08 December Friday

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഗിമ്മിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2023


അഞ്ചു സംസ്ഥാന നിയമസഭകളിലേക്കും തുടർന്ന്‌ ലോക്‌സഭയിലേക്കും നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഗിമ്മിക്കുകളിലേക്ക്‌ ബിജെപി കടന്നു. ഇതിന്റെ ഭാഗമാണ്‌ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കഴിഞ്ഞദിവസം 200 രൂപ കുറച്ചത്‌. 200 രൂപ സബ്സിഡി അനുവദിക്കുമെന്നാണ് പ്രഖ്യാപനം. ബിജെപി അധികാരത്തിൽവന്ന ഒമ്പതുവർഷംകൊണ്ട്‌ സിലിണ്ടറിന്‌ 800 രൂപ കൂട്ടിയവർ ഇപ്പോൾ അതിൽനിന്ന്‌ 200 രൂപ കുറച്ചെന്നു പറയുന്നത്‌ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ചെപ്പടിവിദ്യയാണെന്ന്‌ പകൽപോലെ വ്യക്തം. വില കുറയ്‌ക്കാനുള്ള നിരവധി അവസരമുണ്ടായിരുന്നിട്ടും അന്നൊക്കെ വർധിപ്പിക്കാൻ കൂട്ടുനിന്ന കേന്ദ്രത്തിന്‌ ഇപ്പോഴുണ്ടായ ബോധോദയത്തിനു കാരണം തെരഞ്ഞെടുപ്പ്‌ അടുത്തതുമാത്രമാണ്‌.

രണ്ടാം മോദി സർക്കാർ അധികാരത്തിൽവന്ന 2019ൽ പാചകവാതകത്തിന്‌ 535 രൂപയായിരുന്നു വില. അത്‌ ഏതാണ്ട്‌ എല്ലാ മാസവും വർധിപ്പിച്ച്‌ ഇപ്പോൾ 1150ന്‌ അടുത്തായി. ബിജെപി ഭരിക്കുന്ന യുപിയിൽത്തന്നെയാണ്‌ കൂടിയവില–- 1140.50. കേരളത്തിൽ അത്‌ 1112 ആയി ഉയർന്നു. നാലുവർഷംകൊണ്ട് 577 രൂപ വർധിപ്പിച്ചവർ ഇപ്പോൾ 200 രൂപ കുറച്ചെന്നാണ് പറയുന്നത്. 

ക്രൂഡ്‌ഓയിലിന്റെ വില കുത്തനെ കുറഞ്ഞപ്പോഴും എണ്ണയുടെയും പാചകവാതകത്തിന്റെയും വില കൂട്ടുന്ന രീതിയാണ്‌ തുടർന്നത്‌. അപൂർവം സന്ദർഭങ്ങളിൽമാത്രമാണ്‌ നേരിയ കുറവുണ്ടായത്‌. റഷ്യയിൽനിന്ന്‌ കുറഞ്ഞവിലയ്‌ക്ക്‌ എണ്ണ കിട്ടുമ്പോഴും ഇവിടെ കുറവുണ്ടായില്ല. ഇന്ധനവില വർധന സുതാര്യമല്ല. എങ്ങനെയാണ്‌ എണ്ണക്കമ്പനികൾ വില നിശ്ചയിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്‌ ഇതുവരെ കൃത്യമായ മറുപടി കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. അനിയന്ത്രിതമായ ഇന്ധനവില വർധന പൊതു വിലക്കയറ്റത്തിന് കാരണമാകുമെന്ന ഇടതുപക്ഷ നിലപാട്‌ ശരിവയ്‌ക്കുന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതി.

പാചകവാതകത്തിന്റെ അമിതമായ വിലവർധന സാധാരണക്കാരന്റെ കുടുംബ ബജറ്റ്‌ താളംതെറ്റിച്ചു. പാചകത്തിന്‌ മറ്റു മാർഗമില്ലാത്ത കുടുംബങ്ങൾ ഉയർന്നവിലയ്‌ക്ക്‌ വാങ്ങാൻ നിർബന്ധിതരായി. ഇന്ത്യയിൽ 36 കോടിയോളം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. വിലനിയന്ത്രണം എണ്ണക്കമ്പനികൾക്ക് നൽകുമ്പോൾ, പാചകവാതകത്തിനുള്ള സബ്‌സിഡി കേന്ദ്ര സർക്കാർ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ ഇടുമെന്നാണ് പറഞ്ഞത്. എല്ലാവരും ആധാർ കാർഡ് ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്‌ഷനുമായി ബന്ധിപ്പിക്കാൻ നെട്ടോട്ടമോടി. ആദ്യ കുറച്ചുമാസം ചെറിയ തുക സബ്‌സിഡിയായി അക്കൗണ്ടിൽ വന്നു. എന്നാൽ, 2020 ഏപ്രിൽമുതൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ഇത്‌ നിർത്തലാക്കി. 

പാചകവാതകത്തിന്‌ 200 രൂപ കുറച്ചത് വലിയ സംഭവമാണെന്ന് പ്രചരിപ്പിക്കാനാണ് സംഘവരിവാറും ബിജെപിയുടെ പിആർ ടീമും വലിയതോതിൽ ശ്രമിക്കുന്നത്. യഥാർഥത്തിൽ ബിജെപിയുടെ അടിത്തറ ഇളകുന്നത് മനസ്സിലാക്കി അതിൽനിന്ന് എങ്ങനെയും രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് ഇതിനുപിന്നിൽ.പ്രതിപക്ഷ സഖ്യമായിട്ടുള്ള ‘ഇന്ത്യ’യുടെ സ്വീകാര്യതയിൽ ബിജെപി വല്ലാതെ വെപ്രാളപ്പെടുന്നുണ്ട്. ഇന്ത്യാ മുന്നണിയിലേക്ക് കൂടുതൽ പാർടികൾ വന്നുകൊണ്ടിരിക്കുകയാണ്. പട്‌നയിൽ ചേർന്ന ആദ്യ യോഗത്തിൽ 16 പാർടിയാണ്‌ ഉണ്ടായിരുന്നതെങ്കിൽ ബംഗളൂരുവിൽ ചേർന്ന രണ്ടാം യോഗത്തിൽ 26 പാർടിയുടെ പ്രതിനിധികളാണ് പങ്കടുത്തത്. ആഗസ്ത് 31നു മുംബൈയിൽ ആരംഭിക്കുന്ന മൂന്നാംയോഗത്തിൽ 12 പാർടികൂടി പങ്കെടുക്കും.  ഇതിൽ പലതും എൻഡിഎക്കൊപ്പം നിന്നവരുമാണ്. വർഗീയതയിലൂടെയും നുണപ്രചാരണത്തിലൂടെയും അധികകാലം അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിന് ഉണ്ടായിത്തുടങ്ങിയതിന്റെ ഭാഗമാണ് പാചകവാതകത്തിന് വില കുറച്ചത്. തെരഞ്ഞെടുപ്പുസമയത്ത് ഇന്ധനവില വർധനയില്ലാതെ മാസങ്ങളോളം സ്ഥിരമായി തുടരുന്നത് നാം കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പഴയതുപോലെ വർധിപ്പിക്കാനും മടിയില്ല. ജനങ്ങളെ പറ്റിച്ച് എക്കാലവും തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലിനെതിരെ ജനങ്ങളാകെ മുന്നോട്ടുവന്നില്ലെങ്കിൽ വലിയ ആപത്തിലേക്കായിരിക്കും രാജ്യം പോകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top