24 April Wednesday

ത്രിപുരയിൽ ക്രമസമാധാനം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021


മൂന്ന്‌ വർഷംമുമ്പ്‌ ത്രിപുരയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്‌ തങ്ങൾ നേടിയത്‌ പ്രത്യയശാസ്‌ത്രവിജയം എന്നായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവാദികൾ ശത്രുക്കളായി വീക്ഷിക്കുന്ന കമ്യൂണിസ്റ്റുകാർക്കുമേൽ നേടിയ വിജയമായാണ്‌ മോദി അതിനെ കണ്ടത്‌. എന്നാൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട്‌ മാത്രം കമ്യൂണിസ്റ്റ്‌ പാർടികളെ പ്രത്യേകിച്ചും സിപിഐ എമ്മിനെ ത്രിപുരയിൽനിന്ന്‌ തുടച്ചുനീക്കാനാകില്ലെന്ന്‌ മൂന്നു വർഷത്തെ അനുഭവം ബിജെപിയെ പഠിപ്പിച്ചു. അധികാരത്തിൽ എത്തിയ നാൾമുതൽ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിരുന്നു. തെക്കൻ ത്രിപുരയിലെ സബ്‌രൂം, ബൈലോണിയ എന്നിവിടങ്ങളിലെ ലെനിൻ പ്രതിമകൾ തകർത്തുകൊണ്ടായിരുന്നു തുടക്കം. എഴുന്നൂറിലധികം ചെറുതും വലതുമായ പാർടി ഓഫീസ്‌ അന്നും തകർക്കപ്പെട്ടു. പ്രതിപക്ഷ ശബ്ദങ്ങളെ കായികമായി ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ്‌ സിപിഐ എം നടത്തിയത്‌. തകർത്ത പല പാർടി ഓഫീസും പുതുക്കിപ്പണിതു. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി ശക്തമായ പ്രചാരണത്തിനു തുടക്കമിട്ടു.

മൂന്നു വർഷത്തിനകംതന്നെ ബിജെപിയുടെ പ്രതിച്ഛായക്ക്‌ ത്രിപുരയിൽ മങ്ങലേറ്റു. കഴിഞ്ഞവർഷം ഏപ്രിലിൽ ഗോത്രമേഖലാ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യം ദയനീയമായി തോറ്റു. പശ്ചിമ ബംഗാളിൽ ബിജെപിക്കുണ്ടായ തോൽവിയും കനത്ത പ്രഹരമായി. ഇതോടെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്‌ സംസ്ഥാനത്ത്‌ മേൽക്കൈ ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ കോവിഡ്‌ പ്രതിരോധത്തിലെ പാളിച്ച കൂടിയായപ്പോൾ ജനങ്ങൾ ബിജെപി സർക്കാരിനെതിരെ തിരിയാൻ തുടങ്ങി. ഈ രാഷ്ട്രീയ സാഹചര്യത്തിൽ കേഡർ അടിത്തറയുള്ള സിപിഐ എം ജനങ്ങൾക്കിടയിൽ പ്രവർത്തനം വിപുലമാക്കിയെന്ന്‌ ‘ദ ടെലിഗ്രാഫ്‌’ പത്രം നിരീക്ഷിച്ചു.

അപകടം മണത്ത ബിജെപി ഫാസിസ്റ്റ്‌ തന്ത്രം പുറത്തെടുത്തു. സിപിഐ എം നേതാക്കളെ ആക്രമിച്ചും ഓഫീസുകൾ തകർത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കേഡർമാരെ നിർജീവമാക്കാനുമുള്ള നീക്കം തുടങ്ങി. അതിന്റെ ഭാഗമായിരുന്നു ചൊവ്വാഴ്‌ച ധൻപുരിലേക്ക്‌ പോകുകയായിരുന്ന പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ മണിക്‌ സർക്കാറിനെ ആക്രമിച്ചത്‌. കലിയടങ്ങാത്ത ബിജെപി സംഘം തൊട്ടടുത്ത ദിവസം അഗർത്തലയിലെ ബിക്രംസാഗർ തടാകത്തിനു മുന്നിലുള്ള പാർടി സംസ്ഥാന കമ്മിറ്റി ഓഫീസും ദേശേർകഥ പത്രം ഓഫീസും ആക്രമിച്ചു. പാർടി ഓഫീസിലെ ദശരഥ്‌ ദേബിന്റെ പ്രതിമ തകർത്തു. ജില്ല–-താലൂക്ക്‌ കമ്മിറ്റി ഓഫീസ്‌ ഉൾപ്പെടെ നാൽപ്പതോളം സിപിഐ എം ഓഫീസ്‌ അഗ്നിക്കിരയാക്കുകയോ നശിപ്പിക്കുകയോ ചെയ്‌തു. നേരത്തേ ദേശേർകഥയുടെ രജിസ്‌ട്രേഷൻ തടഞ്ഞ്‌ അച്ചടിതന്നെ നിർത്തിവയ്‌പിക്കുന്ന സ്ഥിതിയുണ്ടായി. ഇക്കുറി സിപിഐ എമ്മിനെ പിന്തുണയ്‌ക്കുന്ന ദേശേർകഥ മാത്രമല്ല പിൻ 24 ന്യൂസ്‌, പ്രതിബാദി കാലം ദിനപത്രം എന്നിവയും ബിജെപി ആക്രമണത്തിനു വിധേയമായി. നാലോളം മാധ്യമപ്രവർത്തകർക്ക്‌ പരിക്കേറ്റു. പൊലീസുകാരും അർധ സൈനികസേനയും നോക്കിനിൽക്കെയാണ്‌ ആക്രമണം. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിന്‌ മുമ്പിലുണ്ടായിരുന്ന സിആർപിഎഫുകാരെ പിൻവലിച്ചതിനുശേഷമാണ്‌ ആക്രമണമെന്നത്‌ സർക്കാർ തലത്തിലുള്ള ഗൂഢാലോചനയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും നിശ്ശബ്ദമാക്കാനുള്ള ശ്രമം ജനാധിപത്യഹത്യയല്ലാതെ മറ്റൊന്നുമല്ല. അതിനാൽ ത്രിപുരയിൽ ക്രമസമാധാനം പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തി പൗരാവകാശം സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന്‌ ബാധ്യതയുണ്ട്‌. അതിന്‌ അവർ മുന്നോട്ടുവരണം. ത്രിപുരയിലെ ജനാധിപത്യക്കശാപ്പിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top