25 April Thursday

അത് ഹീനകൃത്യം, നാടിന് അപമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


മനുഷ്യസ്നേഹവും കാരുണ്യവും പ്രവഹിക്കേണ്ട ഒരു കാലം. എല്ലാ മനുഷ്യരും ഒരുമയോടെ പ്രതിരോധ കവചങ്ങൾ തീർക്കേണ്ട സമയം. പകർച്ചവ്യാധിയും പ്രകൃതി ദുരന്തങ്ങളുമെല്ലാം വ്യാപിക്കുമ്പോൾ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും ചെയ്യുന്നതും ഇതാണ്. ഏതൊരു പ്രതിസന്ധിയിലും നമ്മുടെ കൊച്ചുകേരളം ഈ മാതൃക ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ഈ കോവിഡ്കാലത്തും ഇത്തരത്തിൽ സ്നേഹത്തിന്റെ, ആർദ്രതയുടെ അനേകം ഏടുകൾ രചിച്ചുകൊണ്ടിരിക്കുകയാണ്.

ഇങ്ങനെയുള്ള കേരളത്തിൽ ഞായറാഴ്ചയുണ്ടായ സംഭവം അങ്ങേയറ്റം അപമാനകരമായി. കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ  മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഭവമാണത്. സംസ്കാരം തടയാൻ ആളെക്കൂട്ടി കുഴപ്പമുണ്ടാക്കിയത് ഒരു ജനപ്രതിനിധിയാണെന്നത് ഏറ്റവുമേറെ ലജ്ജാകരം. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ ടി എൻ ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം തടഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ചുങ്കം നടുമാലി ഔസേഫ് ജോർജിന്റെ മൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതാണ് ബിജെപിക്കാർ സംഘടിച്ചെത്തി തടഞ്ഞത്. ചില കോൺഗ്രസുകാരും അവർക്കൊപ്പം ചേർന്നു. പൊതു ശ്മശാനത്തിലേക്കുള്ള വഴി വേലികെട്ടി തടയുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏറെ വൈകുംവരെ സംസ്കാരത്തിന് സമ്മതിച്ചില്ല. മൃതദേഹം ദഹിപ്പിക്കുമ്പോൾ പുകയിലൂടെ വൈറസ് പടരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ ഇളക്കിയത്. വർഗീയതയും പിന്നിൽ കളിച്ചു. ഒടുവിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനും മറ്റ്‌ നേതാക്കളുമെത്തി ആളുകളെ അനുനയിപ്പിച്ച് പറഞ്ഞുവിടുകയായിരുന്നു. പിന്നീട്, ഔസേഫ് ജോർജിന്റെ മൃതദേഹം അവിടെത്തന്നെ സംസ്കരിച്ചു.

ഒരാളുടെയും മൃതദേഹത്തോട് ഒരു തരത്തിലും അനാദരംപാടില്ലെന്ന് ലോകത്താകെ പാലിക്കപ്പെടുന്ന പൊതുതത്വമാണ്. യുദ്ധത്തിൽ മരിക്കുന്ന ശത്രുപക്ഷത്തുള്ളവരോടുപോലും ആദരവ് കാണിക്കണം. മൃതദേഹത്തോടുള്ള ആദരവ്, ഏതു സാഹചര്യത്തിലും ആരും കാണിക്കേണ്ട മനുഷ്യത്വമാണെന്ന് ചുരുക്കം. ആ മനുഷ്യത്വമില്ലായ്മയാണ് കോട്ടയത്ത് ബിജെപിയുടെ നേതൃത്വത്തിൽ അരങ്ങേറിയത്. സ്ഥലത്തെത്തിയ കോൺഗ്രസ് നേതാവും എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രശ്നം പരിഹരിക്കാനല്ല ശ്രമിച്ചതെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. കോവിഡ്മൂലം മരിച്ചവരുടെ സംസ്കാരത്തെച്ചൊല്ലി ഇതിനുമുമ്പും പലേടത്തും പ്രതിഷേധവും തർക്കവുമൊക്കെ ഉണ്ടായിട്ടുണ്ടെന്നത് മറക്കുന്നില്ല. ഇവിടെയെല്ലാം പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ശ്രമിച്ചപ്പോൾ കോട്ടയത്ത് കുഴപ്പമുണ്ടാക്കാൻ ബിജെപിയുടെ ജനപ്രതിനിധിതന്നെ നേതൃത്വം നൽകുകയായിരുന്നു.

മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ വൈറസ് പകരുമെന്ന് പറയുന്നതിൽ ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. പ്രോട്ടോകോൾ പാലിച്ചാൽ മൃതദേഹത്തിൽനിന്ന് രോഗം പകരാൻ ഒരു സാധ്യതയുമില്ല

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരത്തിന് കേന്ദ്ര ആരോഗ്യവകുപ്പും സംസ്ഥാന ആരോഗ്യവകുപ്പും കൃത്യമായ പ്രോട്ടോകോൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ വൈറസ് പകരുമെന്ന് പറയുന്നതിൽ ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. പ്രോട്ടോകോൾ പാലിച്ചാൽ മൃതദേഹത്തിൽനിന്ന് രോഗം പകരാൻ ഒരു സാധ്യതയുമില്ല. തുപ്പുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോഴാണ് വൈറസ് പുറത്തേക്ക് വരിക. ഇതേസമയം, മൃതദേഹത്തെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്താൽ വൈറസ് പടരാൻ ചെറിയ സാധ്യതയെങ്കിലുമുണ്ട്. ഇക്കാര്യങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് പൊതുപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം ചെയ്യേണ്ടത്. മനുഷ്യസ്നേഹം, സേവനം, സമർപ്പണം എന്നിവയെല്ലാം പൊതു പ്രവർത്തനത്തിന്റെ ഭാഗമാണ്. അത്‌ ശീലിച്ചവർക്ക് ഭയമോ സംശയമോ ഇല്ലാതെ ഏതു പ്രതിസന്ധിയെയും പ്രതികൂല സാഹചര്യത്തെയും മറികടക്കാനാകും. കേരളത്തിലും ലോകത്തെവിടെയും കമ്യൂണിസ്റ്റുകാർ സമൂഹത്തിന് കാണിച്ചുകൊടുക്കുന്നത് ഇത്തരം മാതൃകയാണ്.

ഈ കോവിഡ്കാലത്തും സത്യസന്ധവും ആത്മാർഥവുമായ എത്രയോ ധീരമാതൃകകൾ കണ്ടു. കാസർകോട്‌ ജില്ലയിൽ നിരീക്ഷണത്തിലിരുന്ന കുഞ്ഞിന് പാമ്പുകടിയേറ്റപ്പോൾ രക്ഷകനായി എത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യു, കുന്നംകുളത്ത് കോവിഡ് നിരീക്ഷണത്തിലായിരിക്കെ തൂങ്ങിമരിച്ച വയോധികയുടെ മൃതദേഹം താഴെയിറക്കാൻ ധൈര്യപൂർവം മുന്നോട്ടുവന്ന സിപിഐ എം പ്രവർത്തകർ, തൃശൂർ പഴയന്നൂരിൽ ഗൃഹനാഥന്റെ മൃതദേഹം സംസ്കരിക്കാൻ ആരുമില്ലാതെ വന്നപ്പോൾ ഓടിയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എന്നിവരെല്ലാം കാണിച്ചുതന്നത് മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകകളാണ്. അച്ഛനും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലായപ്പോൾ അവരുടെ പിഞ്ചുകുഞ്ഞിനെ സംരക്ഷിച്ച കൊച്ചിയിലെ ഡോ. മേരി അനിതയും കാണിച്ചുതന്നത് മനുഷ്യത്വത്തിന്റെ ആർദ്രതയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് എട്ടു വൈദികരടങ്ങുന്ന സാന്ത്വനം വളന്റിയർ സേന രൂപീകരിച്ച തൃശൂർ അതിരൂപതയുടെ മാതൃകയും എടുത്തുപറയേണ്ടതുണ്ട്. മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കാൻ ആലപ്പുഴ രൂപത തീരുമാനിച്ചതും മാതൃകാപരമാണ്.


 

തനിക്കും ആർക്കും എപ്പോഴും ഈ രോഗം വന്നുപെടാമെന്ന ധാരണയാണ് ഓരോരുത്തർക്കും വേണ്ടത്. ഒട്ടേറെ രാജ്യങ്ങളിൽ മരണത്തിനൊപ്പം ജീവിക്കുന്ന സാഹചര്യമാണ്‌. അങ്ങനെയൊരു സാഹചര്യമുണ്ടാകാതെ കോവിഡിനെ പിടിച്ചുകെട്ടാനാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും കിണഞ്ഞു ശ്രമിക്കുന്നത്. നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗം പടർത്താൻ ശ്രമിക്കുന്നവരെ കർശനമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കോട്ടയത്ത്  30 പേർക്കെതിരെ കേസെടുത്തത് ഈ വഴിയിലുള്ള നടപടിയാണ്.

വെറുപ്പുമാത്രം വളർത്താൻ ശ്രമിക്കുന്ന ബിജെപി കോവിഡ്കാലത്തും വർഗീയമുതലെടുപ്പിന് ശ്രമിക്കുന്നത് രാജ്യം പലവട്ടം കണ്ടു. കോട്ടയത്തും കണ്ടത് അത്തരം നീക്കമാണ്. കേരളത്തിൽ അതൊന്നും നടക്കില്ലെന്ന് ഉറപ്പാക്കേണ്ടത് മലയാളികളുടെ ഉത്തരവാദിത്തമാണ്. മലയാളിയുടെ പരസ്പര സ്നേഹവും സാഹോദര്യവും മാതൃകയാകണം. ആർക്ക് കോവിഡ് വന്നാലും  നമ്മിലൊരാൾക്കാണെന്നു കാണാൻ എല്ലാവർക്കും കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top