതന്നെയാണ്. 

ആട്ടിയകറ്റിയ ഇരുട്ടിന്റെ ശക്തികള്‍ പുതിയ രൂപത്തില്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ പിടിമുറുക്കുന്നതിന്റെ ലക്ഷണം കൂടുതല്‍ കൂടുതല്‍ പ്രകടമാവുകയാണിന്ന്. അത്തരം ശക്തികളാണ് തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ വധിക്കുന്നത്; ഭീഷണിപ്പെടുത്തുന്നത്. സ്വതന്ത്രചിന്ത എഴുത്തിലൂടെ പ്രസരിപ്പിച്ച നാലു പ്രഗത്ഭമതികള്‍ കൊലചെയ്യപ്പെട്ട രംഗം ഇന്ന് നമ്മുടെ കണ്‍മുന്നിലുണ്ട്. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി- ഏറ്റവുമൊടുവില്‍ ഗൌരി ലങ്കേഷ് എന്നിവര്‍ തങ്ങളുടെ നിലപാടുകള്‍ സംഘപരിവാറിന്റെ നിലപാടുകള്‍ക്കനുസരിച്ച് മാറ്റാന്‍ തയ്യാറാകാത്തവരായിരുന്നു. പ്രഗത്ഭ എഴുത്തുകാരനായ യു ആര്‍ അനന്തമൂര്‍ത്തിക്ക് മരണക്കിടക്കയില്‍പ്പോലും ഭീഷണി നേരിടേണ്ടിവന്നു. തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും എഴുത്തുകാരെയും വേട്ടയാടുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ വിശാലമായ ജനകീയപ്രതിരോധം ആവശ്യമാണെന്ന് കോഴിക്കോട് സെമിനാര്‍ വിലയിരുത്തി.

സത്യം വിളിച്ചുപറയുന്ന നാവും അസഹിഷ്ണുതയ്ക്കെതിരെ ചലിക്കുന്ന പേനയുമാണ് ഗൌരി ലങ്കേഷിന് കൈമുതലായി ഉണ്ടായിരുന്നത്. ആ എഴുത്തുകാരിക്ക് വധശിക്ഷ വിധിച്ചവര്‍ കണ്ട 'കുറ്റ'വും അതുതന്നെയായിരുന്നു. വെടിവച്ചുകൊന്നശേഷം ഗൌരിയെ 'കൊല്ലപ്പെടേണ്ടവളാ'ക്കി, അവഹേളനത്തിന്റെ പുതപ്പണിയിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളും ആവര്‍ത്തിച്ചുമുഴക്കുന്ന കൊലവിളിയും എത്രമാത്രം ജാഗ്രതയും പ്രതികരണവും ആവശ്യപ്പെടുന്നുണ്ട് എന്ന ചര്‍ച്ചയാണ് സെമിനാറില്‍ ഉടനീളം ഉയര്‍ന്നത്. സംഘപരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും കൊലവിളികളിലുള്ള കേരളീയരുടെ അതൃപ്തി സെമിനാറിലെ വിപുലമായ ജനപങ്കാളിത്തത്തില്‍ പ്രകടമായിരുന്നു.

2014ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ആര്‍എസ്എസ് രാജ്യത്ത് നടത്തിയ സമഗ്രാധിപത്യത്തിലേക്കുള്ള ആസൂത്രിതനീക്കങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാറില്‍ സംസാരിച്ചത്. വിവിധ സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേശീയത അംഗീകരിക്കാത്ത; ഹിറ്റ്ലറുടെ തത്വശാസ്ത്രവും മുസ്സോളിനിയുടെ സംഘടനാരൂപവും സ്വീകരിച്ച; ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തെ തള്ളിപ്പറഞ്ഞ ആര്‍എസ്എസ് രാജ്യത്തിന്റെ നാനാമേഖലകളിലും പിടിമുറുക്കുന്നതിന്റെ വിപത്കരമായ സൂചനകള്‍ ചൂണ്ടിക്കാട്ടിയാണ്, ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയ്ക്ക് പിണറായി അടിവരയിട്ടത്. സംഘപരിവാറിന്റെ ഭീഷണി നേരിടാന്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ട പുതിയ രാഷ്ട്രീയമുന്നേറ്റത്തെക്കുറിച്ചും അതില്‍ ഇടതുപക്ഷം വഹിക്കേണ്ട നേതൃപരമായ പങ്കാളിത്തത്തെക്കുറിച്ചുമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  വിശദീകരിച്ചത്. കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഇന്ത്യക്കുമുന്നില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന ബദലിന്റെ സന്ദേശംതന്നെയായി ഫലത്തില്‍ മാറി. എതിര്‍ശബ്ദങ്ങള്‍ക്കുനേരെ വെടിയുണ്ടകള്‍ ചീറിപ്പായുന്ന സമകാലിക ഇന്ത്യയുടെ ഭീഷണമായ അവസ്ഥയില്‍നിന്ന് കുതറിമാറാന്‍ രൂപപ്പെടുത്തേണ്ട ശരിയായ ഐക്യത്തിന്റെ മാതൃകയാണ് സെമിനാര്‍ വരച്ചിട്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top