23 April Tuesday

കുഴൽപ്പണത്തിൽ കുരുങ്ങി ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021


പണമൊഴുക്കി അധികാരം പിടിക്കുകയെന്നത്‌ ബിജെപിക്ക്‌ പുതിയകാര്യമല്ല. മോഡി ഭരണത്തിൽ അട്ടിമറിക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ എണ്ണം ഒമ്പതാണ്‌. തെരഞ്ഞെടുപ്പിൽ കോടിക്കണക്കിന്‌ കള്ളപ്പണം ചെലവഴിച്ച്‌ ജനവിധി മാറ്റിമറിക്കാൻ ശ്രമിക്കുക. അത്‌ സാധിക്കുന്നില്ലെങ്കിൽ ജനപ്രതിനിധികളെ വിലയ്‌ക്കെടുത്ത്‌ ഭരണം അട്ടിമറിക്കുക. ഇതാണ്‌ ബിജെപിയുടെ പ്രവർത്തനപദ്ധതി. മോഡി അധികാരമേറ്റതിന്റെ തൊട്ടടുത്തവർഷം അരുണാചൽ പ്രദേശിലായിരുന്നു ആദ്യ ഓപ്പറേഷൻ. തുടർന്ന്‌ ബിഹാർ, മണിപ്പുർ, ഗോവ, ഉത്തരാഖണ്ഡ്‌, കർണാടകം, മധ്യപ്രദേശ്‌, ജമ്മു കശ്‌മീർ, പുതുച്ചേരി എന്നിവിടങ്ങളിലും ജനഹിതം പുലരാൻ അനുവദിച്ചില്ല. സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ ഏതറ്റംവരെ പോകാനും ബിജെപി മടിക്കാറില്ല. അതിൽ പണവും സമ്മർദവും അധികാരപ്രയോഗവുമെല്ലാം വരും.

കേരളവും ബിജെപി ലക്ഷ്യമിടുന്ന സംസ്ഥാനമാണെന്ന്‌ തെളിയിക്കുന്ന വിവരങ്ങളാണ്‌ കൊടകര കുഴൽപ്പണക്കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നിട്ടുള്ളത്‌. ശതകോടിയുടെ കള്ളപ്പണം സമീപകാലത്ത്‌ ബിജെപി കേരളത്തിലെത്തിച്ചുവെന്നാണ്‌ കൊടകര കുഴൽപ്പണക്കവർച്ചാ കേസിന്റെ ആദ്യഘട്ടത്തിൽ വെളിവായത്‌. കവർച്ചാ കേസുമായി ബന്ധപ്പെട്ട്‌ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ (1) കോടതിയിൽ പൊലീസ്‌ സമർപ്പിച്ച കുറ്റപത്രത്തിൽ കള്ളപ്പണം സഞ്ചരിച്ച വഴികൾ കൃത്യമായി വിവരിക്കുന്നുണ്ട്‌. ബിജെപിക്ക്‌ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽനിന്നും കോർപറേറ്റ്‌ കേന്ദ്രങ്ങളിൽനിന്നുമാണ്‌ പണം കയറ്റിവരുന്നതെന്നും വ്യക്തമായി. വർഷങ്ങളായി ബിജെപിയുടെ കുഴൽപ്പണക്കടത്തിന്‌ നേതൃത്വം നൽകുന്ന ധർമരാജൻ ഉന്നത നേതാക്കളുമായുള്ള അടുത്തബന്ധം അന്വേഷണ സംഘത്തോട്‌ സമ്മതിച്ചിട്ടുണ്ട്‌. കവർച്ചചെയ്യപ്പെട്ടത് തന്റെ പണമാണെന്നും പൊലീസ്‌ കണ്ടെത്തിയ ആ പണം തനിക്ക്‌ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ച ധർമരാജന്‌, പൊലീസ്‌ നിരത്തിയ തെളിവുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഫോൺകോളുകളും പണം വിതരണവുമായി ബന്ധപ്പെട്ട്‌ നടത്തിയ യാത്രകളുടെ വിവരങ്ങളും ബിജെപി നേതാക്കൾക്ക്‌ കുരുക്കായി.

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌ എന്നിവർക്കാണ്‌ കുഴൽപ്പണ വിതരണത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമെന്നാണ്‌ കുറ്റപത്രത്തിൽ പറയുന്നത്‌. തിരുവനന്തപുരത്തെ സംസ്ഥാന ബിജെപി ഓഫീസ്‌ ഹബ്ബായും ജില്ലാ ഓഫീസുകൾ ഉപകേന്ദ്രങ്ങളായും പ്രവർത്തിച്ചുവെന്ന്‌ പൊലീസ്‌ കണ്ടെത്തി.


 

തദ്ദേശ–-നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മധ്യകേരളത്തിൽ വിതരണംചെയ്ത പണത്തിൽ ഒരു ഭാഗം മാത്രമാണ്‌ കൊടകര സംഭവവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നത്‌. പണം തട്ടിയെടുക്കാൻ പാർടിക്കുള്ളിലെ ചിലർ നടത്തിയ ശ്രമമാണ്‌ കവർച്ചയായി പുറംലോകമറിഞ്ഞതും വിവാദമായതും. സമാന ഇടപാടുകൾ എല്ലാ ജില്ലയിലും നടന്നിട്ടുണ്ട്‌. മഞ്ചേശ്വരത്ത്‌ സുന്ദരയ്‌ക്ക്‌ പണം നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതും സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാകാൻ വൻതുക നൽകിയതും ഉൾപ്പെടെ കെ സുരേന്ദ്രന് നേരിട്ട് പങ്കാളിത്തമുള്ള കേസുകൾ പ്രത്യേകമായി അന്വേഷണത്തിലുണ്ട്‌. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്‌ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്‌. അതിൽത്തന്നെ ബിജെപിയെ കുരുക്കുന്ന ഒട്ടനവധി തെളിവുകൾ ഉണ്ടുതാനും.

കൊടകരയിൽ പൊലീസ്‌ അന്വേഷണം നടന്നത്‌ വാഹനാപകടം സൃഷ്‌ടിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തെക്കുറിച്ചാണ്‌. കുറ്റവാളികളുമായി നേരിൽ ബന്ധം പുലർത്തിയവരെന്ന നിലയിൽ സുരേന്ദ്രനും മകനും മറ്റ്‌ ബിജെപി നേതാക്കളുമെല്ലാം ഇപ്പോൾ സാക്ഷിപ്പട്ടികയിലാണ്‌ ഇടംപിടിച്ചിട്ടുള്ളത്‌. പൊലീസ്‌ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച്‌ തുടർ അന്വേഷണം നടക്കേണ്ടതുണ്ട്‌. കുഴൽപ്പണ ഇടപാട്‌, തെരഞ്ഞെടുപ്പ്‌ ചെലവ്‌, ജനപ്രാതിനിധ്യനിയമം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അന്വേഷണത്തിന്‌ സാധ്യത തെളിയുകയാണ്‌. തെരഞ്ഞെടുപ്പിന്‌ മൂന്നുനാൾമുമ്പുള്ള കുഴൽപ്പണ ഇടപാട്‌ നഗ്‌നമായ ചട്ടലംഘനമാണ്‌. തെരഞ്ഞെടുപ്പ്‌ അട്ടിമറിയാണ്‌ ഇത്‌ ലക്ഷ്യമാക്കുന്നത്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുംവിധമുള്ള കള്ളപ്പണം വെളുപ്പിക്കൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ അന്വേഷണം അനിവാര്യമാക്കുന്നു. പൊലീസ്‌ കണ്ടെത്തലുകളും കുറ്റപത്രത്തിന്റെ പകർപ്പും ഇഡിക്കും ആദായനികുതിവകുപ്പിനും കൈമാറുമെന്നും പൊലീസ്‌ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

അന്വേഷണവും നിയമനടപടികളും അതിന്റെ വഴിയിൽ നീങ്ങട്ടെ. എന്നാൽ, കണക്കില്ലാത്ത കോടികൾ പിടികൂടിയിട്ട്‌ നാല്‌ മാസമാകാറായിട്ടും കേന്ദ്ര ഏജൻസികൾക്ക്‌ മിണ്ടാട്ടമില്ലെന്നത്‌ ഗൗരവമായി കാണേണ്ടതുണ്ട്‌. ഇതിനൊക്കെ അപ്പുറത്താണ്‌ രാജ്യം ഭരിക്കുന്ന പാർടി ജനാധിപത്യത്തിന്‌ നൽകുന്ന വില. ആ പാർടിയുടെ കേന്ദ്ര നേതൃത്വത്തിനോ കേരളത്തിൽ പരസ്‌പരം പോരടിക്കുന്ന വിഭാഗങ്ങൾക്കോ കള്ളപ്പണ ഇടപാടിൽ അസാധാരണമായി ഒന്നും തോന്നുന്നില്ല. രണ്ട്‌ ലക്ഷത്തിൽ കൂടുതൽ പണം കൈയിൽ വയ്‌ക്കുകയോ ഇടപാട്‌ നടത്തുകയോ ചെയ്യുന്നത്‌ നിയമവിരുദ്ധമായ രാജ്യത്താണ്‌ ബിജെപി ഓഫീസുകളിലേക്ക്‌ ചാക്കുകെട്ടുകളായി കുഴൽപ്പണമെത്തുന്നത്‌. കേരളത്തിന്‌ അന്യമായ റിസോർട്ട്‌ സംസ്‌കാരത്തിന്റെ ആദ്യപടിയായാണ്‌ ശതകോടികൾ ഈ നാട്ടിൽ ഒഴുക്കിയത്‌. ഇതിനെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹവും നിയമസംവിധാനവും പുലർത്തിയ ജാഗ്രത ആശാവഹമാണ്‌. അർഹമായ ശിക്ഷ ഉറപ്പാക്കാൻ ഈ കുറ്റവാളികളെ നിയമത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കാനുള്ള നടപടികളാണ്‌ ഇനിയാവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top