20 April Saturday

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Jul 22, 2017

 

അഴിമതിയിലാറാടിനിന്ന യുപിഎയെ പിടിച്ചുപുറത്താക്കാന്‍ ഇന്ത്യന്‍ ജനതയോടാഹ്വാനംചെയ്താണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ചത്. യുപിഎ ഭരണത്തില്‍ നടന്ന സഹസ്രകോടികളുടെ അഴിമതികണ്ട് മടുത്ത ജനങ്ങളില്‍ വലിയ വിഭാഗത്തിന്റെ അനുഭാവമാണ് നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിപദം സമ്മാനിച്ചത്. അധികാരമേറ്റശേഷം പക്ഷേ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി മറവിയിലേക്ക് തള്ളുകയായിരുന്നു ബിജെപി. വിദേശ ബാങ്കുകളില്‍ രഹസ്യമായി സൂക്ഷിച്ച കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരനും പതിനഞ്ചുലക്ഷം രൂപ സമ്മാനിക്കുമെന്ന കടന്ന വാഗ്ദാനംപോലും ഒരു മടിയുമില്ലാതെ ജനങ്ങള്‍ക്കുമുന്നില്‍ വച്ച നരേന്ദ്ര മോഡി അതേ ലാഘവത്തോടെ ആ വാഗ്ദാനം വിസ്മരിക്കുകയുംചെയ്തു. യുപിഎയുടെ ജനവിരുദ്ധ-സാമ്രാജ്യാനുകൂല സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ വാശിയാണ് മോഡിഭരണം തുടക്കംമുതല്‍ കാണിക്കുന്നത്. അതോടൊപ്പം വര്‍ഗീയതയുടെ മാരകവിഷം രാഷ്ട്രശരീരത്തില്‍ കുത്തിവയ്ക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്കുള്ള ഉപകരണമായി സ്വയം മാറുകയും ചെയ്യുന്നു. ഇതെല്ലാം പരസ്യമായി ചെയ്യുമ്പോഴും മോഡിയും ആര്‍എസ്എസും പ്രചരിപ്പിച്ചത്, അഴിമതിവിരുദ്ധ ഭരണമാണ് തങ്ങളുടേതെന്നാണ്. ആ വ്യാജപ്രചാരണത്തിന്റെ ചരമോപചാരമാണ് സമീപനാളുകളില്‍ സംഭവിക്കുന്നത്.

ശവപ്പെട്ടിമുതല്‍ വ്യാപംവരെ വ്യാപ്തിയിലും നെറികേടിലും  വ്യത്യസ്തതയുള്ള അനേകം അഴിമതികള്‍ ബിജെപിയുടെ അക്കൌണ്ടിലുണ്ട്്. ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് തെളിവ് സഹിതം പിടിക്കപ്പെട്ട് തലകുനിച്ച് ഇറങ്ങിപ്പോകേണ്ടിവന്ന ഒരു അഖിലേന്ത്യാ അധ്യക്ഷന്‍ ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ടിക്കും ഉണ്ടായിട്ടില്ല. വിജയ് മല്യയും ലളിത് മോഡിയുമടക്കമുള്ളവര്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ നീണ്ടുചെന്ന കരങ്ങള്‍ ബിജെപിയുടേതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ഒന്നിനുപുറകെ ഒന്നായി അഴിമതിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നു.  ഇതെല്ലാം മൂടിവച്ചുകൊണ്ടാണ് അഴിമതിവിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചത്. ആ ശ്രമങ്ങളും പരാജയപ്പെടുന്നതാണ് കഴിഞ്ഞ രണ്ട് ദിവസമായി പാര്‍ലമെന്റില്‍ അരങ്ങേറുന്ന പ്രതിഷേധത്തിലും കേരളത്തില്‍നിന്നുള്ള വാര്‍ത്തകളിലും കാണുന്നത്. കേരളത്തിലെ ബിജെപി അധ്യക്ഷന്‍ തന്നെ സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാനനേതൃത്വത്തിലെ മറ്റൊരു ഉന്നതന്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങാന്‍ അഞ്ച് കോടി രൂപ കോഴവാങ്ങി എന്ന ആരോപണം നേരിടുന്നു.

കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കാനാണ് ബിജെപി നേതാക്കള്‍ കോഴവാങ്ങിയത്. അഴിമതി നടന്നു എന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആ പാര്‍ടിയുടെ സംസ്ഥാന സഹകരണസെല്‍ കണ്‍വീനറെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയതായി പരസ്യമായി കുമ്മനം സമ്മതിച്ചു. മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി ചുമതലപ്പെടുത്തിയ അന്വേഷണ കമീഷനിലെ രണ്ട് അംഗങ്ങളും കോഴ കൊടുത്തവരെയും വാങ്ങിയവരെയും കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുപറഞ്ഞിട്ടുമുണ്ട്. കേരളത്തിലെ ബിജെപി നേതൃത്വം അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. പാര്‍ടിതല അന്വേഷണംകൊണ്ടോ കേന്ദ്രനേതൃത്വം നേരിട്ട് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്നതിലൂടെയോ ഒതുക്കിത്തീര്‍ക്കാവുന്ന പ്രശ്നമല്ല ഇത്.

സംസ്ഥാനത്ത് നിന്നുള്ള  ബിജെപി നേതാക്കള്‍ നിരക്ക് നിശ്ചയിച്ച് പണം വാങ്ങിയത് കൊണ്ടുമാത്രം മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കില്ല. അത് നല്‍കേണ്ടത് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലാണ്. തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരിട്ട് നിയന്ത്രമുള്ളതാണ് ആരോഗ്യമന്ത്രിയും മന്ത്രാലയവും. അതിനര്‍ഥം കേരളത്തില്‍നിന്ന് വാങ്ങുന്ന കോഴ എത്തിച്ചേരുന്നത് ഉന്നത തലങ്ങളിലാണ് എന്നുതന്നെ. കോഴ കൊടുക്കുന്നതിലുള്ള വൈമനസ്യം കൊണ്ടല്ല, കൊടുത്തിട്ടും കാര്യം നടക്കാത്തതുകൊണ്ടാണ് പരാതിയുയര്‍ന്നത്. ഡല്‍ഹിയിലെ ഇടനിലക്കാരന്‍ പണം പറ്റിയതായി സമ്മതിച്ചിട്ടുണ്ട്. നിശ്ചയിച്ച തുക ലഭിക്കാതെ വന്നപ്പോഴാണ് അംഗീകാരം അസാധ്യമായത് എന്നും പറഞ്ഞിട്ടുണ്ട്. ഇത് ഒരു പതിവുരീതിയായിട്ടാണ് അവരെല്ലാംതന്നെ കാണുന്നത്. ബിജെപിയുടെ നോമിനേറ്റഡ് പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് ഹേയും അദ്ദേഹത്തിന്റെ പിഎയും സംസ്ഥാന അധ്യക്ഷന്റെ സഹായിയും ഇതില്‍ പങ്കാളികളായിട്ടുണ്ട്. കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ യുദ്ധംചെയ്യുന്നുവെന്ന് നടിച്ച പാര്‍ടിയുടെ നേതാക്കള്‍ കോഴ വാങ്ങിയ ഭീമമായ തുക കുഴല്‍പ്പണമായാണ് കേന്ദ്രത്തിലേക്ക് എത്തിച്ചത്. അടിതൊട്ട് മുടിവരെ അഴിമതിയിലും നെറികേടിലും മുങ്ങി നില്‍ക്കുകയാണ് ബിജെപി എന്നാണ് ഇതിന്റെ സാരം. അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വികൃതമാണ് ആ പാര്‍ടിയുടെ മുഖം. കേന്ദ്രീകൃതമായ അഴിമതിയാണ് മോഡി ഭരണത്തില്‍ നടക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജ് കോഴ പ്രത്യേക കേസായി വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ത്തന്നെ അഴിമതിക്കാരായ ബിജെപി നേതാക്കളെയും അവരെ നയിക്കുന്ന ആര്‍എസ്എസിനെയും തുറന്നുകാട്ടുന്ന രാഷ്ട്രീയപ്രചാരം ഉണ്ടാകേണ്ടതുണ്ട്. കുറ്റവാളികള്‍ ഒരാള്‍പോലും രക്ഷപെടരുത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top