09 June Friday

ജാര്‍ഖണ്ഡിലെ ആദിവാസി ഭൂസമരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 13, 2016

ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ദഡികല ഗ്രാമത്തിലേക്ക് പൊലീസ് അകമ്പടിയോടെ എത്തിയത് നാലുപേരുടെ മൃതദേഹമായിരുന്നു. തലേദിവസം പൊലീസ് നടത്തിയ വെടിവയ്പിലാണ് ഈ നാല് ആദിവാസികളും കൊല്ലപ്പെട്ടത്. അതില്‍ മൂന്നുപേര്‍ കുട്ടികള്‍. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന രണ്ടുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ആറായി ഉയര്‍ന്നു. തൊട്ടടുത്ത ജില്ലയായ ഛത്രയില്‍ എന്‍ടിപിസി സ്ഥാപിക്കുന്ന താപനിലയത്തിനുവേണ്ടി കല്‍ക്കരിഖനികള്‍ നിര്‍മിക്കുന്നതിനായി ഗ്രാമത്തിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആദിവാസി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരെയാണ് പൊലീസ് നിറയൊഴിച്ചത്. കൃഷിഭൂമിയായി നിലനിര്‍ത്താന്‍ ആദിവാസികള്‍ക്ക് ഭരണഘടനാപരമായിത്തന്നെ അധികാരമുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് കൊടുക്കാന്‍ സന്നദ്ധമല്ലെന്നു പ്രഖ്യാപിച്ചാണ് ആദിവാസികളും കര്‍ഷകരും പ്രക്ഷോഭപാതയിലേക്ക് നീങ്ങിയത്. എന്നാല്‍, അവര്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കി പ്രശ്നം പരിഹരിക്കുന്നതിനുപകരം സര്‍ക്കാര്‍ വച്ചുനീട്ടുന്ന പണം വാങ്ങി ഭൂമി വിട്ടുനല്‍കാനാണ് സംസ്ഥാനം ഭരിക്കുന്ന രഘുബര്‍ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആജ്ഞാപിക്കുന്നത്. ആദിവാസി കര്‍ഷകര്‍ക്കെതിരെയുള്ള ബിജെപി സര്‍ക്കാരിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക'ായിരുന്നു ദഡികലയിലേത്.  ഗാന്ധിജയന്തി,ദഡികല,

അതിര്‍ത്തിയില്‍ പാകിസ്ഥാനുമായി സംഘര്‍ഷം തുടരവെ രാജ്യത്തെ ശ്രദ്ധമുഴുവന്‍ അങ്ങോട്ട് തിരിഞ്ഞ അവസരം ഉപയോഗിച്ചാണ് ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി തട്ടിയെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടല്‍ ജനവിരുദ്ധനയം നടപ്പാക്കുന്നതിനുള്ള മറയാക്കി മോഡിസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന ആക്ഷേപം ശരിയാണെന്ന് ജാര്‍ഖണ്ഡില്‍നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ആദിവാസികളുടെയും ദളിതരുടെയും മറ്റ് പിന്നോക്കസമുദായങ്ങളുടെയും ഭൂമി സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ദല്ലാള്‍ പണിയെടുക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോദിവസം കഴിയുന്തോറും പുറത്തുവരുന്നത്. ഇതിനായി കുടിയാന്‍നിയമത്തില്‍മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അട്ടിമറിക്കുകയുമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഈ വിഭാഗം ജനങ്ങളില്‍നിന്ന് ഉയരുന്നത്. ഇതാണ് ദഡികലയിലും ദൃശ്യമായത്.  

ആദിവാസികളുടെ ഭൂമി അവര്‍ക്കായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഛോട്ടേ നാഗ്പുര്‍ കുടിയാന്‍നിയമവും സാന്താള്‍ പര്‍ഗാന കുടിയാന്‍നിയമവും ഭേദഗതിചെയ്യുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെയാണ് ആദിവാസി കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ആരംഭം. സ്വദേശി, വിദേശി കോര്‍പറേറ്റുകള്‍ക്കായി ഭൂമി തട്ടിയെടുക്കുന്നതിനായാണ് രഘുബര്‍ദാസ് സര്‍ക്കാര്‍ കുടിയാന്‍നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ആദിവാസികളുടെയും ദളിതരുടെയും മറ്റ് പിന്നോക്ക സമുദായങ്ങളുടെയും കൃഷിഭൂമി കോര്‍പറേറ്റുകളുടെ വാണിജ്യ– വ്യവസായ– റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി കൈമാറാമെന്നതാണ് ഈ ഭേദഗതി നിയമങ്ങളുടെ സത്ത. 1949ലെ സാന്താള്‍ പര്‍ഗാന കുടിയാന്‍നിയമം അനുസരിച്ച് ആദിവാസികളുടെ ഭൂമി കൈമാറ്റം അനുവദനീയമല്ല. 1908ലെ ഛോട്ടേ നാഗ്പുര്‍ കുടിയാന്‍നിയമമനുസരിച്ച് സ്വന്തം ജാതിയില്‍പെട്ടവര്‍ക്കോ അതേ പ്രദേശത്തുള്ളവര്‍ക്കോ മാത്രമേ അതും അധികൃതരുടെ അനുമതിയോടെമാത്രം ഭൂമി കൈമാറ്റംചെയ്യാന്‍ പാടുള്ളൂ. ബ്രിട്ടീഷ് ഭരണകാലത്ത് ആദിവാസികളും കര്‍ഷകരും ബിര്‍സ മുണ്ടയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ നിരന്തരപോരാട്ടത്തിന്റെ ഫലമായിരുന്നു ഈ നിയമനിര്‍മാണങ്ങള്‍. പിന്നീട് ഈ രണ്ടുനിയമവും ഇന്ത്യന്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പെടുത്തി ജുഡീഷ്യല്‍ പരിശോധനയില്‍നിന്ന് മാറ്റിനിര്‍ത്തുകയുംചെയ്തു. ആദിവാസികളുടെയും മറ്റും ഭൂമി അവരുടെ കൈവശംതന്നെ നിലനിര്‍ത്തുന്നതിനായിരുന്നു ഈ നിബന്ധനകള്‍. എന്നാല്‍, ഈ രണ്ട് നിയമവും അര്‍ഥശൂന്യമാക്കിക്കൊണ്ട് ആദിവാസികളുടെയും ദളിതരുടെയും ഭൂമി സ്വതന്ത്രമായി കൈമാറ്റംചെയ്യാന്‍ വഴിയൊരുക്കുന്നതാണ് പുതിയ നിയമഭേദഗതികള്‍. വ്യവസായങ്ങള്‍ക്കും റോഡ്, കനാലുകള്‍, റെയില്‍വേ, കേബിള്‍, കോളേജ്, സര്‍വകലാശാലകള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ഭൂമി കൈമാറാമെന്നാണ് ഭേദഗതി നിര്‍ദേശിക്കുന്നത്. ഇതോടെ ആദിവാസികളുടെയും ദളിതരുടെയും മറ്റു പിന്നോക്കസമുദായങ്ങളുടെയും കൃഷിഭൂമിയിന്മേലുള്ള അവകാശം സര്‍ക്കാരിന് ഇഷ്ടംപോലെ കവരാമെന്നായി. ആദിവാസിഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമസഭയോ പഞ്ചായത്ത് സമിതിയോ ചര്‍ച്ച ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നു. പുതിയ ഭേദഗതിയോടെ ആ സംരക്ഷണവും ഇല്ലാതായി. ലോക്സഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രചാരണത്തിനായി സാന്താള്‍ പര്‍ഗാനമേഖലയില്‍ നരേന്ദ്ര മോഡി എത്തിയപ്പോള്‍ ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം ആദിവാസികളുടെ ഭൂമി കൈയേറാന്‍ ആരും ഇതുവരെ ജനിച്ചിട്ടില്ലെന്നായിരുന്നു. എന്നാല്‍, അധികാരമേറി രണ്ടുവര്‍ഷത്തിനകം അതേ മോഡി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ അദാനിക്കും അംബാനിക്കുംവേണ്ടി നിയമവും ഭരണഘടനയും കാറ്റില്‍പറത്തി ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയാണ്. ഇതിനെതിരെ ആദിവാസി അധികാര്‍ മഞ്ചും ഇടതുപക്ഷപ്രസ്ഥാനങ്ങളും വിവിധ ആദിവാസി ദളിത് സംഘടനകളും ജാര്‍ഖണ്ഡിലെ കരണ്‍പുര താഴ്വരയിലും ബര്‍ക്കഗാവിലും പോരാട്ടത്തിന്റെ കൊടി ഉയര്‍ത്തിയിരിക്കുകയാണ്. കോര്‍പറേറ്റ് ആര്‍ത്തിയില്‍നിന്ന് സ്വന്തം ഭൂമി സംരക്ഷിക്കാനുള്ള ആദിവാസികര്‍ഷകരുടെ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അതിന് എല്ലാവിധ പിന്തുണയും നല്‍കേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളുടെയും കടമയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top