20 April Saturday

ഗോരക്ഷകരുടെ ഭ്രാതൃഹത്യ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Friday Apr 7, 2017


ഹരിയാനയില്‍ ഗുഡ്ഗാവിനടുത്തുള്ള മേവാത്ത് ജില്ലയിലെ ജയ്സിങ്പുര്‍ ഗ്രാമത്തില്‍നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ജയ്പുരിലേക്ക് അമ്പത്തഞ്ചുകാരനായ പെഹ്ലുഖാനും മറ്റു നാലുപേരും പോയത് പശുക്കളെ വാങ്ങാനായിരുന്നു. ഹരിയാനയില്‍നിന്ന് കന്നുകാലികളെ വാങ്ങുന്നതിനേക്കാള്‍ 20,000 രൂപയെങ്കിലും കുറച്ചുകിട്ടുമെന്നതിനാലാണ് ജയ്പുരിലെ കന്നുകാലിമേളയിലേക്ക് ഇവര്‍ പോയത്. ജയ്സിങ്പുര്‍ ഗ്രാമത്തില്‍നിന്ന് ക്ഷീരകര്‍ഷകനായ പെഹ്ലുഖാന്‍മാത്രമല്ല ഗ്രാമത്തിലെ ഏറ്റവും വലിയ ക്ഷീരകര്‍ഷകനായ സക്കീര്‍ഖാനും ജയ്പുര്‍ മേളയ്ക്ക് പോയിരുന്നു. റമദാനുമുമ്പ് പാലുല്‍പ്പാദനം കൂട്ടണമെന്ന ലക്ഷ്യത്തോടെയാണ് പെഹ്ലുഖാനും മറ്റും ജയ്പുരിലേക്ക് കന്നുകാലികളെ വാങ്ങാന്‍ പോയത്. എരുമകളെ വാങ്ങുകയായിരുന്നു പെഹ്ലുഖാന്റെ ലക്ഷ്യം. എന്നാല്‍, മേളയില്‍വച്ച് 12 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുക്കളെ കണ്ടപ്പോള്‍ അതിനെ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പശുവിനെ വാങ്ങിയതിന് പെഹ്ലുഖാന് നല്‍കേണ്ടി വന്നത് സ്വന്തം ജീവിതംതന്നെയായിരുന്നു.

ജയ്പുരില്‍നിന്ന് രണ്ട് വണ്ടികളിലായി ബംഗളൂരു- ഡല്‍ഹി എട്ടാംനമ്പര്‍ ദേശീയപാതയില്‍ ബെഹ്റോഡ് എത്തിയപ്പോഴാണ് ഗോരക്ഷക വേഷം കെട്ടിയ ബജ്രംഗ്ദള്‍, ഹിന്ദുജാഗരണ്‍ മഞ്ച് ക്രിമിനലുകള്‍ ആയുധങ്ങളുയര്‍ത്തി ഈ വാഹനങ്ങള്‍ തടഞ്ഞത്.  1995ല്‍ പശുക്കളെ കടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍, കാര്‍ഷികാവശ്യങ്ങള്‍ക്കും പാലുല്‍പ്പാദനത്തിനുമായി പശുക്കളെ കടത്താന്‍ ഈ നിയമം തടസ്സമാകുന്നില്ല. മാത്രമല്ല, ജയ്പുര്‍ മേളയില്‍നിന്ന് പശുക്കളെ വാങ്ങിയതിന് മുനിസിപ്പല്‍ അധികൃതരുടെ രസീതിയും ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും ഗോരക്ഷകവേഷമണിഞ്ഞ സംഘപരിവാര്‍ ക്രിമിനലുകള്‍ക്ക് പെഹ്ലുഖാനെയും സംഘത്തെയും മര്‍ദിക്കുന്നതിന് തടസ്സമായില്ല. പെഹ്ലുഖാന്റെ വണ്ടിയുടെ ഡ്രൈവറുടെ പേര് അര്‍ജുന്‍ എന്നായതിനാല്‍ അയാളെ ഓടി രക്ഷപ്പെടാന്‍ അനുവദിച്ചു. മറ്റ് അഞ്ചുപേരും മുസ്ളിങ്ങളായതുകൊണ്ടുതന്നെ വളഞ്ഞിട്ട് മര്‍ദിച്ചു.

നിലത്തുവീണ പെഹ്ലുഖാനെ വടികൊണ്ട് അടിക്കുന്നതിനൊപ്പം ചവിട്ടുകയും ചെയ്തു. ചോരയില്‍ കുളിച്ച് ഏറെ നേരം റോഡരികില്‍ പെഹ്ലുഖാന്‍ കിടന്നു. ക്രൂരമായ മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മര്‍ദകര്‍തന്നെ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടു. ഇര്‍ഷാദ്, ആരീഫ് എന്നീ മക്കളുടെ മുന്നിലിട്ടാണ് പെഹ്ലുഖാനെ മര്‍ദിച്ചത്. സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെയും ബോധം നഷ്ടപ്പെടുന്നതുവരെ മര്‍ദിച്ചു. അരമണിക്കൂര്‍ കഴിഞ്ഞെത്തിയ പൊലീസാണ് ഇവരെ ബെഹ്റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടാമത്തെ ദിവസം ആശുപത്രിയില്‍വച്ച് പെഹ്ലുഖാന്‍ മരിച്ചു. വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വസുന്ധര രാജെ സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടപ്പെടുമെന്നതിനാല്‍ ശനിയാഴ്ച നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. ബുധനാഴ്ചയോടെയാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. 

ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യം ബെഹ്റോഡില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ആരും മരിച്ചിട്ടില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ്. രാജ്യസഭയില്‍ വ്യാഴാഴ്ച പ്രതിപക്ഷം ശൂന്യവേളയില്‍ പ്രശ്നം ഉയര്‍ത്തിയപ്പോഴാണ് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഈ നിലപാട് സ്വീകരിച്ചത്. ഗോരക്ഷയുടെ പേരില്‍ മനുഷ്യരെ കൊല്ലാന്‍ പച്ചക്കൊടി വീശുകയാണ് മോഡിസര്‍ക്കാര്‍. നിയമം കൈയിലെടുക്കാന്‍ ഗോരക്ഷകര്‍ക്ക് അനുവാദം നല്‍കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടത്.

പശുക്കടത്ത് തടയാനും പരിശോധിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഠാരിയ നടത്തിയ പ്രസ്താവന. മാത്രമല്ല, ഗോരക്ഷാനിയമം ലംഘിച്ചുവെന്ന് പറഞ്ഞ് പെഹ്ലുഖാനും മറ്റുമെതിരെ കേസെടുക്കാനും ബെഹ്റോഡ് പൊലീസ് തയ്യാറായി. പശുക്കളെ വാങ്ങിയതിന് രേഖകളില്ലെന്ന് പറഞ്ഞാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ആ വസ്തുത അവഗണിച്ചാണ് കേസെടുത്തിട്ടുള്ളതെന്നും പെഹ്ലുഖാന്റെ കൂടെയുണ്ടായിരുന്നവര്‍ ആരോപിക്കുന്നു. എന്നാല്‍, പെഹ്ലുഖാനെ അടിച്ചുകൊന്ന കേസിലെ ആറു പ്രതികളില്‍ ഒരാളെപ്പോലും പൊലീസ് ഒരാഴ്ചയായിട്ടും അറസ്റ്റ് ചെയ്തില്ല. പ്രതികളെ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉദാസീനരായി ഇരിക്കുകയായിരുന്നു പൊലീസ്. വാര്‍ത്ത പുറത്തുവരികയും പാര്‍ലമെന്റില്‍ പ്രശ്നമുയരുകയും ചെയ്തതോടെയാണ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്യാന്‍ തയ്യായത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും ഗോരക്ഷകരെന്ന ക്രിമിനലുകളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക്ക് കേസുമുതല്‍ ഇതേ നിസ്സംഗസമീപനമാണ് തുടരുന്നത്.

മോഡിസര്‍ക്കാര്‍ വന്നശേഷം രാജ്യത്ത് ഗോസംരക്ഷണ സമിതിക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ആളാണ് പെഹ്ലുഖാന്‍. പശുവിന്റെ പേരിലുള്ള ഈ വര്‍ഗീയധ്രുവീകരണം വരുംനാളുകളില്‍ ശക്തിപ്പെടാനാണ് സാധ്യത. ഗോഹത്യ നടത്തുന്നവരെ തൂക്കിലേറ്റണമെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ പ്രസ്താവനയും ഗുജറാത്തില്‍ ഗോഹത്യ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാക്കിയതും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top