08 December Friday

ബിജെപിക്ക് 
രാഷ്ട്രീയ തിരിച്ചടി

കെ ടി രാജീവ്‌Updated: Wednesday Feb 24, 2021

 

നരേന്ദ്ര മോഡി സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന കോർപറേറ്റ്‌ അനുകൂലമായ മൂന്ന്‌ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹി അതിർത്തിയിൽ മൂന്ന്‌ മാസത്തോളമായി കർഷകർ നടത്തുന്ന സമരം കേന്ദ്ര ഭരണകക്ഷിയെ രാഷ്ട്രീയമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. അടുത്തിടെ പഞ്ചാബിൽ നടന്ന കോർപറേഷൻ–- മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപി–--എൻഡിഎ ശക്തികേന്ദ്രങ്ങളായ പത്താൻകോട്ട്‌, ഹോഷിയാർപുർ, ഫിറോസ്‌പുർ, അമൃത്‌സർ, ഗുർദാസ്‌പുർ എന്നിവിടങ്ങളിലെല്ലാം  ബിജെപി‌ക്ക്‌ കാലിടറി. പതിറ്റാണ്ടുകളായി എൻഡിഎ സഖ്യത്തിന് മുൻതൂക്കമുള്ള നഗരമേഖലകളിൽ ബിജെപി തൂത്തെറിയപ്പെട്ടു. ബിജെപിക്കുണ്ടായ രാഷ്ട്രീയമായ തിരിച്ചടി പഞ്ചാബിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്ന്‌ പശ്‌ചിമ ഉത്തർപ്രദേശിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാന നഗരിയിൽ ട്രാക്ടർ റാലി നടത്തിയതിനുശേഷം കർഷകരുമായി ചർച്ചയ്‌ക്ക്‌ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്ന്‌ മാത്രമല്ല, അവരെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുകയുമാണ്‌. ഈ ഘട്ടത്തിലാണ്‌ സമരം കടുപ്പിക്കാൻ കർഷകർ തയ്യാറായത്‌. ഉത്തരേന്ത്യയിലെങ്ങും കർഷകരുടെ മഹാപഞ്ചായത്തുകൾ ചേരാൻ ആരംഭിച്ചത്‌ ഈ തീരുമാനത്തിന്റെ ഭാഗമാണ്‌. ഇതോടൊപ്പം ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കാനുള്ള തീരുമാനവും ചില കർഷക സംഘടനകൾ കൈക്കൊണ്ടു. പശ്‌‌ചിമ ഉത്തർപ്രദേശിലെ മുസഫർനഗറിൽ ചേർന്ന കർഷകരുടെ മഹാപഞ്ചായത്തിൽവച്ചാണ്‌ ഭാരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌, കർഷകനിയമം പിൻവലിക്കാൻ തയ്യാറാകാത്ത കേന്ദ്ര ഭരണകക്ഷി നേതാക്കളെ ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്‌തത്‌.

ബിജെപിക്ക്‌ 2014ൽ കേന്ദ്ര അധികാരം ലഭിക്കുന്നതിന്‌ പ്രധാനകാരണം ജാട്ട്‌ മേഖലയിൽ അവർക്ക്‌‌ ലഭിച്ച വർധിച്ച പിന്തുണയായിരുന്നു. ഹരിയാന, പശ്‌ചിമ യുപി, രാജസ്ഥാനിലെ ശെഖാവതി മേഖല എന്നിവിടങ്ങളിലാണ്‌ ജാട്ട്‌ വംശജർ തിങ്ങിപ്പാർക്കുന്നത്‌. 2013ലെ മുസഫർ നഗർ കലാപം സൃഷ്ടിച്ച വർഗീയധ്രുവീകരണത്തിലൂടെയാണ്‌ രാഷ്ട്രീയ ലോക്‌ദളിനും കോൺഗ്രസിനും ഒപ്പംനിന്ന ജാട്ടുകളെ കാവിവൽക്കരിക്കുന്നതും ഈ മേഖലയിൽ ബിജെപി സീറ്റുകൾ വാരിക്കൂട്ടുന്നതും. ചരൺസിങ്ങിന്റെയും മഹേന്ദ്രസിങ് ടിക്കായത്തിന്റെയും കാലംമുതൽ തുടർന്ന ജാട്ട്‌–-മുസ്ലിം സഖ്യം മുസഫർ നഗർ കലാപത്തിലൂടെ തകർക്കാൻ കഴിഞ്ഞതും ബിജെപിയുടെ വരവിന് വഴിതുറന്നു. 60 പേരുടെ ജീവൻ അപഹരിച്ച മുസഫർ നഗർ കലാപത്തിലൂടെ ബിജെപി നടത്തിയ വർഗീയധ്രുവീകരണത്തിനാണ്‌ കർഷകസമരം തടയിടുന്നത്‌. കർഷകരായ ജാട്ടുകളും മുസ്ലിങ്ങളും തോളോടുതോൾ ചേർന്ന്‌ കർഷകസമരത്തിൽ അണിനിരക്കുന്ന കാഴ്‌ച ബിജെപിയെ അസ്വസ്ഥമാക്കും. ബിജെപിയുടെ അടിത്തറയ്‌ക്കാണ്‌ ഇത്‌ ഇളക്കം തട്ടിക്കുന്നത്‌.


 

അതുകൊണ്ടുതന്നെ, എന്ത്‌ വിലകൊടുത്തും ജാട്ടുകളെ കൂടെ നിർത്താൻ ബിജെപി ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായി ജാട്ട്‌ മേധാവികളുടെ വീടുകൾ സന്ദർശിക്കാൻ ബിജെപി നേതൃയോഗം തീരുമാനിച്ചു. ചില ഖാപ്‌ നേതാക്കളെ നേരിട്ട്‌ കാണാൻ ബിജെപി നേതാക്കൾ ശ്രമിച്ചു. കാർഷിക നിയമത്തിന്റെ മേന്മകളെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തുകയാണ്‌ ലക്ഷ്യം. മുസഫർ നഗർ എംപിയും കേന്ദ്ര മന്ത്രിയുമായ സഞ്ജീവ്‌ ബാലിയാന്റെ നേതൃത്വത്തിലായിരുന്നു ഈ ഗൃഹസന്ദർശന പരിപാടി. മുസഫർ നഗർ കലാപത്തിൽ കുറ്റാരോപിതൻ കൂടിയാണ്‌ ബാലിയാൻ. ബട്ടിസ ഖാപ്‌ നേതാവായ ബാബ സുരജ്‌മാൽ ചൗധരിയുടെ വീടാണ്‌ ആദ്യം സന്ദർശിക്കാൻ പോയത്‌. എന്നാൽ, ‘ബാലിയാൻ ഗോബാക്ക്’‌ വിളികളാണ്‌ ബൻസ്‌വാൽ ഗ്രാമത്തിൽനിന്ന്‌ ഉയർന്നത്‌. ബാലിയാനെ കാണാൻ ഖാപ്‌ മേധാവി വിസമ്മതിച്ചു. ഷാംലി ജില്ലയിലെ സൊറം ഗ്രാമത്തിൽ പൊലീസിന്റെയും ഗുണ്ടകളുടെയും അകമ്പടിയോടെ വന്ന സഞ്ജീവ്‌ ബാലിയാനെ തടഞ്ഞ ഗ്രാമീണരെ മർദിക്കാനും അവർക്കെതിരെ കേസെടുക്കാനും യുപി പൊലീസ്‌ തയ്യാറായി. എന്നാൽ, ബാലിയാനെതിരെയാണ്‌ നടപടിവേണ്ടതെന്നുപറഞ്ഞ്‌ ജനം ഷാഹ്‌പുർ പൊലീസ്‌ സ്റ്റേഷൻ വളഞ്ഞു. ഇതെല്ലാം തെളിയിക്കുന്നത്‌ കർഷകസമരം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക്‌ അരിച്ചിറങ്ങുകയാണെന്നാണ്‌. പ്രതിഷേധത്തെ രാജ്യദ്രോഹമായി വീക്ഷിക്കുന്ന ബിജെപിക്ക്‌ കനത്ത തിരിച്ചടി നൽകാൻ രാജ്യമെങ്ങുമുള്ള കർഷകർ തയ്യാറെടുക്കുകയാണെന്ന്‌ ബൻസ്‌വാൽ ഗ്രാമം വിളിച്ചുപറയുന്നു. ഏപ്രിലിൽ തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഉത്തർപ്രദേശിൽ കർഷകസമരം വിനയാകുമോ എന്ന ഭയം ബിജെപിയെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്‌. കർഷകരിൽ പതയുന്ന രോഷം വോട്ടിൽ പ്രതിഫലിച്ചാൽ അത്‌ ബിജെപിക്ക്‌ വിനയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top