25 April Thursday

പശുവിന്റെപേരില്‍ ലക്ഷ്യമിടുന്നത് വര്‍ഗീയധ്രുവീകരണം

വെബ് ഡെസ്‌ക്‌Updated: Monday Apr 3, 2017


ഉത്തര്‍പ്രദേശ് നിയമസഭയില്‍ വന്‍ വിജയം നേടിയതോടെ 'പശുധനം' രാഷ്ട്രീയധനമാക്കാനുള്ള നീക്കങ്ങള്‍ക്ക് ബിജെപിയും സംഘപരിവാറും ആക്കംകൂട്ടിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പശുരാഷ്ട്രീയത്തിന്റെ കൊടി വീണ്ടും ഉയര്‍ത്തിയതെങ്കില്‍ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ആദിത്യനാഥിനേക്കാള്‍ ശക്തമായ നിലപാട് ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് നാഗ്പുരിലെ ആര്‍എസ്എസ് നേതൃത്വത്തെ അറിയിക്കാനുള്ള മത്സരത്തിലാണ്. അധികാരമേറിയ ഉടന്‍തന്നെ സംസ്ഥാനത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുള്ള എല്ലാ അറവുശാലകളും  പൂട്ടിക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായി. രാജസ്ഥാനിലും ജാര്‍ഖണ്ഡിലും മറ്റും ഇത്തരം നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ ആക്രോശം. അടുത്തവര്‍ഷം അവസാനം നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരിക്കണം വര്‍ഗീയധ്രുവീകരണ നടപടിക്ക് രമണ്‍സിങ്ങും തുടക്കമിട്ടിട്ടുള്ളത്.

ഈ വര്‍ഷാവസാനം നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ വിജയം കൈവിട്ടുപോകുമോ എന്ന സംശയം വേട്ടയാടുന്നതിനാല്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതിബില്‍ വിജയ് രൂപാനി സര്‍ക്കാര്‍ പാസാക്കിയിരിക്കുകയാണ്. പശുവിനെ കൊല്ലുന്നവര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷം തടവ് ഈ നിയമം അനുശാസിക്കുന്നു. പശുവിനെയും കാളകളെയും മാട്ടിറച്ചിയും കടത്തുന്നവര്‍ക്ക് ഏഴുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ഭേദഗതിനിയമം വ്യവസ്ഥചെയ്യുന്നു.  മുന്‍ മുഖ്യമന്ത്രി മോഡി നേരത്തേ കൊണ്ടുവന്ന പശുസംരക്ഷണബില്ലിന് മൂര്‍ച്ച പോരെന്ന് കണ്ടതിനെ തുടര്‍ന്നാണ് പുതിയ ഭേദഗതിനിയമം. വടക്കന്‍ ഗുജറാത്തില്‍ കഴിഞ്ഞദിവസം നടന്ന വര്‍ഗീയലഹളയ്ക്ക് തൊട്ടുപിറകെയാണ് പ്രതിപക്ഷത്തെ സഭയില്‍നിന്ന് പുറത്താക്കി നിയമസഭാ ഗ്യാലറിയിലെ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഈ ബില്‍ പാസാക്കിയെടുത്തത്. നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ വര്‍ഗീയധ്രുവീകരണശ്രമങ്ങള്‍ക്ക് ബിജെപി സംസ്ഥാനത്ത് തയ്യാറാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ബില്‍.

ഇറച്ചിക്കായി പശുവിനെയും കാളയെയും അറുക്കുന്നത് തടയാനെന്നപേരിലാണ് ഈ ബില്‍ കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍, ഇത് സ്ഥിരീകരിക്കാനുള്ള വസ്തുതകളൊന്നും വിജയ് രൂപാനി സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടില്ല. പശുവിനെ കൊല്ലുന്നത് വര്‍ധിക്കുകയാണെന്ന് സമ്മതിച്ചാല്‍ കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് സമ്മതിക്കേണ്ടിവരും. മാത്രമല്ല മൂന്നുവര്‍ഷം മുമ്പുവരെ സംസ്ഥാനം ഭരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പശുക്കളെ അറുക്കുന്നത് ലാഘവബുദ്ധിയോടെ നോക്കിനിന്നെന്നും സമ്മതിക്കേണ്ടിവരും. അതുകൊണ്ടുതന്നെയായിരിക്കണം ഇതുസംബന്ധിച്ച ഒരു കണക്കും അവതരിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്.

ഉത്തര്‍പ്രദേശിലെ കണക്കെടുത്താല്‍ത്തന്നെ അറവുശാലകള്‍ അടച്ചിടാനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദഗതികള്‍ അസംബന്ധമാണെന്ന് കാണാന്‍ കഴിയും. ഇന്ത്യയില്‍ പൊതുവെതന്നെ പശുക്കളുടെയും കാളകളുടെയും എണ്ണം കുറഞ്ഞുവരികയാണ്. അത് അവയെ കൊല്ലുന്നതുകൊണ്ടല്ല മറിച്ച് കര്‍ഷകര്‍ അവയെ വളര്‍ത്താന്‍ താല്‍പ്പര്യം കാട്ടാത്തതുകൊണ്ടാണ്. കൂടുതല്‍ അളവിലും കട്ടിയിലുമുള്ള പാല്‍ എരുമകളാണ് നല്‍കുന്നതെന്നതിനാല്‍ അവയെ വളര്‍ത്താനാണ് കര്‍ഷകര്‍ക്ക് താല്‍പ്പര്യം.  ചത്ത പോത്തിനുപോലും 25000 രൂപ ലഭിക്കുമ്പോള്‍ ചത്ത പശുവിനെ മറവ് ചെയ്യാന്‍ സ്വന്തം കീശയില്‍ നിന്ന് കാശ് ചെലവാക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. അതുകൊണ്ട്  അവര്‍ക്ക് താല്‍പ്പര്യം എരുമകളെ പോറ്റാനാണ്. ഉദാഹരണത്തിന് 2003ല്‍ ഉത്തര്‍പ്രദേശിലെ എരുമകളുടെയും പോത്തിന്റെയും എണ്ണം 229 ലക്ഷമാണെങ്കില്‍ 2012ല്‍ അത് 306 ലക്ഷമായി വര്‍ധിച്ചു.  ഇതില്‍ 85 ശതമാനവും എരുമകളാണ് താനും.  ഇതേസമയം പശുവിന്റെയും കാളയുടെയും എണ്ണം വര്‍ഷംതോറും കുറഞ്ഞുവരികയാണെന്നും സൈന്‍സസ് വ്യക്തമാക്കുന്നു.  1997 ല്‍ ഇവയുടെ എണ്ണം 200.16 ലക്ഷമായിരുന്നെങ്കില്‍ 2012ല്‍ 195.57 ലക്ഷം ആയി കുറഞ്ഞു. ഉത്തര്‍പ്രദേശിലെ ഏത് ഡെയ്റിഫാമെടുത്താലും എരുമകളുടെ എണ്ണത്തിന്റെ പകുതിപോലും പശുക്കളുണ്ടാകില്ല എന്നതാണ് വസ്തുത. സംഘപരിവാര്‍ പശുസംരക്ഷണനടപടികള്‍ ശക്തമാക്കിയതോടെ പ്രായമായ പശുക്കളെ പോറ്റാനും കര്‍ഷകര്‍ നിര്‍ബന്ധിതരായി.  മൂന്നുനാല് പ്രസവം കഴിഞ്ഞാല്‍ പാലിന്റെ അളവ് കുറയുമെന്നതിനാല്‍ത്തന്നെ അവയെ വില്‍ക്കാനാണ് കര്‍ഷകര്‍ താല്‍പ്പര്യം കാട്ടാറുള്ളത്. അവയില്‍ ഭൂരിപക്ഷവും അറവുശാലകളില്‍ എത്തിയേക്കാം. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇവയുടെ വില്‍പ്പന അസാധ്യമായിരിക്കുന്നു. അതുകൊണ്ടുതന്നെ പശുക്കളെ തെരുവിലേക്ക് അലയാന്‍ വിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാകുന്നു.  രാജ്യത്ത് നിലവില്‍ 5.3 ദശലക്ഷം ഇത്തരം ഉടമസ്ഥരില്ലാത്ത പശുക്കളും കാളകളും ഉണ്ടെന്നാണ് കണക്ക്. നഗരങ്ങളിലുംമറ്റും ഇവയുണ്ടാക്കുന്ന ഗതാഗതക്കുരുക്കും പരിസ്ഥിതിമലിനീകരണവും വേറെയും. ഗോശാലകള്‍ നിര്‍മിച്ച് ഇവയെ പുനരധിവസിപ്പിക്കുമെന്നാണ് ആദിത്യനാഥും മോഡിയും മറ്റും പറയുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന എല്ലാ സബ്സിഡികളും എടുത്തുകളയണമെന്ന് പറയുന്നവരാണ് പശുവിനെ സംരക്ഷിക്കാന്‍ സബ്സിഡിയാകാമെന്ന വാദം ഉയര്‍ത്തുന്നത്. 

പശുവിന്റെ എണ്ണം കുറഞ്ഞെങ്കിലും പാല്‍ ഉല്‍പ്പാദനത്തില്‍ ഒരു കുറവും ഉണ്ടായിട്ടുമില്ല. ഇതിനര്‍ഥം കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ പശുവിനെക്കാളും പ്രാധാന്യം എരുമകള്‍ക്കാണിപ്പോള്‍ എന്നതാണ്. ഈ ഘട്ടത്തിലാണ് പശുധനത്തെക്കുറിച്ച് സംഘപരിവാര്‍ വാചാലമാകുന്നത്. പശുവിനോടുള്ള സ്നേഹത്തേക്കാള്‍ ഇതുവഴി വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് വോട്ട് പെട്ടിയിലാക്കാന്‍ കഴിയുമെന്ന കുടിലതന്ത്രമാണ് സംഘപരിവാറിനെ നയിക്കുന്നത്. ഇത് തിരിച്ചറിയാതെപോകരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top