27 September Wednesday

ഈ നാശകാരികളെ ജനശക്തികൊണ്ട് ബന്ധിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2017

"കേന്ദ്രത്തില്‍ ബിജെപി ‘ഭരിക്കുമ്പോഴും കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതി തന്നെയാണ്. സിപിഎമ്മിന്റെ അക്രമിപ്പടയെ നിലയ്ക്ക് നിര്‍ത്താന്‍ പഴയവേഷം വീണ്ടും കെട്ടാന്‍ ഒരു മടിയുമില്ല. ഒന്നും മറന്നിട്ടുമില്ല. തുനിഞ്ഞിറങ്ങിയാല്‍ സിപിഎമ്മിന്റ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ.''- ഈ വാക്കുകള്‍ ഏതെങ്കിലും കവലയിലെ തര്‍ക്കത്തിനിടയില്‍ ഉയര്‍ന്ന വെല്ലുവിളിയല്ല. ബിജെപി എന്ന രാഷ്ട്രീയ പാര്‍ര്‍ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി മുരളീധരന്‍ രേഖാമൂലം നടത്തിയ വെല്ലുവിളിയാണ്.  ഇതിനെ ‘ഭീഷണിയെന്നുംമറ്റും വ്യാഖ്യാനിച്ച് മാധ്യമങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ബഹളംവച്ചാലും തനിക്കൊരു ചുക്കുമില്ല എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് അദ്ദേഹം. മുരളീധരന്‍ ഒറ്റയ്ക്കല്ല. സമാനമായ പ്രതികരണങ്ങളും പ്രകോപനങ്ങളും ബിജെപിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന മിക്ക നേതാക്കളില്‍നിന്നുമുണ്ടായി. അതിന്റെ സ്വാഭാവികമായ പ്രതിഫലനമാണ് റിപ്പബ്ളിക്ദിനസന്ധ്യയില്‍ തലശേരിയില്‍ കണ്ടത്.  സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗം ബോംബെറിഞ്ഞ് അലങ്കോലപ്പെടുത്തുക എന്ന  എല്ലാ അതിരും കടക്കുന്ന അക്രമത്തിനാണ് ആര്‍എസ്എസ് മുതിര്‍ന്നത്.

തലശേരി നങ്ങാറത്ത് പീടികയില്‍ ഒമ്പതുവര്‍ഷംമുമ്പ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ കെ പി ജിജേഷിന്റെ രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ ഡിവൈഎഫ്ഐ മേഖലാ ‘ഭാരവാഹി ശരത് ശശിക്ക് സാരമായി പരിക്കേറ്റു. അതുകൊണ്ടും നിര്‍ത്താതെ രക്തസാക്ഷിസ്തൂപം മലമൂത്രവിസര്‍ജനം നടത്തി മലിനമാക്കുക, രക്തസാക്ഷിയുടെ ചിത്രത്തില്‍ കരിഓയില്‍ ഒഴിക്കുക തുടങ്ങിയ നീചകൃത്യങ്ങളിലും ഏര്‍പ്പെട്ടു ആര്‍എസ്എസ്. അവര്‍ക്കറിയാം-ഇത്തരം കൃത്യങ്ങള്‍ പ്രകോപനപരമാണ് എന്ന്. ബോധപൂര്‍വം പ്രകോപനം ക്ഷണിച്ചുവരുത്തി,  തിരിച്ചടി കിട്ടുമ്പോള്‍ ഇരവാദവുമായി രാജ്യത്താകെ പ്രചാരണം നടത്താനുള്ള പദ്ധതിയാണ് കുറെ നാളുകളായി ആര്‍എസ്എസ് നടപ്പാക്കുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാമോ  എന്ന വി മുരളീധരന്റെ ചോദ്യം അതിന്റെ ഭാഗമാണ്. കേന്ദ്ര ഭരണപ്പാര്‍ടി ആക്രമിക്കും; മറ്റുള്ളവര്‍ അതിനിരയായി മിണ്ടാതിരുന്നുകൊള്ളണം എന്നു പറയാനുള്ള ദേശീയനേതാവിന്റെ ഉളുപ്പില്ലായ്മയില്‍  സംഘപരിവാറിന്റെ യഥാര്‍ഥ മുഖവും ലക്ഷ്യവും മറയില്ലാതെ തെളിയുന്നുണ്ട്.

സമാധാനം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളോടും മുഖംതിരിഞ്ഞുനില്‍ക്കുകയാണ് ആര്‍എസ്എസ്. അഖിലകക്ഷി യോഗം വിളിക്കാനുള്ള ഉദ്യമത്തോട്, തങ്ങള്‍ക്ക് തല്‍ക്കാലം വേറെ പണിയുണ്ട് എന്നാണവരുടെ ഉത്തരം. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലാ ഭരണാധികാരികളും വിളിച്ച  സമാധാനയോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ അക്രമവും പ്രകോപനവും തുടരുന്ന ആര്‍എസ്എസിന്റെ സൃഷ്ടിയാണ് ഇന്നത്തെ കണ്ണൂരിലെ അശാന്തി. അത് സംസ്ഥാനവ്യാപകമാക്കാനുള്ള നീക്കമാണ് സംഘപരിവാറിന്റേത്. അതിനുള്ള വെല്ലുവിളിയാണവര്‍ മുഴക്കുന്നത്. ആര്‍എസ്എസിന്റെ ഉള്ളറക്കഥകളും വര്‍ഗീയാസൂത്രണങ്ങളും ഒന്നൊന്നായി പുറത്തുവരികയാണ്.  വന്‍ നേട്ടമുണ്ടാക്കുന്നു എന്ന് മേനി നടിച്ച ആ സംഘത്തിന് പുറകോട്ടടി മാത്രമാണ് കേരളത്തില്‍ ഉണ്ടായത് എന്നാണ്, തദ്ദേശഭരണസ്ഥാപന ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍ തെളിയിച്ചത്.  കേരളത്തില്‍  ഒഴുക്ക് സംഘത്തിന്റെ കൂടാരത്തില്‍നിന്ന് പുറത്തേക്കാണ്.  അത്തരം കൊഴിഞ്ഞുപോക്കും സ്വയംസേവകരിലെ മനംമടുപ്പും  വര്‍ഗീയവിരുദ്ധ നിലപാടുകള്‍ക്കുണ്ടാകുന്ന സ്വീകാര്യതയും ഒന്നൊന്നായി പുറത്തുവരുന ആഭ്യന്തര രഹസ്യങ്ങളും സംഘ കൂടാരത്തില്‍ അസ്വസ്ഥത ആളിക്കത്തിക്കുകയാണ്.

സ്വന്തം സഹപ്രവര്‍ത്തകനെ, സംസ്ഥാനനേതാക്കളടക്കമുള്ള സംഘ കാര്യകര്‍ത്താക്കള്‍ 38 ദിവസത്തെ ‘ഭീകരമര്‍ദനത്തിനും കൊടുംപീഡനത്തിനും ഇരയാക്കിയതിന്റെ ഞെട്ടിക്കുന്ന വിവരമാണ് കഴിഞ്ഞദിവസം തെളിവുസഹിതം പുറത്തുവന്നത്. ഏഴു വയസ്സുമുതല്‍ ശാഖയില്‍ പോയിത്തുടങ്ങി സംഘത്തിനുവേണ്ടി ജീവിതം നീക്കിവച്ച ആ യുവാവ്, ആര്‍എസ്എസ് തടങ്കലില്‍നിന്ന് രക്ഷപ്പെട്ട് വെളിപ്പെടുത്തിയത്, കേരളത്തിലെ  സംഘപരിവാറിന്റെ മാഫിയാസ്വഭാവം തെളിയിക്കുന്ന വസ്തുതകളാണ്. നാലു കാര്യാലയങ്ങളിലും രണ്ടു വീടുകളിലുമായി ഡിസംബര്‍ 15മുതല്‍ ജനുവരി 22വരെ ആര്‍എസ്എസ് തടങ്കലില്‍ വയ്ക്കുകയും എണ്‍പത്താറു മണിക്കൂറോളം ഉറങ്ങാന്‍ വിടാതെ കൊടിയ മര്‍ദനത്തിനിരയാക്കുകയുംചെയ്ത ആ യുവാവ് അതിസാഹസികമായാണ് രക്ഷപ്പെട്ട് നിയമത്തിന്റെ കരങ്ങളില്‍ അഭയംതേടിയത്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത പ്രവര്‍ത്തനം നടത്തി എന്നതിന്റെപേരില്‍ ആ സ്വയംസേവകനെ കൊന്നുകളയാനാണ് ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചത്. അതിലും സിപിഐ എമ്മിന്റെ പേര് വലിച്ചിഴച്ച് മരണത്തിന്റെ ഉത്തരവാദിത്തം സിപിഐ എം നേതാവ് പി ജയരാജനില്‍ കെട്ടിവയ്ക്കാന്‍ 'ആത്മഹത്യാകുറിപ്പ്'തയ്യാറാക്കിച്ചു. ഇതില്‍പരം എന്ത് നീചപ്രവൃത്തിയാണ് ഒരു സംഘടനയ്ക്ക് നടത്താനാകുക? തട്ടിക്കൊണ്ടുപോകലിന്റെയും പീഡനത്തിന്റെയും തെളിവുകള്‍ പുറത്തുവന്നപ്പോള്‍ ആര്‍എസ്എസ് മൌനത്തിലാണ്. അത് ചര്‍ച്ചചെയ്യാതിരിക്കാന്‍ സ്വന്തം അണികളെ പ്രതികരണങ്ങളില്‍നിന്ന് വിലക്കിയിരിക്കുന്നു. അതിനൊപ്പം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിട്ടും സിപിഐ എം സംസ്ഥാന സെക്രട്ടറിയെത്തന്നെ ഉന്നംവച്ചും വാര്‍ത്തകള്‍ സൃഷ്ടിക്കാനൊരുമ്പെടുന്നു.  

തീക്കളിയാണ് ആര്‍എസ്എസിന്റേത്. കേരളത്തെ അശാന്തമാക്കാനുള്ള ആസൂത്രണമാണത്. ക്രമസമാധാനം തകര്‍ത്ത് കമ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള കളമൊരുക്കാനുള്ള ശ്രമത്തിലാണവര്‍. അത് തിരിച്ചറിയപ്പെടണം. മതനിരപേക്ഷചേരിയില്‍ നില്‍ക്കുന്ന കക്ഷികളും സംഘടനകളും പ്രതികരിക്കണം. എം ടി വാസുദേവന്‍നായരെപ്പോലും നീചമായി അധിക്ഷേപിക്കാന്‍ മടിയില്ലെന്നു തെളിയിച്ച്, തങ്ങള്‍ എന്തും ചെയ്യുമെന്നും എന്തിനെയും ന്യായീകരിക്കുമെന്നുമുള്ള അഹന്തയോടെ കടിഞ്ഞാണില്ലാതെപായുന്ന ആര്‍എസ്എസിനെ പിടിച്ചുകെട്ടേണ്ടത് കേരളത്തിന്റെ  നന്മയും സമാധാനജീവിതവും സമൂഹത്തിലെ ബഹുസ്വരതയുടെ സംരക്ഷണവും കാംക്ഷിക്കുന്ന എല്ലാവരുടെയും കടമയാണ്. ആര്‍എസ്എസിന്റെ നൃശംസതയ്ക്കെതിരെ ജനാധിപത്യപരമായി പ്രതികരിച്ചുകൊണ്ടാണ് അത് നിര്‍വഹിക്കാനാവുക. സിപിഐ എമ്മിന്റെ അടിവേര് തകര്‍ക്കാമെന്ന് വ്യാമോഹിച്ച് പ്രകോപനത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയവുമായി ഉറഞ്ഞാടുന്ന ആര്‍എസ്എസിനെ ജനങ്ങളുടെ ഇച്ഛാശക്തിയാകുന്ന ചങ്ങലയില്‍ ബന്ധിക്കാന്‍ കേരളത്തിന്റെ മനഃസാക്ഷി ഒന്നിച്ചുണരേണ്ട  മുഹൂര്‍ത്തമായി. സംയമനത്തോടെ, ജനാധിപത്യബോധത്തോടെ മതനിരപേക്ഷത എന്തു വിലകൊടുത്തും സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ കേരള ജനത ആര്‍എസ്എസ് അജന്‍ഡയെ ചെറുക്കാന്‍ രംഗത്തിറങ്ങണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top