25 April Thursday

ഇരകളെ വീണ്ടും വേട്ടയാടുന്ന ബിജെപി ഭരണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 20, 2023


‘‘ഇന്ന്‌ ബിൽക്കിസ്‌ ബാനുവിന്‌ സംഭവിച്ചത്‌ നാളെ ആർക്കും സംഭവിക്കാം’’ കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ ഈ പരാമർശം ബിജെപി ഭരണത്തിൽ നിയമവാഴ്‌ചയ്‌ക്ക്‌ സംഭവിക്കുന്ന തകർച്ചയ്‌ക്ക്‌ സാക്ഷ്യപത്രമാണ്‌. വർഗീയ അജൻഡ മുന്നോട്ടുനീക്കാൻ ബിജെപി ഏതറ്റംവരെയും പോകുമെന്നതിന്‌ ദൃഷ്ടാന്തമാണ്‌ ബിൽക്കിസ്‌ ബാനു കേസ്‌. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002ൽ ഉണ്ടായ ഗുജറാത്ത്‌ വംശഹത്യയിലെ ഏറ്റവും നിഷ്‌ഠുര കുറ്റകൃത്യങ്ങളിൽ ഒന്നാണ്‌ ഈ കേസിന്‌ അടിസ്ഥാനം. ഗർഭിണിയായിരുന്ന  ബിൽക്കിസിനെ ക്രൂരമായി പീഡിപ്പിച്ചശേഷം ഇവരുടെ മകളെയടക്കം കുടുംബത്തിലെ ഏഴുപേരെ അക്രമികൾ കൊലപ്പെടുത്തി. കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാൻ കഴിഞ്ഞവർഷം ജൂൺ 28ന്‌ ഗുജറാത്ത്‌ സർക്കാർ കേന്ദ്രത്തെ സമീപിച്ചു.  രണ്ടാഴ്‌ചയ്‌ക്കകം ആഭ്യന്തരമന്ത്രാലയം അനുമതി നൽകി.

ആഗസ്‌ത്‌ 15ന്‌ ജയിലിൽനിന്ന്‌ വിട്ടയച്ചവർക്ക്‌ വിഎച്ച്‌പി വീരോചിത വരവേൽപ്പ്‌ നൽകി. ജയിൽമോചിതർ ബിജെപിയുടെ എംപിയും എംഎൽഎയും അടക്കമുള്ളവരുമായി വേദി പങ്കിട്ടു. കുറ്റവാളികൾക്ക്‌ ജയിൽവാസത്തിനിടെ ആയിരത്തോളം ദിവസം പരോൾ നൽകിയിരുന്നു.
ഗുജറാത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ മുന്നോടിയായാണ്‌ ഈ കേസിലെ കുറ്റവാളികളെ മോചിപ്പിച്ചത്‌. നിരപരാധികളാണ്‌ ശിക്ഷിക്കപ്പെട്ടതെന്ന്‌ ഇതിനു പിന്നാലെ വൻ പ്രചാരണമുണ്ടായി. നല്ല സംസ്‌കാരം പുലർത്തുന്ന ബ്രാഹ്‌മണരാണ്‌ കേസിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടതെന്ന്‌ മുൻ മന്ത്രികൂടിയായ ബിജെപി നേതാവ്‌ ചന്ദ്രസിങ് റൗൾജി പറഞ്ഞു. കുറ്റവാളികളുടെ മോചനം വിഷയമാക്കി വോട്ടർമാരിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ നടത്തിയ ശ്രമമാണ്‌ ഇതിൽനിന്ന്‌ തെളിഞ്ഞുവരുന്നത്‌. 2002 ഫെബ്രുവരി 28ന്‌ 97 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്‌ത നരോദ പാട്ടിയ കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട മനോജ്‌ കുൽക്കർണിയുടെ മകൾ പായൽ കുൽക്കർണിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുമാക്കി.

വംശഹത്യക്കേസുകളിലെ കുറ്റവാളികൾക്ക്‌ ലഭിക്കുന്ന പരിരക്ഷയും പരിഗണനയും ബിൽക്കിസ്‌ ബാനു അടക്കമുള്ള ഇരകളെ കൂടുതൽ അരക്ഷിതാവസ്ഥയിലാക്കി. ഈ സാഹചര്യത്തിൽ ശിക്ഷാഇളവിനെതിരെ ബിൽക്കിസ്‌ ബാനു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ്‌ സുപ്രീംകോടതി കേന്ദ്രത്തെയും ഗുജറാത്ത്‌ സർക്കാരിനെയും രൂക്ഷമായി വിമർശിച്ചത്‌. എന്തടിസ്ഥാനത്തിലാണ്‌ ശിക്ഷാഇളവ്‌ നൽകിയതെന്ന്‌ ഡിവിഷൻ ബെഞ്ച്‌ ഗുജറാത്ത്‌ സർക്കാരിനോട്‌ ചോദിച്ചു. ഒരാളെ കൊന്ന കേസിൽ ശിക്ഷാഇളവ്‌ നൽകുന്നതുപോലെയല്ല ഗർഭിണിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി നിരവധിപേരെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികൾക്ക്‌ ശിക്ഷാഇളവ്‌ അനുവദിക്കുന്നതെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കുറ്റവാളികൾക്ക്‌ ശിക്ഷാഇളവ്‌ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്ന സുപ്രീംകോടതി നിർദേശം പാലിക്കാനും ഗുജറാത്ത്‌ സർക്കാർ തയ്യാറായില്ല.  ഈ നിർദേശത്തിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ ആലോചനയുണ്ടെന്ന്‌ കേന്ദ്രത്തിനും ഗുജറാത്തിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു കോടതിയിൽ പറഞ്ഞു. ഫയലുകൾ പൂഴ്‌ത്തിവച്ച്‌ നടപടികൾ പരമാവധി വൈകിപ്പിക്കാനാണ്‌ സർക്കാർ നീക്കമെന്ന്‌ വ്യക്തം. ബിൽക്കിസ്‌ ബാനുവിന്‌ ജോലിയും പാർപ്പിടവും നൽകണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത്‌ സർക്കാർ നടപ്പാക്കിയിട്ടില്ല. ഇതിനോട്‌ പ്രതികരിക്കവെയാണ്‌  ‘‘ഇന്ന്‌ ഈ സ്‌ത്രീക്ക്‌ ഇങ്ങനെ ഒരനുഭവുണ്ടായി. നാളെ അത്‌ ആർക്കും ഉണ്ടാകാം’’ എന്ന്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌ പ്രതികരിച്ചത്‌.

സ്‌ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന്‌ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊടുംക്രിമിനലുകൾക്ക്‌ സംരക്ഷണകവചം നൽകുകയാണ്‌. കേരളത്തിൽ ചില നേരങ്ങളിൽ ന്യൂനപക്ഷപ്രേമം നടിക്കുന്ന ബിജെപിയുടെ തനിനിറം വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ്‌ ബിൽക്കിസ്‌ ബാനു കേസിൽ അടക്കം ഗുജറാത്ത്‌ സർക്കാർ സ്വീകരിക്കുന്നത്‌. ക്രൂരമായ വർഗീയ ആക്രമണങ്ങളിലെ ഇരകളെ വീണ്ടും വേട്ടയാടുകയാണ്‌. ബിജെപി ഭരണത്തിലുള്ള ഇതര സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top