18 April Thursday

ബിൽക്കിസ്‌ ബാനു കേസിലെ വിധി ഒരു ജാഗ്രതപ്പെടുത്തൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019


2002ലെ ഗുജറാത്ത് വംശഹത്യയിലെ ഇനിയും നീറ്റൽ ഒടുങ്ങാത്ത ക്രൂരതകളിലൊന്നിന് ഇരയാക്കപ്പെടുമ്പോൾ  ബിൽക്കിസ് ബാനുവിന‌് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ.  അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്നു അവർ. ബന്ധുക്കളായ 14 പേരെ കൺമുന്നിലിട്ടാണ് കൊന്നത്. മൂന്നുവയസ്സുകാരിയായ മകളെ സംഘപരിവാർ അക്രമികൾ കല്ലിൽ തലയടിച്ചു കൊല്ലുന്നതുപോലും ആ അമ്മയ‌്ക്ക‌് കണ്ടുനിൽക്കേണ്ടിവന്നു. തുടർന്ന‌്  22 തവണ അവർ കൂട്ട ബലാത്സംഗത്തിനിരയായി. ഒടുവിൽ ദണ്ഡുകൊണ്ട് തലയിൽ ആഞ്ഞടിച്ച്  കുറ്റിക്കാട്ടിലേക്ക് ചവിട്ടി എറിയുമ്പോൾ അവർ അതിജീവിക്കും എന്ന് അക്രമികൾ കരുതിയില്ല.

ഇത്രയും കടുത്ത ഒരു ഭീകരതയ‌്ക്ക‌് ഇരയായ ബിൽക്കിസ്‌  17 വർഷമായി നിയമപോരാട്ടത്തിലാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽനിന്ന്  അനുകൂലമായി ഒരു വിധികൂടി നേടാൻ അവർക്കായി. ബിൽക്കിസ് ബാനുവിന് ഗുജറാത്ത് സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും താമസസൗകര്യവും ഒരുക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു.

വിധി പ്രഖ്യാപിച്ചുകൊണ്ട്  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ‌്‌യും  ജസ്റ്റിസ് ദീപക് ഗുപ്തയും  ഉൾപ്പെട്ട ബെഞ്ച്‌ ഗുജറാത്ത് സർക്കാരിന്റെ അഭിഭാഷകനോട് തുറന്ന കോടതിയിൽ പറഞ്ഞത് പത്രങ്ങളിൽ വന്നിട്ടുണ്ട്. ‘‘സർക്കാരിനെതിരെ ഉത്തരവിൽ ഞങ്ങൾ ഒന്നും പറയുന്നില്ല എന്നത് ഒരു ഭാഗ്യമായി കരുതിയാൽ മതി’’ എന്നായിരുന്നു  കോടതിയുടെ  പ്രതികരണം. ഈ വാചകം ജഡ്‌ജ‌ിമാരിൽനിന്നുണ്ടായത് വെറുതെയല്ല. നിയമസംവിധാനത്തെത്തന്നെ നോക്കുകുത്തിയാക്കി, ഈ കേസിലെ കൊടുംപാതകികളായ പ്രതികളെ രക്ഷിക്കാൻ തീവ്രശ്രമമാണ് സർക്കാർ നടത്തിയത്. കേസിൽ കൃത്യവിലോപം കാട്ടിയതിനും തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും  ഡോക്ടർമാരെയും സംരക്ഷിക്കാൻ അവസാന നിമിഷംവരെ ഗുജറാത്ത് സർക്കാർ ശ്രമിച്ചു. ഒടുവിൽ സുപ്രീംകോടതി അന്ത്യശാസനം നൽകിയ ശേഷമാണ് അവർക്കെതിരെ നടപടി എടുക്കാൻ തയ്യാറായത്. ഒരു സംസ്ഥാന സർക്കാരിന്റെയും അതിന്റെ സർവസന്നാഹങ്ങളുടെയും ഒത്താശയോടെയുള്ള  ഒരു വംശഹത്യയാണ് ഗുജറാത്തിൽ 2002ൽ നടന്നതെന്ന് ഒരിക്കൽക്കൂടി രാജ്യത്തെ പരമോന്നത കോടതിതന്നെ സ്ഥിരീകരിക്കുകയാണ‌് ഈ വിധിയിലൂടെ ഉണ്ടായത്.

എത്ര ഹീനമായാണ് കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നതെന്ന് ഈ കേസിന്റെ നാൾവഴികൾ നോക്കിയാലറിയാം. ബലാത്സംഗത്തിനെതിരെ ബിൽക്കിസ് ബാനു നേരിട്ട് പൊലീസിൽ പരാതി നൽകി. ഒരുകൊല്ലം കഴിഞ്ഞ് ബിൽക്കീസ് ബാനുവിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന വാദവുമായി പൊലീസ് മജിസ്ട്രേട്ട‌് കോടതിയിലെത്തി. കോടതി കേസ് തള്ളി. ബിൽക്കിസ് ബാനു ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന‌് സുപ്രീംകോടതിയിൽ ഹർജി നൽകി. കോടതിവിധിയനുസരിച്ച് കേസ് സിബിഐ അന്വേഷിച്ചു. പ്രതികൾക്ക് കുറ്റപത്രം നൽകി. തുടർന്ന് ബാനുവിനുനേരെ നിരന്തരം ഭീഷണിയായി. അവർ 20 തവണ വീട് മാറേണ്ടിവന്നു. വീണ്ടും സുപ്രീംകോടതിയിലെത്തിയാണ് ബാനു വിചാരണ മുംബൈയിലേക്ക് മാറ്റിച്ചത്. അവിടെ വിചാരണക്കോടതി ഇരുപതിൽ 13 പ്രതികളെ ശിക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥരെയും  ഡോക്ടർമാരെയും വെറുതെവിട്ടു. ബാനു ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി . വെറുതെവിട്ടവരെക്കൂടി  ഹൈക്കോടതി കുറ്റക്കാരെന്ന‌് കണ്ടെത്തി. 2017ൽ ആ വിധി വന്നിട്ടും പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ല. ബാനു സുപ്രീംകോടതിയെ വീണ്ടും സമീപിച്ചു. നടപടിയെടുത്ത് രണ്ടാഴ്ചയ‌്ക്കകം കോടതിയെ അറിയിക്കാൻ സുപ്രീം കോടതി 2019  മാർച്ച് 29 ന് ശാസിച്ച ശേഷമാണ് നടപടി എടുത്തത്. അതുകൊണ്ടാണ് തുറന്ന കോടതിയിൽ ജഡ‌്ജിമാർ ഗുജറാത്ത് സർക്കാരിനെതിരെ പരാമർശം നടത്തിയത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത‌്. ചിലരൊക്കെ ശിക്ഷിക്കപ്പെട്ടത്‌ പലവട്ടം സുപ്രീംകോടതിയുടെ ഇടപെടൽ കൊണ്ടാണ്. കേസിൽ പരാതിക്കാരെയും സാക്ഷികളെയും കേസ് പരിഗണിക്കുന്ന ജഡ‌്ജിമാരെയും സംഘപരിവാർ ഭീഷണിപ്പെടുത്തുന്നു. ടീസ്റ്റ സെതൽവാദിനെപ്പോലെ ഇരകൾക്കൊപ്പംനിന്നവരെ നിരന്തരം കേസിൽക്കുടുക്കി വേട്ടയാടുന്നു. ഭാവിയിൽ ബിജെപി ഇന്ത്യയിൽ ചെയ്യാനാഗ്രഹിക്കുന്നതെല്ലാം 2002 മുതൽ അവർ ഗുജറാത്തിൽ ചെയ്യുകയാണ്.

രാജ്യം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയിട്ടില്ല. ഇനിയും നാല്‌ ഘട്ടങ്ങളിൽക്കൂടി വോട്ടെടുപ്പ് ബാക്കിയുണ്ട്. ബിൽക്കിസ്‌ ബാനുവിന് അനുകൂലമായി സുപ്രീംകോടതി വിധിവന്ന ദിവസമാണ് ഗുജറാത്ത് പോളിങ‌് ബൂത്തിലേക്ക് പോയത്. 2002ൽ ഗുജറാത്ത് കണ്ടത് ബിജെപി ഇന്ത്യയിൽ ഭരണം ഉറപ്പിച്ചാൽ രാജ്യത്തെവിടെയും ആവർത്തിക്കാവുന്ന കൂട്ടക്കൊലകളുടെ, വംശഹത്യയുടെ ട്രെയിലർ ആയിരുന്നു.‘ഞങ്ങൾക്ക് കൂടുതൽ വ്യക്തമായ ഭൂരിപക്ഷം തരൂ, ഞങ്ങൾ ഇന്ത്യയെ ഗുജറാത്താക്കി കാണിക്കാം' എന്നുതന്നെയാണ് അവർ പറയുന്നത്. അവരുടെ ‘സമർഥരായ' നേതാക്കൾ ഇത് ഭംഗിവാക്കുകളിൽ പൊതിഞ്ഞു പറയും. ഒളിവും മറയുമില്ലാത്ത ‘സാധ്വി'കളും ‘പ്രാഞ്ചി'കളും അത് പച്ചയ‌്ക്ക‌് പറയും. മുസ്ലിങ്ങളെ നശിപ്പിക്കണമെങ്കിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വോട്ടുചെയ്യണമെന്ന‌്  ബിജെപി ഉത്തർപ്രദേശ് നേതാവ് രഞ്ചീത് ബഹദൂർ ശ്രീവാസ‌്തവ പറഞ്ഞത് നാവുപിഴയൊന്നുമല്ല. അവരുടെ നിലപാടാണ്; ആഗ്രഹമാണ്.
ഗുജറാത്ത് കലാപത്തിന്റെ ഓരോ ഓർമപ്പെടുത്തലും അതുകൊണ്ടുതന്നെ ഈ മതവർഗീയതയുടെ വിഷം തുപ്പി നടക്കുന്ന ബിജെപി- –- സംഘപരിവാർ ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയ‌്ക്കാണ‌് അടിവരയിടുന്നത്. ബിൽക്കീസ്‌ ബാനു കേസിലെ അവസാനത്തെ സുപ്രീംകോടതി വിധിയും ഇത്തരത്തിലുള്ള ഒരു ജാഗ്രതപ്പെടുത്തലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top