27 April Saturday

ജനാധിപത്യം അന്യമായ ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022


ബിജെപിയുടെ തന്ത്രപ്രധാന സമിതികളായ പാർലമെന്ററി ബോർഡിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിറ്റിയുടെയും പുനഃസംഘടന പലവിധ ചർച്ചയ്ക്ക്‌ തുടക്കംകുറിച്ചിരിക്കുന്നു. എട്ടു വർഷത്തിനുശേഷമുള്ള അഴിച്ചുപണി അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പുകൾക്കും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമായി ബിജെപി നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന്‌ ദേശീയ മാധ്യമങ്ങളും ഒരുവിഭാഗം രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. വിവിധ സംസ്ഥാനങ്ങൾക്കും ജാതിവിഭാഗങ്ങൾക്കും ഇരുസമിതിയിലും നൽകിയ പ്രാതിനിധ്യം ചൂണ്ടിക്കാണിച്ചാണ്‌ ഈ പ്രചാരണം. പ്രാദേശികഭാഷാ മാധ്യമങ്ങളും ഈ വാദം ഏറ്റുപിടിച്ചിട്ടുണ്ട്‌.  പാർലമെന്റിലെയും നിയമസഭകളിലെയും ബിജെപി ഘടകങ്ങളെ നിയന്ത്രിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുകയെന്നതാണ്‌ പാർലമെന്ററി ബോർഡിന്റെ പ്രധാന ചുമതലയായി വിവക്ഷിക്കപ്പെടുന്നത്‌.

ഒന്നാം മോദി സർക്കാർ 2014ൽ അധികാരത്തിൽവന്നശേഷം അമിത്‌ ഷാ ബിജെപി അധ്യക്ഷനായപ്പോഴാണ്‌ ഇതിനുമുമ്പ്‌ പാർലമെന്ററി ബോർഡ്‌ പുനഃസംഘടിപ്പിച്ചത്‌. എം വെങ്കയ്യനായിഡു _2017ൽ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതും അനന്ത്‌ കുമാർ (2018), സുഷ്‌മ സ്വരാജ്‌, അരുൺ ജെയ്‌റ്റ്‌ലി (2019) എന്നിവരുടെ നിര്യാണവും കഴിഞ്ഞവർഷം  തൽവർചന്ദ്‌ ഗെലോട്ട്‌   ഗവർണറായി നിയമിതനായതും അഞ്ച്‌ _ഒഴിവിന്‌ കാരണമായി. ഇത്രയും _ഒഴിവ്‌ നിലനിന്നിട്ടും പുതിയ ആളുകളെ കൊണ്ടുവരാൻ തയ്യാറായില്ല. മുതിർന്ന പല നേതാക്കളെയും പ്രായപരിധിയുടെ പേരിൽ തഴയുകയും ചെയ്‌തു. ഫലത്തിൽ ബിജെപി മന്ത്രിസഭകളുടെ രൂപീകരണം പോലുള്ള വിഷയങ്ങളിലടക്കം ചർച്ചകളില്ലാതെ തീരുമാനം വരുന്ന സ്ഥിതിയുണ്ടായി. പല സംസ്ഥാനത്തിലും മുഖ്യമന്ത്രിമാരെ ഇടയ്‌ക്ക്‌ മാറ്റേണ്ടിവന്നു. _ഇപ്പോഴത്തെ പുനഃസംഘടന  _വസ്‌തുതാപരമായും സൂക്ഷ്‌മമായും പരിശോധിക്കുമ്പോഴും ബിജെപിയിൽ നിലനിൽക്കുന്ന അവിശ്വാസത്തിന്റെയും അസ്വാരസ്യത്തിന്റെയും പ്രതിഫലനം _കാണാനാകും. സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപി ആന്തരികമായി എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തമാകുന്നു. 

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി രണ്ട്‌ സമിതിയിൽനിന്നും പുറത്തായി. ഗഡ്‌കരിയുടെ പരസ്യവിമർശങ്ങളിലും നിലപാടുകളിലും _പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും അടക്കമുള്ള ബിജെപി നേതൃത്വം അസ്വസ്ഥരാണ്‌. ഇന്ന്‌ രാഷ്‌ട്രീയപ്രവർത്തനം അധികാരം നിലനിർത്തൽ മാത്രമായി മാറിയെന്നും രാഷ്‌ട്രീയപ്രവർത്തകർ സമൂഹത്തിനുവേണ്ടിയാണ്‌ പ്രവർത്തിക്കേണ്ടതെന്നും കഴിഞ്ഞമാസം നാഗ്‌പുരിൽ നടന്ന ചടങ്ങിൽ ഗഡ്‌കരി തുറന്നടിച്ചിരുന്നു. _മുൻ ദേശീയ പ്രസിഡന്റുമാർ പാർലമെന്ററി _ബോർഡിൽ ഉറപ്പായും അംഗമാകുന്ന കീഴ്‌വഴക്കം ലംഘിക്കപ്പെടുന്നവിധത്തിൽ ഗഡ്‌കരി തരംതാഴ്‌ത്തലിന്‌ വിധേയനായതിന്‌ കൂടുതൽ കാരണം അന്വേഷിക്കേണ്ടതില്ല. അഭിപ്രായം _തുറന്നുപറയുന്നവർക്ക്‌ പാർലമെന്ററി ബോർഡിൽ _ഇടംനൽകാൻ മോദിയും അമിത്‌ ഷായും ഭയക്കുന്നു. _നാലാം തവണയും മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായ ശിവ്‌രാജ്‌ സിങ്‌ ചൗഹാനാണ്‌ പാർലമെന്ററി ബോർഡിൽനിന്ന്‌ പുറത്തായ മറ്റൊരു നേതാവ്‌. ബിജെപി മുഖ്യമന്ത്രിമാരിൽ ഏറ്റവും _പരിചയസമ്പത്തുള്ള ചൗഹാനെ ദേശീയ രാഷ്‌ട്രീയത്തിൽനിന്ന്‌ മാറ്റിനിർത്തുന്നത്‌ മോദി–-അമിത്‌ ഷാ കൂട്ടുകെട്ടിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ്‌.

എഴുപത്തഞ്ച്‌ വയസ്സ്‌ പിന്നിട്ടവർക്ക്‌ ബിജെപി ഭാരവാഹിത്വവും സർക്കാർപദവികളും നൽകില്ലെന്നതാണ്‌ _പ്രഖ്യാപിതനയം. എന്നാൽ, എഴുപത്തൊമ്പതുകാരനായ ബി എസ്‌ യെദ്യൂരപ്പയെയും എഴുപത്താറുകാരനായ സത്യനാരായൺ ജതിയയെയും പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തി. ഭരണപരാജയം, _അഴിമതിയാരോപണങ്ങൾ എന്നിവയെത്തുടർന്നാണ്‌ യെദ്യൂരപ്പയെ കഴിഞ്ഞവർഷം ജൂലൈയിൽ കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ മാറ്റിയത്‌. ബിജെപി നേതൃത്വം ചൂണ്ടിക്കാണിച്ചതാകട്ടെ പ്രായപരിധി തത്വവും. കർണാടകത്തിൽ പ്രബലരായ ലിംഗായത്ത്‌ സമുദായം യെദ്യൂരപ്പയുടെ സ്ഥാനനഷ്ടത്തിൽ രോഷാകുലരായി തുടരുകയാണ്‌. നിലവിലെ മന്ത്രിസഭ പല പ്രശ്‌നവും നേരിടുന്നതായി വാർത്തകൾ വരുന്നുണ്ട്‌. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന കർണാടകത്തിൽ സ്ഥിതി പരുങ്ങലിലാണെന്നുകണ്ടാണ്‌ യെദ്യൂരപ്പയെയും ലിംഗായത്ത്‌ സമുദായത്തെയും പ്രീണിപ്പിക്കാനായി അദ്ദേഹത്തെ 11 അംഗ പാർലമെന്ററി ബോർഡിലേക്ക്‌ ഉയർത്തിയത്‌. സംസ്ഥാന ബിജെപിയിലെ യെദ്യൂരപ്പവിരുദ്ധരെ പ്രകോപിപ്പിക്കുന്ന നീക്കമാണ്‌ ഇത്‌. തെലങ്കാനയിൽ തെരഞ്ഞെടുപ്പ്‌ നേട്ടങ്ങൾക്കായി ബിജെപി ശ്രമിക്കുന്ന സാഹചര്യത്തിലാണ്‌ അവിടെനിന്നുള്ള കെ ലക്ഷ്‌മണനെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തിയത്‌. സങ്കുചിത താൽപ്പര്യങ്ങളും സ്വാർഥമോഹങ്ങളുമാണ്‌ ബിജെപിയെ നയിക്കുന്നതെന്നതിൽ സംശയംവേണ്ട.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top