05 October Thursday

വർഗീയ വിളവെടുപ്പിന്‌ പേരുമാറ്റൽ രാഷ്‌ട്രീയം

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022പരിഷ്‌കൃത ജനാധിപത്യസമൂഹത്തിന്‌ ലജ്ജാകരമായ നയസമീപനങ്ങളും നടപടികളുമാണ്‌ കേന്ദ്രഭരണം കൈയാളുന്നവർ ആവർത്തിക്കുന്നത്‌. ജനവികാരം എതിരാണെന്ന്‌ ബോധ്യമാകുമ്പോൾ പച്ചയായ വർഗീയത ഇളക്കിവിടുന്നത്‌ ബിജെപിയുടെ പതിവാണ്‌. 1980ൽ ബിജെപി രൂപീകരിച്ചപ്പോൾ എ ബി വാജ്‌പേയി ‘ഗാന്ധിയൻ സോഷ്യലിസമാണ്‌’ നയമായി പ്രഖ്യാപിച്ചത്‌. അക്കൊല്ലവും 1984ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി വേരുപിടിച്ചില്ല. തുടർന്ന്‌ ഹിന്ദുത്വനയങ്ങളെ പരസ്യമായി പുണരുകയും കോൺഗ്രസ്‌ സർക്കാരുകൾ വർഗീയതയുമായി സന്ധി ചെയ്‌തതിൽനിന്ന്‌ മുതലെടുപ്പുനടത്തുകയും ചെയ്‌ത്‌ ബിജെപി തെരഞ്ഞെടുപ്പുനേട്ടങ്ങൾ കൊയ്‌തു. 1980കളുടെ അവസാനംമുതൽ ഓരോ തെരഞ്ഞെടുപ്പിലും വർഗീയധ്രുവീകരണം വളർത്താൻ ബിജെപി നടത്തിയ ശ്രമങ്ങൾ രാജ്യത്തെ സമാധാന ജീവിതം തകർത്തു.

രാജ്യതലസ്ഥാനത്ത്‌ ഇപ്പോൾ ബിജെപിയുടെ ഒത്താശയിൽ ഹിന്ദുത്വസംഘടനകൾ നടത്തുന്ന കുത്തിത്തിരിപ്പുകൾ ഇതിന്റെ തനിയാവർത്തനമാണ്‌. ചരിത്രസ്‌മാരകങ്ങളുടെയും റോഡുകളുടെയും പേരിൽവരെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ്‌ നീക്കം. ഡൽഹിയിലെ മുഗൾ പാരമ്പര്യം പേറുന്ന റോഡുകളുടെ പേര്‌ മാറ്റണമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ്‌ ഗുപ്‌ത ആവശ്യപ്പെട്ടിരിക്കയാണ്‌. എഐസിസി ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്‌ബർ റോഡ്‌, തുഗ്ലക്ക്‌ റോഡ്‌, ഔറംഗസേബ്‌ ലെയ്‌ൻ, ഹുമയൂൺ റോഡ്‌, ഷാജഹാൻ റോഡ്‌ എന്നിവയുടെ പേര്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ആദേശ്‌ ഗുപ്‌ത നഗരസഭാ അധികൃതർക്ക്‌ കത്തുനൽകിയിട്ടുണ്ട്‌. ഗുരു ഗോവിന്ദ്‌സിങ്‌ മാർഗ്‌, മഹാറാണാ പ്രതാപ്‌ റോഡ്‌, അബ്ദുൾകലാം ലെയ്‌ൻ, മഹർഷി വാല്‌മീകി റോഡ്‌ എന്നിങ്ങനെയുള്ള പേര്‌ റോഡുകൾക്ക്‌ നൽകണമെന്നതാണ്‌ ആദേശ്‌ ഗുപ്‌തയുടെ ആവശ്യം. നേരത്തെ ഇദ്ദേഹം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഉത്തരഡൽഹി നഗരസഭ ജഹാംഗിർപുരിയിൽ തിരക്കിട്ട്‌ ഒഴിപ്പിക്കലിന്‌ ബുൾഡോസറുകൾ പ്രയോഗിച്ചത്‌. കുറച്ചുദിവസംമുമ്പ്‌ ഡൽഹിയിലെ മുഹമ്മദ്‌പുരിന്റെ പേര്‌ ഏകപക്ഷീയമായി മാധവപുരം എന്നാക്കി മാറ്റിയിരുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ സ്ഥലങ്ങളുടെ പേര്‌ കൂട്ടത്തോടെ മാറ്റുകയാണ്‌.

വിഖ്യാതമായ ചരിത്രസ്‌മാരകം കുത്തബ്‌മിനാറിന്റെ പേര്‌  ‘വിഷ്‌ണുസ്‌തംഭം’ എന്നാക്കി മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ തീവ്രഹിന്ദുത്വസംഘടനകൾ രംഗത്തുവന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. സംയുക്ത ഹിന്ദുമുന്നണിയുടെ ബാനറിൽ കുത്തബ്‌മിനാർ പരിസരത്ത്‌ പ്രതിഷേധവും സംഘടിപ്പിച്ചു. കാവിക്കൊടികളുമായി ‘ജയ്‌ശ്രീറാം’ വിളിച്ചാണ്‌ പ്രതിഷേധക്കാർ എത്തിയത്‌. വിദേശികളടക്കം ദിവസവും ആയിരങ്ങൾ സന്ദർശിക്കുന്ന കേന്ദ്രമാണ്‌ ഇത്‌. കുത്തബ്‌മിനാർ വിഷ്‌ണുക്ഷേത്രമാണെന്ന്‌ അവകാശപ്പെട്ട്‌ ബിജെപി നേതാവ്‌ ജയ്‌ഭഗവാൻ ഗോയൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ നിവേദനം നൽകിയിരുന്നു. തികച്ചും ആസൂത്രിതമായാണ്‌ ബിജെപിയുടെ നീക്കമെന്ന്‌ വ്യക്തം.

വിലക്കയറ്റം, രൂപയുടെ വിനിമയ മൂല്യത്തകർച്ച, വിദേശനാണ്യശേഖരത്തിലെ ശോഷണം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം എന്നീ പ്രശ്‌നങ്ങളിൽപ്പെട്ട്‌ രാജ്യവും ജനങ്ങളും നട്ടംതിരിയുമ്പോഴാണ്‌ ബിജെപിയുടെയും കൂട്ടാളികളുടെയും പരിഹാസ്യവും അപലപനീയവുമായ ഈ നീക്കങ്ങൾ. മത ന്യൂനപക്ഷങ്ങൾക്കുനേരെ കടുത്ത വിദ്വേഷപ്രചാരണമാണ്‌ സംഘപരിവാറുകാർ നടത്തുന്നത്‌. രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രകളെ വർഗീയപ്രകോപനത്തിനുള്ള വേദികളാക്കി മാറ്റുന്നു. വാളുംവടിയും തോക്കുമൊക്കെയായി സായുധശക്തി പ്രകടനംപോലെയാണ് ഇത്തരം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത്‌. ഈ പ്രവണതയെ തള്ളിപ്പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ തയ്യാറാകുന്നില്ല. ‘സബ്‌ കാ സാഥ്‌, സബ്‌ കാ വികാസ്‌’ മുദ്രാവാക്യങ്ങൾ പേരിനുപോലും മുഴക്കാൻ പ്രധാനമന്ത്രിക്ക്‌ ഇപ്പോൾ സമയമില്ല. ഔദ്യോഗിക സംവിധാനങ്ങളിൽനിന്നു ലഭിക്കുന്ന പരിരക്ഷ തീവ്രഹിന്ദുത്വസംഘടനകൾക്ക്‌ പ്രോത്സാഹനമാകുന്നു.

സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ കഴിയുന്ന, അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ്‌ ഈ വർഗീയ പേക്കൂത്തിന്റെ ഏറ്റവും വലിയ ഇരകൾ. അവരുടെ തൊഴിലും ജീവിതവും തകരുന്നു. ഡൽഹിയിൽ 2020ൽ നടന്ന വർഗീയ കലാപത്തിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവരിൽ ഏതാണ്ടെല്ലാവരും ദരിദ്രരായിരുന്നു. വർഗീയ സംഘർഷങ്ങൾ തകർത്തെറിയുന്നത്‌ സാധാരണക്കാരുടെ ജീവിതസ്വപ്‌നങ്ങളാണ്‌. അധികാരഭ്രമം മൂത്ത്‌ വർഗീയതയുടെ വിളവെടുപ്പിനു ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. വംശീയതയും തീവ്രദേശീയതയും വർഗീയതയും ചോരപ്പുഴകൾ മാത്രമാണ്‌ സൃഷ്ടിക്കുക. ചരിത്രാനുഭവങ്ങളിൽനിന്ന്‌ ലഭ്യമാകുന്ന ഈ പാഠം  മുന്നിൽവച്ചാണ്‌ ജനാധിപത്യസമൂഹം മുന്നോട്ടുപോകേണ്ടത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top