26 April Friday

പരിവാറിനും മോദിക്കും വീണ്ടും കനത്ത പ്രഹരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022


പാർലമെന്ററി സംവിധാനം അട്ടിമറിച്ചും കോടതികളെ നിർവീര്യമാക്കിയും വിധികൾ ദുർവ്യാഖ്യാനിച്ചും സംഘപരിവാർ സംഘടനകളും നരേന്ദ്ര മോദി ഭരണവും ജനാധിപത്യത്തിന്‌ കനത്ത ഭീഷണി ഉയർത്തുകയാണ്‌.  അത്തരം വെല്ലുവിളികൾക്കെതിരെ രാജ്യത്തെ പരമോന്നത നീതിപീഠത്തിനുപോലും പ്രതികരിക്കേണ്ടിവരുന്നു. പെഗാസസ്,  ഇഡിക്ക്‌ അമിതാധികാരം, ബിൽക്കിസ്‌ ബാനു കേസ്‌ വിഷയങ്ങളിൽ വ്യാഴാഴ്‌ച സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ കേന്ദ്ര സർക്കാരിന്‌ വലിയ പ്രഹരമാണ്‌.

ഇസ്രയേലി ചാരസോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ന്യായാധിപന്മാരും തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗവും ഉൾപ്പെടെയുള്ളവരുടെ വിവരം ചോർത്തിയത് വിദഗ്ധസമിതി അന്വേഷിക്കണമെന്നാണ്‌ സുപ്രീംകോടതി ഉത്തരവ്‌.  കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജസ്റ്റിസ് ആർ വി രവീന്ദ്രൻ നേതൃത്വം നൽകും. അന്വേഷണവുമായി കേന്ദ്രം എല്ലാ രീതിയിലും സഹകരിക്കണമെന്നാണ്‌ 2021 ഒക്ടോബർ 27ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, തീരെ   അനുകൂലമായിരുന്നില്ലെന്ന നിരീക്ഷണം  ശ്രദ്ധേയമാകുന്നത്‌ ആ പശ്‌ചാത്തലത്തിലാണ്‌.

കേന്ദ്ര  സർക്കാരോ ഏജൻസികളോ പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാനാണ്‌ സമിതിയോടുള്ള നിർദേശം.  രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്‌. ഭരണസംവിധാനം  മുൻ വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ നിരീക്ഷിച്ചു. അതിനാലല്ലേ സമിതിയുമായി സഹകരിക്കാത്തതെന്നും റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ ഉദ്ധരിച്ച്‌ സോളിസിറ്റർ ജനറലിനോട്‌  ആരായുകയും ചെയ്‌തു.  സുരക്ഷയുടെ പേരിൽ എന്തും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കേന്ദ്രത്തിൽനിന്ന്‌ ലഭിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിൽ ചിലർ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവരസാങ്കേതികതയുടെ കുതിപ്പിനിടയിലും സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്. മാധ്യമപ്രവർത്തകർക്ക് മാത്രമല്ല, എല്ലാ വ്യക്തികളെ സംബന്ധിച്ചും അത്‌  അനിവാര്യവുമാണ്. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കണോ എന്നത് സർക്കാർ ഗൗരവമായി ആലോചിക്കണമെന്നും  കോടതി വ്യക്തമാക്കി. ചാരസോഫ്‌റ്റ്‌വെയർ വഴി വിവരം ചോർത്തിയെന്ന വിമർശത്തിന് ശക്തിനൽകുന്നതാണ്‌  നിരീക്ഷണങ്ങൾ.

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ശരിവച്ച വിധി  പുനഃപരിശോധിക്കുന്നതാണ്‌ സുപ്രീംകോടതിയുടെ മറ്റൊരു ഇടപെടൽ. കേസിന്‌ ആധാരമായ പ്രഥമവിവര റിപ്പോർട്ട് പ്രതിക്ക് കൈമാറേണ്ട ബാധ്യതയില്ല, കുറ്റാരോപിതർതന്നെ നിരപരാധിത്വം തെളിയിക്കണം  തുടങ്ങിയ വ്യവസ്ഥകളാണ്‌  പുനഃപരിശോധിക്കുക.  ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ ജൂലൈ 27ന്‌ നൽകിയ ഉത്തരവിൽ പ്രഥമദൃഷ്ട്യാ  പുനഃപരിശോധന ആവശ്യമുള്ള ഈ രണ്ട്‌ വിഷയം  ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് നോട്ടീസും അയച്ചു. എന്നാൽ, വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രം എതിർക്കുകയായിരുന്നു.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അഞ്ചുമാസം ഗർഭിണിയായ ബിൽക്കിസ്‌ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌ത്‌  മൂന്നുവയസ്സ്‌മാത്രമുള്ള മകൾ ഉൾപ്പെടെ ഏഴുപേരെ അവരുടെ കൺമുന്നിൽ വധിച്ച കേസിൽ 11 കുറ്റവാളികളെ  മോചിപ്പിച്ചത്‌ ചോദ്യംചെയ്‌ത ഹർജികളിൽ ഗുജറാത്ത്‌ സർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. നിയമാനുസൃതമാണോ ശിക്ഷാ ഇളവെന്ന്‌ പരിശോധിക്കുമെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്തമാക്കി. കുറ്റവാളികൾക്ക്‌ ശിക്ഷാ ഇളവ്‌ നൽകണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും വിശദീകരിച്ചു.  നിഷ്‌ഠുര കുറ്റകൃത്യം നടത്തിയ  പ്രതികൾ ഇളവ്‌ അർഹിക്കുന്നില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി ഉൾപ്പെടെയുള്ള ഹർജിക്കാർക്കായി എത്തിയ കപിൽ സിബൽ ചൂണ്ടിക്കാട്ടി. രണ്ടാഴ്‌ചയ്‌ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.- മോദിയുടെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും അമിതാധികാര പ്രവണതകൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക്‌ ബലംപകരുന്നതാണ്‌ സുപ്രീംകോടതിയുടെ നിലപാട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top