26 April Friday

മധ്യപ്രദേശിലും അട്ടിമറിനീക്കം

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020


 

രാജ്യത്തിന്‌ തീകൊളുത്തി സഹജീവികളെ കുത്തിമലർത്തി രസിക്കുന്ന കാവിപ്പടയുടെ പാർലമെന്ററി അതിക്രമങ്ങൾ ജനഹിതവും അട്ടിമറിക്കുകയാണ്‌. കമൽനാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കോൺഗ്രസ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്തി ഭരണം കൈക്കലാക്കാൻ നരേന്ദ്ര മോഡിയുടെയും അമിത്‌ ഷായുടെയും പിന്തുണയോടെ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യത്തിന്റെ അവസാന ശ്വാസവും നിശ്ശബ്ദമാക്കുന്നതാണെന്ന്‌ പറയേണ്ടതുണ്ട്‌. കോൺഗ്രസ്‌ ‌സാമാജികരെ 35 കോടി രൂപവരെ വാഗ്‌ദാനംചെയ്‌ത്‌ കൂറുമാറ്റിയാണ്‌ അട്ടിമറി ശ്രമം. ചില സ്വതന്ത്രരെയും നോട്ടമിട്ടു. അധികാരഭ്രമവും പണക്കൊതിയുംമാത്രം കൈമുതലായ ഹ്രസ്വദൃഷ്ടികളായ എംഎൽഎമാർ ആ വലയിൽ വീഴാൻ ഒരുങ്ങിയതോടെ മന്ത്രിസഭയുടെ നിലനിൽപ്പുതന്നെ അപകടത്തിലായി. കർണാടകത്തിലും മറ്റും പരീക്ഷിച്ച്‌ വിജയം വരിച്ച ‘ഓപ്പറേഷൻ കമലി’ന്റെ തനിയാവർത്തനമാണ്‌ മധ്യപ്രദേശിൽ  കാണാനാകുന്നത്‌. പ്രലോഭനങ്ങളും  ഭീഷണികളും വാഗ്‌ദാനങ്ങളും പണച്ചാക്കുകളും റിസോർട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും മാഫിയകളും ഒരു നെറികേടായി ഉറഞ്ഞുതുള്ളുകയാണവിടെ.

വൻ വാഗ്‌ദാനങ്ങൾ വാരിച്ചൊരിഞ്ഞ്‌ വലയിലാക്കിയ 10 കോൺഗ്രസ്‌ എംഎൽഎമാരെ ബിജെപി നേതാക്കൾ ധൃതിപിടിച്ച്‌ ഹരിയാനയിലേക്കാണ്‌ എത്തിച്ചത്‌. അതിൽ ആറുപേരെ തിരിച്ചുപിടിച്ചതായി കോൺഗ്രസും അവകാശപ്പെട്ടു. അതോടെ പ്രതിസന്ധിക്ക്‌ ചെറിയ അയവ്‌ വന്നെങ്കിലും ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. നാലുപേർ മനേസറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബിജെപിയുടെ കടുത്ത  നിയന്ത്രണത്തിലാണ്‌. ആർഎസുഎസുകാരുടെ നിരീക്ഷണവുമുണ്ട്‌. അവരെ കാണാൻ മന്ത്രിമാരെപ്പോലും അനുവദിക്കുന്നില്ല. മുകളിൽനിന്നുള്ള നിർദേശമനുസരിച്ച്‌ ഹരിയാന പൊലീസ്‌ തടസ്സങ്ങൾ ഉന്നയിക്കുകയായിരുന്നു. അസംതൃപ്‌തരെയും സ്ഥാനമോഹികളെയും ചാക്കിട്ടു പിടിക്കുന്നത്‌ തുടരുമെന്ന സൂചനയാണ്‌ റിപ്പോർട്ടുകൾ തെളിയിക്കുന്നത്‌. 

കാണാതായ നാല്‌ എംഎൽഎമാരിൽ ഒരാളായ ഹർദീപ്‌ സിങ്‌ ഡാങ്‌ സ്‌പീക്കർ എൻ പി പ്രജാപതിക്ക്‌ രാജിക്കത്ത്‌ നൽകിയത്‌ കോൺഗ്രസിന്റെ അംഗസംഖ്യ 113 ആയി കുറച്ചു. കമൽനാഥ്‌ മന്ത്രിസഭയിലെ മന്ത്രിമാരുടെ കൈകൾ അഴിമതിക്കറ പുരണ്ടതാണെന്നും അവർ  ജനക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും ഡാങ്‌ രാജിക്കത്തിൽ വിമർശിക്കുകയും ചെയ്‌തു. അതുപോലെ  അച്ഛനെ  കാണാനില്ലെന്ന പരാതിയുമായി ബിസാഹുലാൽ സിങ്‌ എംഎൽഎയുടെ മകൻ തേജ്‌ബാൻ സിങ്‌ പൊലീസിനെ സമീപിച്ചു. തിങ്കളാഴ്‌ച വൈകിട്ട്‌ വീട്ടിൽനിന്ന്‌ തിരിച്ചതാണെന്നും അതിനുശേഷം ഒരു വിവരവുമില്ലെന്നും പരാതിയിൽ പറയുന്നു. തങ്ങളെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വന്തം ഇഷ്ടമനുസരിച്ച്‌ ഡൽഹി സന്ദർശനം നടത്തിയതാണെന്നും ചില എംഎൽഎമാർ തുറന്നടിച്ചതും നിസ്സാരമല്ല. നാണംകെട്ട കുതന്ത്രങ്ങളിലൂടെ സർക്കാരിനെ മറിച്ചിടാൻ നടത്തിയ നീക്കങ്ങൾ വിഫലമായപ്പോൾ മുഖം രക്ഷിക്കാൻ ബിജെപി നേതാക്കൾ അങ്ങനെ പറയിച്ചതാണെന്നുറപ്പ്‌. അപ്പോഴും പല ഭരണപക്ഷ എംഎൽഎമാരെയും ചാക്കിലാക്കാൻ കേന്ദ്ര നേതാക്കൾതന്നെ തുടർച്ചയായി ബന്ധപ്പെടുന്നുമുണ്ട്‌. 

പതിനഞ്ച്‌ മാസംമാത്രം പ്രായമായ കമൽനാഥ്‌  സർക്കാരിന്‌ 230 അംഗ സഭയിൽ  120 എംഎൽഎമാരുടെ പിന്തുണയേയുള്ളൂവെന്നതാണ്‌  ബിജെപിയുടെ അട്ടിമറിനീക്കങ്ങൾ എളുപ്പമാക്കുന്നത്‌. കോൺഗ്രസ്‌ 113, ബിഎസ്‌പി രണ്ട്‌, സമാജ്‌വാദി പാർടി ഒന്ന്‌, സ്വതന്ത്രർ നാല്‌ എന്നിങ്ങനെയാണ്‌ നില. സംഘടനാ പ്രശ്‌നത്തെതുടർന്ന്‌ ഒരംഗത്തിനെതിരെ ബിഎസ്‌പി  നടപടിയെടുത്തിരിക്കയാണ്‌. ബിജെപിക്ക്‌ 107 സാമാജികരാണുള്ളത്‌. രണ്ട്‌ സീറ്റ്‌ ഒഴിവാണ്‌. അവിടങ്ങളിൽ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്നു. തങ്ങൾ പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണ അട്ടിമറിക്ക്‌ പലവിധ മാർഗങ്ങളാണ്‌ ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്‌. ഇതിനായി ആർഎസ്‌എസിന്റെയും കേന്ദ്ര ഭരണത്തിന്റെയും കോർപറേറ്റുകളുടെയും ഗൂഢസഖ്യംതന്നെ പ്രവർത്തിക്കുകയാണ്‌. വിമതനീക്കങ്ങളെ പിന്തുണയ്‌ക്കാത്തവരെ വശത്താക്കാൻ ആദായനികുതി റെയ്‌ഡുകളും സിബിഐ കേസുകളുംപോലും ഭീഷണിയായി സൂചിപ്പിക്കുന്നുമുണ്ട്‌. രാജ്യസഭാ തെരഞ്ഞെടുപ്പ്‌ അടുക്കുന്ന ഘട്ടങ്ങളിലാണ്‌ ഇത്തരം കുത്സിതനീക്കങ്ങൾ തകൃതിയാകാറുള്ളതെന്നതും ശ്രദ്ധേയമാണ്‌. വരുന്ന ഏപ്രിലിൽ മധ്യപ്രദേശിലെ മൂന്നു സീറ്റിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. കോൺഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്ങും ബിജെപിയുടെ സത്യാനാരായൻ ജഠ്യയും പ്രഭാത്‌ ഝായുമാണ്‌ ഒഴിയുന്നത്‌. നിലവിലെ സ്ഥിതിയനുസരിച്ച്‌ രണ്ട്‌ സീറ്റിൽ കോൺഗ്രസ്‌ ജയിക്കും. അതൊഴിവാക്കാനാണ്‌ ബിജെപിയുടെ തിരക്കിട്ട നീക്കങ്ങൾ.

ബിജെപിയുടെ അട്ടിമറിക്ക്‌ ഇന്ധനമാകുന്നത്‌ കോൺഗ്രസിന്റെ അപചയമാണ്‌. പണച്ചാക്കുകളും അധികാരവും മാടിവിളിച്ചാൽ ഏത്‌ കോൺഗ്രസ്‌ നേതാവും മറുകണ്ടം ചാടുമെന്നതാണ്‌ എല്ലാ സംസ്ഥാനങ്ങളിലെയും ഇന്നത്തെ സ്ഥിതി. രാജ്യം ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും വഞ്ചനയുടെ ഈ രാഷ്ട്രീയം ആവർത്തിക്കുകയാണ്‌ ആ പാർടി. എല്ലാ ജനാധിപത്യവാദികളും ഒരുമിച്ചുനിന്ന്‌ ചെറുത്തുനിൽക്കേണ്ട വേളയിലും ‘ആയാറാം ഗയാറാം’ കോമാളിത്തംമാത്രമാണ്‌ മുഖമുദ്ര. മൃദുഹിന്ദുത്വത്തിന്റെ സവിശേഷ സാഹചര്യത്തിലാണ്‌ മധ്യപ്രദേശിലെ കോൺഗ്രസ്‌ പതിറ്റാണ്ടുകളായി ജീവൻ നിലനിർത്തിപ്പോരുന്നത്‌. മണ്ണിന്റെ മക്കൾ വാദത്തിലും ആൾക്കൂട്ട കൊലപാതകങ്ങളിലും പശുപൂജയിലും ബിജെപിയുടെ കാർബൺ പതിപ്പായിരുന്നു കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിൽ അവരുടെ പ്രകടന പത്രികയെന്നതും മറന്നുകൂടാത്തതാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top