27 May Monday

ജനാധിപത്യത്തിന്‌ വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018


ത്രിപുരയിലെ മുൻമുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാരിനെതിരെ നടന്ന ബിജെപി ആക്രമണം അപലപനീയമാണെന്ന് മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിനുനേരെ ഉയരുന്ന കടുത്ത വെല്ലുവിളിയിലേക്കും ഇത് വിരൽചൂണ്ടുന്നുണ്ട്. ജനാധിപത്യത്തിൽ ഒരു കക്ഷി തോൽക്കുന്നതും മറ്റൊരു കക്ഷി വിജയിക്കുന്നതും സർവസാധാരണമാണ്.  എന്നാൽ, ത്രിപുരയിൽ കാൽനൂറ്റാണ്ടു കാലം ഭരിച്ച സിപിഐ എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമാകുകയും ബിജെപി സർക്കാർ അധികാരമേൽക്കുകയും ചെയ‌്തതോടെ ഭരണകക്ഷിക്കു മാത്രമേ രാഷ്ട്രീയ പ്രവർത്തനം പാടുള്ളൂവെന്ന സ്ഥിതി സംസ്ഥാനത്ത് സംജാതമായിരിക്കുകയാണ്. പ്രതിപക്ഷ ഇടം അനുവദിക്കില്ലെന്ന ദുർവാശിയാണ് ബിജെപി പ്രകടിപ്പിക്കുന്നത്. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്ന പോരാട്ടത്തിലൊന്നും ഭാഗഭാക്കല്ലാത്ത രാഷ്ട്രീയ കക്ഷിയായതുകൊണ്ടുതന്നെ പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദകളും ബിജെപിയുടെ അജൻഡയിലില്ലെന്ന് ത്രിപുരയിൽ മണിക് സർക്കാരിനെതിരായ ആക്രമണം വ്യക്തമാക്കുന്നു. 

മാർച്ചിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് പ്രതിപക്ഷത്തിനെതിരെ പരസ്യമായ ആക്രമണം ആരംഭിച്ചത്.  പ്രത്യേകിച്ചും മുഖ്യ പ്രതിപക്ഷകക്ഷിയായ സിപിഐ എമ്മിനെതിരെ. ബെലോണിയയിലെ ലെനിൻ പ്രതിമ തകർത്തുകൊണ്ടായിരുന്നു തുടക്കം. തുടർന്നിങ്ങോട്ട് സിപിഐ എമ്മിനും പ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തനംതന്നെ അസാധ്യമാക്കുന്ന രീതിയിലാണ് ബിജെപിയും സംഘപരിവാറും സംസ്ഥാനത്ത് അഴിഞ്ഞാടുന്നത്.  ഇതിനകം ബിജെപി ഗുണ്ടാ ആക്രമണത്തിൽ 100 സ്ത്രീകൾ ഉൾപ്പെടെ 1000 സിപിഐ എം പ്രവർത്തകർക്ക് പരിക്കേറ്റു.  750 സിപിഐ എം ഓഫീസുകൾ അഗ്നിക്കിരയാക്കുകയോ പിടിച്ചെടുത്ത് നശിപ്പിക്കുകയോ ചെയ‌്തു.  ദലായിയിലെ ജില്ലാ കമ്മിറ്റി ഓഫീസ് പോലും കഴിഞ്ഞദിവസം ആക്രമണത്തിനു വിധേയമായി. പാർടി ജില്ലാ ജനറൽ ബോഡി നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ ആക്രമണം.

പ്രളയബാധിതരായ കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിന് സിപിഐ എം ത്രിപുര ഘടകം സംസ്ഥാനത്തെങ്ങും ഫണ്ട് ശേഖരിക്കുകയുണ്ടായി. മനുഷ്വത്യപരമായ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ പോലും ആക്രമിക്കാനും ഫണ്ട് പിരിവ് തടസ്സപ്പെടുത്താനും ബിജെപി സംഘം തയ്യാറായി.  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ബാദൽ ചൗധരിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡിനെ പോലും ഇവർ തടയുകയുണ്ടായി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണത്തെയും ജനാധിപത്യ വിധ്വംസക പ്രവർത്തനങ്ങളെയും തുറന്നുകാട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന പത്രമാണ് അഗർത്തലയിൽനിന്നും പുറത്തിറങ്ങുന്ന ‘ദേശേർകഥ'. ആ പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും അച്ചടി തന്നെ നിർത്തിവയ‌്പിക്കാനും ബിജെപി സർക്കാർ തയ്യാറായി.  അവസാനം ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് പത്തു ദിവസത്തിനുശേഷം പത്രം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചത്. 

സിപിഐ എമ്മിനെതിരായ ആക്രമണം ക്രമാതീതമായി വർധിച്ചപ്പോഴാണ് പാർലമെന്റിന്റെ മൺസൂൺ സമ്മേളനകാലത്ത് ഇടതുപക്ഷ പാർടികൾ കൂട്ടമായി പാർലമെന്റിനു മുമ്പിൽ ധർണ നടത്തിയത്. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ആർഎ‌സ‌്പി, ഫോർവേഡ് ബ്ലോക്ക് എന്നീ സംഘടനകൾ ചേർന്നായിരുന്നു ജൂലായ് 24ന് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.  തുടർന്നും ആക്രമണം വ്യാപകമായപ്പോഴാണ് നവംബർ 10ന് സിപിഐ എം പ്രതിനിധിസംഘം മുഖ്യമന്ത്രി വിപ്ലവദേബിനെ കണ്ട് ഇത് തടയാനുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടത്.  സിപിഐ എം നേതാക്കളായ ബാദൽ ചൗധരിയുടെയും തപൻ ചക്രവർത്തിയുടെയും ജിതേന്ദ്ര ചൗധരിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നടത്തിയത്.  ആക്രമണം തടയാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേതാക്കൾക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, ഈ കൂടിക്കാഴ്ചയ‌്ക്ക് ആറു ദിവസത്തിനുശേഷമാണ് രണ്ട് ദശാബ്ദക്കാലം ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാരിനു നേരെ തന്നെ ആക്രമണമുണ്ടായിട്ടുള്ളത്. 

ബിശാൽഗഢിൽ നടന്ന റഷ്യൻ വിപ്ലവത്തിന്റെ 101‐ാം വാർഷികപരിപാടി കഴിഞ്ഞ് അഗർത്തലയിലേക്ക് മടങ്ങവെയാണ് ഒരു സംഘം ബിജെപി പ്രവർത്തകർ മണിക് സർക്കാരിന്റെ കാർ തടഞ്ഞ് കല്ലെറിയുകയും അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ‌്തത‌്. നേരത്തെ ബിശാൽഗഢിലെ പൊതുസമ്മേളന സ്ഥലം ബിജെപി സംഘം കൈയേറുകയും കമലാസാഗർ എംഎൽഎ നാരായണൻ ചൗധരിയുടെ കാർ തകർക്കുകയും ചെയ്തിരുന്നു. വൻ പൊലീസ് സംഘം എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇതിനു തൊട്ടുമുമ്പാണ് സൗത്ത് ത്രിപുര ജില്ലാ പരിഷത്ത് പ്രസിഡന്റ് ഹിമാൻശു റോയിയുടെ വീടും വാഹനവും ആക്രമിച്ചത്. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ത്രിപുരയിൽ നടക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് മാത്രമല്ല ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ‌്പുകൂടിയാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യവും ജനാധിപത്യവും ആഗ്രഹിക്കുന്ന എല്ലാവരും ബിജെപിയുടെയും സംഘപരിവാറിന്റെയും ഈ കാടൻ നയത്തിനെതിരെ അണിനിരക്കേണ്ട സമയമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top