18 April Thursday

ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022


ആറ്‌ സംസ്ഥാനത്തായി ഏഴ്‌ നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ  ഫലം ദേശീയ രാഷ്ട്രീയം എങ്ങോട്ടാണ്‌ നീങ്ങുന്നതെന്ന്‌ മനസ്സിലാക്കാൻ സഹായകരമാണ്‌. കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക്‌ അവരുടെ സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞതിനപ്പുറം വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നു. 

തെലങ്കാനയിലെ മുനുഗൊഡ മണ്ഡലം പിടിച്ചെടുക്കുമെന്ന പ്രതീതി ബിജെപി സൃഷ്ടിച്ചെങ്കിലും അവർക്ക്‌ വിജയിക്കാനായില്ല. സംസ്ഥാന ഭരണകക്ഷിയായ ടിആർഎസാണ്‌ അവിടെ വിജയിച്ചത്‌. വടക്കൻ ബിഹാറിലെ ഗോപാൽഗഞ്ച്‌ സീറ്റ്‌ നിലനിർത്താനായെങ്കിലും വലിയ വോട്ട്‌ ചോർച്ചയാണ്‌ ബിജെപിക്കുണ്ടായത്‌. നാലു തവണ എംഎൽഎയും മന്ത്രിയുമായ സുഭാഷ്‌ സിങ് മരിച്ചതിനാൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ കുസുംദേവി മത്സരിച്ചതിന്റെ ഫലമായി ഉണ്ടായ സഹതാപതരംഗമാണ്‌ ബിജെപിയെ കഷ്ടിച്ച്‌ രക്ഷിച്ചത്‌. രാബ്‌റി ദേവിയുടെ സഹോദരൻ സാധുയാദവിന്റെ ഭാര്യ ബിഎസ്‌പി ടിക്കറ്റിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആർജെഡി ഈ സീറ്റും പിടിച്ചെടുക്കുമായിരുന്നു. വാരാണസിയിൽനിന്നും അയോധ്യയിൽനിന്നും നൂറുകണക്കിന്‌ ആർഎസ്‌എസുകാരെയും നാൽപ്പതോളം എംഎൽഎമാരെയും മൂന്ന്‌ കേന്ദ്ര മന്ത്രിമാരെയും ഇറക്കി പ്രചാരണം നടത്തിയിട്ടും കഷ്ടിച്ച്‌ രക്ഷപ്പെടാൻ മാത്രമേ ബിജെപിക്കായുള്ളൂ. ഉത്തർപ്രദേശിലെ ഗോല ഗോകർണനാഥ്‌ മണ്ഡലം ബിജെപിക്ക്‌ നിലനിർത്താനായി.

ഹരിയാനയിലെ ആദംപുർ മണ്ഡലം ബിജെപി കോൺഗ്രസിൽനിന്ന്‌ പിടിച്ചെടുത്തെങ്കിലും അത്‌ ബിജെപിയുടെ വിജയത്തേക്കാൾ ഭജൻലാൽ കുടുംബത്തിന്റെ വിജയമായി മാത്രമേ കാണാൻ കഴിയൂ. കോൺഗ്രസ്‌ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭജൻലാലിന്റെ കുടുംബമണ്ഡലമായാണ്‌ ആദംപുർ അറിയപ്പെടുന്നത്‌. 1968 മുതൽ ഈ കുടുംബത്തിൽ നിന്നുള്ളവർ മാത്രമേ ഈ സിറ്റിൽനിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ഒമ്പതു തവണ ഭജൻലാലും ഒരുതവണ അദ്ദേഹത്തിന്റെ ഭാര്യ ജസ്‌മ ദേവിയും  നാലു തവണ മകൻ കുൽദീപ്‌ ബിഷ്‌ണോയിയുമാണ്‌ ഈ മണ്ഡലത്തിൽനിന്ന്‌ ജയിച്ചത്‌. കുൽദീപ്‌ ബിഷ്‌ണോയി കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നതിനെത്തുടർന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ കുൽദീപിന്റെ മകൻ ഭവ്യ ബിഷ്‌ണോയിയാണ്‌ ബിജെപി ടിക്കറ്റിൽ മത്സരിച്ചത്‌. കുടുംബ രാഷ്ട്രീയത്തിനെതിരെ നിരന്തരം വാചകമടിക്കുന്ന ബിജെപിയാണ്‌ ആദംപുരിൽ വിജയിക്കാനായി കുടുംബരാഷ്ട്രീയത്തെ പുൽകിയത്‌. അത്‌ ബിജെപിയുടെ വിജയമായി വിലയിരുത്തുന്നത്‌ മൗഢ്യമായിരിക്കും. അന്ധേരി ഈസ്‌റ്റിൽ ഉദ്ധവ്‌ താക്കറെ നയിക്കുന്ന ശിവസേനാ സ്ഥാനാർഥിയുടെ വിജയവും കുതിരക്കച്ചവടത്തിലൂടെ മഹാരാഷ്ട്രയിൽ അധികാരം നേടിയ ബിജെപിക്ക്‌ തിരിച്ചടിയാണ്‌. ഇതിന്റെ ആഘാതം കുറയ്‌ക്കാനായിരിക്കും ശിവസേനയ്‌ക്കെതിരെ സ്ഥാനാർഥിയെ നിർത്താതെ തന്ത്രപരമായി ബിജെപി പിന്മാറിയത്‌.

ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന മറ്റൊരു പ്രധാന സൂചന  ബിജെപിക്ക്‌ ബദലായി കോൺഗ്രസിന്‌ ഉയരാൻ കഴിയില്ല എന്നതാണ്‌. ഉപതെരഞ്ഞെടുപ്പ്‌ നടന്ന രണ്ട്‌ സീറ്റ്‌ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. അതുരണ്ടും കോൺഗ്രസിന്‌ നഷ്ടമായി. തെലങ്കാനയിലെ മുനുഗൊഡ കോൺഗ്രസിന്റെ സീറ്റിങ് സീറ്റായിരുന്നു. എന്നാൽ, കോൺഗ്രസ്‌ എംഎൽഎയായ കോമതിറെഡ്ഡി രാജഗോപാൽറെഡ്ഡി  ബിജെപിയിൽ ചേർന്നതാണ്‌ ഉപതെരഞ്ഞെടുപ്പിന്‌ കാരണമായത്‌.  ഈ സിറ്റിങ് സീറ്റിൽ കോൺഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. ഹരിയാനയിലെ ആദംപുരും കോൺഗ്രസിന്‌ നഷ്ടമായി. 24 വർഷത്തിനുശേഷം നടന്ന നേതൃമാറ്റവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയും കോൺഗ്രസിനെ ഒരു തരത്തിലും സഹായിച്ചില്ലെന്ന്‌ ദയനീയമായ ഈ പരാജയങ്ങൾ വിരൽചൂണ്ടുന്നു.

ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ കോൺഗ്രസിനല്ല പ്രാദേശിക കക്ഷികൾക്കാണ്‌ കഴിയുന്നതെന്ന സന്ദേശവും ഉപതെരഞ്ഞെടുപ്പ്‌ ഫലത്തിൽനിന്ന്‌ വായിച്ചെടുക്കാം. തെലങ്കാനയിലെയും  ബിഹാറിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങൾ ഇതാണ്‌ സൂചിപ്പിക്കുന്നത്‌. തെലങ്കാനയിലേക്കുള്ള ബിജെപിയുടെ സർവസന്നാഹങ്ങളോടുകൂടിയുള്ള കടന്നുവരവിനെ ചെറുത്തുതോൽപ്പിച്ചത്‌ കോൺഗ്രസല്ല, ചന്ദ്രശേഖരറാവു നയിക്കുന്ന ടിആർഎസാണ്‌. ബിഹാറിൽ ആർജെഡിയും ജെഡിയുവും തമ്മിലുള്ള മഹാസഖ്യം രൂപീകരിച്ചതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ പുതിയ സഖ്യത്തിന്‌ കരുത്തുണ്ടെന്ന്‌ തെളിയിച്ചു. കോൺഗ്രസിനേക്കാൾ ബിജെപിയെ ചെറുക്കുന്നത്‌ പ്രാദേശിക കക്ഷികളാണെന്ന വസ്‌തുതയ്‌ക്കാണ്‌ ഇത്‌ അടിവരയിടുന്നത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top