28 November Tuesday

ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ കഴിയുമോ ?

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

കർണാടകത്തിൽ 15 നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 സീറ്റും കരസ്ഥമാക്കി ബിജെപി ഭൂരിപക്ഷം നേടി. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞ കക്ഷിയായിരുന്നു ബിജെപി. ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും  കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആ ജനവിധിയെ മാനിക്കുന്നതിനുപകരം ഭരണഘടനാ ഇതര മാർഗങ്ങളിലുടെ ഭൂരിപക്ഷമുണ്ടാക്കിയാണ്‌  ബിജെപി സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചിരിക്കുന്നത്.  ഈ പ്രക്രിയയിൽ നഷ്ടമായത് ജനാധിപത്യംതന്നെയാണ്. അത് തടയാനുള്ള ആർജവമോ ശേഷിയോ കോൺഗ്രസ് പ്രകടിപ്പിച്ചതുമില്ല.

ആദ്യ ജനവിധി ബിജെപിക്ക് അനുകൂലമല്ലാതിരിന്നിട്ടും പണവും പ്രലോഭനവും വാരിവിതറി 17 പേരെ കാലുമാറ്റം നടത്തിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം നേടിയിട്ടുള്ളത്. കോൺഗ്രസിൽനിന്ന്‌ 14 ഉം  ജെഡിഎസിൽനിന്ന്‌ മൂന്ന് എംഎൽഎമാരും. എന്നാൽ,  ഈ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി.  സുപ്രീംകോടതി ഈ നടപടിയെ അംഗീകരിച്ചെങ്കിലും അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകി.  കാലുമാറ്റ നിയമത്തെത്തന്നെ നിഷ്‌പ്രഭമാക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ വിധി.  ബാബ്റി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് പറയുകയും മസ്ജിദ് നിന്നസ്ഥലം അത് തകർത്തവർക്കുതന്നെ നൽകുകയും ചെയ്‌ത സുപ്രീംകോടതിവിധിക്ക് സമാനമായിരുന്നു ഈ വിധിന്യായവും. കാലുമാറ്റം നടത്തിയവരെ ശിക്ഷിക്കുന്നതിനുപകരം രാഷ്ട്രീയ ജീവിതത്തിലേക്ക് മടങ്ങുന്നതിന് അവസരം നൽകുകയായിരുന്നു സുപ്രീംകോടതി.

തമിഴ്നാട്ടിലും ഹരിയാനയിലും മഹാരാഷ്ട്രയിലും കൂറുമാറിയ നിയമസാമാജികരെ ഭൂരിപക്ഷവും ജനങ്ങൾ തോൽപ്പിച്ചപ്പോൾ കർണാടകത്തിൽ അവരിൽ ഭൂരിപക്ഷവും വിജയിക്കുകയാണുണ്ടായത്.

എല്ലാ ഭരണഘടനാ തത്വങ്ങളെയും ലംഘിക്കുന്നതിൽ ഒരു മടിയുമില്ലാത്ത ബിജെപിയാകട്ടെ ഇതവസരമാക്കുകയും ചെയ്‌തു. കാലുമാറി ബിജെപിയെ പിന്തുണച്ച  എംഎൽഎമാരിൽ 13 പേർക്ക്‌  ബിജെപി ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നൽകി.  ഇതിൽ 11പേരും വിജയിക്കുകയും ചെയ്‌തു.  മണ്ഡലത്തിന്റെയോ അവിടത്തെ ജനങ്ങളുടെയോ താൽപ്പര്യങ്ങൾ സംരക്ഷിക്കാനല്ല മറിച്ച് സ്വന്തം താൽപ്പര്യംമാത്രം ലക്ഷ്യമാക്കിയാണ് ഈ എംഎൽഎമാർ കൂറുമാറിയത്. എല്ലാ രാഷ്ട്രീയ മൂല്യത്തെയും കാറ്റിൽപ്പറത്തിയവരെയാണ് വീണ്ടും തെരഞ്ഞെടുത്തിട്ടുള്ളത്.  ഇവരെ മന്ത്രിയാക്കുമെന്ന് കുതിരക്കച്ചവടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി യെദ്യൂരപ്പ നേരത്തേ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിനായി 17 മന്ത്രിപദം ഒഴിച്ചിട്ടാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതുപോലും. കാലുമാറ്റത്തിനുള്ള പരസ്യമായ പ്രലോഭനമായിരുന്നു ഈ നടപടി. തമിഴ്നാട്ടിലും ഹരിയാനയിലും മഹാരാഷ്ട്രയിലും കൂറുമാറിയ നിയമസാമാജികരെ ഭൂരിപക്ഷവും ജനങ്ങൾ തോൽപ്പിച്ചപ്പോൾ കർണാടകത്തിൽ അവരിൽ ഭൂരിപക്ഷവും വിജയിക്കുകയാണുണ്ടായത്. സ്‌പീക്കർ അയോഗ്യരാക്കിയവരെ തെരഞ്ഞെടുപ്പിലൂടെ യോഗ്യരാക്കുകയെന്ന ഓപ്പറേഷൻ താമരയാണ് വിജയിച്ചിട്ടുള്ളത്. ഇത് ജനാധിപത്യത്തിന് ഗുരുതരമായ ക്ഷതം വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. 

തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയാൽ അവരുടെ ഭരണത്തിന് അന്ത്യമിടാൻ കഴിയുമായിരുന്നിട്ടും വിജയിക്കാനാവശ്യമായ പ്രചാരണതന്ത്രങ്ങൾ മെനയുന്നതിൽ ഒരു വാശിയും കോൺഗ്രസ് കാട്ടിയില്ല.

കർണാടകത്തിൽ ഈ ജനാധിപത്യഹത്യക്ക് ബിജെപിക്ക് അവസരമൊരുക്കുന്നതിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനുള്ള പങ്കും കാണാതിരുന്നുകൂടാ. ജെഡിഎസ് സർക്കാരിനെ അസ്ഥിരമാക്കുന്നതിൽ കോൺഗ്രസിനുള്ള പങ്ക് ചെറുതായിരുന്നില്ല. ഈ അവസരം ഉപയോഗിച്ചാണ് 17 എംഎൽഎമാരെ ബിജെപി റാഞ്ചിയത്‌.  ഈ രാഷ്ട്രീയ നെറികേടുകൾ ഉയർത്തിക്കാട്ടി പ്രചാരണം നടത്തുന്നതിൽ വീഴ്ചവരുത്തിയെന്ന് മാത്രമല്ല, ബിജെപിയെ പരാജയപ്പെടുത്തണമെന്ന വാശിയോടെയുള്ള പ്രവർത്തനം നടത്തുന്നതിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു.  ഇതിന്റെ ഫലമായി ഹാട്രിക് തോൽവിയാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തോറ്റ കോൺഗ്രസിന്‌ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിലും അതുതന്നെ സംഭവിച്ചു.  ഉപതെരഞ്ഞെടുപ്പ് നടന്ന 15ൽ 12 ഉം  കോൺഗ്രസിന്റെ  സിറ്റിങ്‌ സീറ്റുകളായിരുന്നു. ഇപ്പോൾ ലഭിച്ചതാകട്ടെ രണ്ട് സീറ്റ് മാത്രവും. ജെഡിഎസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.   ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ്  ദിനേശ് ഗുണ്ടുറാവുവും തൽസ്ഥാനങ്ങൾ രാജിവച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും  സെക്രട്ടറി പി സി വിഷ്‌ണുനാഥിനും തോൽവി കനത്ത പ്രഹരമാണ്. 

ഗ്രൂപ്പിസവും പാർടിക്കകത്തെ ഭിന്നിപ്പും കോൺഗ്രസിനെ തളർത്തി. തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയാൽ അവരുടെ ഭരണത്തിന് അന്ത്യമിടാൻ കഴിയുമായിരുന്നിട്ടും വിജയിക്കാനാവശ്യമായ പ്രചാരണതന്ത്രങ്ങൾ മെനയുന്നതിൽ ഒരു വാശിയും കോൺഗ്രസ് കാട്ടിയില്ല. സംസ്ഥാനത്തെ നേതാക്കളായ  മുനിയപ്പയും ബി കെ ഹരിപ്രസാദും മല്ലികാർജുൻ ഖർഗെയും പോലും സജീവ പ്രചാരണ പ്രവർത്തനങ്ങൾക്കെത്തിയില്ലെന്ന പരാതിയാണ് കോൺഗ്രസിലെങ്ങും  ഉയർന്നത്. മഹാരാഷ്ട്രയിൽ അടിതെറ്റിയ  ബിജെപിക്ക് ഒരാഘാതംകൂടി നൽകാൻ കഴിയുമായിരുന്നിട്ടും അതിനുള്ള ശ്രമം കോൺഗ്രസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല.  ബിജെപിയെ നേർക്കുനേർ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് ആവർത്തിച്ച് ബോധ്യപ്പെടുത്തുന്നതായി കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുഫലം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top