19 April Friday

കശ‌്മീര്‍: അശാന്തിക്ക‌് ആക്കംകൂട്ടുന്ന പിന്മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018


ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴിനുശേഷം ഒമ്പതാം തവണയാണ‌് ഗവർണർ ഭരണത്തിലേക്ക് കശ‌്മീർ നീങ്ങുന്നത‌്. പേരിനെങ്കിലും നിലനിന്ന ജനാധിപത്യഭരണം സംസ്ഥാനത്ത് ഇല്ലാതായി.

ബിജെപിക്ക് കശ‌്മീർ തെരഞ്ഞെടുപ്പ‌് വിഷയംമാത്രമാണ്. അയോധ്യയിലെ രാമക്ഷേത്രംപോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവരത് ഉയർത്തിവിടും.  രണ്ടുവർഷംമുമ്പ് അധികാരം കൈയാളാൻമാത്രമായുണ്ടാക്കിയ ഭരണസഖ്യത്തിൽനിന്നുള്ള ബിജെപി പിന്മാറ്റം ഇക്കാര്യം ഒരിക്കൽകൂടി വ്യക്തമാക്കുന്നു.
തീർത്തും തത്വരഹിതമായ സഖ്യമാണ് ബിജെപിയും പിഡിപിയുമായി ഉണ്ടാക്കിയിരുന്നത്. ഒരു കാര്യത്തിലും യോജിപ്പില്ലാത്ത രണ്ടു പാർടികൾ അധികാരം പങ്കുവയ‌്ക്കാൻമാത്രമായി ഒന്നിക്കുന്ന അശ്ലീലകാഴ്ചയായിരുന്നു ആ സഖ്യം. അന്നേ അത് പലരും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ രണ്ടുവർഷത്തിനുശേഷം ബിജെപി പൊടുന്നനെ പിന്മാറുന്നു. പെട്ടെന്നെന്തുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമില്ല. മുമ്പുണ്ടായിരുന്ന ഭിന്നതകളൊക്കെ ഇന്നും നിലനിൽക്കുന്നു. പുതുതായി ഒന്നുമില്ല. ബിജെപി വിശദീകരിക്കുന്നുമില്ല.

ഈ പിന്മാറ്റത്തിന്റെ ലക്ഷ്യം ഒന്നേയുള്ളൂ; ലോക‌്സഭാ തെരഞ്ഞെടുപ്പ്. കശ‌്മീരിനെ ഭീകരതയുടെ; അതും ഇസ്ലാം ഭീകരതയുടെമാത്രം നാടായി ചിത്രീകരിച്ച് ബിജെപിക്ക് വോട്ടുതേടണം. അതിന് ഈ ഭരണസഖ്യം അസൗകര്യമാണ്. ഹിന്ദുത്വഭീകരതയുടെ വാദമുഖങ്ങൾക്ക് ശക്തിചോർത്തുന്ന ഈ സഖ്യം വിട്ടാൽ കശ‌്മീരിലെ ‘ഇസ്ലാം ഭീകരത'യെപ്പറ്റി അവർക്ക് വാചാലരാകാം. ഹിന്ദുവോട്ടിലേക്ക് കൂടുതൽ അടുക്കാം. അവർ കണക്കുകൂട്ടുന്നത് അതാണ്.

കശ‌്മീരിലെ  പ്രശ്നങ്ങൾ എന്നും സങ്കീർണമാണ്. ലളിതപരിഹാരങ്ങളുള്ള പ്രശ്നങ്ങളല്ല അവിടെയുള്ളത്. സൈന്യത്തിന്റെ എണ്ണം കൂട്ടിയും ഭീകരർ എന്ന പേരിൽ കണ്ണിൽകണ്ടവരെയൊക്കെ ചുട്ടുകൊന്നും പരിഹരിക്കാവുന്ന പ്രശ്നമല്ല കശ‌്മീരിലേത്. അവിടെ വേണ്ടത് രാഷ്ട്രതാൽപ്പര്യം മുൻനിർത്തിയും നിലവിലെ യാഥാർഥ്യം മനസ്സിലാക്കിയുമുള്ള രാഷ്ട്രീയപരിഹാരമാണ്. ബിജെപി ഒരിക്കലും അതാഗ്രഹിക്കുന്നില്ല. കശ‌്മീർ അവർക്ക് ഇന്ത്യയിലെവിടെയും വർഗീയപ്രചാരണത്തിനുള്ള ഇന്ധനംമാത്രമാണ്. ഇപ്പോൾ പെട്ടെന്നുണ്ടായ ഭരണംവിടലും അതിന്റെ സൂചനമാത്രം.

കശ‌്മീരിലെ പ്രശ്നങ്ങൾ കഴിഞ്ഞ നാലുവർഷത്തിനിടെ കൂടുതൽ കുഴഞ്ഞുമറിയുകയാണുണ്ടായത്. ജനങ്ങൾ സർക്കാരിൽനിന്ന് കൂടുതൽ അകന്നു. അക്രമം വർധിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ പെരുകി. കശ‌്മീരിലെ വിവിധ മേഖലകൾ തമ്മിലും വിവിധ സമുദായങ്ങൾ തമ്മിലുമുള്ള ഭിന്നത പിന്നെയും വർധിച്ചു. സർക്കാർ നടപടികൾ ഈ ധ്രുവീകരണത്തിന് ശക്തികൂട്ടി.

ഈ കാലത്തെ സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിലെല്ലാം ബിജെപി കക്ഷിയായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തകർച്ചയുടെ മുഖ്യ ഉത്തരവാദിത്തം കേന്ദ്ര ഭരണകക്ഷികൂടിയായ അവർക്കുതന്നെ. ഭരണത്തിൽനിന്നുള്ള പിന്മാറ്റമോ സർക്കാർ നടപടികളെ തള്ളിപ്പറയലോകൊണ്ട് ഇത് ഒളിപ്പിക്കാനാകില്ല.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ജനകീയ പങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ, ഈ ജനകീയമുന്നേറ്റത്തിന് ഉതകുന്നതായില്ല തുടർ നടപടികൾ. അനന്തനാഗ‌് ലോക‌്സഭാ സീറ്റ് ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. അവിടെ പക്ഷേ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായിട്ടില്ല.

സഖ്യഭരണം തുടങ്ങുമ്പോൾ ബിജെപി മുന്നോട്ടുവച്ച ചില വാഗ്ദാനങ്ങളുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുതന്നെയാണ് അവ പരസ്യമായി പ്രഖ്യാപിച്ചത്. ജനങ്ങളുടെ വശ്വാസമാർജിക്കാനുള്ള നടപടികളും എല്ലാ വിഭാഗങ്ങളുമായി ചർച്ചയുമായിരുന്നു ഈ വാഗ്ദാനങ്ങൾ. പക്ഷേ, രണ്ടും ലംഘിക്കപ്പെട്ടു. വിശ്വാസമാർജിക്കാനുള്ള നടപടികൾക്ക് പകരം ജനങ്ങളെ കൂടുതൽ അന്യവൽക്കരിക്കുന്ന നടപടികളുണ്ടായി. എല്ലാവരുമായി  ചർച്ചയെന്നതും നടപ്പായില്ല. ഫലത്തിൽ രാജ്യം കൂടുതൽ അസമാധാനത്തിലേക്ക് നീങ്ങി.

ചർച്ചകളിലൂടെ വിശ്വാസം വീണ്ടെടുക്കാൻ സാധ്യതകൾ അടുത്തകാലത്ത് തുറന്നിരുന്നു. പാകിസ്ഥാനുമായിപ്പോലും ചർച്ചയ്ക്ക് വഴിതെളിഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി മേയിൽ ഇത് സ്ഥിരീകരിച്ചു. ഹുറിയത്തും ചർച്ചയ്ക്കൊരുങ്ങുന്നതായി സൂചന വന്നു. റമദാൻകാലത്തെ വെടിനിർത്തലും നല്ല പ്രതികരണം ഉണ്ടാക്കി.
എന്നാൽ, വെടിനിർത്തൽ തുടരാനോ കടുത്ത സൈനികനടപടികൾ തൽക്കാലം നിർത്തിവയ‌്ക്കാനോ സർക്കാർ തയ്യാറായില്ല. അന്തരീക്ഷം വീണ്ടും കലുഷിതമായി.
അതിന്റെ പാരമ്യത്തിൽ ഇപ്പോൾ, പേരിനെങ്കിലും ഉണ്ടായിരുന്ന ജനകീയ സർക്കാരിനെക്കൂടി ഇല്ലാതാക്കി. പൂർണ അരക്ഷിതാവസ്ഥയിലേക്ക് കശ‌്മീരിനെ തള്ളി.

നാട്ടിൽ കുറച്ചെങ്കിലും വേരോട്ടമുള്ള രാഷ്ട്രീയപാർടികൾക്ക് ആർജിക്കാനാകാത്ത വിശ്വാസ്യത ഏതായാലും ഗവർണറിലൂടെ അടിച്ചേൽപ്പിക്കപ്പെടുന്ന കേന്ദ്രഭരണത്തിനാകില്ലെന്നുറപ്പ്. ഉദ്യോഗസ്ഥഭരണവും സൈനിക നടപടികളും മാത്രമാകും ഇനി ഉണ്ടാകുക. ചുരുക്കത്തിൽ കശ‌്മീർ ഇനി വറചട്ടിയിലേക്കാകും എറിയപ്പെടുക. ഈ ദുഃസ്ഥിതിക്ക‌് വഴിവച്ച ബിജെപി അപ്പോഴും രാഷ്ട്രീയലാഭംമാത്രമായിരിക്കും എണ്ണുക. കശ‌്മീർ ജനത വീണ്ടും വഞ്ചിക്കപ്പെടുകയാണ്. സമാധാനം കൂടുതൽ അകലെയാകുകയാണ്.

ചർച്ചയിലൂടെ ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തിമാത്രമേ കശ‌്മീരിനെ രക്ഷിക്കാനാകൂ. ഭരണാധികാരികൾ ഇത് തിരിച്ചറിയുന്ന കാലംവരെ കശ‌്മീരിൽ അശാന്തി തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top