29 March Friday

പാലമിടുന്നത്‌ വോട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 9, 2021

ജനങ്ങളിലേക്ക്‌ പാലമിടണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അണികളെ ഉണർത്തിയത്‌ വർഷങ്ങൾക്കുശേഷം ചേർന്ന ബിജെപി ദേശീയ  എക്‌സിക്യൂട്ടീവിന്റെ സമാപന വേദിയിലാണ്‌. ഏഴു വർഷത്തിലേറെ ഭരണത്തിലിരുന്നിട്ടും ജനവിശ്വാസം നേടാനായില്ലെന്ന കുറ്റസമ്മതമാണോ മോദിയുടേത്‌. അതോ, ഇനിയും ജനങ്ങളെ വാഗ്‌ദാനക്കെണിയിൽ കുരുക്കി ഭരണം തുടരാമെന്ന വ്യാമോഹമോ. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിയും കോർപറേറ്റുസേവയും മുതലെടുത്താണ്‌ മോദി അധികാരത്തിലേറിയത്‌. 50 രൂപയ്‌ക്ക്‌ പെട്രോൾ, കള്ളപ്പണം പിടിച്ചെടുത്ത്‌ പാവങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിലിടും എന്നൊക്കെ പറഞ്ഞാണ്‌ വോട്ടുനേടിയത്‌. ഹിന്ദുത്വവികാരവും വികസന വായാടിത്തവും തരംപോലെ ഉപയോഗിച്ച്‌ രണ്ടാമൂഴവും നേടി. ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന വർഗീയ അജൻഡകളും കോർപറേറ്റ്‌ തോഴൻമാരുടെ താൽപ്പര്യങ്ങളുമായിരുന്നു ബിജെപി ഭരണത്തിന്റെ മുഖമുദ്ര. പക്ഷേ, ദുരിതങ്ങൾ പേറുന്ന സാമാന്യ ജനങ്ങൾ യാഥാർഥ്യങ്ങളിലേക്ക്‌ കണ്ണുതുറന്നിരിക്കുന്നു. പാലമിടലും ജനസേവനവുമൊക്കെ ഉരുവിടാൻ മോദി നിർബന്ധിതനായ സാഹചര്യം ഇതാണ്‌.

അതിസമ്പന്നർ ഒഴികെ, മറ്റെല്ലാ ജനവിഭാഗങ്ങളുടെയും നട്ടെല്ലൊടിച്ച കാലമാണ്‌ പിന്നിട്ട ഏഴരവർഷം. ഡീസൽ വിലനിയന്ത്രണംകൂടി എടുത്തുകളഞ്ഞതോടെ വിലക്കയറ്റം പിടിച്ചാൽ കിട്ടാതായി. പാചകവാതകം തൊട്ടാൽ പൊള്ളും. തൊഴിലുറപ്പും ഗ്രാമവ്യവസായങ്ങളും തകർത്തു. പൊതുമേഖല വിറ്റുതുലച്ചു. എയർഇന്ത്യയും ഇന്ത്യൻ റെയിൽവേയും വിമാനത്താവളങ്ങളും കപ്പൽശാലകളും ഇനി ദേശീയതയുടെ ചിഹ്നങ്ങളല്ല. നികുതിപ്പണംകൊണ്ടു നിർമിച്ച റോഡും പാലവുംവരെ വിൽപ്പനയ്‌ക്കുവച്ചു. കുത്തകകളുടെ വായ്‌പകൾ എഴുതിത്തള്ളി. പ്രളയവും മഹാമാരിയും വീർപ്പുമുട്ടിച്ച നാളുകളിൽപ്പോലും കേന്ദ്രഭരണം ജനജീവിതത്തിലേക്ക്‌ എത്തിനോക്കിയില്ല. വാക്‌സിൻ വിലകൊടുത്തു വാങ്ങണമെന്ന തീരുമാനം സുപ്രീംകോടതിയാണ്‌ തിരുത്തിച്ചത്‌.

കാർഷിക മേഖലയാകെ വിദേശമൂലധനത്തിന്‌ തുറന്നുകൊടുത്ത നിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു വർഷമായി മണ്ണിന്റെ മക്കൾ തെരുവിൽ പോരാടുകയാണ്‌. സമര ഭൂമികളിൽ തണുത്തുവിറച്ചും പകർച്ചവ്യാധി പിടിച്ചും വാഹനം ഇടിച്ചുമൊക്കെ കൊല്ലപ്പെട്ടവർ എഴുന്നൂറോളമാണ്‌.  ലക്ഷക്കണക്കായ ഈ കർഷക പോരാളികൾ മോദി പാലമിടാനൊരുങ്ങുന്നവരിൽ ഉൾപ്പെടുമോ. കർഷകരേ, എന്താണ്‌ നിങ്ങളുടെ ആവശ്യമെന്ന്‌ ഒരുതവണയെങ്കിലും ചോദിക്കാൻ തോന്നാത്ത ഈ ഭരണാധികാരിയാണ്‌ ഗ്രാമീണ ഇന്ത്യയുടെ വിശ്വാസം തേടിയിറങ്ങാൻ പ്രവർത്തകരെ ആഹ്വാനം ചെയ്യുന്നത്‌.

എന്ത്‌ അതിക്രമം ചെയ്യുമ്പോഴും മത ചിന്തയും വിശ്വാസവും അടിത്തറയായുള്ള വോട്ടുബാങ്ക്‌ ഒപ്പമുണ്ടെന്ന അഹങ്കാരമാണ്‌ ബിജെപിയെ നയിച്ചിരുന്നത്‌. കോടികൾ മുടക്കി ജനവിധി അട്ടിമറിക്കാനുള്ള കുതന്ത്രങ്ങളും തുണച്ചുപോന്നു. എന്നാൽ, ജീവിതദുരിതങ്ങൾ നേർക്കുനേർ നിൽക്കുമ്പോഴെല്ലാം എല്ലാംമറന്ന്‌ പോരാളിയാകുന്ന മനുഷ്യരാണ്‌ ഇപ്പോൾ മോദിയുടെ തലക്കു തീ പിടിപ്പിക്കുന്നത്‌. കർഷകവിരുദ്ധ നിയമങ്ങൾ മാറ്റിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ മാറ്റുമെന്ന മുദ്രാവാക്യം ഉത്തരേന്ത്യൻ നാടുകളിൽ വേരുപിടിക്കുന്നത്‌ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്‌. അടുത്തിടെ നടന്ന ലോക്‌സഭ–- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം കടുത്ത ആഘാതമായതും ഇതുകൊണ്ടുതന്നെ. ഹിമാചലിലും ബംഗാളിലുമുണ്ടായ തിരിച്ചടി ബിജെപിയെ പുനർചിന്തനത്തിന്‌ പ്രേരിപ്പിക്കുന്നതായി. തൊട്ടടുത്ത ദിവസംതന്നെ പെട്രോൾ, ഡീസൽ നികുതി കുറച്ചത്‌ പ്രായശ്ചിത്തമായി വിലയിരുത്തപ്പെട്ടു. എന്നാൽ, അവിടെയും ദീപാവലി സമ്മാനമെന്ന വർഗീയ കാർഡ്‌ ഇറക്കാൻ മടിയുണ്ടായില്ല.

ഇത്തരം വിദ്യകളൊന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പര്യാപ്‌തമാകില്ലെന്ന പാഠം ബിജെപി പഠിക്കാനിരിക്കുന്നതേയുള്ളൂ. കർഷകരെ സഹായിക്കാനാണ്‌ പുതിയ നിയമങ്ങളെന്നും കക്കൂസ്‌ നിർമിക്കാനാണ്‌ പെട്രോൾ വില കൂട്ടുന്നതെന്നും പറയാൻ മടിക്കാത്തവരാണ്‌ ഇവർ. അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ചിൽ നാല്‌ സംസ്ഥാനത്തിലും ബിജെപിയാണ്‌ ഭരണകക്ഷി. തുടർന്നു നടക്കുന്ന രണ്ട്‌ സംസ്ഥാന തെരഞ്ഞെടുപ്പും അവർക്കുതന്നെയാണ്‌ വെല്ലുവിളി. വെറുതെയല്ല മോദി ജനങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നത്‌. പക്ഷേ, ആഗ്രഹിക്കുംപോലെ ജനവിശ്വാസമല്ല, ജനകീയ വിചാരണയാണ്‌ ബിജെപിയെ കാത്തിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top