23 April Tuesday

രാജ്യത്തെ നടുക്കിയ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Thursday Dec 9, 2021



രാജ്യത്തെ ഞെട്ടിച്ച സൈനിക ഹെലികോപ്‌റ്റർ ദുരന്തമാണ്‌ ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ഊട്ടിക്കടുത്ത കൂനൂരിൽ ഉണ്ടായത്‌. വ്യോമസേനയുടെ എംഐ-17 വി-5 ഹെലികോപ്‌റ്റർ തകർന്ന്‌ സംയുക്ത സൈനികമേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ്‌) ജനറൽ ബിപിൻ റാവത്തും ഭാര്യയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർ മരിച്ചു. അടുത്തകാലത്ത്‌ ഇന്ത്യൻ സൈന്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്‌. മൂന്ന്‌ സേനയെയും നിയന്ത്രിക്കുകയും സൈനിക കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുകയും ചെയ്യുന്ന സംയുക്ത സൈനികമേധാവിയാണ്‌ അപകടത്തിൽ മരിച്ചത്‌. വ്യോമസേനയുടെ കരുത്തനായ  ഹെലികോപ്റ്ററായി അറിയപ്പെടുന്നതാണ്‌ എംഐ-17 വി-5. ഏറ്റവും ആധുനിക സജ്ജീകരണങ്ങളുള്ള ഈ ഹെലികോപ്‌റ്റർ പ്രതികൂല കാലാവസ്ഥയിലും ഏത്‌ ഭൂപ്രദേശത്തും ഉപയോഗിക്കാനാകുന്നതാണ്‌. കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന്‌ 14 പേരുമായി പറന്നുയർന്ന്‌ കൂനൂർ വെല്ലിങ്‌ടൺ കന്റോൺമെന്റിൽ ഇറങ്ങുന്നതിന്‌ അൽപ്പംമുമ്പാണ്‌ കട്ടേരി ഫാമിൽ തകർന്നുവീണ്‌ കത്തിയത്‌. മരിച്ചവരിൽ ബിപിൻ റാവത്തിന്‌ പുറമേ ഭാര്യ മധുലിക റാവത്ത്‌, ബ്രിഗേഡിയർ എൽ എസ്‌ ലിഡർ, ലഫ്‌റ്റനന്റ്‌ കേണൽ ഹർജിന്ദർ സിങ്ങും ഉൾപ്പെടുന്നു. അപകടത്തിന്റെ കാരണം പൂർണമായും വ്യക്തമല്ലെങ്കിലും മോശം കാലാവസ്ഥയാകാമെന്ന്‌ സംശയിക്കുന്നുണ്ട്‌.

ജനറൽ ബിപിൻ റാവത്തിന്റെയും മറ്റ്‌ സൈനിക ഉദ്യോഗസ്ഥരുടെയും വേർപാട്‌ രാജ്യത്തിനും സേനയ്‌ക്കും കനത്ത നഷ്ടമാണ്‌. ‘മാസ്‌റ്റർ ഓഫ്‌ സർജിക്കൽ സ്‌ട്രൈക്‌സ്‌’ എന്ന്‌ സേനയിൽ അറിയപ്പെടുന്ന റാവത്ത്‌ ഉത്തരാഖണ്ഡിലെ പൗഡിയിലെ സൈനിക കുടുംബത്തിലാണ്‌ ജനിച്ചത്‌. അച്ഛൻ ലഫ്‌. ജനറൽ ലക്ഷ്‌മൺ സിങ്‌ സേവനമനുഷ്‌ഠിച്ച ‘11 ഗുർഖ റൈഫിൾസി’ന്റെ അഞ്ചാം ബറ്റാലിയൻ ഓഫീസറായി 1978 ലാണ്‌ ഔദ്യോഗികജീവിതം തുടങ്ങിയത്‌. മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിൽ വിദഗ്‌ധനായ റാവത്ത്‌ 2015 ജൂൺ എട്ടിന്‌ ഇന്ത്യ–മ്യാൻമാർ അതിർത്തിയിൽ നാഗാ തീവ്രവാദികൾക്കെതിരെ നടത്തിയ മിന്നലാക്രണത്തിന്‌ ചുക്കാൻ പിടിച്ചു. ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്‌ തിരിച്ചടി നൽകി പാക്‌ അധീന കശ്‌മീരിലെ ഭീകരകേന്ദ്രത്തിൽ 2016ൽ മിന്നലാക്രമണം നടത്തുന്നതിനും നേതൃത്വം നൽകി. രണ്ട്‌ ആക്രമണത്തിനും നേതൃത്വം കൊടുത്ത റാവത്തിനെ രണ്ട്‌ പേരുടെ സീനിയോറിറ്റി മറികടന്ന്‌ 2016 ഡിസംബർ 31ന്‌ കരസേനാ മേധാവിയാക്കി. കരസേനാ മേധാവിസ്ഥാനത്തുനിന്ന്‌ വിരമിക്കാനിരിക്കെയാണ്‌ 2020 ജനുവരി ഒന്നുമുതൽ രാജ്യത്തിന്റെ ആദ്യത്തെ സംയുക്തസേനാ മേധാവിയായി നിയമിച്ചത്‌ (സിഡിഎസ്‌). കരസേനാ മേധാവിയായിരിക്കുമ്പോഴും പിന്നീടും സ്വന്തം രാഷ്ട്രീയനിലപാടുകൾ തുറന്നുപറഞ്ഞത്‌ പലപ്പോഴും വിവാദം സൃഷ്ടിച്ചിരുന്നു. അതിർത്തി സംഘർഷങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെ ജനറൽ റാവത്തിന്റെ വേർപാട്‌ സേനയ്‌ക്ക്‌ കനത്ത ആഘാതമാണ്‌.

ഇന്ത്യയിൽ വ്യോമസേനാ ഹെലികോപ്‌റ്ററുകളും വിമാനങ്ങളും തകരുന്നത്‌ പതിവാണ്‌. കഴിഞ്ഞ 10 വർഷത്തിനിടയിൽ മിഗ്‌ 21 വിമാനങ്ങളും ഹെലികോപ്‌റ്ററുകളും നൂറിലേറെ തവണ അപകടത്തിൽപ്പെട്ടു. കാലപ്പഴക്കവും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിലുള്ള വീഴ്‌ചകളും മറ്റും ഇത്തരം ദുരന്തങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. ചിലപ്പോൾ സുരക്ഷാവീഴ്‌ചകളും ഇടയാകുന്നു. നിരവധി സൈനികരാണ്‌ ഇത്തരം ദുരന്തങ്ങളിൽ മരിച്ചത്‌. എന്നാൽ, ബുധനാഴ്‌ച കൂനൂരിൽ ഉണ്ടായത്‌ വളരെ ഗൗരവമുള്ളതാണ്‌. ലോകത്തെ മുൻനിര ഹെലികോപ്‌റ്ററുകളിൽ ഒന്നാണ്‌ തകർന്ന റഷ്യൻനിർമിത എംഐ-17 വി-5. മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് എംഐ-17 വി-5 ഹെലികോപ്‌റ്റർ അപകടത്തിൽപ്പെടുന്നത്. ഉറി ആക്രമണത്തിനുപിന്നാലെ ഇന്ത്യ, പാകിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ 2019 ഫെബ്രുവരി 27-നാണ് എംഐ17 വി-5 ഹെലികോപ്റ്റർ ശ്രീനഗറിലെ ബുദ്ഗാമിൽ തകർന്നുവീണത്. പറന്നുയർന്ന് പത്ത് മിനിറ്റിനകമുണ്ടായ ദുരന്തത്തിൽ ആറ്‌ വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. സാങ്കേതികത്തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും വ്യോമസേനയുടെ പക്കലുള്ള ഇസ്രയേൽനിർമിത സ്‌പൈഡർ മിസൈൽ ആക്രമണത്തിലാണ് തകർന്നതെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ വ്യോമസേന നടപടിയെടുത്തിരുന്നു. കൂനൂർ ദുരന്തത്തിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെവച്ചാണ് ഹെലികോപ്‌റ്റർ തകർന്ന്‌ കത്തിയമർന്നത്‌. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ അപകടകാരണം കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top