25 April Thursday

ബിഹാർ സർക്കാരിന്റെ അനാസ്ഥ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019


ബിഹാറിലെ തിർഹട്ട് ഡിവിഷനിലെ മുസഫർപുരിലും പൂർവ–-പശ്ചിമ ചമ്പാരൻ ജില്ലകളിലും മസ്തിഷ്കജ്വരം ബാധിച്ച് പിഞ്ചുകുട്ടികൾ മരിച്ചുവീഴുകയാണെന്ന വാർത്ത ഹൃദയഭേദകമാണ്. രാത്രി ഉറങ്ങാൻ കിടക്കുന്ന കുട്ടികൾ പലരും എഴുന്നേൽക്കാൻ കഴിയാത്തവരായി മാറുന്നു. ഗ്രാമീണ മേഖലകളിൽ ആരോഗ്യ സംവിധാനത്തിന്റെയും പൊതുഗതാഗതത്തിന്റെയും അഭാവം കാരണം മണിക്കൂറുകൾ കഴിഞ്ഞാണ് രോഗം ബാധിച്ച കുട്ടികളെ മുസഫർപുരിലെ സർക്കാർ ആശുപത്രിയിലെത്തിക്കുന്നത്. അവിടെ മാത്രമാണ് അൽപ്പമെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ളത്. മരണസംഖ്യ 105 ആയി ഉയരാനുള്ള  പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ഇതിനാലായിരിക്കണം രോഗികളുമായി എത്തുന്നവർക്ക് 400 രൂപ യാത്രക്കൂലിയായി നൽകാൻ നിതീഷ് കുമാർ സർക്കാർ അവസാനം ഉത്തരവിട്ടത്. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷംരൂപയും സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാവർഷവും മൺസൂൺ ആരംഭത്തിലാണ് മസ്തിഷ്കജ്വരം മുസഫർപുരിനെ ആക്രമിക്കാറുള്ളത്. 1995 ലാണ് ആദ്യമായി ഈ രോഗം ഇവിടെ റിപ്പോർട്ട് ചെയ്തത്. 2012 ലാണ് രോഗം 120  കുട്ടികളുടെ ജീവനെടുത്തത്. 2014 ലും 90 കുട്ടികൾ മരിച്ചു. മരിച്ച കുട്ടികളിൽ അധികവും മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടവരാണ്. കിഴക്കൻ ഉത്തർപ്രദേശിലെ ഗൊരഖ്പുരിലും രണ്ട് വർഷംമുമ്പ് 70 ൽ അധികം കുട്ടികളുടെ ജീവൻ ഇതേരോഗം കവർന്നിരുന്നു. ഭൂമിശാസ്ത്രപരമായി ഇതിനോട് തൊട്ടടുത്തുകിടക്കുന്ന ബിഹാറിലെ പ്രദേശമാണ് തിർഹട്ട് ഡിവിഷൻ.  കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ നൂറുകണക്കിന് കുട്ടികളുടെ ജീവൻ കവർന്നിട്ടും ആ രോഗബാധ തടയാനുള്ള കാര്യക്ഷമമായ ഒരു നടപടിയും കൈക്കൊള്ളാൻ കേന്ദ്രം ഭരിച്ച മോഡി സർക്കാരോ ബിഹാറിലെ നിതീഷ് കുമാർ സർക്കാരോ തയ്യാറായില്ല എന്നതാണ് വാസ്തവം.  

എന്തുകൊണ്ടാണ് മാരകമായ ഈ രോഗം വരുന്നത് എന്ന കാര്യം തിട്ടപ്പെടുത്താൻപോലും കാര്യക്ഷമമായ നടപടികൾ ബന്ധപ്പെട്ട സർക്കാരിന്റെ ഭാഗത്തുനിന്ന‌് ഉണ്ടായിട്ടില്ല. മസ്തിഷ്ക ജ്വരമാണ് കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ, ശ്രീകൃഷ്ണ മെഡിക്കൽകോളേജ് ആശുപത്രി അധികൃതരും ബിഹാർ സർക്കാരും വാദിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അംശം അപകടകരമാംവിധം കുറയുന്നതുകൊണ്ടാണ് കുട്ടികൾ മരണപ്പെടുന്നതെന്നാണ്‌. എന്നാൽ, മറ്റൊരുകൂട്ടർ വാദിക്കുന്നത് മുസഫർപുരിൽ സുലഭമായി ലഭിക്കുന്ന ലിച്ചിപ്പഴം (രാജ്യത്തെ 40 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് മുസഫർപുരിലാണ്) ഭക്ഷിക്കുന്നതും കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്നാണ്. ലിച്ചിയിലെ വിഷാംശങ്ങളാണ് മരണത്തിലേക്ക് നയികുന്നതെന്നാണ് ഇവരുടെ അഭിപ്രായം.  മറ്റ് ഭക്ഷണമൊന്നും കഴിക്കാനില്ലാത്തതിനാൽ ഈ പഴംമാത്രം കഴിച്ച് വയർ നിറയ‌്ക്കുന്നതാണ് അതിലെ വിഷാംശങ്ങൾ ശരീരത്തെ ബാധിക്കാൻ കാരണമാകുന്നത്.

ഇതിനർഥം സർക്കാർ നേരിയ ഒരു ശ്രമം നടത്തിയിരുന്നുവെങ്കിൽ നിയന്ത്രിക്കാൻ കഴിയുന്ന രോഗബാധയാണിതെന്നാണ്.  പോഷകാഹാരക്കുറവാണ് പ്രധാനമായും രോഗത്തെ ക്ഷണിച്ചുവരുത്തുന്നത്. അതോടൊപ്പം ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ഉയർന്ന ചൂടും പ്രശ്നം വഷളാക്കുന്നു. മൺസൂൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഈ മേഖലയിൽ ബോധവൽക്കരണം നടത്തുന്നതിലും സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.  രോഗബാധമൂലം മരിച്ച 135 പേരുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനം(സയൻസ് ഡയറക്ട് പ്രസിദ്ധീകരിച്ചത്) വ്യക്തമാക്കുന്നത് ഗ്രാമീണ ദാരിദ്ര്യവും പോഷകാഹാരവുമായി ഈ രോഗബാധയ‌്ക്ക് ബന്ധമുണ്ടെന്നാണ്. 135 ൽ 123 മരണവും ഉണ്ടായത് പട്ടികജാതി–-പട്ടികവർഗ–-പിന്നോക്ക കുടുംബങ്ങളിലാണ്.  ഇതിൽ 100 കുടുംബവും നിരക്ഷരരാണ്.  നിർധന കുടുംബങ്ങളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നതെന്നർഥം. ഇതെല്ലാം വിരൽചൂണ്ടുന്നത് സർക്കാർ നല്ല രീതിയിൽ ഇടപെട്ടിരുന്നുവെങ്കിൽ ഈ രോഗത്തിന്റെ ആഘാതം നന്നായി കുറയ‌്ക്കാൻ കഴിയുമെന്നതാണ്. പൊതു വിദ്യാഭ്യാസത്തിനും പൊതു ആരോഗ്യ സംവിധാനങ്ങൾക്കുമുള്ള പ്രാധാന്യം ആവർത്തിച്ച് ബോധ്യപ്പെടുകയാണ്. കേരളം നിപാ വൈറസ് ബാധയെ അതിജീവിച്ചത് ഈ രണ്ട് മേഖലയിലും കേരളത്തിലെ സർക്കാരുകൾ, പ്രത്യേകിച്ചും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ നടത്തിയ നിക്ഷേപത്തിന്റെ ഫലമായാണ്‌. നിപാ എന്ന മാരക വൈറസ് ബാധയുണ്ടായിട്ടും മരണസംഖ്യ 16 ൽ ഒതുക്കാൻ കേരളത്തിന് കഴിഞ്ഞപ്പോൾ മസ്തിഷ്ക ജ്വരബാധയിൽ നൂറിലധികം കുട്ടികളാണ് ബിഹാറിലും യുപിയിലും മരിച്ചുവീണത്. 

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും സഹമന്ത്രിയും ബിഹാറുകാരനുമായ അശ്വനികുമാർ ചൗബേയും മുസഫർപുരിലെ ആശുപത്രി സന്ദർശിച്ചപ്പോൾ ജനങ്ങൾ രോഷത്തോടെ അവരെ തടഞ്ഞതും പ്രതിഷേധമുയർത്തിയതും സർക്കാരിന്റെ അനാസ്ഥയ‌്ക്കെതിരെയായിരുന്നു. ബീഹാർ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ മംഗൾപാണ്ഡെക്ക്‌ അധികാരത്തിൽ തുടരാൻ ധാർമികമയി ഒരവകാശവുമില്ല. ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. ബിഹാറിന്റെയും യുപിയുടെയും അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടെങ്കിലും ആരോഗ്യരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രം തയ്യാറാകുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top