26 April Friday

കേന്ദ്രഖജനാവ്‌ നിറച്ച്‌ പൊതുമേഖല

വെബ് ഡെസ്‌ക്‌Updated: Friday Mar 18, 2022



കോർപറേറ്റുകൾക്കും സമ്പന്നർക്കും നികുതിയിളവുകൾ നൽകുന്നതിലൂടെ വർധിച്ചുവരുന്ന റവന്യു കമ്മി നികത്താൻ പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്‌ ബിജെപി സർക്കാർ. 1990കളിൽ തുടങ്ങിയ പൊതുമേഖലാ വിൽപ്പനയിലൂടെ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ ആസ്‌തിയുള്ള സ്ഥാപനങ്ങളാണ്‌ വിറ്റുതുലച്ചത്‌. എന്നാൽ, നവരത്‌ന കമ്പനികൾപോലും വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതമായി (ഡിവിഡന്റ്‌) കേന്ദ്ര ഖജനാവിലേക്ക്‌ ഈ വർഷം ലഭിച്ചത്‌ അരലക്ഷം കോടി രൂപ. തുടർച്ചയായ രണ്ടാം വർഷവും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള ലാഭവിഹിതം പ്രതീക്ഷിച്ചതിനേക്കാൾ കൂടി. വിൽപ്പന നടപടി അവസാനഘട്ടത്തിലെത്തിയ സ്ഥാപനങ്ങൾവരെ വൻതുക ലാഭവിഹിതം നൽകി. കോവിഡ്‌ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലാണ്‌ ഈ നേട്ടമെന്നതും പ്രാധാന്യമർഹിക്കുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) കണക്കുകൾ പ്രകാരം, മാർച്ച് 13 വരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള ലാഭവിഹിതമായി കേന്ദ്രസർക്കാരിന്‌ ലഭിച്ചത്‌ 49,059 കോടി രൂപയാണ്. ധനവർഷം അവസാനിക്കുമ്പോൾ ഇത്‌ അര ലക്ഷം കോടി കവിയും. 46,000 കോടി രൂപയായിരുന്നു പുതുക്കിയ ബജറ്റിലെ പ്രതീക്ഷ. കോവിഡിന് മുമ്പുള്ള ധനവർഷത്തിൽ ലഭിച്ച 35,543 കോടിയേക്കാൾ 40 ശതമാനം കൂടുതലാണിത്‌. കഴിഞ്ഞ വർഷം 39,022 കോടിയാണ്‌ ലഭിച്ചത്‌. പ്രവർത്തനമേഖലയിൽ ആധിപത്യമുള്ള ഒഎൻജിസി, പവർ ഗ്രിഡ് കോർപറേഷൻ, എൻടിപിസി, കോൾ ഇന്ത്യ, ഐഒസി എന്നിവയാണ്‌ ലാഭവിഹിതത്തിൽ മുന്നിൽ. വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്ന ഭാരത് പെട്രോളിയം ലിമിറ്റഡ്‌ (ബിപിസിഎൽ) ഈ വർഷം ഇതുവരെ 1150 കോടി രൂപ ലാഭവിഹിതം നൽകി. കൂടാതെ, സ്വകാര്യവൽക്കരണത്തിന്‌ മുന്നോടിയായി 2021 ഒക്‌ടോബറിൽ 6665 കോടി രൂപ അന്തിമ ലാഭവിഹിതമായി നൽകിയിരുന്നു. എണ്ണക്കമ്പനികളും ലോഹ, ഖനന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭവിഹിതത്തിന്‌ പുറമേ അധിക തുക കൂടി നൽകണം. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനമാണ്‌ കേന്ദ്രത്തിന്റെ നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിൽ ഒന്ന്‌.

പൊതുമേഖലാ കമ്പനികൾ വിറ്റു കാശാക്കാൻ പലതരം ഇളവുകൾ പ്രഖ്യാപിക്കുന്ന സർക്കാരാകട്ടെ ഇവ കാര്യക്ഷമമായി നടത്തി ലാഭം വർധിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിക്കുന്നില്ല. വിത്തെടുത്ത്‌ കുത്തുക എന്ന സമീപനമാണ്‌ തുടരുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യക്ഷമമാക്കിയാൽ വൻ ലാഭം നേടാനും ഇത്‌ അടിസ്ഥാനസൗകര്യമേഖലയിൽ മുതൽ മുടക്കാനും കഴിയും. ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക ലാഭവിഹിതത്തിലൂടെ കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രഖജനാവിൽ എത്തിയിട്ടുണ്ട്‌. ലാഭവിഹിതം മാത്രമല്ല, ഇതിന്റെ എത്രയോ ഇരട്ടി നികുതികൂടി നൽകുന്നുണ്ട്‌. വൻകിട കുത്തകകൾ വൻതോതിൽ നികുതി വെട്ടിക്കുമ്പോൾ പൊതുമേഖല കൃത്യമായി നികുതി നൽകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ, മറ്റ്‌ അടിസ്ഥാനസൗകര്യങ്ങൾ, ഗുഡ്‌വിൽ തുടങ്ങിയവയൊന്നും കണക്കിലെടുക്കാതെ ഓഹരിവിൽപ്പനയ്‌ക്ക്‌ മുന്നോടിയായുള്ള ആസ്തികളുടെ മൂല്യ നിർണയത്തിലാണ്‌ ഏറ്റവും വലിയ ക്രമക്കേട്‌. തന്ത്രപ്രധാന സ്ഥാപനമായ സെൻട്രൽ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡ്‌(സിഇഎൽ), ബെമൽ, ബിപിസിഎൽ എന്നിവയുടെ മൂല്യനിർണയം ഇതിന്‌ ഉദാഹരണമാണ്‌. 38 ലക്ഷം കോടി രൂപയിലേറെ ആസ്‌തിയുള്ള എൽഐസിയുടെ മൂല്യം നിർണയിച്ചിരിക്കുന്നത്‌ 13 ലക്ഷം കോടി രൂപയ്‌ക്കാണ്‌. താൽക്കാലിക നേട്ടത്തിനായി പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലൂടെ ഭാവിയിലെ പ്രധാന വരുമാന സ്രോതസ്സാണ്‌ കേന്ദ്രസർക്കർ ഇല്ലാതാക്കുന്നത്‌.

ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌‌ലൈൻ പദ്ധതിയിലൂടെ സർക്കാർ ഉടമസ്ഥതയിലെ പശ്‌ചാത്തല ശൃംഖലയെ സ്വദേശ, വിദേശ കുത്തകകൾക്ക്‌ സൗജന്യമായി കൈമാറുകയാണ്‌. കുത്തകകൾക്ക്‌ നയാപൈസപോലും മുടക്കാതെ ചുളുവിൽ വൻവരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഏർപ്പാടാണിത്‌. പൊതുമേഖലയെ സംരക്ഷിക്കാൻ ശക്തമായ പോരാട്ടം അനിവാര്യമാണ്‌. മാർച്ച്‌ 28, 29 തീയതികളിലെ ദേശീയ പണിമുടക്ക്‌ പൊതുമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടംകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top