21 September Thursday

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കൊലവിളി

വെബ് ഡെസ്‌ക്‌Updated: Monday Sep 5, 2022


രാജ്യത്ത്‌ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ചുമതല പ്രധാനമായും ആഭ്യന്തരവകുപ്പിനാണ്‌. എന്നാൽ, ഈ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന വ്യക്തിതന്നെ ക്രമസമാധാനം തകർക്കുന്ന പ്രസ്‌താവനകളുമായി രംഗത്തുവന്നാൽ എന്തുചെയ്യും. കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും കേന്ദ്ര ഭരണകക്ഷിയിലെ രണ്ടാമനുമായി എണ്ണപ്പെടുന്ന അമിത്‌ ഷായാണ്‌ കലാപാഹ്വാനവുമായി രംഗത്തുവന്നിട്ടുള്ളത്‌. ഇതര സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രഭക്തിമാത്രം മതിയെങ്കിൽ കേരളത്തിൽ പ്രവർത്തകർക്ക്‌ ബലിദാനം ചെയ്യാനുള്ള ശക്തിയുംകൂടി വേണമെന്നാണ്‌ അമിത്‌ ഷാ പറഞ്ഞത്‌. കേരള സന്ദർശനത്തിനിടയിൽ കഴക്കൂട്ടത്ത്‌ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്നുതന്നെ ഇത്തരത്തിലുള്ള കലാപാഹ്വാനമുണ്ടായത്‌. ബിജെപി പ്രവർത്തകരോട്‌ ബലിദാനികളാകാൻ പരസ്യമായി ആഹ്വാനം ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. അമിത്‌ ഷായുടെ ഈ നടപടി അപലപനീയമാണ്‌.

ഇതര സംസ്ഥാനങ്ങളിൽ ബിജെപി എങ്ങനെയാണ്‌ വളർന്നതെന്ന്‌ എല്ലാവർക്കുമറിയാം. അയോധ്യയിലെ രാമക്ഷേത്രവിഷയമുയർത്തി വർഗീയകലാപങ്ങൾ നടത്തി സൃഷ്ടിച്ചെടുത്ത ധ്രുവീകരണത്തിലൂടെയാണ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിച്ചെടുത്തത്‌.  അത്‌ നിലനിർത്താനായി പശുരാഷ്ട്രീയവും ലൗജിഹാദും ഘർവാപസിയും പൗരത്വനിയമവും തരാതരം വിഷയമാക്കുകയും ചെയ്യുന്നു. കോൺഗ്രസ്‌ എതിരാളിയായ സംസ്ഥാനങ്ങളിലാണ്‌ ബിജെപി പ്രധാനമായും വളർന്നിട്ടുള്ളത്‌. അമിത്‌ ഷാതന്നെ സൂചിപ്പിച്ചപോലെ ‘ഇന്ത്യൻ ജനങ്ങളുടെ മനസ്സിൽനിന്ന്‌ കോൺഗ്രസ്‌ അതിവേഗം അപ്രത്യക്ഷമാകുന്നിടത്താണ്‌’ ബിജെപി വേരുറപ്പിക്കുന്നത്‌. അതായത്‌ ബിജെപിയെ രാഷ്ട്രീയമായും ആശയപരമായും എതിർക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. ബിജെപിയെ തോൽപ്പിക്കാൻ, അവർ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മൃദുരൂപം സ്വീകരിച്ച്‌ കോൺഗ്രസിൽ അവശേഷിച്ചവരെക്കൂടി ബിജെപി പാളയത്തിലേക്ക്‌ നയിക്കുന്ന സമീപനമാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചുവരുന്നത്‌. മാത്രമല്ല, ഇതരസംസ്ഥാനങ്ങളിൽ കോടികൾ നൽകി എംഎൽഎമാരെ വിലയ്‌ക്കുവാങ്ങാനും ബിജെപിക്ക്‌ കഴിയുന്നു. കർണാടകത്തിലും മധ്യപ്രദേശിലും ഭൂരിപക്ഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഏറ്റവും അവസാനമായി മഹാരാഷ്ട്രയിലും ബിജെപി അധികാരത്തിൽ വന്നത്‌ എംഎൽഎമാരെ വിലയ്‌ക്കുവാങ്ങിയായിരുന്നു.

എന്നാൽ, ബിജെപിയുടെ ഈ പതിവ്‌ രാഷ്ട്രീയ കുതന്ത്രങ്ങളൊന്നും കേരളത്തിൽ വിലപ്പോകുന്നില്ല. ബിജെപിയെ രാഷ്ട്രീയമായും പ്രത്യയശാസ്‌ത്രപരമായും എതിർക്കുന്ന സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും കേരളത്തിലുണ്ട്‌. അതുകൊണ്ട്‌, മറ്റ്‌ സംസ്ഥാനങ്ങളിലേതുപോലെ വർഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാൻ ഇവിടെ കഴിയുന്നില്ല. പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരം നിലനിൽക്കുന്നതിനാൽ കേരളത്തിൽ എംഎൽഎമാരെ വിലയ്‌ക്കുവാങ്ങാനും ബിജെപിക്ക്‌ കഴിയുന്നില്ല. അതിനാൽ അമിത്‌ ഷാ ആഗ്രഹിക്കുന്നതുപോലെ ‘കേരളവും മോദിജിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെങ്കിൽ’ രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ചും സിപിഐ എമ്മിനെതിരെ ആക്രമണം അഴിച്ചുവിടണമെന്നാണ്‌ ആഹ്വാനം. അക്രമം അഴിച്ചുവിട്ട്‌, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച്‌ കേരളത്തിൽ ഇടപെടാനുള്ള അവസരമൊരുക്കണമെന്നാണ്‌ ആഹ്വാനം. ഗവർണർ സമീപകാലത്തായി സ്വീകരിക്കുന്ന ഇടങ്കോലിടൽ നയവും ഇതിനോടൊപ്പം കൂട്ടിവായിക്കണം. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെയും കോർപറേഷൻ കൗൺസിലറിനുനേരെയും നടന്ന ആക്രമണങ്ങളും ഇതിന്റെ ഭാഗമായി വേണം കരുതാൻ.

കേരളത്തിൽ ബിജെപിക്ക്‌ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും അവരെ കൊന്നൊടുക്കുകയാണെന്നുമുള്ള പ്രചാരണം കുറേക്കാലമായി സംഘപരിവാർ നടത്തിവരുന്നുണ്ട്‌. ഇതര സംസ്ഥാനങ്ങളിൽ മലയാളികൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിന്റെ രൂപവും ഇത്‌ കൈവരിച്ചിട്ടുണ്ട്‌. എന്നാൽ വസ്‌തുതയെന്താണ്‌. സിപിഐ എമ്മിന്റെ 203 കേഡർമാരും നേതാക്കളുമാണ്‌ ആർഎസ്‌എസ്‌ കൊലക്കത്തിക്ക്‌ ഇരയായത്‌. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷംമാത്രം 17 സിപിഐ എം പ്രവർത്തകരെയാണ്‌ കാവിപ്പട വധിച്ചത്‌. ഒരു വശത്ത്‌ കൊലക്കത്തിക്ക്‌ മൂർച്ച കൂട്ടുകയും മറുവശത്ത്‌ ഇരയായി അഭിനയിക്കുകയും ചെയ്യുകയെന്ന ആർഎസ്‌എസ്‌–-ബിജെപി കാപട്യം കേരളീയർക്ക്‌ തിരിച്ചറിയാനാകുന്നുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ബിജെപിക്ക്‌ ഇവിടെ ആഴത്തിൽ വേരുറപ്പിക്കാൻ കഴിയാത്തത്‌. അമിത്‌ ഷായുടെ പ്രസ്‌താവനയിലെ കാപട്യവും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top